ഈ കാണുന്നതു പോലൊരു ലോകം കടലിനടിയിലുമുണ്ട്. ചെറിയ കുന്നും വലിയ മലകളും കരിമ്പാറയും കുറ്റിക്കാടുമൊക്കെ അവിടെയുണ്ട്. ഒരുപക്ഷേ, കരയിലുള്ളതിനെക്കാൾ ജീവജാലങ്ങൾ സമുദ്രത്തിനടിയിൽ ഉണ്ടായിരിക്കും. കടലമ്മയും മക്കളും ജീവിക്കുന്ന ആ മനോഹര ലോകം കാണാൻ ആഴിയുടെ അടിത്തട്ടിൽ പോകണം. പക്ഷേ, അത്രയും ആഴത്തിൽ മുങ്ങിയാൽ ശ്വാസം മുട്ടില്ലേ?
‘‘ഇല്ല, നിങ്ങളുടെ ജീവന് യാതൊരാപത്തും സംഭവിക്കാതെ കടലിനടിയിലെ ലോകം കാണിച്ചു തരാം’’ തല്ലിയലച്ച തിരമാലകളെ തുഴഞ്ഞകറ്റിക്കൊണ്ട് സുബിൻ പറഞ്ഞു. അതിനു ശേഷം അറബിക്കടലിന്റെ ആഴങ്ങളിലേക്ക് അയാൾ പതുക്കെ ഊളിയിട്ടു.
കഷ്ടിച്ച് അഞ്ചു മിനിറ്റു കഴിഞ്ഞതേയുള്ളൂ, അപ്പോഴേക്കും മുങ്ങിയ അതേ സ്ഥലത്ത് സുബിന്റെ തല പൊങ്ങി. ഗോപ്രോ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ അയാൾ ലാപ് ടോപ്പിൽ പകർത്തി. പല നിറങ്ങളുള്ള ഒരായിരം അലങ്കാര മത്സ്യങ്ങൾ ഒഴുകി നീങ്ങുന്ന ഫോട്ടോകൾ...
‘‘കുറച്ചു കൂടി ആഴത്തിലേക്കു പോയാൽ ഇതിലും ഭംഗിയുള്ള ഫോട്ടോയെടുക്കാം. നിങ്ങ വാ ഭായ്’’ വീണ്ടും സുബിന്റെ ക്ഷണം.
മാസ്ക്, എയർ സിലിണ്ടർ, വായു നിറച്ച ജാക്കറ്റ് തുടങ്ങിയ സുരക്ഷാ കവചങ്ങളോടെ കടലിൽ മുങ്ങുമ്പോൾ എന്തിനു ഭയം? ഉത്തരേന്ത്യയിൽ നിന്നുള്ള കൊച്ചു പെൺപിള്ളേരു പോലും നിസ്സാരമായി കടലിനടിയിൽ പോയി വരുന്നു! ഇനിയും അറച്ചു നിന്നാൽ പിന്നെ ജീവിച്ചിട്ടു കാര്യമില്ല... സുബിന്റെ ക്ഷണം വെല്ലുവിളിയായി ഏറ്റെടുത്തു.
under water scenery
കോവളം കടപ്പുറം, നട്ടുച്ച. സുബിനും സംഘവും മണൽപ്പുറത്തൊരു ടാർപാളിൻ വിരിച്ചു. സിലിണ്ടർ, ജാക്കറ്റ്, മാസ്ക് എന്നിവ നിരത്തി. ‘‘ഡൈവിങ് ഡ്രെസ് ധരിച്ചാലും ഉള്ളിലിടുന്ന വസ്ത്രം നനയും. പാന്റ്സും ഷൂസും വസ്ത്രങ്ങളും അഴിച്ചുവച്ച് ഷോട്സ് ഇട്ടോളൂ.’’ സുബിന്റെ നിർദശം.
ഷോട്സിനു മുകളിൽ ഡൈവിങ് ഡ്രസ് ധരിച്ചു. നട്ടെല്ലിന്റെ അടിഭാഗം മുതൽ കഴുത്തിന്റെ പിൻഭാഗം വരെ സിബ്ബ് വലിച്ചു കയറ്റി. ഇരുമ്പിന്റെ കട്ടകൾ തൂക്കിയ വെയ്റ്റ് ബെൽറ്റ് വയറിനു ചുറ്റും കെട്ടി. കടലിന്റെ ഉപരിതലത്തിൽ നിന്നു താഴുകയും വേണം അടിത്തട്ടിൽ മുട്ടാനും പാടില്ല. മീനുകളെപ്പോലെ ഒഴുകാൻ പാകത്തിന് ശരീരഭാരം നിയന്ത്രിക്കണം – അതിനാണ് വെയ്റ്റ് ബെൽറ്റ്. ഇതിനു മുകളിൽക്കൂടി സിലിണ്ടർ ഘടിപ്പിച്ച ജാക്കറ്റ് ധരിച്ചു.
‘‘വെള്ളത്തിൽ മുങ്ങുന്നവരുടെ സിലിണ്ടറിൽ ഓക്സിജനാണെന്നൊരു തെറ്റിദ്ധാരണയുണ്ട്. സിലിണ്ടറിൽ ശുദ്ധവായുവാണ്. സിലിണ്ടറിന്റെ ഭാരം പതിനേഴു കിലോ. സിലിണ്ടറിൽ രണ്ടു മൗത്ത് പീസുകളുള്ള രണ്ടു പൈപ്പുകളുണ്ട്. പല്ലുകൊണ്ടു കടിച്ചു പിടിച്ച് ചുണ്ടുകൾ ചേർത്ത് അടയ്ക്കാൻ പറ്റുന്ന രീതിയിലുള്ളതാണ് മൗത്ത് പീസ്. വെള്ളത്തിനടിയിൽ ഇതിലൂടെയാണ് ശ്വസിക്കേണ്ടത്. കണ്ണുകളുടെ സുരക്ഷയ്ക്കായി മാസ്ക് വയ്ക്കണം. മാസ്ക് വച്ചു കഴിഞ്ഞാൽ മൂക്കിലൂടെ ശ്വസിക്കാനാവില്ല. പിന്നീടുള്ള ശ്വാസോച്ഛ്വാസം വായിലൂടെയാണ്. വായിലൂടെ ശ്വാസം അകത്തേയ്ക്കെടുത്ത് വായിലൂടെ തന്നെ പുറത്തു വിടുക.’’ കടലിൽ മുങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ സുബിൻ പഠിപ്പിച്ചു തുടങ്ങി.
‘‘പേടിക്കൊനൊന്നുമില്ല. നിങ്ങളുടെ ജാക്കറ്റിന്റെ ബെൽറ്റിൽ പിടിച്ചുകൊണ്ട് ഞാനാണ് നീന്തുന്നത്. നിങ്ങൾ രണ്ടു കൈകളും നെഞ്ചിൽ ചേർത്തു വച്ച്, കാലുകൾ നീട്ടി വെറുതെ വെള്ളത്തിൽ കിടന്ന് ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിക്കുക.’’
മൗത്ത് പീസ് കടിച്ചു പിടിച്ച് കണ്ണുകൾ തുറന്ന് പതുക്കെ വെള്ളത്തിൽ മുങ്ങി. ആദ്യം ശ്വാസം വലിച്ചപ്പോൾ രണ്ടു തുള്ളി ഉപ്പുവെള്ളം മൂക്കിൽ കയറി. അടുത്ത നിമിഷം മൂക്കിൽക്കൂടി തന്നെ അതു പുറത്തേക്കു വിട്ടു. പിന്നീട് വായിലൂടെ ശ്വസിച്ചു നോക്കി. ശ്വാസം പുറത്തേക്കു വിട്ടപ്പോൾ കുമിളകൾ തലയ്ക്കു മുകളിലേക്ക് പറന്നു... കൊള്ളാം!
കടലിന്റെ അടിയിൽ മണലിന് വേറൊരു നിറമാണ്, മണ്ണിൽ വീണ പഞ്ചസാര പോലെ. അതിൽ നിറയെ കക്കയും ചിപ്പികളുമുണ്ട്. ഒരുപിടി മണൽ വാരിയാൽ ഒരു ചിപ്പിയെങ്കിലും കയ്യിൽ കിട്ടും. പാറകളുടെ വിടവുകളിൽ മണൽ നിറഞ്ഞു കിടക്കുകയാണ്. അതിലൊരു പാറയുടെ അരികിലെത്തിയപ്പോൾ പെരുവിരലും ചൂണ്ടു വിരലും ചേർത്തു പിടിച്ച് സുബിൻ ആംഗ്യം കാണിച്ചു. ‘ഓ.കെ. അല്ലേ’’ എന്നാണ് എന്നാണു ചോദ്യം. കടലിനടിയിൽ സംഭാഷണമില്ല. ആംഗ്യത്തിലൂടെയാണ് ആശയ വിനിമയം. മറുപടി പറയാനുള്ള ആംഗ്യങ്ങളെല്ലാം വെള്ളത്തിൽ ഇറങ്ങുന്നതിനു മുൻപ് പറഞ്ഞു തന്നിരുന്നു.
ഓരോ തട്ടുകൾ പിന്നിട്ട് ആഴത്തിലേക്കു നീങ്ങുമ്പോൾ സുബിൻ ഈ ആംഗ്യം ആവർത്തിച്ചു. വെള്ളത്തിന്റെ മർദ്ദം കൂടുമ്പോൾ ക്ഷീണം തോന്നാം. അതറിയാനാണ് ഈ ചോദ്യം. ‘‘ഓ.കെയാണെന്നു മറുപടി നൽകിയതോടെ സുബിൻ മുന്നോട്ടു ചലിച്ചു.
ഒഴുകിയൊഴുകി വലിയൊരു പാറയുടെ അടുത്തെത്തി. ചിത്രം വരച്ചതുപോലെ അതിൽ നിറയെ കക്കകൾ പറ്റിപ്പിടിച്ചിരിക്കുന്നു. കുട്ടയിലാക്കി വിൽക്കാൻ കൊണ്ടു വരുന്ന കക്കയല്ലാതെ ഇതുപോലൊരു ലൈവ് സീൻ മുൻപ് കണ്ടിട്ടില്ല. പാറയെ വലംവച്ച് താഴേക്കു നീങ്ങി. ഈ സമയത്ത് ഒരു പറ്റം പരൽമീനുകൾ ജാഥ പോലെ എതിരെ വന്നു. അപരിചിതരെ കണ്ടതോടെ അവ രണ്ടായി പിരിഞ്ഞ് ഓടിയകന്നു...
Unseen world
ആദ്യം മണൽപ്പരപ്പ്. പിന്നെ കുറച്ചു പാറകൾ. അതു കഴിഞ്ഞ് പിന്നെയും മണൽ. പിന്നെയൊരു കുന്ന്. അതിനിടയിൽ മീനും ഞണ്ടും കക്കയും നീരാളിയും കുടുംബസമേതം ഇര തേടുന്നു... ഒരു തരത്തിൽ പറഞ്ഞാൽ നമ്മൾ ജീവിക്കുന്ന ഭൂമിയുടെ മറ്റൊരു പകർപ്പ്. വായുവിനു പകരം വെള്ളമാണെന്ന വ്യത്യാസം മാത്രം. ഒരു കാര്യം പ്രക്യേകം ശ്രദ്ധിച്ചു – ‘ഡെവലപ്മെന്റ്സ്’ ഉണ്ടായിട്ടില്ല. കുന്നുകൾ അതിരുകളായും പാറകൾ വീടുകളായും മാളങ്ങൾ താവളങ്ങളായും നിലനിൽക്കുന്നു. ട്രെയിനിങ് നൽകുന്ന സമയത്ത് പേടിച്ചു പിന്മാറിയിരുന്നെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിത്തീരുമായിരുന്നു.
ഒന്നു രണ്ടു തവണ മൂക്കിൽ വെള്ളം കയറിയപ്പോൾ ഒറ്റയ്ക്കു ചീറ്റിക്കളഞ്ഞു. ചെവി അടയുന്നതു പോലെ തോന്നിയപ്പോൾ ശ്വാസം മുറുക്കെ പിടിച്ച് അതിനെ മറി കടന്നു. പതുക്കെപ്പതുക്കെ മുഖത്ത് മൂക്കുണ്ടെന്ന കാര്യം മറന്നു! വായിലൂടെ സുഖമായി ശ്വസിച്ചു തുടങ്ങിയിരിക്കുന്നു. സാഹചര്യങ്ങളെ അതിജീവിക്കാൻ മനുഷ്യനു ജന്മനാ കിട്ടിയ കഴിവ് അപാരം തന്നെ...
ഇങ്ങനെ പലവിധ ചിന്തകളുടെ തോളത്തു കയ്യിട്ട് സമുദ്രാന്തർ ഭാഗത്തുകൂടിയുള്ള പ്രയാണം ഇരുപത്തഞ്ചു മിനിറ്റു പിന്നിട്ടു. തീരത്തു നിന്ന് നാൽപ്പതു മീറ്റർ കടന്നിട്ടുണ്ടാകും. നഗരം വിട്ടു ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോൾ പ്രകൃതിയിലുണ്ടാകുന്ന മാറ്റം പോലെ വെള്ളം തെളിഞ്ഞു. മുന്നിലുള്ളതെല്ലാം ഇപ്പോൾ ‘ക്ലിയറായി’ കാണാം. മുട്ട വിരിഞ്ഞിറങ്ങിയ ഞണ്ടിന്റെ കുഞ്ഞുങ്ങൾ മണൽപ്പരപ്പിൽ ഓടിക്കളിക്കുന്നു. വലുതും ചെറുതുമായി പലതരം മീനുകൾ തലങ്ങും വിലങ്ങും പാഞ്ഞു. ഒറ്റയ്ക്കു പോകുന്നവ പരസ്പരം ചേർന്നു നിന്നു വാലാട്ടി. ഒന്നു രണ്ടെണ്ണം കടിപിടി കൂടി ദൂരേയ്ക്കു മറഞ്ഞു. ഇത്രയധികം ഡിസൈനുകളുള്ള മീനുകളെ മാർക്കറ്റിലോ അലങ്കാര മത്സ്യ പ്രദർശനത്തിലോ കണ്ടിട്ടില്ല, ഉറപ്പ്...
ഇനിയും മുന്നോട്ടു പോകാനായി വിരൽ ചൂണ്ടിയപ്പോൾ സമയം കഴിഞ്ഞുവെന്ന് സുബിൻ ആംഗ്യം കാണിച്ചു. വിദഗ്ധനായ ആ ഡൈവർ പത്തു സെക്കൻഡിനുള്ളിൽ കൈ തുഴഞ്ഞ് വെള്ളത്തിന്റെ ഉപരിതലത്തിലെത്തി.
തീരത്തണഞ്ഞിട്ടും കടലമ്മയുടെ രാജ്യം കൺമുന്നിൽ നിന്നു മായുന്നില്ല. അത്ര നേരം കണ്ടതൊക്കെ സ്വപ്നം പോലെ, സിനിമ പോലെ മുന്നിലൂടെ ഓടിക്കളിക്കുന്നു! ഹാങ് ഓവർ വിട്ടു മാറാൻ പിന്നെയും കുറച്ചു നേരം അവിടെയിരിക്കേണ്ടി വന്നു. അതിനു ശേഷം ജാക്സൺ പീറ്ററെ കാണാൻ ‘ബോണ്ട് സഫാരി’യുടെ ഓഫിസിൽ പോയി. കേരളത്തിൽ ആദ്യമായി സ്കൂബ ഡൈവിങ് സെന്റർ ആരംഭിച്ചതിന് സാഹസികനായ ആ ഡൈവറോടു നന്ദി പറഞ്ഞു. കടലിന്റെ അടിത്തട്ടുകാണാൻ ആഗ്രഹിക്കുന്ന സാഹസിക സഞ്ചാരികളേ, സ്കൂബ ഡൈവിങ്ങിനായി നിങ്ങൾ ഇനി ലക്ഷദ്വീപിലേക്കു പോകേണ്ടതില്ല. കേരളത്തിലെ ആദ്യത്തെ ബീച്ചിൽ, കോവളത്ത് ഹവ്വാ ബീച്ചിനരികെ അതിനുള്ള സൗകര്യങ്ങൾ റെഡി... Come, Enjoy the magic moments underwater...
സ്കൂബ ഡൈവിങ്
കടലിനടിയിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള യാത്ര. സ്ഥലം: കോവളം ബീച്ച്. സംഘാടകർ: കൂൾ ഡൈവേഴ്സ്, കോവളം. സമയം: മൂന്നു മണിക്കൂർ : മാർഗനിർദേശ ക്ലാസ്, പ്രാക്ടിക്കൽ ട്രെയിനിങ്, ഡൈവിങ്. ഡൈവിങ്ങിൽ രാജ്യാന്തര സർട്ടിഫിക്കറ്റു നേടിയ പത്തു വർഷത്തിലേറെ എക്സ്പീരിയൻസുള്ള ഡൈവർമാരോടൊപ്പമാണ് കടലിനടിയിലേക്കുള്ള യാത്ര. ഓരോ യാത്രികർക്കൊപ്പവും ഓരോ ഡൈവർ വീതം ഉണ്ടാകും. കടൽക്കാഴ്ചകൾ ആസ്വദിക്കുന്ന യാത്രികരുടെ വിഡിയോ, ഫോട്ടോ എന്നിവ അണ്ടർവാട്ടർ ക്യാമറയിൽ (ഗോപ്രോ) പകർത്തി ഡിവിഡി നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9946550073, www.bondsafarikovalam.com