Saturday 31 July 2021 12:57 PM IST : By Staff Reporter

സഞ്ജയ് ദത്ത് അമേരിക്കയിൽ പോയതു ചികിത്സയ്ക്ക്? പിറന്നാൾ ആഘോഷത്തിനിടെ മറ്റു ചില സൂചനകൾ

3- sanjay

ആരാധകർക്കു പ്രിയപ്പെട്ട സഞ്ജു ബാബ അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കാൻ തിരഞ്ഞെടുത്തത് അമേരിക്ക. ആകാശവിസ്മയങ്ങളൊരുക്കി അവിടെയുള്ള സുഹൃത്തുക്കൾ സഞ്ജയ് ദത്തിന് പിറന്നാളാഘോഷം ഒരുക്കി. ജന്മദിനാശംസകളുടെ പ്രവാഹം ആസ്വദിച്ച് ഹോട്ടലിന്റെ മുറ്റത്തിരിക്കുന്ന ദത്തിന്റെ ഫോട്ടോകൾ ബോളിവുഡിന്റെ യുവതലമുറ ഏറ്റെടുത്തു. അതേസമയം, ചികിത്സയുടെ ഭാഗമായാണു ദത്ത് അമേരിക്കയിൽ എത്തിയതെന്നു മുംബൈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസം അവിടെ തുടരുമെന്നാണു സൂചന. കെജിഎഫ് – 2വിൽ പ്രധാന കഥാപാത്രമായ അധീരയെ അവതരിപ്പിക്കുന്നതു ദത്താണ്. ലൊക്കേഷനിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം അമേരിക്കയിൽ പോയതു ചികിത്സയ്ക്കാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. പിറന്നാൾ ദിനം അധീരയുടെ പ്രത്യേക പോസ്റ്റർ കെജിഎഫ് ടീം പുറത്തിറക്കിയിരുന്നു. ഇതിനിടെ മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ എമ്പുരാനിലും സഞ്ജയ് ദത്ത് ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

മാധ്യമങ്ങളോടു സൗമ്യമായി പെരുമാറുന്ന സഞ്ജു ബാബ പുത്തൻ റിപ്പോർട്ടുകളോടു പ്രതികരിച്ചില്ല. സുഹൃത്തുക്കളുടെ സ്നേഹത്തിനു മുന്നിൽ സന്തോഷം ആസ്വദിക്കുകയാണ് അദ്ദേഹം. മോഹൻലാൽ, വ്യവസായി സമീർ ഹംസ തുടങ്ങിവരും സഞ്ജയ്‌ ദത്തിന് പിറന്നാൾ ആശംസകളുമായി എത്തി. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ്‌ ദത്തിന്റെ വീട്ടിൽ മോഹൻലാലും സമീർഹംസയും ഒത്തു കൂടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകരുടെ ഇടയിലും വൈറലായി. വിമാനത്തിന്റെ സഹായത്തെടായാണ് അമേരിക്കയിൽ സുഹൃത്ത് പരേഷ് ഗെലാനി പിറന്നാൾ ആശംസകൾ നേർന്നത്. വീട്ടിലിരുന്ന് ഈ ദൃശ്യം ആസ്വദിക്കുന്ന ദത്തിന്റെ വിഡിയോ പുറത്തിറങ്ങി.

2- sanjay

ബോളിവുഡിലെ വിവാദ താരമാണു സഞ്ജയ് ദത്ത്. 1990കളില്‍ സഞ്ജയ് ദത്ത് -മാധുരി ദീക്ഷിത് പ്രണയം ഏറെ ചര്‍ച്ച ചെയ്യപെട്ടിരുന്നു. ഒട്ടനവധി ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. ആങ്ങനെ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നെന്നും വിവാഹിതനായ സഞ്ജയ് ദത്തിന്റെ ദാമ്പത്യത്തില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും പ്രമുഖ പത്രപ്രവര്‍ത്തകന്‍ യാസെര്‍ ഉസ്മാന്‍ എഴുതിയ സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പുസ്തകത്തിലെ വെളിപെടുത്തലുകള്‍ക്കെതിരെ താരം രംഗത്തുവന്നിരുന്നു. ആത്മകഥ എഴുതാന്‍ ആരെയും ചുമതലപെടുത്തിയിരുന്നില്ല എന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും താരം പറഞ്ഞത്. 1993ലെ മുംബൈ സ്‌ഫോടനകേസുമായി ബന്ധപെട്ട് താരം 6വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയില്‍ ശിക്ഷ ലഭിച്ച ഇദ്ധേഹത്തിന് പിന്നീട് 2007 ഓഗസ്ത് 20ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 25 വര്‍ഷങ്ങള്‍ക്കും ശേഷം കരണ്‍ ജോഹറിന്റെ കളങ്ക് എന്ന ചിത്രത്തിലൂടെ മാധുരി ദീക്ഷിതും സഞ്ജയ് ദത്തും വീണ്ടും ജോഡികളായി അഭിനയിച്ചു.