വിസ്തൃതമായ പാറക്കെട്ടുകളും അവയ്ക്കിടയിലെ ജലകുംഭങ്ങളും എല്ലാത്തിനെയും വലയംചെയ്യുന്ന വനഭംഗിയും ചേർന്ന കാഴ്ചയുടെ പൂരം. ചരിത്രപരമായും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായ വിശേഷതകളാലും സമ്പന്നമാണ് മധ്യപ്രദേശിലെ ബുന്ദേൽഖണ്ട് മലനിരകൾ. അതിന്റെ താഴ്‌വരയിലാണ് ഈ വിസ്മയ പ്രപഞ്ചം, റണേ.

ലോക പൈതൃകപ്പട്ടികയിൽ ഇടം പിടിച്ച ഖജുരാഹോയുടെ മണ്ണ് തന്നെയാണ് ഇവിടവും. റണേ ഫാൾസും കെൻ ഘരിയാൽ സാങ്ച്വറിയും പന്ന ടൈഗർ റിസേർവും ഉൾപ്പെടുന്ന വിസ്തൃതമായ ഭൂപടം.

ADVERTISEMENT

ഖജുരാഹോയിൽ നിന്ന് ഇരുപത്തി രണ്ട് കിലോമീറ്ററുണ്ട് റണേ വെള്ളച്ചാട്ടത്തിലേക്ക്. ഗോത്രജനതയുടെ വീടുകളും കൃഷിയിടങ്ങളും കൃഷി യന്ത്രങ്ങളുമാണ് വഴിയോരക്കാഴ്ചകളിൽ നിറയുന്നത്. വനപാതയിലൂടെ പോകവേ ഇരുപുറവും മേയുന്ന കാലിക്കൂട്ടങ്ങൾ.

ഉഴുതു മറിച്ചിട്ട വയലുകളും പച്ചക്കറിപ്പാടങ്ങളും മലകളും കണ്ട് ചെക്പോസ്റ്റ് കടന്നപ്പോൾ 'കെൻ ഘരിയാൽ അഭയാരണ്യം' എന്നെഴുതിയ കൂറ്റൻ കമാനം.

ADVERTISEMENT

ജലധാരകളുടെ സംഗമഭൂവിൽ

റണേ ഫാൾസ്. 45 കിലോമീറ്റർ ചുറ്റളവിലുള്ള പാറക്കൂട്ടങ്ങളും ജലാശയങ്ങളും ചേർന്ന റണേ കെൻ ഘരിയാൽ സാങ്ച്വറിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. സീസൺ അല്ലാത്തതിനാൽ ശക്തമായ നീരൊഴുക്ക് ഇല്ല.

ADVERTISEMENT

അഗ്നിപർവ്വതം പൊട്ടിത്തെറിച്ച മണ്ണാണിത്. ചുറ്റും നുറുങ്ങിയും തകർന്നും കൂർത്തും കോർത്തും അടരുകളായി കിടക്കുന്ന ശിലാവിസ്മയങ്ങൾ. 460 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സംഭവിച്ചതാണത്രേ ഇവിടത്തെ അഗ്നിപർവ്വത സ്ഫോടനം. സിൽക്ക് എന്നറിയപ്പെടുന്ന ഈ അഗ്നിപർവ്വതം ഭൂമിയുടെ കവചങ്ങൾക്കടിയിൽ നിദ്രയിലാണ് ഇപ്പോൾ.

കർണാവതിയുടെ പരിസരങ്ങളിൽ അഞ്ച് കിലോമീറ്ററോളം വ്യാപ്തിയിൽ അഗ്നിപർവ്വതം വർഷിച്ച ലാവയുടെ അവശിഷ്ടങ്ങൾ പേറുന്നുണ്ട്. അതിന്റെ നേർച്ചിത്രങ്ങളാണ് ഇവിടുത്തെ ശിലാസമൃദ്ധിയും അവ മെനഞ്ഞെടുത്ത സുന്ദരരൂപങ്ങളും. താഴേക്ക് നോക്കുമ്പോൾ ഉറഞ്ഞു കൂടിയ നീണ്ട ശിലാപാളികൾ ദൂരേക്ക് അകന്നുപോകുന്ന വരമ്പുകൾ പോലെ കാണാം. അങ്ങനെ കുറെയേറെയുണ്ട്.

അഞ്ചുതരം കല്ലുകളാണ് പ്രധാനമായും ഇവിടെ കാണുന്നത്. പിങ്ക്, ബ്രൗൺ നിറമുള്ള ഗ്രാനൈറ്റ്, ക്വാട്സ്, മഞ്ഞക്കല്ലുകളായ ബസ്സാൾട്ട്, ഡോളമൈറ്റ്, ചുവന്ന നിറമുള്ള, ജ്വല്ലറി നിർമ്മാണത്തിനുപയോഗിക്കുന്ന ജാസ്പർ എന്നിവ. ഇങ്ങനെ ഇവിടെ കാണുന്ന ഈ അടുക്കടുക്കായ കല്ലുകളുടെ വർണ്ണപ്പകിട്ടും അവക്കിടയിടെ ജലധാരകളുമാണ് ലോക സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

അദ്ഭുതങ്ങളുടെ ജലകുംഭങ്ങൾ

മിനി ഗ്രാൻഡ് കന്യൻ എന്നാണ് റണേ വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള ഈ പ്രദേശം അറിയപ്പെടുന്നത്. അമേരിക്കയിലെ ഗ്രാൻഡ് കന്യനോട് സാമ്യമുള്ള പ്രദേശമായതുകൊണ്ടാണ് ഈ വിളിപ്പേര്. പ്രദേശവാസികൾ മിനി നയാഗ്രയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. വിന്ധ്യാചൽ പർവതനിരകളിൽ ഉദ്ഭവിക്കുന്ന കെൻനദി 125 കിലോമീറ്റർ താണ്ടി ഇവിടെയെത്തി, പിന്നെ താഴോട്ട് ഒഴുകി യമുനയിൽ ചേരുകയാണ്.

ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടത്തെ മൺസൂൺ സീസൺ. ആ സമയത്ത് ഈ പാറക്കെട്ടുകൾക്ക് മുകളിലൂടെ വെള്ളം നിറഞ്ഞുകവിഞ്ഞു ജലധാരകൾ മേളം തീർക്കും. റണേ വാട്ടർ ഫോൾസ് പതഞ്ഞു കവിയുന്ന നാളുകൾ. ആഴവും വിസ്തൃതിയും ഏറുന്ന ആ കാഴ്ചകൾക്ക്‌ പക്ഷേ, വനം വകുപ്പിന്റെ നിയന്ത്രണമുണ്ടാകും.

പന്ന, ജബൽപൂർ ജില്ലകളുടെ മധ്യത്തിലാണ് റണെ ഫാൾസ് സ്ഥിതി ചെയ്യുന്നത്. പന്ന ഫോറസ്റ്റിന്റെ ബഫർ സോണിൽപെട്ട പ്രദേശമാണിത്. ബഫർ സോണിനപ്പുറം 45 കിലോമീറ്റർ പന്ന ടൈഗർ റിസർവ് ആണ്.

പാറക്കെട്ടുകൾക്കിടയിൽ സാമാന്യം വലിയ ജലാശയങ്ങൾ. അദ്ഭുതം തന്നെ. മനോഹരമായ വർണ്ണപ്പാറകൾക്കിടയിൽ ഉറഞ്ഞു കിടക്കുന്ന മരതകജലം.

ഈ പച്ചസംഭരണികൾക്കടിയിൽ ഒരുപാട് മുതലകൾ ഉണ്ടത്രേ. അവ ആഴത്തിൽ മുങ്ങാം കുഴിയിട്ട് കിടക്കുന്നുണ്ടാകാം. ഏതായാലും മുകൾപ്പരപ്പിൽ കണ്ടില്ല.

വിസ്മയപ്പാറകളുടെ ഇടയിലൂടെ നടന്ന് എല്ലാ വ്യൂ പോയിന്റുകളിലും നിന്ന് പല ദിക്കിലേക്കും തിരിഞ്ഞ് കാഴ്ചകൾ കണ്ടു. അനേക ദശലക്ഷം വർഷങ്ങളുടെ ചരിത്ര സംസ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ച ശിലാസമുച്ചയങ്ങളുടെ സൗന്ദര്യവും ഗാംഭീര്യവും അമ്പരപ്പെടുത്തി.

നീല ജലാശയത്തിലെ നീളൻ മുതലകൾ

കെൻ ഘരിയാൽ സാങ്ക്ച്വറിയിലെ ഗാരിയൽ മുതലകളെ കാണാനുള്ള തിടുക്കമായി. വനമധ്യത്തിലുള്ള വഴിയിലൂടെ പോകുമ്പോൾ ഡ്രൈവർ പറഞ്ഞു. ഭാഗ്യമുണ്ടെങ്കിൽ എല്ലാത്തരം മൃഗങ്ങളേയും കാണാം. ചുറ്റും നോക്കിയിരുന്നോളൂ എന്ന്. കൃഷ്ണമൃഗം പുള്ളിമാനുകൾ, മയിലുകൾ, വിവിധ വർഗ്ഗത്തിൽ പെട്ട കുരങ്ങുകൾ, കഴുതപ്പുലി, കാട്ടുപന്നി, ചെന്നായ, തുടങ്ങിയ മൃഗങ്ങൾക്കൊപ്പം ഉരഗ വർഗ്ഗത്തിലെ ഒട്ടേറെ ജീവികളുമുണ്ട് ഈ കാട്ടിൽ. കാനനക്കാഴ്ചയിൽ ആദ്യമെത്തിയത് കൃഷ്ണമൃഗവും കുരങ്ങുകളുമാണ്. മരക്കൊമ്പ് വളച്ചു ചായ്ച്ചു പച്ചില തിന്നുന്ന കൃഷ്ണമൃഗം. അത് ശബ്ദം കേട്ട് ചെവി കൂർപ്പിച്ചു നിൽക്കുന്നു.

അരമണിക്കൂറോളം സഞ്ചരിച്ച് മുതല സംരക്ഷണകേന്ദ്രത്തിന്റെ വ്യൂ പോയിന്റിൽ എത്താൻ. അകലെ നീലജലാശയത്തെ വലയം ചെയ്യുന്ന പാറയുടെ നിര. അവയുടെ ചാരെ വിശ്രമിക്കുന്ന മുതലകൾ. ഞങ്ങളെ കണ്ട് കാവൽക്കാർ വേഗം ബൈനോക്കുലറുമായി അടുത്തു വന്നു. സസൂക്ഷ്മം നോക്കി മുതലകളെ കണ്ട് അവയുടെ കൃത്യസ്ഥാനം പറഞ്ഞു തന്നു. ബൈനോക്കുലർ ഇല്ലാതെയും അവയെ കാണാം. വളരെ ചെറുതായി. നീണ്ട പുഴുക്കൾ പോലെ പാറയുടെ മുകളിൽ വെയിൽ കായുന്ന മുതലകൾ.

വീണ്ടും റണേ ഫാൾസ് പരിസരത്തെത്തി, ആ മനം മയക്കുന്ന പ്രകൃതിയിലേക്ക് ഒന്ന് രണ്ട് വട്ടം കൂടി കണ്ണോടിച്ചു നോക്കി. കണ്ണും മനസ്സും നിറയെ കണ്ടു. ആസ്വദിച്ചു. പ്രകൃതി ദുരന്തങ്ങളും അതിന്റെ സാക്ഷ്യങ്ങളും പ്രകൃതിയുടെ ചായക്കൂട്ടുകളും ചേർന്ന കെൻ നദിക്കരയിലെ, കഥ പറയുന്ന കരിങ്കൽ കൂട്ടങ്ങൾക്കിടയിൽ നിന്ന് പോരുമ്പോൾ പ്രകൃതിക്ക് വെളിപ്പെടുത്താൻ പറ്റാത്ത ഒരുപാട് വിസ്‌മൃതികളും വികൃതികളുമുണ്ടെന്ന് തോന്നി. അവക്ക് മുന്നിൽ മനുഷ്യർക്കെന്തു സ്ഥാനം. വെറും കാഴ്ചക്കാരല്ലാതെ. ഭാരതമണ്ണിലെ പിളർന്നു വീണ്, ഉയിർത്തെഴുന്നേറ്റ ആ ഹൃദയഭൂവിൽ നിന്ന് ഏറെ താമസിയാതെ വിടപറഞ്ഞു, കാഴ്ചയുടെ കാലിഡോസ്കോപ്പ് നെഞ്ചിലേറ്റിക്കൊണ്ട്.

ADVERTISEMENT