Monday 26 July 2021 04:42 PM IST : By സ്വന്തം ലേഖകൻ

കാലങ്ങൾക്കു മുൻപു നഷ്ടമായ നൃത്തരൂപത്തെ വീണ്ടെടുത്തു നൽകിയ ക്ഷേത്രം... ശിൽപിയുടെ പേരിൽ അറിയപ്പെട്ട ദേവാലയം... ഈ ലോക പൈതൃക പദവി ഇന്ത്യൻ ശിൽപവിദ്യക്കുള്ള അംഗീകാരം

rt1

‌കാലങ്ങൾക്കു മുൻപു നഷ്ടമായ നൃത്തരൂപത്തെ വീണ്ടെടുത്തു നൽകിയ ക്ഷേത്രം... ശിൽപിയുടെ പേരിൽ അറിയപ്പെട്ട ദേവാലയം... ഈ ലോക പൈതൃക പദവി ഇന്ത്യൻ ശിൽപവിദ്യക്കുള്ള അംഗീകാരം

ഇന്ത്യയിലെ മറ്റൊരു നിർമിതിക്കും അവകാശപ്പെടാനാകാത്ത ശിൽപ്പഭംഗിയും നിർമാണ വൈദഗ്ധ്യവുമാണ് രാജ്യത്തെ മുപ്പത്തി ഒൻപതാമത് വേൾഡ് ഹെറിറ്റേജ് സൈറ്റായി യുനെസ്കോ അംഗീകരിച്ച രാമപ്പ ക്ഷേത്രത്തിന്റെ വിശേഷത. കാകതീയഭരണാധികാരികളിൽ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായിരുന്ന ഗണപതിദേവയുടെ സേനാധിപൻ രേചർല രുദ്രനാണ് എഡി 1213 ൽ രാമപ്പക്ഷേത്രം പണികഴിപ്പിച്ചത്. മഹാദേവനെ പ്രതിഷ്ഠിച്ച് രുദ്രേശ്വരം ക്ഷേത്രം എന്നു പേരിട്ടെങ്കിലും ശിൽപ്പിയായ രാമപ്പയുടെ പേരിലാണ് ക്ഷേത്രം പ്രശസ്തമായത്. നിർമിക്കാൻ പോകുന്ന ക്ഷേത്രത്തിന്റെ ഒരു യഥാർഥ മാതൃക ആദ്യം പണിതുയർത്തിയ രാമപ്പ 40 വർഷം അധ്വാനിച്ചാണ് രാമപ്പ ക്ഷേത്രം പൂർത്തിയാക്കിയത് എന്നു കരുതുന്നു.

rt6

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ശില

ഭൂചലനത്തെ പ്രതിരോധിക്കാനായി മണലിട്ട് ഉറപ്പിച്ച അടിത്തറ. അതിനു മുകളിൽ 5 അടി ഉയരത്തിലുള്ള കരിങ്കൽക്കെട്ടിന്റെ വശങ്ങൾ മനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ചതാണ്. നക്ഷത്രാകൃതിയുള്ള കൽക്കെട്ടിൽ കിഴക്ക്, തെക്ക്, വടക്ക് ദിശകളിലേക്ക് മുഖപ്പുകളുള്ള മണ്ഡപവും പടിഞ്ഞാറ് ശ്രീകോവിലും എന്നതാണ് ക്ഷേത്ര ഘടന.

rt3

ശ്രീകോവിൽ മേൽക്കുര ചതുശ്ശാല ഗോപുരമാണ്. വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന, ഭാരം കുറഞ്ഞ കല്ലുകളിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ശ്രീകോവിൽ ഭിത്തിയിൽ മൂന്നു ദിക്കുകളിലും ജനാലകളുടെ സ്ഥാനത്ത് മൂന്നുനിലകളുള്ള കട്ടിളകൾ (മകരതോരണങ്ങൾ) കാണാം

നാഗിനിമാരും കാമിനിമാരും

rt2

പാദുകം, ജഗതി തുടങ്ങിയ വാസ്തുവിദ്യാ ഘടകങ്ങൾ ഓരോന്നും ആന, സൂര്യൻ, നൃത്ത രൂപങ്ങൾ, നക്ഷത്രങ്ങൾ എന്നിങ്ങനെ പല പാറ്റേണുകളാൽ അലങ്കൃതമാണ്. ശ്രീകോവിൽ ചുവരിനു ചുറ്റും രേഖപ്പെടുത്തിയിരിക്കുന്ന ആയിരത്തിലധികം വരുന്ന ആനരൂപങ്ങൾ ഓരോന്നും വ്യത്യസ്തമാണ്. മുഖപ്പുകളിൽ ഇതിനുശേഷം അരഭിത്തിയാണ്. ഇതിന്മേലും വാദ്യനൃത്തകലാകാരന്മാരുടെയും നക്ഷത്രങ്ങളുടെയും പാറ്റേണുകൾ കൊത്തിയിട്ടിട്ടുണ്ട്. മുഖപ്പുകളുടെ തൂണുകൾ മേൽക്കുരയിൽ മുട്ടുന്നിടത്ത്, താങ്ങുപലകകളായി നിൽക്കുന്നത് സ്ത്രീകളുടെയും ഗജവ്യാളികളുടെയും രൂപങ്ങളാണ്. നാഗിനി, മദനിക, രാഗിണി, സാലഭഞ്ജിക തുടങ്ങിയവയാണ് സ്ത്രീ രൂപങ്ങൾ. കിഴക്കുവശത്തുള്ള മദനിക രൂപം അണിഞ്ഞിരിക്കുന്ന ചെരിപ്പ് ശ്രദ്ധേയമാണ്. താങ്ങുപലകകളും മണ്ഡപത്തിലെ സ്തംഭങ്ങളും കാഠിന്യമേറിയ കൃഷ്ണശിലയിൽ‍ നിർമിച്ചവയാണ്.

rt4

മണ്ഡപത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ ഇരുവശത്തും മനോഹരമായ സ്ത്രീരൂപങ്ങൾ രൂപം ആലേഖനം ചെയ്തിരിക്കുന്നു. അതിലൊന്ന് അമ്പും വില്ലുമായി നിൽക്കുന്ന വീരാംഗനയാണെങ്കിൽ വെൺചാമരം വീശി സ്വാഗതം ചെയ്യുന്ന പരിചാരികയാണ് അടുത്തത്.

കിഴക്കുവശത്ത് ശ്രീകോവിലിന് അഭിമുഖമായി ജീവനുള്ളതെന്നു തോന്നിപ്പിക്കുന്ന നന്ദിശിൽപം കാണാം. കനപ്പെട്ട മാലകളും ചുട്ടികളും ഓഢ്യാണങ്ങളും കൊത്തി മോടിപിടിപ്പച്ചതാണ് ഈ ശിൽപം.

rt7

വീണ്ടെടുത്ത പെരിനിതാണ്ഡവം

മുഖമണ്ഡപത്തിന്റെ പുറം ഭിത്തി അടി മുതൽ മുടി വരെ കൊത്തുപണികളാണ്. ആന, സൂര്യൻ, നൃത്തരൂപങ്ങൾ, വാദ്യമേളക്കാർ തുടങ്ങി പല പാറ്റേണുകൾ കാണാം. രാമപ്പക്ഷേത്രത്തിലെ ശിൽപങ്ങൾ ശ്രദ്ധേയമാകുന്നത് അവയിൽ ആവിഷ്കരിച്ചിരിക്കുന്ന അംഗവിന്യാസത്തിന്റെയും നാട്യമുദ്രകളുടെയും പൂർണതകളാലാണ്. കാകതീയകാലത്ത് നിലനിന്നിരുന്നതും പിൽക്കാലത്ത് നഷ്ടമാകുകയും ചെയ്ത ‘പെരിനി താണ്ഡവം’ എന്നൊരു വിശേഷ നൃത്തരൂപം പിന്നീട് വീണ്ടെടുത്ത് രംഗത്തെത്തിച്ചത് രാമപ്പ ക്ഷേത്രത്തിലെ ആലേഖനങ്ങളിൽനിന്നാണ്. കാകതീയ സേനാനിയായിരുന്ന ജയപ രചിച്ച നൃത്യരത്നാവലി എന്ന നൃത്തശാസ്ത്രകൃതിയിലെ നടനഭാവങ്ങളെ ചിത്രീകരിക്കുന്നവയാണ് രാമപ്പയിൽ കൊത്തിവച്ചിരിക്കുന്ന നൃത്തരൂപങ്ങൾ എന്നും പറയാറുണ്ട്. തെലങ്കാനയിലെ പ്രധാന നഗരങ്ങളിലൊന്നായ വറംഗലിൽ നിന്ന് 70 കിലോ മീറ്ററുണ്ട് രാമപ്പ ക്ഷേത്രത്തിലേക്ക്. ഹൈദരാബാദിൽനിന്നും 143 കിലോ മീറ്ററും. യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 44 മത് വാർഷിക യോഗം ചൈനയിലെ ഫുഷാനിൽ നിന്ന് ഓൺലൈനായി സംഘടിപ്പിച്ചാണ് പുതിയ തീരുമാനങ്ങൾ എടുത്തത്. ചൈന, ഇറാൻ, സ്പെയിൻ എന്നിവിടങ്ങളിലും പുതിയ ലോക പൈതൃക സ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്..

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India