Saturday 06 July 2024 03:31 PM IST : By Dr K Ajith Joseph

ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ രണ്ടു ലോക മഹായുദ്ധങ്ങളെ അതിജീവിച്ച കപ്പലാണിത്

1 exped

കിഴക്കൻ ആഫ്രിക്കയിലെ മൊസാംബിക് രാജ്യത്തിന്റെ തുറമുഖ നഗരമായ മപ്പുട്ടോയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഒരു നൂറ്റാണ്ടു പഴക്കമുള്ള പായ്ക്കപ്പലിലാണ് യാത്ര. ഒരുപക്ഷേ, ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറെപ്പേരും സിനിമയിൽ മാത്രമേ ഇങ്ങനെയൊരു പായ്ക്കപ്പൽ കണ്ടിട്ടുണ്ടാകൂ. കാറ്റിന്റെ ഗതിക്കനുസരിച്ച് പായ് നിയന്ത്രിച്ചാണ് ഈ കപ്പൽ കടലിലൂടെ നീങ്ങുന്നത്. ‘ശുഭപ്രതീക്ഷാ മുനമ്പ്’ എന്നറിയപ്പെടുന്ന കേപ് ഓഫ് ഗുഡ് ഹോപ്പിലേക്കാണു യാത്ര. മപ്പുട്ടോയിൽ നിന്നു കേപ്പിലെത്താൻ പതിനൊന്നു ദിവസം കടലിനോടു മല്ലടിക്കണം. സമുദ്ര പര്യവേഷണ സംഘങ്ങൾക്ക് ഇത്തരം യാത്രകൾ പരിചിതമാണ്. ഒരുപക്ഷേ, മറ്റു സഞ്ചാരികൾക്ക് ഈ സാഹസിക യാത്രയുടെ വെല്ലുവിളികളും കാഴ്ചകളും കൗതുമായി അനുഭവപ്പെടും.

സ്റ്റാറ്റ്സ് റാഡ് ലെംകുൾ എന്നാണു കപ്പലിന്റെ പേര്. ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ രണ്ടു ലോക മഹായുദ്ധങ്ങളെ അതിജീവിച്ച കപ്പലാണിത്.1914ൽ ജർമനിയിലെ ബ്രമർഹാവൻ തുറമുഖത്താണ് ഇതു നിർമിച്ചത്. ജർമൻ മർച്ചന്റ് നേവിക്കു പരിശീലനം നൽകാനാണ് ഇതു നിർമിച്ചത്. പിൽക്കാലത്ത് നോർവീജിയൻ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ ഈ കപ്പൽ വാങ്ങി. ക്രിസ്റ്റഫർ ലംകുൾ എന്നു പേരുള്ള പാർലമെന്റേറിയനായിരുന്നു ഷിപ്പിങ് കമ്പനിയുടെ ഡയറക്ടർ. പിന്നീട് അദ്ദേഹത്തിന്റെ പേരിൽ ഈ കപ്പൽ അറിയപ്പെട്ടു. ജർമൻ ഏകാധിപതിയായിരുന്ന ഹിറ്റ്ലർ 1940ൽ ഈ കപ്പൽ പിടിച്ചെടുത്തെങ്കിലും രണ്ടാം ലോകയുദ്ധത്തിൽ ജർമനിയുടെ പതനത്തിനു ശേഷം കപ്പലിന്റെ ഉടമസ്ഥത നോർവീജിയൻ കമ്പനിയിൽ വന്നു ചേർന്നു.

സ്റ്റാറ്റ്സ് റാഡ് ലെംകുൾ

ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും പഴക്കമേറിയതും വലുതുമായ പായ്ക്കപ്പലിന്റെ ചരിത്രം പറയാതെ ഞങ്ങളുടെ എക്സ്പെഡിഷനിലെ അനുഭവങ്ങൾ വായനക്കാർക്ക് ആസ്വാദ്യകരമാകില്ല. സ്റ്റാറ്റ്സ് റാഡ് ലെംകുൾ പായ്ക്കപ്പലിന്റെ നീളം 98 മീറ്റർ, ഭാരം 1516 ടൺ, പായ് കെട്ടിയ തൂണിന്റെ (മാസ്റ്റ്) ഉയരം 48 മീറ്റർ. മണിക്കൂറിൽ 33 കിലോമീറ്റർ വേഗതയിൽ (18 നോട്സ്) ഈ കപ്പൽ സഞ്ചരിക്കും. 150 പേർക്ക് യാത്ര ചെയ്യാം. കപ്പൽ ജോലിക്കാർ 20. 1125 എച്ച്പി റോൾസ് റോയ്സ് ഡീസൽ എൻജിനാണ് കാറ്റ് പ്രതികൂലമാകുന്ന സാഹചര്യത്തിൽ കപ്പൽ ചലിപ്പിക്കുന്നത്.

108 വർഷം പഴക്കമുള്ള പായ്ക്കപ്പലിന്റെ ആദ്യത്തെ പര്യവേഷണ യാത്രയുടെ ഒരു ഘട്ടത്തിലാണ് ഞങ്ങൾ കയറിയത്. ഈ യാത്രയുടെ ആദ്യഘട്ടം 2021 ഓഗസ്റ്റിൽ നോർവേയിലാണ് ആരംഭിച്ചത്. വിവിധ സമുദ്രങ്ങൾ താണ്ടി അത് മപ്പുട്ടോയിൽ എത്തി. അവിടെ നിന്നാണ് ഞങ്ങൾ ഈ പര്യവേഷണത്തിന്റെ ഭാഗമായത്. സ്റ്റാറ്റ്സ്റാഡ് ലെംകുൾ ഫൗണ്ടേഷനായിരുന്നു യാത്രയുടെ സംഘാടകർ. ‘സുസ്ഥിര വികസനത്തിൽ സമുദ്രങ്ങളുടെ പങ്കാളിത്തം കണ്ടെത്തുകയായിരുന്നു പര്യവേഷണ സംഘത്തിന്റെ ലക്ഷ്യം. മുപ്പതു രാജ്യങ്ങളിലെ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എഴുപത് ഗവേഷണ വിദ്യാർഥികളും 70 ശാസ്ത്രജ്ഞരുമാണു യാത്രയിൽ പങ്കെടുത്തത്.

നാൻസൺ എൻവയൺമെൻഡ് റിസർച്ച് സെന്റർ ഇന്ത്യയുടെ പ്രിൻസിപ്പൽ സയന്റിസ്റ്റും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. കെ. അജിത് ജോസഫിന്റെ നേതൃത്വത്തിൽ നാൻസൺ സെന്ററിലെ ഗവേഷക വിദ്യാർഥികളായ ഉല്ലാസ് എം. പിള്ള, ആകാശ് എസ്.പി, ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിലെ സയന്റിസ്റ്റ് ശ്രീലക്ഷ്മി എന്നിവരായിരുന്നു ഇന്ത്യയിൽ നിന്നുള്ള പങ്കാളികൾ. റിസർച് കൗൺസിൽ ഓഫ് നോർവേയുടെ ഓപ്പറേഷനൽ ഓഷ്യനോഗ്രഫിയിൽ ‘സഹകരണവും വിദ്യാഭ്യാസവും’ എന്ന പദ്ധതിയുടെ ഭാഗമായിട്ട് നാൻസൺ സെന്റർ നോർവേ യൂറോപ്യൻ സ്പേസ് ഏജൻസിയും സംഘടിപ്പിച്ച സമുദ്ര പര്യവേഷണമായിരുന്നു മപ്പുട്ടോയിൽ നിന്ന് കേപ് ടൗണിലേക്കു നടത്തിയത്.

2 exped

കൊടുങ്കാറ്റിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപെട്ടു

ഒരു ലക്ഷം കിലോമീറ്ററിലേറെ (55000 നോട്ടിക്കൽ മൈൽ) ദൂരം കടലിലൂടെ സഞ്ചരിച്ച പായ്കപ്പൽ 2023 ഏപ്രിലിൽ നോർവേയിലെ ബർഗനിൽ എത്തി. നോർത്ത് സീ, ഇംഗ്ലിഷ് ചാനൽ, നോർത്ത് അറ്റലാൻഡിക്, സൗത്ത് അറ്റ്ലാൻഡിക്, ഗൾഫ് ഒഫ് മെക്സിക്കോ, ഡ്രേക്ക്സ്ട്രെറ്റ്, കേപ്പ് ഹോൺ (ചിലെ), സൗത്ത് പസിഫിക്, നോർത്ത് പസിഫിക്, ഇന്ത്യൻ മഹാസമുദ്രം, മൊസാംബിക് ചാനൽ, കേപ് ഒഫ് ഗുഡ് ഹോപ് എന്നിവിടങ്ങളിലൂടെയായിരുന്നു പ്രയാണം. 2021 ഓഗസ്റ്റ് ഇരുപതാം തീയതി നോർവേയിലെ ആറൻഡാൽ തുറമുഖത്തു നിന്നു യാത്ര തിരിച്ച്

2023 ഏപ്രിൽ ഇരുപതിന് നോർവെയിലെ ബർഗൻ തുറമുഖത്ത് എത്തിച്ചേർന്നു. കടലിന്റെ ഭാവഭേദം കണ്ടറിഞ്ഞുള്ള ഈ യാത്രയിൽ മുപ്പത്താറു തുറമുഖങ്ങൾ സന്ദർശിച്ചു.

സമുദ്ര സഞ്ചാരികൾ‌ ഭയപ്പെടുന്ന റൂട്ടാണ് ഇവയെല്ലാം. പായ്ക്കപ്പലിൽ ഈ പാതയിലൂടെയുള്ള സഞ്ചാരം സാഹസികമെന്നു വിശേഷിപ്പിക്കാം. അതേസമയം, മറ്റൊരു യാത്രയിലും ആസ്വദിച്ചിട്ടില്ലാത്ത അനുഭവങ്ങൾ ഈ യാത്രയിലൂടെ സ്വന്തമാക്കാം. കേപ് ഓഫ് ഗുഡ് ഹോപ്പിലേക്കുള്ള യാത്രയ്ക്കിടെ ഒരു രാത്രിയിൽ ഞങ്ങൾ വലിയൊരു കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടി വന്നു. 150 കിലോമീറ്റർ വേഗത്തിലുള്ള കാറ്റായിരുന്നു അത്. കാറ്റ് കരുത്താർജിച്ചപ്പോൾ തിരമാലകൾ 32 അടി ഉയരത്തിൽ അലയടിച്ചു. ഏകദേശം കപ്പലിന്റെ മേൽത്തട്ടുവരെ എത്തുംവിധം ശക്തിയുള്ള പ്രഹരമായിരുന്നു അത്. റോൾസ് റോയ്സിന്റെ ഡീസൽ എൻജിൻ ആ കുറ്റൻ തിരമാലകളെയും മറികടന്ന് ഞങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. സ്റ്റാറ്റ്സ്റാഡ് ലെംകുൾ കപ്പലിലെ നാവികർ പായ്ക്കപ്പൽ ചലിപ്പിക്കുന്നതിൽ എത്രമാത്രം വിദഗ്ധരാണെന്ന് ആ നിമിഷം ഞങ്ങൾ തിരിച്ചറിഞ്ഞു. അതിലുപരി അദ്ഭുതപ്പെടുത്തുന്ന കാര്യം, ഈ യാത്രയിലുടനീളം ഇതിന്റെ ചുക്കാൻ പിടിക്കാൻ നിയോഗിച്ചിരുന്നത് യാതൊരു മുൻപരിചയവുമില്ലാത്തവരെ ആയിരുന്നു !

അഗുൾഹാസിലെ ഇരട്ടച്ചുഴികൾ

തീരദേശത്തെ കടൽക്കാഴ്ചകളും പുറംകടലിലെ അന്തരീക്ഷവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പര്യവേഷണത്തിന്റെ ഭാഗമായി ഞങ്ങൾ നീങ്ങിയ കപ്പൽപ്പാത കടലിന്റെ അതിതീവ്രമായ അഗാധങ്ങളുടേതായിരുന്നു. കടൽനീലിമയുടെ അടിത്തട്ടിലൂടെ നീലത്തിമിംഗലങ്ങൾ ഊളിയിടുന്നതു കാണാൻ സാധിച്ചു. വമ്പൻ സ്രാവുകൾ കപ്പലിന്റെ അരികിലൂടെ വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് തുള്ളിച്ചാടി. സീലുകളും ഡോൾഫിനുകളും മുത്തുകോർത്ത മാല പോലെ കടലിന്റെ വിവിധഭാഗത്തായി പ്രത്യക്ഷപ്പെട്ടു. നിലാവുള്ള രാത്രിയിൽ ഞങ്ങൾ കപ്പലിന്റെ ഡെക്കിൽ ഒത്തുചേർന്നു. നക്ഷത്രങ്ങളും ഉൽക്കകളും ചന്ദ്രനും ആകാശത്തു സൃഷ്ടിക്കുന്ന അദ്ഭുതങ്ങൾ നേരിൽ കണ്ടു. യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ഗവേഷകർ കൂടുതൽ പഠനങ്ങൾക്കു വേണ്ടി ആ ദൃശ്യങ്ങൾ ഡ്രോൺ ക്യാമറയിൽ പകർത്തി.

3 exped

ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള യാത്രയിൽ അഗുൽഹാസ് പ്രവാഹം കാണാൻ സാധിച്ചു. മഡഗാസ്കറിൽ നിന്നു തെക്കോട്ട് ആഫ്രിക്കയുടെ തീരത്തേക്കുള്ള ജലപ്രവാഹമാണ് അഗുൽഹാസ്. 30 കിലോമീറ്റർ വീതിയിലുള്ള ഒഴുക്ക് ലോകത്ത് ഏറ്റവും വലിയ സമുദ്രപ്രവാഹമാണ്. കടലിന്റെ അടിത്തട്ടിലെ സമ്മർദത്തിലും കുത്തൊഴുക്കിലും രൂപ്പപെടുന്ന വലിയ ചുഴികളാണ് പ്രവാഹത്തിലെ ഭയാനകമായ കാഴ്ച. അൽഗുഹാസ് പ്രവാഹത്തിന്റെ ശക്തിയിൽ നിരവധി കപ്പലുകൾ അപകടത്തിലായിട്ടുണ്ട്.

അറ്റ്ലാന്റിക് സമുദ്രത്തിലെ വെള്ളം തണുത്തതാണ്. ഇന്ത്യൻ മഹാസമുദ്രത്തിലേത് ചൂടുവെള്ളവും. ദക്ഷിണാഫ്രിക്കയുടെ തെക്കേ അറ്റത്ത് ചൂടും തണുപ്പും കൂട്ടിയിടിക്കുന്നു. ഇതിന്റെ പ്രതിപ്രവർത്തനമായി കടലിന്റെ അടിയൊഴുക്കുകളിൽ നിന്നു പോഷകജലം പുറം തള്ളപ്പെടുന്നു. പോഷക ജലത്തിൽ സൂര്യപ്രകാശം പതിക്കുമ്പോൾ പ്ലവകങ്ങൾ വളരുന്നു. മീനുകൾക്കും മറ്റു സമുദ്ര ജീവികൾക്കും ഭക്ഷണത്തിന്റെ ഉറവിടമായി മാറുന്ന ഘടകമാണ് പ്ലവകങ്ങൾ.

റെഡ് വാച്, വൈറ്റ് വാച്, ബ്ലൂ വാച് എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായാണ് പര്യവേഷണം നടത്തിയത്. ഓരോ ഗ്രൂപ്പിനും വെവ്വേറെ ഡ്യൂട്ടികൾ നൽകി. പായ്കപ്പലിന്റെ കയർ വലിക്കൽ, കയർ കെട്ടൽ, കപ്പലിന്റെ നിയന്ത്രണം എന്നിവയും ഡ്യൂട്ടിയുടെ ഭാഗമായിരുന്നു. ഷിപ്പ് ക്യാപ്റ്റൻ ജെൻസ് ജോക്കിം ഹിയോർത് എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും പിന്തുണയും നൽകി. സ്റ്റാറ്റ്സ്റാഡ് ലെംകുൾ ഫൗണ്ടേഷൻ സിഇഒ ഹാക്കോൺ വാട്‌ലെ അവതരിപ്പിച്ച കടൽയാത്രികരുടെ പരമ്പരാഗത ഗാനം ഞങ്ങൾക്ക് ഉന്മേഷമായി.

ഡേറ്റ ശേഖരിച്ചു, ഗവേഷണം തുടരുന്നു

അന്തരീക്ഷ താപനില, ലവണാംശം, സാന്ദ്രത, പ്ലവകങ്ങൾ, രാസ അവസ്ഥകൾ എന്നിങ്ങനെ പര്യവേഷണത്തിന്റെ ഭാഗമായി ഡേറ്റ ശേഖരിച്ചു. സമുദ്രനിരപ്പിൽ നിന്നും ആഴപ്പരപ്പിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ജല പ്രവാഹങ്ങളുടെ വേഗവും ദിശയും കണക്കാക്കി സമുദ്രാന്തർഭാഗത്തെ ചലനങ്ങളെക്കുറിച്ച് ഗവേഷണ കുറിപ്പുകൾ തയാറാക്കിയിട്ടുണ്ട്.

നാലഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ഇരുണ്ട കടലും വരണ്ട കാലാവസ്ഥയും ആകാശത്തിന്റെ അനന്തതയും ആവർത്തന വിരസതയുണ്ടാക്കി. ഗിറ്റാർ വായിച്ചും ഒരുമിച്ചിരുന്നു പാട്ടുപാടിയും നാട്ടുവിശേഷങ്ങൾ പങ്കുവച്ചും ഞങ്ങൾ ആ ദിവസങ്ങളിൽ സന്തോഷം കണ്ടെത്തി. കടൽച്ചൊരുക്ക് അനുഭവപ്പെടാത്ത വിധം ഉറങ്ങാനുള്ള കിടക്കകൾ പായ്കപ്പലിൽ ഉണ്ടായിരുന്നു. മികച്ച ഭക്ഷണവും അലോസരമില്ലാത്ത ഉറക്കവും രസകരമായ കാഴ്ചയും സഹൃദയരായ സഹയാത്രികരും വൺ ഓഷ്യൻ എക്സ്പെഡിഷൻ അവിസ്മരണീയമാക്കി.

4 exped

പര്യവേഷണം പൂർത്തിയാക്കിയ സംഘത്തെ സ്വീകരിക്കാൻ നോർവീജിയൻ എംബസി ഉദ്യോഗസ്ഥർ കേപ്ടൗൺ തുറമുഖത്ത് എത്തിയിരുന്നു. നോർവീജിയൻ പതാക ഉയർത്തിയാണ് അവർ ഞങ്ങളെ സ്വീകരിച്ചത്. വിക്ടോറിയ ആൻഡ് ആൽഫ്രഡ് വാട്ടർ ഫ്രണ്ടിൽ ഒരു ദിവസം താമസിച്ച ശേഷം പിറ്റേന്നു രാവിലെ കേരളത്തിലേക്ക് വിമാനം കയറി.

കടൽയാത്രയിൽ നിങ്ങൾക്കും പങ്കാളിയാകാം

സ്റ്റാറ്റ്സ്റാഡ് ലെംകുൾ ഫൗണ്ടേഷൻ പര്യവേഷണത്തിൽ എല്ലാവർക്കും പങ്കെടുക്കാം. കടൽയാത്ര പരിചയമില്ലാത്തവർക്കും പ്രവേശനം ലഭിക്കും. എക്സ്പെഡിഷന്റെ ടിക്കറ്റ് വെബ്സൈറ്റിൽ റിസർവ് ചെയ്യാം. യാത്ര പുറപ്പെടുന്ന രാജ്യത്തെയും പര്യവേഷണം സമാപിക്കുന്ന രാജ്യത്തെയും വീസ യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ നേടിയെടുക്കണം. ഗവേഷകർക്ക് യാത്ര സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള വെബ് സൈറ്റ്: www.lehmjuhl.no