വെള്ളത്തിനടിയിലൂടെ മാത്രം എത്തിച്ചേരാവുന്ന പുരാതന നഗരം. ആ കഥയുടെ കൗതുകവുമായാണ് ഈ സഞ്ചാരം. അന്റാലിയയിലെ ലൈസിയൻ ട്രെയിലാണു ലക്ഷ്യം. കൊന്യാൽറ്റിയിൽ ആരംഭിക്കുന്ന ഈ പാതയ്ക്ക് 760 കിലോമീറ്റർ ദൈർഘ്യമുണ്ട്. അന്തിമപോയിന്റ് ഫെത്തീ വരെ നടന്നെത്താൻ ഒരു മാസം വേണം. വാഹനത്തിലാണെങ്കിലും ദിവസങ്ങൾ വേണ്ടിവരും.

ഒട്ടേറെ ലൈസിയൻ നഗരങ്ങളിൽ കൂടിയും യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളിലൂടെയും കടന്നു പോകുന്ന പാതയാണിത്. അന്റാലിയയ്ക്കും ഡിമ്‌റി (പഴയ കാല മിറ)ക്കും ഇടയിലുള്ള പ്രധാന സ്ഥലങ്ങൾ മാത്രം കാണാനാണു പ്ലാൻ. അതിൽ പ്രധാനം ആ നഗരമാണ്. കെക്കോവയിലെ മുങ്ങിപ്പോയ നഗരം (സങ്കൺ സിറ്റി).

ADVERTISEMENT

ഫസേലിസും ഒളിംപോസും

ഫ്ലൈറ്റിൽ അന്റാലിയയിൽ ഇറങ്ങി. ഡ്രൈവറും വഴികാട്ടിയുമായ, ആർക്കിയോളജിസ്റ്റ് കൂടിയായിരുന്ന ഹുസൂർ തിളങ്ങുന്ന നീലക്കടലിന്റെയും സമൃദ്ധമായ കാടുകളുടെയും കാഴ്ചകളിലൂടെ ശരവേഗത്തിൽ കൊണ്ടുപോയി. ഡി400 ദേശീയപാത തുർക്കിയിലെ ഏറ്റവും സുന്ദരമായ വഴികളിലൊന്നാണ്.

ADVERTISEMENT

കെമറിൽ എത്തിയപ്പോഴാണ് ആ തിരിച്ചറിവുണ്ടായത്. രാജ്യത്തിന്റെ ഈ ഭാഗങ്ങളിൽ സ്വന്തം യാത്രാ സൗകര്യം വേണം, എല്ലാ ഇടങ്ങളിലും മുൻകൂർ ബുക്കിങ്ങുകളും നല്ല ഘനമുള്ള പോക്കറ്റും വേണം! എങ്കിലേ സഞ്ചാരം സുഗമമാകൂ.

ടർക്കിഷ് ശൈലിയിലുള്ള ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സംവിധാനം ടർക്കിഷ് പാൻസിയോണിൽ മുറി കണ്ടെത്താൻ നടത്തിയ ശ്രമം നടന്നില്ല. ആ ടൂറിസ്റ്റ് നഗരത്തിന്റെ അതിർത്തിയിലുള്ള ക്ലബ് മെഡ് എന്ന ഹോട്ടലിൽ എത്തി. അവരുടെ പാക്കേജ് ഭക്ഷണം ഉൾപ്പടെയുള്ളതായതിനാൽ ആഹാരകാര്യത്തിൽ വിഷമിക്കേണ്ടി വന്നില്ല. ഫസേലിസ്, ഒളിംപോസ് എന്നീ സ്ഥലങ്ങളും എന്റെ അന്തിമ ലക്ഷ്യമായ ഡിമ്‌റിയും അകലെയല്ല.

ADVERTISEMENT

പർവതങ്ങളുടെയും മെഡിറ്ററേനിയൻ കടലിലെ തെളിഞ്ഞ ജലത്തിന്റെയും പശ്ചാത്തലത്തിലുള്ള ഫസേലിസ് ഏഴാം നൂറ്റാണ്ടോളം പഴക്കമുള്ള പുരാതന തുറമുഖ നഗരമാണ്. തുർക്കിയുടെ ചരിത്രശേഷിപ്പുകളിൽ കടൽത്തീരം ചേർന്നുള്ള ഏക സൈറ്റും. ബാക്കി എല്ലാം രാജ്യത്തിന്റെ ഉൾപ്രദേശത്താണ്. ചരിത്രാവശിഷ്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ നഗരത്തിന്റെ സമൃദ്ധ കാലത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ചിത്രം ലഭിച്ചു.

നീണ്ട ജലപാതകളും വൃത്താകൃതിയിലെ നാടകശാലകളും പഴക്കമേറിയ അഗോറകളും (നാടൻ വിപണികൾ) നിർമിച്ചിരിക്കുന്നത് അന്നത്തെ പ്രധാന ഹാർബറിനോട് ചേർന്നാണ്. സുവർണനിറമാർന്ന സമുദ്രതീരത്തിന്റെയും നീലക്കടലിന്റെയും കാഴ്ച കിട്ടുംവിധം. കൃത്യമായി വിവരങ്ങൾ നൽകുന്ന ബോർഡുകൾ ഫസേലിസിൽ എല്ലായിടത്തുമുണ്ട്.

ഫസേലിസിൽ നിന്ന് അരമണിക്കൂർ ഡ്രൈവുണ്ട് ഒളിംപോസിലേക്ക്. പോകുംവഴിയാണ് മൗണ്ട് ചിമേറ, അഥവാ യാനാർത്താസ്. നീലപ്പരപ്പിൽ തലയുയർത്തിപ്പിടിച്ച കരിവീരനെപ്പോലെയാണ് അതിന്റെ നിൽപ്പ്. ആ പർവതത്തിന്റെ വശത്തു നിന്ന് കെടാജ്വാല ഉയരുന്നു.

തുർക്കിയിലെ ഇതിഹാസ കഥാപാത്രമായ ബെല്ലറോഫോൻ സിംഹവും ആടും സർപ്പവും ചേർന്ന രൂപമുള്ള ചിമേറ എന്ന വ്യാളിയുമായി നടത്തിയ പോരാട്ട കഥയാണ് ആ ജ്വാലയുടെ ഐതിഹ്യം. ഭൂമിയുടെ ഉൾഭാഗത്തു നിന്നു പ്രകൃതിവാതകം പുറത്തേക്ക് വമിക്കുന്ന ഈ ഭാഗം സഹസ്രാബ്ദങ്ങളായി കത്തുകയാണ് എന്നതാണു ശാസ്ത്രസത്യം.

ഓറഞ്ചിന്റെ മധുരമുളള ഫിനികെ

മറ്റൊരു തീരദേശ നഗരമായ ഫിനികെയിൽ എത്തിയാണ് ഉച്ചഭക്ഷണം കഴിച്ചത്. നല്ല കാലാവസ്ഥയിലും ഫലഭൂയിഷ്ടമായ മണ്ണിലും വിളയുന്ന ഓറഞ്ച് ആണ് ഇവിടത്തെ പ്രധാന കയറ്റുമതി ഇനം. കട്ടിയില്ലാത്ത തൊലിയും പഴച്ചാറ് സുലഭമായതുമാണ് ഈ തനത് ഇനം ഓറഞ്ച്. അത് രുചിക്കാനുള്ള അവസരം കിട്ടിയില്ല. ഫിനികെയിൽ നിന്ന് മിറയിലേക്കുള്ള ഡ്രൈവ് ഒന്നാന്തരം അനുഭവമാണ്. ഒരു വശത്ത് മെഡിറ്ററിയേനിയനിലെ അലകൾ കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന പാറക്കെട്ടുകളെ തൊട്ട് തലോടുന്നു. മറുവശത്ത് ആകാശത്തോളം ഉയർന്ന കൊടുമുടികൾ. ഉള്ളിലേക്ക് കയറിക്കിടക്കുന്ന കടൽ ഭാഗങ്ങളും ലഗൂണുകളും താണ്ടി, പർവതങ്ങളെയും ചുരങ്ങളെയും ചുറ്റിവളഞ്ഞ് കയറുന്ന റോഡ്. അവസാനം അന്റാലിയ പ്രവിശ്യയിലെ ആർക്കിയോളജിക്കൽ വിസ്മയമായ ഡിമ്‌റിയിൽ എത്തി.

അവിടെ ദയാലുവായ ഒരു സ്ത്രീ നടത്തുന്ന പാൻസിയോണയിൽ താമസസ്ഥലം കണ്ടെത്തി. തന്റെ തോട്ടത്തിൽ വിളഞ്ഞ ഓറഞ്ച് കൊണ്ട് അതിഥികളെ സൽ‍ക്കരിക്കുന്നതാണ് അവരുടെ വലിയ സന്തോഷം. ‘ഫിനിക്കിലെ ഓറഞ്ച് പോലെയല്ല ഇത്, അതിനെക്കാളും നല്ലതാണ്’, അവർ പറഞ്ഞു. ആ ഓറഞ്ചുകൾ സ്വപ്നം കണ്ട് ഞാൻ ഉറങ്ങാൻ പോയി.

മുങ്ങിപ്പോയ നഗരം

പാൻസിയോണയിലെ ഓറഞ്ചുകളും കയ്യിലേന്തി നന്നേ പുലർച്ചെ ഡിമ്റി തുറമുഖത്ത് എത്തി. ‌അരമണിക്കൂറിനു ശേഷം വിസ്മയിപ്പിക്കുന്ന പുരാവസ്തു ശേഷിപ്പുകളുടെ സമീപമെത്തി, അതും ജലത്തിനടിയിൽ ഏതാണ്ട് ആറ് മീറ്റർ ആഴത്തിൽ. അതുകൊണ്ടാണ് ബാടിക് ഷഹീർ അഥവാ മുങ്ങിപ്പോയ നഗരം എന്ന പേര് കെക്കോവയ്ക്ക് ലഭിച്ചത്.

കെക്കോവയില്‍ ഇപ്പോൾ ജനവാസമില്ല, വെള്ളത്തിനടിയിലൂടെയേ അവിടെത്തിച്ചേരാൻ പോലുമാകൂ. ഒരുകാലത്ത് ഏറെ സമ്പന്നമായ ജനവിഭാഗം പൂർണമായും നശിച്ചത് ഭൂമികുലുക്കം മൂലമാണ്. ഏതാനും മതിലുകൾ, നീരൊഴുകിയിരുന്ന ചാലുകൾ, വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങിയ പടവുകൾ, രാജകീയ കുടീരങ്ങൾ, കുളിപ്പുരകൾ... ഇവ മാത്രമാണ് പ്രൗഢമായൊരു നഗരം നിലനിന്നതിന്റെ തെളിവുകളായി അവശേഷിക്കുന്നത്. ടെറാക്കോട്ട പൈപ്പുകൾ, ഇരുവശത്തും കൈപ്പിടികളുള്ള ഗ്രീക്ക് ജാർ ആംഫോറകളുടെ അവശേഷിപ്പുകൾ, കരിങ്കൽ അടിത്തറകൾ, കല്ലിൽ കൊത്തിയ പടവുകൾ ഇവ വെള്ളത്തിനടിയിലും കാണാം. കയാക്കിങ്ങിന് അനുയോജ്യമായ സ്ഫടികം പോലെ തെളിഞ്ഞ ജലവും ലൈസിയൻ ഹൈക്കിങ് പാതയുടെ അരികിലാണെന്നുള്ളതും ഈ ദ്വീപ് ജനപ്രിയമാകാൻ കാരണമാണ്.

സാന്റാക്ലോസിന്റെ കഥ

ഡിമ്‌റിയിൽ എത്തിയ ഞങ്ങൾ യുനെസ്കോ ലോകപൈതൃക പദവിയുള്ള സെന്റ് നിക്കോളാസ് ചർച്ചിലെത്തി. മ്യൂസിയമായി മാറിയ ആ ദേവാലയത്തിൽ വച്ചാണ് ആ തിരിച്ചറിവുണ്ടായത്. മിറയിലെ (ഇപ്പോഴത്തെ ഡിമ്‌റി) ബിഷപ്പായിരുന്ന വിശുദ്ധ നിക്കോളാസ് ആണ് യഥാർഥത്തിലുള്ള സാന്റാക്ലോസ്! ചരിത്രം പതിഞ്ഞ പുരാതന ചുമരുകളുള്ള ദേവാലയം ചുറ്റി നടന്നു കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് ബോധ്യമായി, ഹുസൂർ പറഞ്ഞതിൽ കാര്യമുണ്ട്. ശിൽപങ്ങൾ കൊണ്ട് പൊതിഞ്ഞ ചുമരുകളുള്ള നിക്കോളാസ് ചർച്ചിൽ സെന്റ് നിക്കോളാസിന്റെ സ്മൃതികുടീരവുമുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസങ്ങളെയും നാടോടിക്കഥകളെയും കൂട്ടിയിണക്കുന്ന വിസ്മയമാണ് ഈ ദേവാലയം. സമ്പന്നനായ ബിഷപ്പ് നിക്കോളാസ് ഏവർക്കും സമ്മാനങ്ങൾ നൽകുന്ന സ്വഭാവമുണ്ടായിരുന്നു. ബിഷപ്പിന്റെ മരണശേഷം ഇതിനെപ്പറ്റി ഒട്ടേറെ കഥകൾ പരന്നു. ഈ കഥകളാണു സാന്റാക്ലോസ് എന്ന കഥാപാത്രത്തിന്റെ ജനനത്തിനു പിന്നിലെന്നാണു വിശ്വാസം.

സെന്റ് നിക്കോളാസിനെ അനശ്വരനാക്കുന്ന പ്രധാന കഥ മൂന്നു സഹോദരിമാരുടേതു തന്നെ. ദരിദ്ര കുടുംബത്തിൽ ജനിച്ച മൂന്നു സഹോദരിമാരെ, സ്ത്രീധനം കൊടുത്ത് വിവാഹം കഴിപ്പിക്കാൻ പണമില്ലാത്തതിനാൽ അവരുടെ പിതാവ് പരിചാരകവൃത്തിക്ക് വിടാൻ തീരുമാനിച്ചു.

അവരെ വിൽക്കാൻ നിശ്ചയിച്ച ഓരോ സന്ദർഭത്തിലും സെന്റ് നിക്കോളാസ് ആരുമറിയാതെ ആ ഗൃഹത്തിനു സമീപമെത്തി, വലിയ പണക്കിഴികൾ വീട്ടിലേക്ക് എറിഞ്ഞിട്ടു പോയത്രേ. ആ പണം ഉപയോഗിച്ച് അച്ഛൻ ഓരോരുത്തരുടെയും വിവാഹം നടത്തി.

മൂന്നാമത്തെ വട്ടം, അച്ഛൻ സെന്റ് നിക്കോളാസിനെ കണ്ടു. അദ്ദേഹത്തോട് നന്ദി പ്രകാശിപ്പിച്ചു. അപ്പോൾ നെരിപ്പോടിന് സമീപം ഉണക്കാനിട്ടിരുന്ന സോക്സിലേക്ക് ഏതാനും നാണയങ്ങൾ തെറിച്ചു വീണു.

ഇന്നും അവിടെ നെരിപ്പോടിനു സമീപം സോക്സ് ഉണക്കാനിടുന്ന ആചാരമുണ്ട്. വിശ്വാസവും പ്രതീക്ഷയും കാരുണ്യവും പൊഴിച്ച സാന്റ ലോകമെങ്ങും പരന്നെങ്കിലും ജലപ്പരപ്പിനടിയിലെ നഗരത്തെപ്പോലെ ചരിത്രത്തിൽ ബിഷപ്പ് മറഞ്ഞു കിടക്കുന്നതായി തോന്നി.

ADVERTISEMENT