Thursday 17 June 2021 03:32 PM IST

പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടു; കള്ളനെ കണ്ടെത്താന്‍ സിസിടിവി ഇല്ല: 30 രാജ്യങ്ങൾ സന്ദർശിച്ച ഡോക്ടറുടെ അനുഭവങ്ങൾ

Baiju Govind

Sub Editor Manorama Traveller

kammapa 1

ഡോ. കമ്മാപ്പയും ഭാര്യയും ദുബായിയിൽ നിന്നാണ് കൊപ്പൻഹേഗനിലേക്ക് വിമാനം കയറിയത്. ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിംഗിയിലേക്കു പറക്കുന്ന വിമാനങ്ങളുടെ ഇടത്താവളമാണ് കൊപ്പൻഹേഗൻ. രാപകൽ വ്യത്യാസമില്ലാതെ വിനോദസഞ്ചാരികൾ വന്നു പോകുന്ന സ്ഥലമായതിനാൽ എയർപോർട്ടിൽ നല്ല തിരക്ക്. സുരക്ഷാ പരിശോധന കഴിഞ്ഞ് ആളുകൾ പിരിഞ്ഞിട്ടും കമ്മാപ്പയുടെ ബാഗ് കിട്ടിയില്ല. എയർലൈൻസിൽ അന്വേഷിച്ചപ്പോൾ ദുബായിയിൽ കുടുങ്ങി കിടക്കുകയാണെന്ന് മറുപടി. ലഗേജ് ഹെൽസിംഗിയിൽ എത്തിക്കാൻ അപേക്ഷ നൽകിയ ശേഷം അവർ അടുത്ത വിമാനത്തിൽ കയറി. പക്ഷേ, അവിടെ ചെന്നിറങ്ങിയപ്പോഴും ബാഗ് എത്തിയില്ല. ഹെൽസിംഗിയിൽ നിന്നു േസ്റ്റാക് ഹോമിലേക്ക് കപ്പലിലാണ് യാത്ര. ആ വിവരം എയർലൈൻസ് അധിക‍ൃതരെ അറിയിച്ചു. േസ്റ്റാക് ഹോമിൽ ചെന്നപ്പോൾ എയർലൈൻസിന്റെ വിളി – ലഗേജ് എത്തിയിട്ടുണ്ട്. ബാഗ് കിട്ടിയ സന്തോഷത്തോടെ ഇരുവരും ഭക്ഷണം കഴിക്കാനായി ഒരു റസ്റ്ററന്റിൽ കയറി. വാഷ് റൂമിൽ കയറിയ ഭാര്യ തിരിച്ചു വന്നപ്പോൾ ഹാൻഡ് ബാഗ് കാണാനില്ല. രണ്ട് മൊബൈൽ ഫോണുകളും അൻപതിനായിരം രൂപയും മോഷണം പോയി. റസ്റ്ററന്റ് മാനേജരോടു പറഞ്ഞപ്പോൾ അവിടെ ഇതു സ്ഥിരം സംഭവമാണെന്നു മറുപടി. ‘‘സങ്കേതിക വിദ്യയിൽ മുന്നാക്കം നിൽക്കുന്ന േസ്റ്റാക് ഹോം നഗരത്തിലെ ഫോർ സ്റ്റാർ ഹോട്ടലിൽ സിസിടിവി ക്യാമറ ഇല്ല! വിശ്വസിക്കുമോ?’’ മുപ്പതു രാജ്യങ്ങൾ സന്ദർശിച്ചതിനിടെ തന്നെ അമ്പരപ്പിച്ച സംഭവം പറഞ്ഞ് ഡോ.കമ്മാപ്പ ചിരിച്ചു. ലോകം കാണാനിറങ്ങുന്നവരെല്ലാം ഇത്തരം സന്ദർഭങ്ങൾ മറികടന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാൽപ്പത്തിനാലു വർഷത്തെ ആശുപത്രി ജീവിതത്തിൽ ഓരോ വർഷവും ഒരാഴ്ച വിനോദയാത്ര നട

ത്തിയ ഡോക്ടറാണു കമ്മാപ്പ. ഒരു ലക്ഷം യുവതികളുടെ പ്രസവമെടുത്ത് പുരസ്കാരം നേടിയ ഗൈനക്കോളജിെസ്റ്റന്നു നീട്ടി എഴുതിയാൽ ആളെ പെട്ടെന്നു മനസ്സിലാകും. ‘‘വർഷത്തിൽ അൻപത്തൊന്നാഴ്ചയും ആശുപത്രിയിൽ തിരക്കാണ്. അതിനിടെ ഇന്റർവെൽ ആണ് യാത്ര. മുപ്പതു രാജ്യങ്ങൾ സന്ദർശിച്ചു. അടുത്തതു ന്യൂസിലൻഡിലേക്കാണ്.’’ കുന്തിപ്പുഴയുടെ കരയിലുള്ള വീടിന്റെ പൂമുഖത്തിരുന്ന് കമ്മാപ്പ സ്വന്തം യാത്രകളെ കുറിച്ച് പറഞ്ഞു തുടങ്ങി.

മുസൂറി, ബഥരിനാഥ്

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 1975 ബാച്ചിലാണ് എംബിബിഎസ് പഠിച്ചിറങ്ങിയത്. മെഡിസിൻ പഠന കാലത്ത് യാത്രയെ കുറിച്ചൊന്നും ചിന്തിക്കാൻ പറ്റില്ലായിരുന്നു. സർക്കാർ ജോലി കിട്ടിയപ്പോഴും ആഗ്രഹം ആശുപത്രി തിരക്കിൽ മുങ്ങി. സ്വന്തമായി ഒരു ആശുപത്രി തുടങ്ങിയ ശേഷമാണ് മോഹങ്ങൾക്ക് ചിറകു മുളച്ചത്. കൊടൈക്കനാലിലേക്കായിരുന്നു ആദ്യ യാത്ര – 1995ൽ. െസ്റ്റർലിങ് ഹോട്ടൽ ആ വർഷം ‘ടൈം ഷെയർ’ പദ്ധതി ആവിഷ്കരിച്ചു. 30,000 രൂപ നിക്ഷേപിക്കുന്നവർക്ക് തൊണ്ണൂറ്റൊൻപതു വർഷം താമസം സൗജന്യം. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഒരു ഷെയർ എടുത്തു. െസ്റ്റർലിങിന് അക്കാലത്ത് കൊടൈക്കനാലിലും ഊട്ടിയിലും മാത്രമാണ് കോട്ടേജുണ്ടായിരുന്നത്.

കുടുംബസമേതമായിരുന്നു യാത്ര. അക്കാലത്ത് ആഡംബര കാറായിരുന്നു മാരുതി 800. കൊടൈക്കനാൽ വരെ പാട്ടുംപാടി ഡ്രൈവ് ചെയ്തു. കോട്ടേജിന്റെ അടുക്കളയിൽ പാചകം ചെയ്ത് ഭക്ഷണം കഴിച്ചു. പില്ലർ റോക്സ്, കോക്കേഴ്സ് വോക് തുടങ്ങിയ കേന്ദ്രങ്ങൾ വിനോദസഞ്ചാരികളെ ആകർഷിച്ചു തുടങ്ങിയിരുന്നില്ല. ഗുണ കേവിനുള്ളിൽ ഇറങ്ങി ചെല്ലാമായിരുന്നു. പാലക്കാടിന്റെ സമീപത്തുള്ള ഊട്ടിയായിരുന്നു രണ്ടാമത്തെ ഡെസ്റ്റിനേഷൻ.

ദക്ഷിണേന്ത്യയുടെ അതിർത്തി താണ്ടി ആദ്യം ചെന്നതു മണാലിയിലാണ്. പിൽക്കാലത്ത് കശ്മീർ കാണാൻ മോഹമുണ്ടാക്കിയ യാത്രയാണ് അത്. റൊത്താങ്പാസ് നാഷനൽ ഹൈവേയാണ് മണാലി യാത്രയുടെ ആകർഷണം. ലേ, ലഡാക്ക് ട്രിപ്പിൽ ഇതുപോലെ ആസ്വദിച്ച റോഡാണ് സോജിലാ പാസ്. ബോർഡർ റോഡ് ഓർഗനൈസേഷനാണ് ദേശീയപാതയുടെ നിർമാണ ചുമതല. ആ എൻജിനിയർമാരുടെ പ്രാഗത്ഭ്യത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഹിഡുംബ ക്ഷേത്രം, ഹോട്ട് വാട്ടർ സ്പ്രിങ്, പാരഗ്ലൈഡിങ് എന്നിവ മാത്രമല്ല മണാലി. മുപ്പതു കിലോമീറ്റർ വനപ്രദേശത്തേക്കു യാത്ര ചെയ്താൽ ജന എന്ന സ്ഥലത്ത് എത്താം. തടിയിൽ നിർമിച്ച ഒരു കൊട്ടാരമുണ്ട് അവിടെ. യാത്രികർ നിർബന്ധമായും ആ സ്ഥലം സന്ദർശിക്കണം.

ഇന്ത്യയിൽ ജോലിക്കെത്തിയ ബ്രിട്ടിഷുകാർ അവധിക്കാലം ചെലവഴിച്ചിരുന്ന മുസൂറിയിലേക്കായിരുന്നു അടുത്ത യാത്ര. ഉത്തരാഖണ്ഡിലാണ് മുസൂറി. ഡൽഹിയിൽ നിന്നു ഡെറാഡൂണിലേക്ക് വിമാനം കയറി. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിലേക്ക് ഡെറാഡൂണിൽ നിന്നു മുപ്പതു കിലോമീറ്ററേയുള്ളൂ. അതേ റൂട്ടിൽ മലയുടെ നെറുകയിൽ എത്തിയാൽ ബദരിനാഥ്. ഐഎഎസ്, ഐപിഎസ് അക്കാഡമികൾ സ്ഥിതി ചെയ്യുന്ന മുസൂറിയുടെ പ്രകൃതിയും അന്തരീക്ഷവും അതിമനോഹരം.

kammapa 2

സിക്കിം മോഡൽ

അഖിലേന്ത്യ ഗൈനക്കോളജിക്കൽ കോൺഫറൻസിൽ പങ്കെടുക്കാൻ വേണ്ടിയാണ് ആദ്യമായി അസമിലെത്തിയത്. അന്ന് അടിസ്ഥാന സൗകര്യമില്ലാത്ത പട്ടണമായിരുന്നു ഗോഹട്ടി. ബ്രഹ്മപുത്ര നദിയുടെ തീരത്തെ ഗ്രാമവാസികൾ നെയ്ത്തുകാരാണ്്. മോഗ എന്നാണ് അവരുടെ കൈത്തറി അറിയപ്പെടുന്നത്. ചിറാപുഞ്ചിയാണ് മറ്റൊരു ആകർഷണം. ചിറാപുഞ്ചിയിലെ ഒരു വ്യൂപോയിന്റിൽ നിന്നാൽ ബംഗ്ലാദേശ് കാണാം. അസമിലെ ഡോക്ടർമാരുടെ വിലാസം വായിച്ച് അദ്ഭുതം തോന്നി. സർജൻ എന്ന വാക്കു പോലും തെറ്റായി എഴുതിയ ബോർഡുകൾ കണ്ടു. ഇംഗ്ലിഷ് എഴുതാൻ അറിയാത്ത ഡോക്ടർമാരുടെ നാട്ടിലെ രോഗികളുടെ അവസ്ഥ ആലോചിച്ച് പേടി തോന്നി.

ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാണു സിക്കിം. യൂറോപ്പിലെ പിന്നാക്കം നിൽക്കുന്ന നഗരങ്ങളുടെ ചെറു രൂപമാണ് സിക്കിമിലെ ഗ്യാങ്ടോക്. അവിടത്തുകാരുടെ വ്യക്തിശുചിത്വവും പരിസര ശുചിത്വവും മാതൃകയാക്കാം. പ്ലാസ്റ്റിക് മാലിന്യം ഇല്ല. കീടനാശിനി വിൽക്കുന്ന കടകളില്ല. കൃഷിക്ക് ജൈവവളം മാത്രം. ഇതിന്റെ വിപരീതമാണ് താജ്മഹൽ സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശ്. പാറ്റ്ന, ലക്നൗ, വാരാണസി നഗരങ്ങളുടെ പിന്നാമ്പുറം മാലിന്യ കൂമ്പാരമാണ്.

താജ്മഹലിൽ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലം വൃത്തിയാക്കി പരിപാലിച്ചിട്ടുണ്ട്. പുക ഒഴിവാക്കാനെന്ന പേരിൽ ഇലക്ട്രിക് വാഹനങ്ങളിലാണ് താജിനു മുന്നിലേക്ക് യാത്ര. എന്നാൽ, അതിന്റെ തൊട്ടു പിന്നിലെ ഗലികളിൽ പോയപ്പോൾ വാഹനനിയന്ത്രണം വെറും പ്രഹസനമെന്നു മനസ്സിലായി. മാലിന്യം കൂട്ടിയിട്ട തെരുവിൽ കാറും ഓട്ടോറിക്ഷയും ലോറികളും സ്കൂട്ടറും പുക തുപ്പി പരക്കം പായുന്നു.

kammapa 3

കാനഡ, മോസ്റ്റ് ബ്യൂട്ടിഫുൾ

കോഴിക്കോട് മെഡിക്കൽ കോളജിലെ സഹപാഠികൾ ബാലിയിലേക്ക് യാത്ര സംഘടിപ്പിച്ചു. പക്ഷേ, ആ സമയത്ത് അമ്മയെ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ പങ്കെടുക്കാനായില്ല. പിന്നീട് ഭാര്യക്കും മക്കൾക്കുമൊപ്പം ബാലിയിലേക്ക് ടിക്കറ്റെടുത്തു – യാത്ര ചെയ്യാനായി നടത്തിയ ആദ്യത്തെ വിദേശയാത്ര അതായിരുന്നു.

രണ്ടാമത്തെ വിദേശയാത്ര യൂറോപ്പിലേക്കായിരുന്നു. ലണ്ടനിൽ നിന്ന് ആംസ്റ്റർഡാം വഴി നെതർലാൻഡ്സ് സന്ദർശിച്ചു. ഓസ്ട്രിയ, ലക്സംബർഗ്, ബെൽജിയം, ഇറ്റലി, സ്വിറ്റ്സർലാൻഡ്, ഫ്രാൻസ് വഴിയായിരുന്നു മടക്കയാത്ര. ഓസ്ട്രിയക്കാരും ജർമനിക്കാർക്കും സായിപ്പല്ലാത്തവരോട് അകൽച്ചയുണ്ടെന്നു തോന്നി. എന്നാൽ സ്വിറ്റ്സർലൻഡുകാർ സൗഹൃദ മനോഭാവമുള്ളവരാണ്. വലിപ്പ ചെറുപ്പങ്ങളില്ലാതെ എല്ലാവരോടും ഫ്രണ്ട്‌ലിയായി പെരുമാറുന്നവരാണ് അമേരിക്കക്കാർ. ലാസ് വെഗാസിൽ നിന്നു ഒർലാൻഡയിലേക്കുള്ള വിമാനത്തിൽ വച്ചു പരിചയപ്പെട്ട മൈക്രോസോഫ്റ് ഉദ്യോഗസ്ഥയുമായി ഇപ്പോഴും നല്ല സൗഹൃദം തുടരുന്നു.

മിയാമിയിൽ ഒരു റസ്റ്ററന്റ് കയറിയപ്പോൾ അതിന്റെ ഉടമ പത്തനംതിട്ട സ്വദേശിനി അമ്മിണി. ഭർത്താവിന്റെ മരണശേഷം യുഎസിലേക്ക് കുടിയേറിയ അമ്മിണി അവിടെ വിജയകരമായി റസ്റ്ററന്റ് നടത്തുന്നു. അമേരിക്കയിലെ എല്ലാ നഗരങ്ങളിലും ഇന്ത്യൻ റസ്റ്ററന്റുണ്ട്.

ഹോളിവുഡ് നഗരത്തിലെ ബെവർലി ഹിൽസിൽ ഡിജാം എന്നൊരു ഫാഷൻ സ്റ്റുഡിയോയുണ്ട്. പതിനഞ്ചു ലക്ഷം രൂപയാണ് ഒരു സ്യൂട്ടിന്റെ മിനിമം വില. കസ്റ്റമേഴ്സിന്റെ പേരെഴുതിയ പുസ്തകത്തിൽ ഷാരുഖ് ഖാൻ, അമീർ ഖാൻ എന്നിവർക്കൊപ്പം കൃഷ്ണൻനായർ എന്ന പേരും കണ്ടു. നമ്മൾ മലയാളികൾ നിസ്സാരക്കാരല്ല...

യൂറോപ്പിൽ കൗതുകമുണ്ടാക്കിയ ദൃശ്യം ഐഫൽ ടവറാണ്. എൻജിനിയർമാരുടെ ബുദ്ധി അപാരം തന്നെ. അമേരിക്കയിൽ ന്യൂയോർക്ക് ഉൾ‌പ്പെടെ അഞ്ച് ദ്വീപുകളെ യോജിപ്പിച്ചുകൊണ്ടുള്ള തുരങ്കങ്ങളാണ് ഇതുപോലെ അദ്ഭുതമുണ്ടാക്കിയ കാഴ്ച. നൂറ്റിയിരുപതു വർഷം മുൻപ് കടലിനടിയിൽ അവർ തുരങ്കമുണ്ടാക്കി. അതിനു മുകളിൽ കൂടി കപ്പലുകൾ കടന്നു പോകുന്നുണ്ട്. ന്യൂയോർക്ക് ഗ്രാന്റ് സെന്റർ റെയിൽവെ േസ്റ്റഷൻ ഭൂമിക്കടിയിലാണ്. അഞ്ചു നിലയിലും ട്രെയിൻ വന്നു പോകുന്നു.

kammapa 4

സാൻഫ്രാൻസിസ്കോ, ലോസ്ആൻജലസ്, ലാസ് വെഗാസ്, ഒർലാൻഡോ, മിയാമി എന്നീ സ്ഥലങ്ങൾ അതി മനോഹരം. അമേരിക്ക യാത്രയിൽ നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ചു. പിന്നീട് കാനഡയിൽ പോയപ്പോഴും നയാഗ്ര കണ്ടു. രണ്ടു രാജ്യങ്ങളിലും വെള്ളച്ചാട്ടത്തിന്റെ രണ്ടു വിഷ്വലുകളാണ്. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കാനഡയുടെ ഭംഗിക്കു പകരം വയ്ക്കാവുന്ന വേറൊരു രാജ്യം കണ്ടിട്ടില്ല. ഇന്ത്യയുടെ മൂന്നിരട്ടി വിസ്തൃതിയുള്ള രാജ്യമാണു കാനഡ. ജനസംഖ്യ കേരളത്തിലേതിനെക്കാൾ കുറവ്. തടാകവും പുഴയും കാടുമുള്ള ബാൻഫ് നഗരമാണ് ഏറ്റവും ആകർഷണം. പാർലമെന്റ് മന്ദിരത്തിനു മുന്നിൽ നിന്നപ്പോൾ കോട്ടും സ്യൂട്ടും ധരിച്ച ഒരാൾ സൈക്കിളിൽ വരുന്നതു കണ്ടു. കുശലം ചോദിച്ച ശേഷമാണ് അദ്ദേഹം ഓഫിസിലേക്കു കയറി പോയത്. ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജസ്റ്റിൻ റൂഡോയാണ് അതെന്ന് ഗൈഡ് പറഞ്ഞപ്പോൾ ഞങ്ങൾ അമ്പരന്നു.

സാൻജിയാജി

ഇരുപത്തൊന്നു ദിവസത്തെ ടൂർ പാക്കേജിലാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ സന്ദർശിച്ചത്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ വിമാനം ഇറങ്ങി. യേശുക്രിസ്തുവിന്റെ ശിൽപം നിൽക്കുന്ന വൊക്കാഡോ മലയാണ് റിയോയുടെ പ്രധാന ടൂറിസം കേന്ദ്രം. റിയോയിൽ നിന്ന് രണ്ടു മണിക്കൂർ വിമാനയാത്ര നടത്തിയാൽ ഇഗ്വാസുവിൽ എത്താം. അർജന്റീനയുടെയും ബ്രസീലിന്റെയും അതിൽത്തിയിലുള്ള നദിയാണ് ഇഗ്വാസു. രണ്ടേമുക്കാൽ കിലോമീറ്റർ വീതിയുള്ള നദിയിൽ ഇരുനൂറിലേറെ വെള്ളച്ചാട്ടങ്ങളുണ്ട്.

ബ്യൂണസ് ഐറിസിൽ നിന്ന് സെലിബ്രിറ്റി ഇൻഫിനിറ്റിയുടെ കപ്പലിലായിരുന്നു യാത്ര. മൂവായിരത്തഞ്ഞൂറ് യാത്രക്കാരും 1500 ജോലിക്കാരുമുള്ള ക്രുയിസ് ഷിപ്പ് ഒരു നഗരം പോലെ കടലിൽ ഒഴുകി നീങ്ങുന്നു. അർജന്റീന, ഫോക്‌ലാൻഡ് ഐലന്റ്, അന്റാർട്ടിക്ക, ഉറുഗ്വെ എന്നിവിടങ്ങളിലൂടെയാണ് യാത്ര. ഭൂമിയിൽ മനുഷ്യ വാസമുള്ള തെക്കേ മുനമ്പായ ഉഷ്വയ കണ്ടു. പെൻഗ്വിനും തിമിംഗലവും ഉൾപ്പെടെ അപൂർവ കാഴ്ചകൾ കപ്പൽ യാത്രയിൽ ആസ്വദിച്ചു.

kammapa 5

കഴിഞ്ഞ വർഷമാണ് ചൈന സന്ദർശിച്ചത്. സാൻജിയാജി മലനിരയിലേക്കാണു പോയത്. മലയുടെ നടുവിൽ ഒരു സ്ക്രീൻ കെട്ടിയ പോലെ പ്രകൃതി ഒരുക്കിയ ദ്വാരമാണ് അവിടെ കാണാനുള്ളത്. മലയുടെ നെറുകയിലേക്ക് എസ്കലേറ്റർ നിർമിച്ചിട്ടുണ്ട്. ആറു നില കെട്ടിടത്തിന്റെ ഉയരമുള്ള എസ്കലേറ്റർ മലതുരന്നാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്ത് ഏറ്റവും വലിയ എസ്കലേറ്ററാണ് അത്.

ഹോളിവുഡ് സിനിമ അവതാറിന്റെ കഥ ഉണ്ടായ ‘അവതാർ മല’ സ്ഥിതി ചെയ്യുന്നത് സാൻജിയാജിയിലാണ്. സ്തൂപങ്ങൾ കുത്തി നിറുത്തിയ പോലെയാണ് മലകളുടെ രൂപം. മഞ്ഞു പുകയുമ്പോൾ മലകൾ ഒഴുകുന്നതായി തോന്നും. അതു കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ വരുന്നുണ്ട്. പക്ഷേ, ഞങ്ങളല്ലാതെ വേറെ മലയാളികളെ അവിടെ കണ്ടില്ല. അവിടെ നിന്നപ്പോൾ ആദ്യം ഓടിയെത്തിയ കുട്ടിയെ പോലെ സന്തോഷം തോന്നി...