ഹെൽത്ത് റിസോർട്ടുകളുടെയും പ്രകൃതിഭംഗിയുടെയും പേരിൽ പ്രശസ്തി നേടിയ ഷ്ചാവ്നീറ്റസ; പോളണ്ടിലെ ഈ കുഞ്ഞുപട്ടണത്തിലുണ്ട് മനംമയക്കുന്ന കാഴ്ചകൾ...
ദക്ഷിണ പോളണ്ടിലെ മനോഹരമായ പട്ടണം. ഷ്ചാവ്‌നീറ്റ്സ. പോളണ്ടിലെത്തി മാസങ്ങൾക്കു ശേഷം സഹപ്രവർത്തകരിൽ നിന്നാണ് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നത്. ഇന്റർനെറ്റിൽ പരതിയപ്പോൾ പ്രകൃതിസൗന്ദര്യത്തിനും ഹെൽത്ത് റിസോർട്ടുകൾക്കും ചരിത്രത്തിനും പ്രാധാന്യമുള്ള സ്ഥലമാണെന്നു മനസ്സിലായി. അങ്ങനെ വേനൽക്കാലത്തെ
ദക്ഷിണ പോളണ്ടിലെ മനോഹരമായ പട്ടണം. ഷ്ചാവ്‌നീറ്റ്സ. പോളണ്ടിലെത്തി മാസങ്ങൾക്കു ശേഷം സഹപ്രവർത്തകരിൽ നിന്നാണ് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നത്. ഇന്റർനെറ്റിൽ പരതിയപ്പോൾ പ്രകൃതിസൗന്ദര്യത്തിനും ഹെൽത്ത് റിസോർട്ടുകൾക്കും ചരിത്രത്തിനും പ്രാധാന്യമുള്ള സ്ഥലമാണെന്നു മനസ്സിലായി. അങ്ങനെ വേനൽക്കാലത്തെ
ദക്ഷിണ പോളണ്ടിലെ മനോഹരമായ പട്ടണം. ഷ്ചാവ്‌നീറ്റ്സ. പോളണ്ടിലെത്തി മാസങ്ങൾക്കു ശേഷം സഹപ്രവർത്തകരിൽ നിന്നാണ് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നത്. ഇന്റർനെറ്റിൽ പരതിയപ്പോൾ പ്രകൃതിസൗന്ദര്യത്തിനും ഹെൽത്ത് റിസോർട്ടുകൾക്കും ചരിത്രത്തിനും പ്രാധാന്യമുള്ള സ്ഥലമാണെന്നു മനസ്സിലായി. അങ്ങനെ വേനൽക്കാലത്തെ
ദക്ഷിണ പോളണ്ടിലെ മനോഹരമായ പട്ടണം. ഷ്ചാവ്‌നീറ്റ്സ. പോളണ്ടിലെത്തി മാസങ്ങൾക്കു ശേഷം സഹപ്രവർത്തകരിൽ നിന്നാണ് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നത്. ഇന്റർനെറ്റിൽ പരതിയപ്പോൾ പ്രകൃതിസൗന്ദര്യത്തിനും ഹെൽത്ത് റിസോർട്ടുകൾക്കും ചരിത്രത്തിനും പ്രാധാന്യമുള്ള സ്ഥലമാണെന്നു മനസ്സിലായി.
അങ്ങനെ വേനൽക്കാലത്തെ വാരാന്ത്യമാണു ഷ്ചാവ്നീറ്റ്സയിലേക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തത്. വേനലിൽ സ്വിസ് സൗന്ദര്യമാണ് ഈ സ്ഥലത്തിനെന്നു തോന്നി. പീനിനി (Pieniny) പർവതനിരകളുടെ ഭാഗമാണു ഷ്ചാവ്‌നീറ്റ്സ. പീനിനിയുടെ മുത്ത് എന്നാണ് ഈ കുഞ്ഞുപട്ടണം അറിയപ്പെടുന്നത്.
ഡുനായെക് നദിയുടെ താഴ്‌വര
ശുദ്ധമായ പർവതക്കാറ്റും ഔഷധഗുണമുള്ള ധാതുജലവും ഒരുമിക്കുന്ന ഇവിടം പീനിനി, ബെസ്‌കിഡ് സൗഡെക്കി (Beskid Sadecki) മലനിരകളാൽ ചുറ്റപ്പെട്ടു ഡുനായെക് (Dunajec) നദിയുടെ മനോഹരമായ താഴ്‌വരയിലാണു സ്ഥിതി ചെയ്യുന്നത്.
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും അനുഭവങ്ങളുമാണു ഷ്ചാവ്‌നീറ്റ്സയിൽ കാത്തിരുന്നത്. പച്ചമേലാടയണിഞ്ഞ കുന്നുകളും ഇടതൂർന്ന വനങ്ങളും വളഞ്ഞൊഴുകുന്ന ഡുനായെക് നദിയും നാഷനൽ പാർക്കും എല്ലാം ഈ കൊച്ചുപട്ടണത്തെ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാക്കുന്നു. കൊച്ചുകുട്ടികൾക്കും വയോജനങ്ങൾക്കും സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കൾക്കും ഈ സ്ഥലം ഒരേപോലെ ഇഷ്ടപ്പെടും.
ശ്വാസമടക്കിപ്പിടിച്ചു ചങ്ങാടയാത്ര
മുൻകൂട്ടി ബുക്ക് ചെയ്ത താമസസ്ഥലത്തു പോയി ലഗേജും മറ്റും വച്ചു ഫ്രഷ് ആയി ഞാൻ നേരെ ഇറങ്ങിയതു ഡുനായെക് നദിയിലൂടെയുള്ള ചങ്ങാടയാത്രയ്ക്കാണ്. ഇവിടത്തെ പ്രധാന ആകർഷണമാണിത്.
പോളണ്ടിലെ ഫ്ലിസാക്കുകളുടെ അസോസിയേഷന്റെ വെബ്സൈറ്റിൽ സ്പെഷൽ ടിക്കറ്റുകളും വിവരങ്ങളും ലഭിക്കും. ഡുനായെക് നദിയിലൂടെ സന്ദർശകർക്കുപരമ്പരാഗത തടി ചങ്ങാടമോ ബോട്ട് സവാരിയോ നടത്താം. ഞാൻ തടികൊണ്ടുള്ള ചങ്ങാടയാത്രയാണു തിരഞ്ഞെടുത്തത്.
പ്രകൃതിയുടെ നടുവിൽ, മലനിരകളുടെ ഇടയിലൂടെ, നേരിട്ടു നദിയുടെ ഒഴുക്കിനെ പിന്തുടരുന്ന ആ സവാരിക്കു പ്രത്യേക വന്യതയും സൗന്ദര്യവുമുണ്ട്. പരമ്പരാഗത വേഷം ധരിച്ച ഫ്ലിസാക്കുകൾ (flisacy) തുഴയുന്ന തടിച്ചങ്ങാടങ്ങളിലെ യാത്ര ശ്വാസമടക്കിപ്പിടിക്കുന്ന അനുഭവമായിരുന്നു.
300 മീറ്റർ വരെ ഉയരമുള്ള ചുണ്ണാമ്പു പാറക്കെട്ടുകൾക്കിടയിലൂടെ നദി വളഞ്ഞുപുളഞ്ഞു ഒഴുകുന്ന ഏഴ് കിലോമീറ്റർ ദൂരം നമ്മുടെ മനസ്സിൽ മായാത്ത മനോഹരചിത്രങ്ങൾ സമ്മാനിക്കും.
വ്യത്യസ്തമായ ചുണ്ണാമ്പുകല്ലുകളും സമൃദ്ധമായ സസ്യജാലങ്ങളും കൊണ്ടു സമ്പന്നമാണ് ഈ നദീ തീരം. പോളണ്ടിനും സ്ലോവാക്യയ്ക്കും ഇടയിലുള്ള പ്രകൃതിദത്ത അതിർത്തി കൂടിയാണ് ഈ കുഞ്ഞരുവി എന്ന് വായിച്ചറിയാം. അതുകൊണ്ടു തന്നെ ഞാൻ ഒരു ചങ്ങാടത്തിൽ കയറി അക്കരെ ഇറങ്ങി. ഇടതൂർന്ന മരങ്ങളുെട സൗന്ദര്യമുള്ള ഇടം. ആ പർവതനിരകളിൽ പലതരം ഹൈക്കിങ്, ട്രെക്കിങ് പാതകളുണ്ട്. ഇത് തുടക്കക്കാർക്കും പരിചയസമ്പന്നരായ സഞ്ചാരികൾക്കും ഒരുപോലെ ഇഷ്ടമാകും.
നദിയോരത്തുകൂടി, സ്ലോവാക്യൻ അതിർത്തിയിലൂടെ പോകുന്ന മനോഹരമായ കാൽനടയാത്രയും സൈക്കിൾ പാതയായ പീനിൻസ്ക ഡ്രോഗയിലെ സൈക്ലിങ്ങും മനോഹരമായ അനുഭവമേകി. ചുറ്റുപാടുമുള്ള ലാൻഡ്സ്കേപ്പുകളുടെ വിശാലമായ കാഴ്ചകളും ഈ പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ആസ്വദിക്കാം.
സുഖചികിത്സയ്ക്കു പേരുകേട്ട പട്ടണം
ഹെൽത്ത് റിസോർട്ട് ഡെസ്റ്റിനേഷൻ എന്ന നിലയിൽ നഗരത്തിന്റെ നീണ്ട ചരിത്രം ചികഞ്ഞാൽ എത്തുക പത്തൊൻപതാം നൂറ്റാണ്ടിലേക്കാണ്. ഷ്ചാവ്‌നീറ്റ്സയുടെ ധാതുനീരുറവകൾക്കു വൈദ്യഗുണങ്ങൾ ഉണ്ടെന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ വിശ്രമവും ആരോഗ്യവും തേടുന്ന സന്ദർശകരുടെ പ്രിയപ്പെട്ട ഇടമാണ്. ഷചാവി (szczawy) എന്നറിയപ്പെടുന്ന ധാതുജലമാണു നഗരത്തിന് ആ പേര് നൽകിയത്.
പത്തൊൻപതാം നൂറ്റാണ്ടിൽ, ഹംഗേറിയൻ വംശജനും പോളിഷ് പ്രസാധകനും ഗലീഷ്യൻ ഉദ്യോഗസ്ഥനുമായിരുന്ന ജോസെഫ് സാലെ ഈ പ്രദേശത്തെ യൂറോപ്യൻ നിലവാരമുള്ള വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചെടുത്തു.
വാസ്തുവിദ്യ, നിർമിതികൾ, പ്രാദേശിക പാചകരീതി എന്നിവയിലെല്ലാം സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രകടമാണ്. തടി കൊണ്ടുള്ള മനോഹരമായ വീടുകളും ചരിത്രമുറങ്ങുന്ന പള്ളികളും നഗരത്തിന്റെ ഗതകാലപ്രൗഢി പകർത്തിയ മ്യൂസിയങ്ങളും ആകർഷകമാണ്.
ശാന്തമായ പ്രകൃതിദൃശ്യങ്ങൾക്കപ്പുറം, മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, കുതിരസവാരി തുടങ്ങിയ സാഹസിക വിനോദങ്ങളിലുമേർപ്പെടാം. പ്രാദേശിക പാരമ്പര്യ കലകൾ, സംഗീതം തുടങ്ങിയ പലതരം സാംസ്കാരിക പരിപാടികളും ആസ്വദിക്കാൻ അവസരമുണ്ട്.
സഞ്ചാരത്തിനിടെ ആ നാട്ടുകാരിയായ ഒരു യുവതിയെ പരിചയപ്പെട്ടു. ഞാൻ ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ ‘കേരളത്തെക്കുറിച്ചറിയാമോ ? ഐ വാണ്ട് ടു വിസിറ്റ് കേരള’ എന്ന് അവർ പറഞ്ഞത് എന്നെ ഞെട്ടിച്ചു. ഈ പട്ടണത്തിലെ അതിമനോഹരമായ ഓർമകളിേലക്ക് ആ നിമിഷം കൂടി എഴുതിച്ചേർത്താണു ഞാൻ മടങ്ങിയത്.