Tuesday 05 October 2021 03:47 PM IST : By സ്വന്തം ലേഖകൻ

ക്യാമറയിലൊതുങ്ങുമോ ഇന്ത്യ! ‘ദ് ഫോട്ടോറൂട്ട്സ്, ക്യാപ്ചെറിങ് ഇന്ത്യ’ യാത്ര തുടങ്ങി

arun 01

ഒരൊറ്റ ചിത്രം ആയിരം വാക്കുകളേക്കാൾ ഗുണം ചെയ്യും. ഇന്ത്യയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താൻ ഓൾ ഇന്ത്യാ ട്രിപ്പിനൊരുങ്ങി മൂന്ന് സുഹൃത്തുക്കൾ, അരുൺ കളപ്പില, എൽദോസ് ചാക്കോ, പി. പി സജു. ‘ദ് ഫോട്ടോറൂട്ട്സ്, ക്യാപ്ചെറിങ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന യാത്ര ഇന്നലെ കൊല്ലം, കൊട്ടാരക്കരയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

arun 04

നിശ്ചിതമായ യാത്രാപഥങ്ങളില്ലാതെ, സമയത്തെക്കുറിച്ച് വേവലാതിപ്പെടാതെ, ഇന്ത്യയെന്ന വൈവിധ്യത്തെ നെടുകയും കുറുകയും കടന്നാണ് യാത്ര. ഇന്ത്യയുടെ വൈവിധ്യങ്ങളെ കണ്ണുകൊണ്ടും, ക്യാമറയിലൂടെയും കാണുകയും പകർത്തുകയുമെന്നതാണ് ലക്ഷ്യം.

‘കലയും, സംസ്കാരവും, ചരിത്ര സ്മാരകങ്ങളും, ഗ്രാമീണ ജീവിതവും ‘ദ് ഫോട്ടോറൂട്ട്സ് യാത്ര’യ്ക്ക് നിറം പകരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ വിവിധ ഇടങ്ങളിലെ ഉത്സവങ്ങളില്‍ പങ്കെടുക്കാനും ചിത്രം പകർത്താനും കൂടി പ്ലാനുണ്ട്’, അരുൺ പറയുന്നു.

arun 03

ഇന്ത്യയുടെ കിഴക്ക് വശത്ത് കൂടി യാത്ര ചെയ്ത് ആദ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പിന്നീട് മറ്റ് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദർശിക്കുന്ന രീതിയിലാണ് ട്രാവൽ റൂട്ട്. അയൽ രാജ്യങ്ങളായ നേപ്പാളും, ഭൂട്ടാനും കൂടി സന്ദർശിച്ച ശേഷമാവും മടക്കം.

arun 02

ഒക്ടോബർ– നവംബർ മാസം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉത്സവങ്ങളുടെ സീസണാണ്. ബംഗാളിലെ കാളീ പൂജ മുതൽ വെളുത്ത മരുഭൂമിയിലെ റാൻ ഉത്സവവും പുഷ്കർ മേളയുമുൾപ്പടെ വിവിധ ഫെസ്റ്റിവലുകൾ ആസ്വദിക്കും. യാത്രാ വഴികളിലെ വ്യത്യസ്തമായ ഭക്ഷണ രുചികൾ പരിചയപ്പെടുന്നതിനൊപ്പം കോവിഡാനന്തര ഇന്ത്യയിലെ ജീവിതങ്ങൾ കൂടി ക്യാമറയിൽ പകർത്തുക എന്ന ഉദ്ദേശ്യം കൂടി യാത്രയ്ക്കുണ്ട്.

Tags:
  • Manorama Traveller