കാട്ടിലെ കൗതുകങ്ങൾ ആസ്വദിക്കാനുള്ള ആഗ്രഹത്തിന്റെ ചിറകിലാണ് നാഗ്‌പുരിൽ പറന്നിറങ്ങിയത്. കേരളത്തിലെ വനങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഉത്തരേന്ത്യയിലെ കാടുകൾ. പ്രകൃതിഭംഗിയുടെ കാര്യമല്ല പറയുന്നത്. ഇന്ത്യയിലെ വനങ്ങളെ തെക്ക് – വടക്ക് എന്നിങ്ങനെ വേർ തിരിച്ചാൽ വന്യജീവികളുടെ ആവാസ രീതികളിൽ വലിയ വ്യത്യാസം പ്രകടമാണ്. തടോബ, ഗിർ, ഭരത്പുർ എന്നിങ്ങനെ ഉത്തരേന്ത്യയിലെ വന്യജീവി സങ്കേതങ്ങളിൽ സഫാരി നടത്തുന്നവർ ഇക്കാര്യം തിരിച്ചറിയുന്നു. ഈ പറഞ്ഞ വന്യജീവി വിഹാര കേന്ദ്രങ്ങളിൽ നിന്നും വൈവിധ്യമുള്ള സ്ഥലമാണു പെഞ്ച്. കടുവയും കാട്ടുപോത്തും കരടിയും മാനുകളും സ്വൈരവിഹാരം നടത്തുന്ന പെഞ്ച് വന്യജീവി സങ്കേതത്തിലേക്കു നടത്തിയ യാത്രയുടെ വിവരണമാണ് ഇത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ടു പേരാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും വന്യജീവികളുടെ ലോകത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഫൊട്ടോഗ്രഫർമാരാണ്. നേരത്തേ തയാറാക്കിയ പ്ലാൻ പ്രകാരം നാഗ്പുരിലാണ് വിമാനമിറങ്ങിയത്. അവിടെ നിന്ന് പെഞ്ചിന്റെ പ്രവേശന കവാടത്തിലേക്ക് നീങ്ങി. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന വനമായതിനാൽ ഒരു കവാടം മാത്രമേയുള്ളൂ എന്നു തെറ്റിദ്ധരിക്കരുത്. എന്നാൽ, പെഞ്ചിലെ വന്യജീവികളെ നേരിൽ കാണാൻ ഏറ്റവും മാർഗം മഹാരാഷ്ട്രയിലെ പ്രവേശന കവാടത്തിൽ നിന്നുള്ള സഫാരിയാണ്.
"ടൈഗർ എൻ വുഡ്സ് " എന്നു പേരുള്ള കോട്ടേജിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. വനത്തിന്റെ സമീപത്തുള്ള കോട്ടേജാണിത്. രണ്ടു മണിക്കൂർ യാത്ര ചെയ്ത് അവിടെ എത്തിയപ്പോൾ സമയം രാവിലെ 11.00. ഉടൻ തന്നെ എല്ലാവരും സഫാരിക്ക് തയാറായി. ഏതൊരു കാടും കാണാനിറങ്ങുന്നതിനു മുൻപ് അതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതയും വന്യജീവികളുടെ പ്രത്യേകതകളും മനസ്സിലാക്കണം. യാത്ര എളുപ്പമാക്കുന്നതിനു മാത്രമല്ല, കാടിന്റെ സ്വഭാവസവിശേഷത മനസ്സിലാക്കുന്നതിന് ഇത് ഉപകാരപ്പെടും.
കോളാർവാലി ഈ കാടിന്റെ ഐശ്വര്യം
758ചതുരശ്ര കിലോ മീറ്റർ ചുറ്റളവുള്ള വനമാണ് പെഞ്ച് വന്യജീവിസങ്കേതം. നേരത്തേ സൂചിപ്പിച്ചുവല്ലോ, രണ്ടു സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു ഈ വനം. 1975 ലാണ് ഈ വനമേഖലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 1995ൽ കടുവാ സംരക്ഷണ കേന്ദ്രമായും പ്രഖ്യാപിക്കപ്പെട്ടു. തുരിയ, സില്ലാരി, റുക്കാഡ്, ജാമഥറ, വോൾഫ് സാങ്ചുറി, കർമജഹിരി, കുർസാപാർ എന്നിങ്ങനെ ഏഴു സോണുകളായാണ് ഈ വനമേഖലയെ തരംതിരിച്ചിട്ടുള്ളത്.

മധ്യപ്രദേശിലെ തുരിയ സോൺ സന്ദർശിക്കുന്നവർക്കാണ് ഏറ്റവുമധികം മൃഗങ്ങളുടെ ‘സൈറ്റിങ് ’ ലഭ്യമാവുക. കടുവകൾക്കു വേട്ടയ്ക്കും വെള്ളത്തിനും സാധ്യതയുള്ള വനമേഖലയാണു തുരിയ. പെഞ്ച് വനത്തിൽ 50 കടുവകൾ, 40 പുലികൾ – ഇതാണ് ഏറ്റവും ഒടുവിലത്തെ വന്യജീവി കണക്കെടുപ്പു പ്രകാരമുള്ള രേഖയിൽ കുറിച്ചിട്ടുള്ളത്. 29 കടവക്കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ ‘കോളാർവാലി’ എന്നു പേരുള്ള പെൺകടുവയാണ് പെഞ്ചിന്റെ ‘ഐശ്വര്യം’. രണ്ടു വർഷം മുൻപ്, പതിനാറാം വയസ്സിലാണ് കോളാർവാലിക്കു ജീവൻ നഷ്ടപ്പെട്ടത്. പെഞ്ച് സന്ദർശിച്ചിട്ടുള്ള വന്യജീവി സ്നേഹികൾക്ക് അതു സങ്കടകരമായ വാർത്തയായിരുന്നു.
സമ്പന്നമായ ജൈവവൈവിധ്യമാണ് പെഞ്ചിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. കടുവ, പുള്ളിപ്പുലി, കാട്ടുനായ്ക്കൾ, വിവിധ ഇനം മാനുകൾ എന്നിവ ഈ കാടിനുള്ളിൽ വസിക്കുന്നു. പെഞ്ച് നദിയാണ് കാടിന്റെയും മൃഗങ്ങളുടെയും ജീവദായിനി. കടുംപച്ചയണിഞ്ഞ മലനിര കാണുമ്പോൾ ജലസമൃദ്ധിയുടെ അനുഗ്രഹം എത്രയെന്നു വ്യക്തമാകും.
‘കടിച്ചാൽ പൊട്ടാത്ത’ അണക്കെട്ട്
ക്യാമറയുമായി കാടു കയറുന്നവർക്ക് സമൃദ്ധമായ വിരുന്നൊരുക്കുന്നു പെഞ്ച് വനം. പക്ഷി നിരീക്ഷകർക്ക് ഈ കാടിനുള്ളിൽ നിന്ന് ലഭിക്കുന്നത് അപൂർവ ചിത്രങ്ങളാണ്. പക്ഷികളിലും മൃഗങ്ങളിലും താൽപര്യമുള്ള എട്ടുപേരാണ് ഞങ്ങളുടെ സംഘത്തിൽ. ഇന്ത്യൻ പിറ്റ, ഓസ്പ്രേ, വൈറ്റ്-ഐഡ് ബസാർഡ് എന്നിവയുൾപ്പെടെ 300-ലധികം ഇനം പക്ഷികളുണ്ട് ഇവിടെ. അതിനാൽത്തന്നെ, ഓരോ ഇലയനക്കങ്ങളിലും എട്ടു പേരും ജാഗരൂഗരായിരുന്നു. കാടിന്റെ നിശബ്ദതയെ പാടിയുണർത്തുന്ന പോലെ പക്ഷികൾ ഈണമിട്ടു. മനസ്സിനെ മോഹിപ്പിക്കുന്ന സിംഫണി മൂളുന്ന കാട്ടുപക്ഷികളും അക്കൂട്ടത്തിലുണ്ടായിരുന്നു.
പെഞ്ചിന്റെ കൗതുകം കാണാൻ വന്യജീവി വകുപ്പ് സഫാരി ഒരുക്കിയിട്ടുണ്ട്. രാവിലെ 6.00 മുതൽ 10.00 വരെയും ഉച്ച കഴിഞ്ഞ് 3.00 മുതൽ വൈകിട്ട് 6.00 വരെയുമാണു സഫാരി.
വാഹനങ്ങളുടെ ശബ്ദം അവിടെയുള്ള മൃഗങ്ങൾക്കു പരിചിതമായിരിക്കുന്നു. ജീപ്പിന്റെ ശബ്ദം കേൾക്കുമ്പോൾ അൽപ നേരം നിശബ്ദത. വീണ്ടും പക്ഷികളുടെ പാട്ടും മൃഗങ്ങളുടെ പദസഞ്ചലനവും തുടരും. 90 കിലോമീറ്റർ സഞ്ചരിച്ച് ഒരു അണക്കെട്ടിന്റെ അരികിലെത്തി. രാംഥെക്ക് എന്ന സ്ഥലത്താണ് അണക്കെട്ട് നിർമിച്ചിട്ടുള്ളത്. വേനൽക്കാലത്ത് പെഞ്ച് നദിയിൽ വെള്ളം സംരക്ഷിക്കുന്നതിനായി നിർമിച്ച അണക്കെട്ടാണ്. സമീപത്തൊരു ബോർഡിൽ അണക്കെട്ടിന്റെ പേര് എഴുതി വച്ചിട്ടുണ്ട് – ‘ടോട്‌ലാഡോ’ കടിച്ചാൽ പൊട്ടാത്ത പേരു തന്നെ! Totladoh - ഇതു വായിച്ചെടുക്കാൻ കുറച്ചു മിനിറ്റുകൾ വേണ്ടി വന്നു. 77സ്ക്വയർ കിലോമീറ്റർ വിസ്തൃതമായ ജലാശയത്തിൽ നീളമുള്ള അണക്കെട്ടും വലിയ ഷട്ടറുകളുമാണു സ്ഥാപിച്ചിട്ടുള്ളത്. നാഗ്പുർ ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും വെള്ളം എത്തുന്നത് കാടിനു നടുവിലുള്ള ഈ അണക്കെട്ടിൽ നിന്നാണ്. കുത്തൊഴുക്കിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകളിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.
മൗഗ്ളി പിറന്നത് ഇവിടെ !
പെഞ്ച് വനത്തിന് സമ്പന്നമായ ചരിത്രവും സാംസ്കാരിക പാരമ്പര്യവുമുണ്ട്. കാടിന്റെ കഥയിലൂടെ വന്യജീവികളുടെ ലോകം മനുഷ്യർക്കു പരിചയപ്പെടുത്തിയ "ദി ജംഗിൾ ബുക്ക്" എന്ന പ്രശസ്ത കൃതിയെഴുതാൻ റുഡ്യാർഡ് കിപ്ലിങ്ങിന് പ്രചോദനമായത് ഈ വനമാണത്രേ. മൗഗ്ളി എന്ന കഥാപാത്രം മാത്രമായിരിക്കാം എഴുത്തുകാരന്റെ ഭാവനയിൽ ഉണ്ടായത്. ജംഗിൾ ബുക്കിൽ പ്രതിപാദിക്കുന്ന പ്രകൃതിഭംഗിയുടെ ദൃശ്യചാരുത പെഞ്ചിൽ കാണാം. മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെ.
സമൂഹ മാധ്യമങ്ങൾ പിറവിയെടുക്കുന്നതിനു മുൻപ്, ദൂരദർശൻ മാത്രം ഉണ്ടായിരുന്ന കാലത്ത് ഇന്ത്യയിലെ ബാലതാരമായിരുന്നു ജംഗിൾബുക്ക് എന്ന ടെലിവിഷൻ പരമ്പരയിലെ മൗഗ്ളി. ബാലു കരടിയും ബഗീര എന്ന കരിമ്പുലിയും കിച്ചി എന്ന ചുവന്ന പാണ്ടയും അകേല, ലാല, സുര, മാകി, അലക്സാണ്ടർ, ലുരി, അക്രു എന്നീ കഥാപാത്രങ്ങളും അക്കാലത്ത് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച കാർട്ടൂൺ കഥാപാത്രങ്ങളായിരുന്നു.
പെഞ്ച് കാണാനെത്തുന്നവരുടെ മുന്നിൽ ഓരോ മൃഗങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ ജംഗിൾബുക്കിലെ കഥാപാത്രങ്ങളെ ഓർത്തുപോകും. വന്യമൃഗങ്ങളെ എങ്ങനെ പരിപാലിക്കണമെന്നു മനുഷ്യരെ പറഞ്ഞു മനസ്സിലാക്കിയ ദി ജംഗിൾ ബുക്ക് എന്ന പുസ്കവും അതിന്റെ കാർട്ടൂൺ ആവിഷ്കാരവും എക്കാലത്തും മാതൃകാപരമാണ്.
പെഞ്ച് ഉൾപ്പെടുന്ന സിയോണി മലമടക്കുകളിലാണ് മൗഗ്ളിയുടെ കഥ പിറവിയെടുത്തത്. വെള്ളാരംകല്ലുകൾ നിറഞ്ഞ കുന്നുകളും പച്ചവിരിച്ച പുൽമേടും കരിനിറമുള്ള മരങ്ങളുമാണ് മൗഗ്ളിയുടെ നാട്ടിലുള്ളത്. പെഞ്ച് സന്ദർശിക്കുന്നവർക്ക് അതു നേരിൽ കാണാം. സാമ്പാർ ഡിയർ, പുള്ളിമാൻ, ബാർക്കിങ് ഡിയർ എന്നീ ഇനങ്ങളിലുള്ള മാനുകൾ അവിടെയുണ്ട്. കാട്ടുനായ്ക്കൾ പകൽസമയം മരത്തണലിൽ വിശ്രമിക്കുന്നത് ഞങ്ങൾ കണ്ടു. തള്ളപ്പുലിയും മക്കളും ‘അച്ഛനോടൊപ്പം’ കളിക്കുന്നതു കണ്ടു. കാടിനുള്ളിലെ കുടുംബത്തിന്റെ വിനോദം ക്യാമറയിൽ പകർത്താൻ അങ്ങനെ അവസരം ലഭിച്ചു. ആ ദൃശ്യങ്ങൾ നേരിൽ കണ്ടതിന്റെ അനുഭവത്തിൽ പറയുകയാണ്, കഥയെഴുതാൻ പ്രേരിപ്പിക്കുന്ന വനം തന്നെയാണ് പെഞ്ച്.
ഈ വനത്തിൽ ആനയില്ല

കടുവയെ കാണാൻ അൽപ നേരം കാത്തിരിക്കേണ്ടി വന്നു. തലേദിവസം മഴ പെയ്തതിനാൽ കാടിനുള്ളിൽ ധാരാളം വെള്ളം കിട്ടാനുണ്ട്. അതിനാൽത്തന്നെ കടുവകൾ പുറത്തിറങ്ങിയില്ല. ബാരസ്, ബിന്ദു, ദുർഗ, പഹാഡ്ദേവ്, ബി2 എന്നിവയാണ് പെഞ്ചിലെ സുന്ദരികളെന്ന് അറിയപ്പെടുന്ന പെൺകടുവകൾ. ബാന്ദ്ര, ജൻഡിമാട്ട, ബീജമാട്ട എന്നിവയാണ് ആൺ കടുവകളിൽ സുന്ദരൻമാർ. കടുവകൾക്ക് ഈ വിധം ആകർഷകമായ പേരുകൾ നൽകിയത് പെഞ്ചിലെ ഗൈഡുമാരാണ്. കടുവയുടെ ശരീരത്തിലെ വരകളും മുഖത്തെ ശൗര്യവും നോക്കി ഓരോന്നിനെയും വേർതിരിച്ചറിയാൻ പരിശീലനം ലഭിച്ചവരാണ് ഇവിടെയുള്ള ഗൈഡുമാർ.
കടുവകളെ കാത്തിരുന്ന നിരാശ മാറ്റാൻ എന്ന പോലെ അപൂർവ ഇനം പക്ഷികളുടെ ദർശനം ലഭിച്ചു. എമറാൾഡ് പ്രാവ്, പൈഡ് വേഴാമ്പൽ, ഇന്ത്യൻ റോളർ, മൂങ്ങകൾ, വൂളി നെക്ക്ഡ് കൊക്ക് എന്നിവ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്രയൊക്കെ ആയപ്പോൾ കൂട്ടത്തിലൊരാൾ ഗൈഡിനോടു ചോദിച്ചു; ‘‘ഇവിടെ ആനകൾ ഇല്ലേ?’’ കഠിനകഠോരമെന്നു വിശേഷിപ്പിക്കാവുന്ന പെഞ്ച് കാനനത്തിൽ ആനയില്ല ! അതിന്റെ കാര്യ കാരണങ്ങൾ ഗൈഡുമാർക്കും അറിയില്ല. എന്തായാലും, കർണാടകയിൽ നിന്ന് അഞ്ചു കുങ്കിയാനകളെ ഇവിടെ എത്തിച്ചിട്ടുണ്ട്. കാട്ടിൽ പട്രോളിങ്ങിന് ഗൈഡുമാർ ഈ ആനകളെ ഉപയോഗിക്കുന്നു.