വൈൻ ആരാധകരുടെ സ്വർഗം, ലോകത്തിലെ ഏറ്റവും വലിയ െെവൻ ഫെസ്റ്റിവലിന്റെ വീര്യമുള്ള കാഴ്ചകൾ കാണാൻ മലയാളി പോയാൽ!
പഴക്കം കൂടും തോറും വീര്യം കൂടുന്ന രുചിക്കൂട്ട് അതിന്റെ പൂർണ അർഥത്തിൽ ആസ്വദിക്കാൻ ഒരു ഉത്സവം. വീഞ്ഞിന്റെ ലഹരി അത്രമേൽ സുന്ദരമായി സഞ്ചാരികളിലേക്കെത്തുന്ന കാഴ്ച, ജർമനിയിലെ ബാഡ് ഡുർക്കെയിം വൈൻ ആരാധകരുടെ സ്വർഗമാണ്. ലോകത്തിലെ ഏറ്റവും വലിയ െെവൻ ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം ബാഡ് ഡുർക്കെയിമിലെ വൂസ്റ്റ് മാർക്കറ്റാണ്. എല്ലാ വർഷവും സെപ്റ്റംബറിലെ രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചയിലാണ് വൈൻ ഫെസ്റ്റിവൽ നടക്കുന്നത്. ഭൂമിയിലെ ഏറ്റവും മികച്ച െെവൻ ലഭിക്കുന്ന ഇടമെന്ന് അവകാശപ്പെടുന്ന പ്രകൃതിരമണീയമായ ബാഡ് ഡുർക്കെയിം തേടി പ്രതിവർഷം ആറു ലക്ഷത്തോളം സന്ദർശകർ െെവൻ െഫസ്റ്റിവലിൽ പങ്കെടുക്കാൻ മാത്രം എത്തിച്ചേരുന്നുണ്ടത്രേ. മദ്യത്തിന്റെ ഗണത്തിൽപ്പെടുന്നുവെന്ന തോന്നൽ ഇന്ത്യക്കാർക്കിടയിൽ കൂടുതലായതിനാലാവണം വീഞ്ഞിനോ ഇത്തരം ആഘോഷങ്ങൾക്കോ വൈൻ ടൂറിസത്തിനോ പോലും നമ്മുടെ നാട്ടിൽ സ്ഥാനം കിട്ടാതായത്. പക്ഷേ, വിദേശികൾക്ക് പ്രത്യേകിച്ച് യൂറോപ്യൻസിന് മുന്തിരി വീഞ്ഞ് ആഘോഷിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്. ആ ഉത്സവക്കാഴ്ചകളിലേക്ക്...
പ്രണയത്തെക്കാൾ വീര്യമുള്ള വീഞ്ഞ്
ജർമനിയിലെ ബോഹും നഗരത്തിൽ നിന്നാണു ബാഡ് ഡുർക്കെയിമിലേക്ക് യാത്രതിരിച്ചത്. െെറൻ നദിയുടെ ഏറ്റവും സുന്ദരമായ ഭാഗങ്ങളിലൂടെയാണ് ബാഡ് ഡുർക്കെയിമിലേക്കുള്ള ട്രെയിൻ യാത്ര. രാജഭരണകാലത്തിന്റെ ഗതകാലസ്മരണകൾ പേറുന്ന കോട്ടകളും െെറൻ നദിയിലൂടെ കുതിക്കുന്ന ബോട്ടുകളും ചെറിയ കപ്പലുകളും മുന്തിരിത്തോട്ടങ്ങളുമൊക്കെ ഈ പ്രദേശത്തിന് അപൂർവ ചാരുതയേകുന്നു.
ട്രെയിനിൽ വലിയ തിരക്കൊന്നുമില്ല. കൊേളാൺ, ഫ്രാങ്ക്ഫർട്ട്, മാൻഹെയ്ൻ വഴിയാണു യാത്ര. ഫ്രാങ്ക്ഫർട്ട് കഴിഞ്ഞപ്പോൾ ഒരാൾ എന്റെ എതിർവശത്തായി വന്നിരുന്നു. നീട്ടി വളർത്തിയ തലമുടിയിൽ ഒരു പക്ഷിത്തൂവൽ കെട്ടിയിട്ടിട്ടുണ്ട്. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. വ്യത്യസ്തനായ ആ മനുഷ്യനെ പരിചയപ്പെട്ടു. െെബക്ക് റേസിങ്ങിൽ കമ്പമുള്ള ആളായിരുന്നത്രേ. ഒരിക്കൽ ഒരു അപകടത്തെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ടു. പിന്നീട് ജീവിതത്തിലേക്കു തിരിച്ചുവന്നപ്പോൾ സമാധാനത്തിന്റെയും നല്ല ചിന്തകളുടെയും സന്ദേശകനായി. അതിന്റെ ചിഹ്നമാണ് തലയിൽ കെട്ടിയിട്ടിരിക്കുന്ന ഈ തൂവൽ.
ഏതാണ്ട് അഞ്ഞൂറ്റിയമ്പത് വർഷങ്ങളായി നടക്കുന്ന ഫെസ്റ്റിവലാണ് ബാഡ് ഡുർക്കെയ്മിലേത്. ‘സ്പാ’ നഗരമെന്നാണ് ബാഡ് ഡുർക്കെയ്മം അറിയപ്പെടുന്നത്. ബാഡ് എന്നാൽ ‘ബാത്ത്’, എന്നാണ്. ജർമൻ ഭാഷയിലെ അർഥം. വിഷാദരോഗത്തിനടിമപ്പെട്ടവരും മറ്റുമൊക്കെ സന്തോഷം തിരികെ പിടിക്കാൻ ഈ പ്രദേശത്തു വന്നു താമസമാക്കാറുണ്ട്. മികച്ച പ്രകൃതിഭംഗിയും നല്ല കാലാവസ്ഥയും നാച്വറൽ ഹീലിങ് സെന്ററുകളുമൊക്കെ ഇവിടേക്ക് സഞ്ചരികളെ ആകർഷിക്കുന്നു.
ഗ്രേഡിയർവെർക്ക് എന്ന സ്ഥലത്തേക്കാണ് ആദ്യം പോയത്. െെവൻ ഫെസ്റ്റിവൽ നടക്കുന്ന ബാഡ് ഡുർക്കെയ്മിലെ ഒരു പ്രധാന ആകർഷണമാണിത്. ലോകത്തിൽ അപൂർവമായി കാണുന്ന ഒരു കാഴ്ച. ഒൗഷധഗുണമുള്ള പ്രൂനസ് സ്പിനോസ അഥവാ ബ്ലാക്ക്തോൺ എന്നറിയപ്പെടുന്ന ചെടിയുടെ ഉണക്ക ചുള്ളിക്കമ്പുകൾ കെട്ടുകളാക്കി വച്ചിരിക്കുന്നു. ഉദ്ദേശം അഞ്ചു ലക്ഷത്തോളം കെട്ടുകൾ അഞ്ചാൾ പൊക്കത്തിൽ അടുക്കിവച്ച ഒരു രൂപം. അതിനിടയിലൂടെ ഉപ്പുവെള്ളം ഇറ്റിറ്റു വീണുകൊണ്ടേയിരിക്കുന്നു. സഞ്ചാരികൾക്ക് അതിനു ചുറ്റും ഒൗഷധഗുണമുള്ള വായു ശ്വസിച്ചുകൊണ്ടു നടക്കാം.
പോളണ്ടിൽ നിന്നാണ് െഎ.യു.സി.എൻ. കൺസർവേഷൻ സ്റ്റാറ്റസിൽ ഇപ്പോൾ റെഡ് ലിസ്റ്റിലുള്ള ഈ ചെടിയുടെ ശിഖരങ്ങൾ ശേഖരിച്ചു കൊണ്ടുവന്നത്.
ലോകത്തിലെ ഏറ്റവും വലിയ െെവൻഭരണി
17 ലക്ഷം ലിറ്റർ െെവൻ സൂക്ഷിച്ചുവയ്ക്കാവുന്ന െെവൻ ബാരലാണ് ബാഡ് ഡുർക്കെയ്മിലെ മറ്റൊരാകർഷണം. എന്നാൽ ഇപ്പോഴിത് ഒരു റസ്റ്ററന്റാണ്. െെവൻ ശേഖരിച്ചു വയ്ക്കാനുള്ള കപ്പാസിറ്റിയുണ്ടെങ്കിലും ഒരു റസ്റ്ററന്റാക്കി ഈ പ്രദേശത്തെ ഒരു ലാൻഡ്മാർക്ക് ആക്കി മാറ്റിയിരിക്കുകയാണ് ഈ െെവൻ ഭരണി. നൂറുകണക്കിനു കാറുകൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും റസ്റ്ററന്റിന് അടുത്ത് ഒരുക്കിയിട്ടുണ്ട്. ജർമനിയിലെ തന്നെ ഹെയ്ഡൽബർഗിലുള്ള 2,21,726 ലിറ്റർ െെവൻ സംഭരിക്കാൻ ശേഷിയുള്ള െെവൻ ഭരണിയായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ െെവൻ ഭരണി. എന്നാൽ ഈ റിക്കോർഡാണ് ബാഡ് ഡുർക്കെയ്മിലെ സംഭരണി ഭേദിച്ചിരിക്കുന്നത്. െഹയ്ഡൽബർഗിൽ െെവൻ സംഭരണിയായി തന്നെയാണ് െെവൻ ബാരൽ ഉപയോഗിച്ചിരുന്നതെങ്കിൽ ഇവിടെ റസ്റ്ററന്റാക്കി മാറ്റി എന്നതാണു വ്യത്യാസം.
െഎക്യജർമനിയുടെ ശിൽപിയായ ചാൻസിലർ െഹൽമുട്ട് കോൾ ഉൾപ്പെടെയുള്ളവർ വിശ്രമജീവിതത്തിനായി തിരഞ്ഞെടുത്ത ദേശമാണ് ബാഡ് ഡുർക്കെയിം. മുന്തിരിത്തോപ്പുകൾ നിറഞ്ഞ ഗ്രാമങ്ങൾ. ലുഫ്താൻസ എയർേവയ്സിന്റെ കൊടികൾ മുന്തിരിത്തോപ്പുകൾക്കിടയിൽ കണ്ടു. ഈ പ്രദേശത്തിനു മുകളിലൂടെ പറക്കുമ്പോൾ ലുഫ്താൻസ എയർവേയ്സ് യാത്രക്കാർക്ക് പ്രകൃതിരമണീയമായ ഈ പ്രദേശത്തെക്കുറിച്ചു ഹ്രസ്വവിവരണം നൽകാറുണ്ടത്രേ.
ആചാരങ്ങൾ കൊണ്ടും ഓരോ നിമിഷവും സഞ്ചാരികളെ ഞെട്ടിക്കുന്നുണ്ട് ഈ നാട്. അതിൽ ഏറെ കൗതുകം തോന്നിയ ഒരാചാരത്തെ പറ്റി കേട്ടു. നമ്മുടെ നാട്ടിലെ പഞ്ചായത്ത് ഒാഫിസ് പോലെ അവിടുത്തെ പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒാഫിസിനു മുമ്പിൽ വർഷത്തിൽ ഒരു ദിവസം ആ നാട്ടിലെ ജനങ്ങളെല്ലാവരും കൂടി ഒത്തുചേരും. ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ ആവേശത്തോടെയാണ് ഈ ഒത്തുകൂടൽ. ഈ പരിപാടിയിലെ നായകൻ ഒരു ആടാണ്. ഈ പ്രത്യേക ദിവസത്തിനായി സെലിബ്രേറ്റി പരിഗണനയിൽ വളർത്തുന്ന ആട്. ഈ ആടിനെ ലേലം ചെയ്യുകയാണ് ആ ദിവസത്തിന്റെ പ്രത്യേക പരിപാടി. ആവേശത്തോടെ തുടങ്ങുന്ന ലേലം വിളികൾക്കൊടുവിൽ വലിയ തുകയ്ക്ക് ആടിനെ ഗ്രാമവാസികളിലാരെങ്കിലും തന്നെ സ്വന്തമാക്കും.
ലഹരി നുരയുന്ന ആഘോഷങ്ങൾ
ജർമനിയിൽ മാത്രം ഒരു വർഷം ഉദ്ദേശം ആയിരത്തിൽ കൂടുതൽ വൈൻ ഫെസ്റ്റിവലുകൾ നടക്കുന്നുണ്ട്. ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളാണ് സീസൺ. വരുന്ന സഞ്ചാരികൾ വെറുതെ കുറേ വൈൻ കുടിച്ച് തിരിച്ച് പോകുന്നതല്ല ഇവിടുത്തെ ആഘോഷം. കുടുംബത്തെ മുഴുവൻ രസിപ്പിക്കാനുതകുന്ന വിവിധ പരിപാടികൾ വൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കാറുണ്ട്. വൂസ്റ്റ് മാർക്കറ്റിനോട് ചേർന്ന കുന്നിൻ മുകളിലാണ് Michaelskapelle അഥവാ സെന്റ് മൈക്കിൾസ് ചാപ്പൽ. 15 –ാം നൂറ്റാണ്ട് മുതൽ സെന്റ് മൈക്കിൾസിന്റെ തിരുനാൾ ദിനം ഭക്തരെല്ലാവരും പള്ളിമുറ്റത്ത് ഒത്തുകൂടും. ഈ ഒത്തുചേരലിൽ വൈൻ ഒരു പ്രധാനഘടകമായിരുന്നു. വൂസ്റ്റ് മാർക്കറ്റിലെ വൈൻ ഫെസ്റ്റിവലിന്റെ തുടക്കം ഇതാണെന്നാണ് വിശ്വാസം.
പള്ളിയിലെ ചെറുപ്പക്കാരെല്ലാവരും കൂടി പള്ളിയുടെ ബ്രൂവറിയിൽ ഇപ്പോഴും െെവനുണ്ടാക്കാറുണ്ട്. പള്ളിക്കുള്ള ഒരു വരുമാനമാർഗം കൂടിയാണ്. ചെറുപ്പക്കാർ സൗജന്യമായാണ് ഒഴിവുസമയങ്ങളിൽ ഇവിടെ പണിയെടുക്കുന്നത്.
പുസ്തകചർച്ചകൾ, സംഗീത പരിപാടികൾ, ഡാൻസ്, പലതരത്തിലും നിറത്തിലുമുള്ള െെവനുകൾ എന്നിവയെല്ലാം കൂടിച്ചേർന്ന താളമേളലയമാണ് ബാഡ് ഡുർക്കെയ്മിലെ രാവുകളും പകലുകളും ഒാേരാ സഞ്ചാരിയുടെയും മനസ്സിൽ നിറയ്ക്കുന്നത്. ബാഡ് ഡുർക്കെയ്മിലെ െെവനിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ മനസ്സിൽ നിന്നും മായില്ല