Monday 03 March 2025 03:45 PM IST

തഡോബയിലെ രാജാവും രാജ്ഞിയും

Easwaran Namboothiri H

Sub Editor, Manorama Traveller

00 shambhu and.Choti madhu Photos : Praveen Premkumar Pai

തഡോബയിൽ ഉൾക്കാടിനകത്ത് അപ്രതീക്ഷിതമായി മലയാളം കേട്ടാൽ അദ്ഭുതപ്പെടേണ്ട, അത് ഗുരുവായൂർ സ്വദേശി പ്രവീൺ പ്രേംകുമാർ പൈയുടേതാകും. കാടിനോടും കടുവയോടും ഇഷ്ടംകൂടിയ ചെറുപ്പക്കാരൻ പത്ത് വർഷം മുൻപ് മഹാരാഷ്ട്രയിലെ വനത്തിലെത്തിയതാണ്, പിന്നീട് മറ്റൊരു വനത്തോടും അദ്ദേഹത്തിന് അടുപ്പം തോന്നിയിട്ടില്ല, അവിടത്തെ കടുവയല്ലാതെ മറ്റൊരു മൃഗത്തോടും ആകർഷണവും തോന്നിയിട്ടില്ല. നാച്ചുറലിസ്റ്റ്, ഗവേഷകൻ, സഫാരി ഗൈഡ് തുടങ്ങി പല രീതിയിൽ പ്രവീൺ ഇതിനകം എത്രയോ പ്രാവശ്യം തഡോബയിലെ വഴിത്താരകളിലൂടെ സഞ്ചരിച്ചു, അവിടത്തെ കടുവകളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന പ്രവീണിന്, ഓരോന്നിന്റെയും സ്വഭാവവും പെരുമാറ്റരീതിയുമൊക്കെ കാണാപ്പാഠം. ഐൻ മരങ്ങളും പലാശ വൃക്ഷങ്ങളും നരിപ്പൂച്ചിയും കൊങ്ങിണിയുമൊക്കെ തഴച്ചു വളരുന്ന ആ കാട്ടിൽ നിന്ന് മലയാളി നാച്ചുറലിസ്റ്റിന്റെ, മനസ്സിൽ പതിഞ്ഞ ചില നിമിഷങ്ങൾ പങ്കു വയ്ക്കുന്നു മനോരമ ട്രാവലർ മാസികയിലൂടെ...

1n.Choti Tara & 3 Cubs (6 Months )

മാതൃത്വത്തിന്റെ നിമിഷങ്ങള്‍

പാലൂട്ടുന്ന മുലകളും ചോരക്കറ പടർന്ന പിൻഭാഗവുമൊക്കെയായി ഛോട്ടി മധുവിനെ കണ്ടത്രേ, അതായത് അവളുടെ പ്രസവം കഴിഞ്ഞിരിക്കുന്നു. എഴര വയസ്സുള്ള ആ പെൺകടുവയുടെ പിന്നാലെ അത് ജനിച്ചപ്പോൾ മുതൽ നിരീക്ഷണവുമായി നടക്കുന്നുണ്ട്. തഡോബ നാഷനൽ പാർക്കിന്റെ മൊഹർലി ബഫർസോണിലെ ഇപ്പോഴത്തെ രാജ്ഞിയാണ് ഛോട്ടി മധു.

സാമാന്യം വലിയൊരു പ്രദേശമാണ് മൊഹർലി, തഡോബയിലെ ഏറ്റവും പ്രശസ്തമായ ഇടം. നാലാമത്തെ പ്രസവത്തിനു തയാറെടുത്ത്് നിറവയറുമായി കാട്ടിൽ അലയുന്ന ഛോട്ടി മധുവിനെ കണ്ടിരുന്നു. മൂന്നും നാലും കുട്ടികളെ പ്രസവിച്ച അവളുടെ ആദ്യ പ്രസവങ്ങളിലെ കുട്ടികൾ വലുതായിക്കഴിഞ്ഞു. മൂന്നാമത് പ്രസവിച്ച കുട്ടികൾക്ക് പക്ഷേ, ആയുസ്സുണ്ടായിരുന്നില്ല. അവൾ നാലാമത്തെ ‘വിശേഷം’ അറിഞ്ഞപ്പോൾ മുതൽ കുഞ്ഞുങ്ങളുടെ ചിത്രം പകർത്താൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ‌‍

3n.Choti madhu

ഇനി അടുത്ത 15 അല്ലെങ്കിൽ 20 ദിവസത്തിനിടെ അമ്മക്കടുവ കുട്ടികളെ സ്ഥലം മാറ്റും, പ്രസവിച്ചു കിടക്കുന്ന സ്ഥലത്തു നിന്ന് അവയെ സുരക്ഷിതമായ മറ്റൊരു താവളത്തിലേക്ക്. ആ ഒരു സന്ദർഭം കാണണം, ചിത്രം പകർത്തണം അതായിരുന്നു അപ്പോൾ ഏറ്റവും വലിയ ആഗ്രഹം. മുൻപ് കാണാൻ സാധിക്കാതെ പോയ നിമിഷങ്ങൾ ഇത്തവണ നഷ്ടമാകരുത് എന്ന് ഏറെ ആഗ്രഹിച്ചു. മൊഹർലി എന്റെ ഏരിയ കൂടി ആയിരുന്നതിനാൽ ദിവസവും നിരീക്ഷണത്തിനു പോയി വന്നു. സന്ദർശകർക്കൊപ്പം സഫാരിയായിട്ടും അല്ലാത്തപ്പോൾ ഒറ്റയ്ക്കും. മാത്രമല്ല, ആ പെൺകടുവയുടെ ഓരോ സഞ്ചാരമാർഗവും അതിനെ കാണാൻ ഇടയുള്ള സ്ഥലങ്ങളും ഒക്കെ നിശ്ചയമുണ്ടായിരുന്നു.

ഓഹ്! ഐ മിസ്ഡ് ഇറ്റ്

ഛോട്ടി മധുവിന്റെ പ്രസവം റിപ്പോർട്ട് ചെയ്ത് കൃത്യം 14ാം ദിവസം, വനത്തിനുള്ളിലെ പാതയുടെ അരികിൽ കണ്ട പെൺകടുവ, ബസ് വന്നപ്പോൾ കാടിനുള്ളിലേക്ക് ഓടിപ്പോയത്രേ. തഡോബ നാഷനൽ പാർക്കിനുള്ളിലൂടെ കടന്നുപോകുന്ന പൊതുവഴിയുണ്ട്, ചന്ദ്രപുർ–തഡോബ റോഡ്. എങ്കിലും ഒരു പെൺകടുവ ബസ് വരുന്നതു കണ്ട് ഓടിപ്പോവുക എന്നത് അസാധാരണമാണ് അവിടെ. ധാരാളം സഞ്ചാരികളും സഫാരികളുമുള്ള മൊഹർലിയിലെ മൃഗങ്ങളൊന്നും വാഹനങ്ങളെയോ മനുഷ്യരെയോ കാണാത്തവരല്ല. അപ്പോള്‍ ആ പെൺകടുവ ഓടിയതിനു മറ്റൊരു കാരണമുണ്ട്.

4n.Choti madhu

ലക്ഷണങ്ങൾ കേട്ടപ്പോൾ അത് ഛോട്ടിമധു തന്നെയാണ്, അവൾ കുട്ടികളെ സ്ഥലം മാറ്റാൻ ഒരുങ്ങുകയാണ്. അമ്മക്കടുവ കുട്ടിയെ കടിച്ചെടുത്ത് റോഡ് ക്രോസ് ചെയ്ത് കടന്നുപോകുന്നതു കണ്ടു എന്ന വിവരം തൊട്ടടുത്ത ദിവസം തന്നെ കിട്ടി. സഞ്ചാരികൾ കുറച്ചുപേർ കാട്ടിലുള്ള സമയം. സംഭവം നടന്ന സ്ഥലത്ത് രണ്ടു മൂന്നു ജിപ്സികളും കുറച്ചു സന്ദർശകരും ഉണ്ടായിരുന്നു, ഛോട്ടി മധു അവരെയൊന്നും കൂസാതെ കുഞ്ഞിനെ കഴുത്തിനു കടിച്ച് പിടിച്ച് റോഡ് കടന്നു പോയി എന്നാണ് അത് കണ്ടവർ പറഞ്ഞത്. ആ ആക്റ്റിവിറ്റി കഴിഞ്ഞു, നല്ലൊരു സൈറ്റിങ്ങായിരുന്നു അത് എന്ന് കേട്ടപ്പോൾ അൽപം നിരാശ തോന്നി.

കാണാൻ ഏറെ ആഗ്രഹിച്ച സന്ദർഭമായിരുന്നു അത്. എന്നാൽ എനിക്ക് ഉറപ്പുണ്ടായിരുന്നു അവസരം കഴിഞ്ഞിട്ടില്ല എന്ന്, ഛോട്ടി മധുവിന് ഒന്നിൽക്കൂടുതൽ കുട്ടികളുണ്ടാകും, അവൾ വീണ്ടും വരും, രണ്ടാമത്തേതിനെ കൊണ്ടുപോകാൻ. താമസിച്ചില്ല, ആ ലൊക്കേഷനിലേക്ക് പുറപ്പെട്ടു. സ്ഥലം അടുത്തപ്പോൾ അവിടെ നിന്ന് രണ്ട് ജിപ്സികൾ വരുന്നു. രണ്ടാമത്തെ കുട്ടിയെയും ഛോട്ടി മധു കൊണ്ടു പോകുന്നത് കണ്ടിട്ടാണ് അവർ വരുന്നത്. അൽ‍പനിമിഷം വൈകിപ്പോയി ഞാൻ. ആ വിസ്മയക്കാഴ്ച കാണാനുള്ള അവസരം വീണ്ടും നഷ്ടമായി,

ഛോട്ടിമധുവിന്റെ മുൻകാല പ്രസവങ്ങളുടെ ചരിത്രം നോക്കുമ്പോൾ, കുട്ടികളുടെ എണ്ണം രണ്ടിൽ ഒതുങ്ങില്ല. അതുകൊണ്ട് അവിടെ കാത്തിരിക്കാൻ തീരുമാനിച്ചു. നിമിഷങ്ങൾ കടന്നു പോയി, മുക്കാൽ മണിക്കൂറായപ്പോൾ എന്റെ പ്രതീക്ഷ അവസാനിച്ചു, എങ്കിലും അവിടം വിട്ട് പോകാന്‍ തോന്നിയില്ല. പെട്ടെന്നാണ്, കുറ്റിക്കാടുകൾക്കിടയിൽ നിന്ന് അവൾ ഇറങ്ങി വന്നത്. നിശ്ചയദാർഢ്യവും അഭിമാനവും സ്ഫുരിക്കുന്ന കണ്ണുകളോടെ, തന്റെ ഓമനക്കുഞ്ഞിനെ വായിൽ മുറുകെ പിടിച്ചുള്ള ആ വരവിൽ മാതൃത്വത്തിന്റെ കരുത്തും പെൺകടുവയുടെ ശൗര്യവും നിറഞ്ഞ ഭാവമായിരുന്നു അവൾക്ക്.

ആ ദൃശ്യത്തിന്റെ സൗന്ദര്യത്തിൽ മയങ്ങി നിൽ‍ക്കുന്നതിനിടെ പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് ക്യാമറയും പൊസിഷനുമൊക്കെ ക്രമീകരിച്ചു. അമ്മയേയും കുഞ്ഞിനെയും ഫോക്കസ് ചെയ്ത് ക്യാമറ ക്ലിക്ക്് ചെയ്തു. എട്ടു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ആ ഒരു നിമിഷവും ചിത്രവും എന്നു പറയാം.

നായകൻ ശംഭു

ഛോട്ടി മധു മൊഹർലി പ്രദേശത്തെ രാജ്ഞിയാണെങ്കിൽ അതിന്റെ രാജാവ് ശംഭു എന്ന ആൺ കടുവയാണ്. അവൻ നന്നേ ചെറുപ്പം, ഏറെ ഡൊമിനന്റുമാണ്. തഡോബയിൽ ടൂറിസ്റ്റുകൾക്കു പ്രവേശനമില്ലാത്ത ഉൾക്കാട്ടിൽ നിന്നാണ് അവൻ പൊടുന്നനെ മോഹർലി ബഫർസോണിലേക്ക് വരുന്നത്. എന്നാൽ ഒട്ടും പകച്ചു നിൽക്കാതെ, കരുത്തുകാണിച്ച് വീരനായി മാറി അവൻ, അതും മൂന്നര നാല് വയസ്സ് മാത്രമുള്ളപ്പോൾ. ഏറെ ഉയരമില്ലെങ്കിലും കൊഴുത്തുരുണ്ട ശരീരവും ഉള്ളിലെ മനസ്സും പോരാട്ടവീരന്റേതായിരുന്നു. അതിനു ശേഷം ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു. ഇക്കാലയളവിൽ, ടാരു, പാരസ്, വൈമാർക്ക്, ഖാലി, ബജരംഗ് തുടങ്ങി ആറ് മുതിർന്ന

ആൺകടുവകളെ പരാജയപ്പെടുത്തി മെഗാ ടെറിട്ടറി സ്ഥാപിക്കാൻ അവന് കഴിഞ്ഞു. ഇപ്പോൾ ഛോട്ടിമധുവിന്റെ ജീവിതപങ്കാളിയും ശംഭു തന്നെ.

5n.Shambu Stalking Bison

ഇന്ത്യൻ കടുവകൾ ഗൗർ അഥവാ കാട്ടുപോത്തിനെ വേട്ടയാടുന്നത് താരതമ്യേന കുറവാണ്. നല്ല വലുപ്പവും കായികശേഷിയുമുള്ള അവയെ കീഴടക്കി കൊന്നു തിന്നുക അത്ര എളുപ്പമല്ല എന്നതിനാലാകാം അത്. എന്നാൽ ശംഭുവിന്റെ ഏറ്റവും പ്രിയ ഭക്ഷണം ഗൗർ ആണ്, അത് അവന്റെ കരുത്തിനെ സൂചിപ്പിക്കുന്നു. ഒരു സന്ദർഭത്തിൽ പോരടിച്ച് കീഴപ്പെടുത്തിയ ഗൗറിനെ കൊന്ന് ചോര പുരണ്ട ചുണ്ടുകളുമായി നടന്നു വരുന്ന ശംഭുവിന്റെ ചിത്രം പകർത്താൻ സാധിച്ചു, ആൺകടുവ എന്നു പറഞ്ഞാൽ ഞാൻ ആർക്കും കാട്ടിക്കൊടുക്കുന്നത് ആ ഒരു ചിത്രമായിരിക്കും.

6n.Shambu After Feast

കടുവകളെ ദൈവതുല്യം പരിഗണിക്കുന്ന ഗ്രാമീണരും കാടിനും കടുവയ്ക്കും പ്രഥമ പരിഗണന നൽകുന്ന ഉദ്യോഗസ്ഥരും സഫാരി ഗൈഡ്സും ചേരുന്നതു കൊണ്ടാണ് തഡോബയിലെ കടുവകൾ സഞ്ചാരികളുടെ മുൻപിൽ നിന്ന് ഓടിയകലാത്തത്. തഡോബയും അതിലെ കാഴ്ചകളും മനുഷ്യന് സങ്കൽപ്പിക്കാവുന്നതിലപ്പുറമുള്ള കടുവകളുടെ ലോകമാണ്, കാടിനെയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും കണ്ട് അനുഭവിക്കേണ്ടതായ ഒരു കാട്...

അമ്മയും മക്കളും

2n.Choti Tara & maya and Cubs

പ്രകൃതിയിലെ ഏതൊരു ജീവിയേയും പോലെ ഏറെ സവിശേഷമാണ് കടുവകളിലെ മാതൃത്വവും. രണ്ടേമുക്കാൽ വയസ്സോടെ പെൺകടുവകൾ പ്രത്യുൽപാദനശേഷി കൈവരിക്കും. ഇണചേരുന്ന കാലം, ഏകദേശം 15 ദിവസത്തോളം പെൺകടുവ ഒരൊറ്റ ആൺകടുവയ്ക്കൊപ്പം തന്നെയായിരിക്കും. 90 ദിവസമാണ് കടുവകളുടെ ഗർഭകാലം. . കുട്ടികളുടെ ജീവിതത്തിലെ ആദ്യരണ്ട് മാസം അമ്മക്കടുവയ്ക്ക് ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇടയ്ക്കിടെ താവളം മാറ്റണം. മറ്റു പെൺകടുവകളോ ആൺകടുവകളോ കണ്ടെത്തിയാൽ കുട്ടികളെ ആക്രമിക്കാൻ ഇടയുണ്ട്. ആ കാലം കഴിഞ്ഞാൽ അമ്മ കുഞ്ഞുങ്ങളെ കൂട്ടി പുറത്തിറങ്ങാൻ തുടങ്ങും, അപ്പോഴേക്ക് അവരും കടുവകളുടേതായ വീര്യവും ശൗര്യവും കുട്ടിക്കളികളുടെ രൂപത്തിൽ കാട്ടിത്തുടങ്ങും. പിന്നെ രണ്ട് വയസ്സ് തികയും വരെ അമ്മയ്ക്കൊപ്പം കാണും മക്കളും. ആ അമ്മ–മക്കൾ ബന്ധം ഏറെ തീവ്രമാണ്. തഡോബയിൽ ദീർഘകാലം ചെലവിട്ട് കടുവകളെ പഠിച്ച പ്രവീണിന് ആ കാട് സമ്മാനിച്ച കുറേ നല്ല ചിത്രങ്ങളുണ്ട് കടുവകളിലെ അമ്മ–മക്കൾ ബന്ധം കാണിക്കുന്നത്.

8.Mother & Cubs (8 Months Old)

മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലാണ് തഡോബ അന്ധാരി നാഷനൽ പാർക്ക്. മാർച്ച്–മേയ് വരെയാണ് സഞ്ചാരികൾക്ക് ഏറ്റവും മികച്ച സമയം. എന്നാൽ ഏറെ വ്യത്യസ്തമായ ചിത്രങ്ങൾക്ക് അവസരം ലഭിക്കുന്ന ശൈത്യകാലമാണ് ഫൊട്ടോഗ്രഫിക്ക് മികച്ചത് (നവംബർ–ജനുവരി). സമീപ വിമാനത്താവളം – നാഗ്പുർ. സമീപ നഗരമായ ചന്ദ്രപുർ റോഡ് മാർഗവും റെയിൽ മാർഗവും തഡോബയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Tags:
  • Manorama Traveller
  • Travel India
  • Wild Destination