Friday 09 February 2018 11:01 AM IST : By വി.എൻ. രാഖി

ജനനസമയത്തും അതിനു ശേഷവും കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസുഖങ്ങളെ ഭയക്കേണ്ട; പൊന്നോമനയെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Infant care
ഫോട്ടോ: ശ്യാം ബാബു

പത്തുമാസം കാത്തുകാത്തിരുന്ന് ആദ്യകൺമണിയെ കൈയിലെടുക്കുന്ന ആ നിമിഷം! ഓരോ അമ്മയുടെയും അച്ഛന്റെയും സ്വപ്നനിമിഷമാണത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സത്യമാകുന്ന നിമിഷം. നിനച്ചിരിക്കാതെ ചിലർക്കെങ്കിലും ആ നിമിഷം സങ്കടത്തിരയടിക്കുന്ന സന്ദർഭമായി മാറാറുണ്ട്.

ജനനസമയത്തും അതിനു ശേഷവും കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസുഖങ്ങളാണ് മിക്കപ്പോഴും അതിനു കാരണവും. അസുഖങ്ങൾ തിരിച്ചറിയാൻ വൈകിയാൽ ജീവൻ പോ ലും നഷ്ടപ്പെട്ടേക്കാം. കുഞ്ഞുങ്ങൾക്കു വേണ്ട എല്ലാ ആധുനികസൗകര്യങ്ങളുമുള്ള ആശുപത്രികളെ ശിശുസൗഹൃദ ആശുപത്രികൾ എന്നാണ് വിളിക്കുന്നത്.

കുഞ്ഞിന്റെ ഭാരം രണ്ടരക്കിലോയിലും കുറവാണെങ്കിലാണ് ഭാരക്കുറവുള്ള കുഞ്ഞായി കണക്കാക്കുന്നത്. ജനനസമയത്ത് തൂക്കം കുറവാണെങ്കിൽ വളരുമ്പോൾ രക്തസമ്മർദവും അമിതവണ്ണവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാരം കുറഞ്ഞ കുഞ്ഞാണെങ്കിൽ ആദ്യ രണ്ടു വർഷത്തിനിടയിൽ പെട്ടെന്ന് ഭാരം കൂടാതെ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിൽ പ്രധാനമാണ് ജന്മനാലുള്ള ഹൃദ്രോഗം (CDH), ഡയേറിയ, ന്യൂമോണിയ ഇവയാണ്.

ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായി പീഡിയാട്രിക് ഇന്റെൻസീവ് കെയർ യൂണിറ്റുകളും നിയോ നേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റുകളും മിക്ക ആശുപത്രികളിലും തയാറാണ്. എത്രയും പെട്ടെന്ന് രോഗം കണ്ടെത്തി ചികിത്സിച്ചാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാം. കുഞ്ഞുങ്ങളിലെ ജനന വൈകല്യങ്ങളും മറ്റ് രോഗങ്ങളും ശേഷിയില്ലായ്മയും മസ്തിഷ്ക രോഗങ്ങളും തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനുമായി കേന്ദ്രഗവൺമെന്റ് രാഷ്ട്രീയ ബാൽ സ്വസ്ഥ്യ കാര്യക്രം (RBSK) പദ്ധതിയുണ്ടിപ്പോൾ. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക കേന്ദ്രങ്ങളുമുണ്ട്.

അസുഖങ്ങളെ കരുതലോടെ

ന്യൂമോണിയ, മലേറിയ, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ കാരണവും കുഞ്ഞുങ്ങൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാം. ശ്രദ്ധിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. വയറിളക്കം കൊണ്ടുള്ള ക്ഷീണം മാറാൻ ഒആർഎസും സിങ്കും നൽകണം. ഭക്ഷണം നൽകുന്നതിനു മുമ്പും പ്രാഥമികകൃത്യങ്ങൾക്കു ശേഷവും അമ്മ സോപ്പിട്ട് കൈകഴുകണം. കുഞ്ഞിനെ ബാധിച്ചേക്കാവുന്ന പകർച്ച വ്യാധികളെ പ്രതിരോധിക്കാനിണിത്. കുട്ടികളുടെ കാഴ്ചയും കേൾവിയും പരിശോധിക്കാൻ ഓട്ടോ അക്കോസ്റ്റിക് എമിഷൻ പോലുള്ള സംവിധാനങ്ങൾ ഇപ്പോൾ ആശുപത്രികളിലുണ്ട്.

ജനിച്ചയുടൻ തലച്ചോറിലേക്കെത്തുന്ന ഓക്സിജന്റെ അളവ് കുറഞ്ഞാൽ കുഞ്ഞിന്റെ തലച്ചോറിനെ ബാധിക്കും. സാധാരണ കുഞ്ഞുങ്ങൾ കരയുകയും ബഹളമുണ്ടാക്കുകയും ചെയ്യുമ്പോൾ ഇത്തരം കുഞ്ഞുങ്ങൾ പ്രതികരണമൊന്നും കാണിക്കാതെ മയങ്ങിക്കിടക്കും. കൂടുതൽ നേരത്തേക്ക് ഈ നില തുടർന്നാൽ അപസ്മാരമുണ്ടാകാം. തലച്ചോറിന് ക്ഷതം വരെ സംഭവിച്ചേക്കാവുന്ന ഈ ഘട്ടത്തിലാണ് കുഞ്ഞിന്റെ ജീവൻ ആപത്തിലാകുന്നത്.

സ്നേഹം ചേർത്ത് ആദ്യമുലയൂട്ടൽ

ഓക്സിജന്റെ കുറവിനേക്കാൾ കൂടുതൽ അപകടകരമായ അവസ്ഥയാണ് കുഞ്ഞിന്റെ ശരീരത്തിൽ ഗ്ലൂക്കോസ് കുറയുന്നത്. ചില സാഹചര്യങ്ങളിൽ അമ്മയുടെ അടുത്തു നിന്നു മാറ്റി പ്രത്യേക കെയർ യൂണിറ്റിലാക്കുമ്പോഴും കുഞ്ഞുങ്ങൾക്ക് ഈ അവസരം നഷ്ടമാകാതെ നോക്കണം.

നവജാതശിശുവിന്റെ ആരോഗ്യജീവിതത്തെ സഹായിക്കാ ൻ ആദ്യമുലപ്പാലിനു കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമ്മയ്ക്ക് മുലയൂട്ടാൻ മറ്റൊരു മാർഗവും ഇല്ലെങ്കിൽ മാത്രമേ കുഞ്ഞിന് മറ്റു പാലുൽപ്പന്നങ്ങൾ കൊടുക്കാവൂ.

മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് കുപ്പിപ്പാൽ കുടിച്ച് വളരുന്ന കുട്ടികളേക്കാൾ ഐക്യു കൂടുതലായിരിക്കും. അലർജിയിൽ നിന്നും മറ്റു രോഗാണുക്കളിൽ നിന്നും സംരക്ഷണം ന ൽകുമെന്നു മാത്രമല്ല, ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം കുടിച്ചു വളരുന്ന കുട്ടികൾക്ക് പ്രമേഹം, ഹൃദ്രോഗം, ആസ്മ, അർബുദം തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത കുറ യുകയും ചെയ്യും.

ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രമല്ലേ നൽകാനാവൂ. ജോലിയുള്ള അമ്മമാർക്കിത് ബുദ്ധിമുട്ടാകുമെങ്കിൽ മുലപ്പാൽ സൂക്ഷിക്കാൻ പ്രത്യേകതരം കുപ്പികൾ മാർക്കറ്റിൽ കിട്ടുന്നുണ്ടിപ്പോൾ. പാൽ അതിലാക്കി നാലു മണിക്കൂറോളം 25 ഡിഗ്രി സെന്റിഗ്രേഡ് താപനിലയിൽ പുറത്തോ ആറു മുതൽ എട്ടു മണിക്കൂർ വരെ റഫ്രിജറേറ്ററിലോ സൂക്ഷിക്കാവുന്നതേയുള്ളൂ.

ആറാം മാസം മുതൽ കുഞ്ഞിന് മുലപ്പാൽ മാത്രം മതിയാകില്ല. കുറുക്കു പോലെയുള്ള കട്ടിയാഹാരങ്ങൾ നൽകിത്തുടങ്ങാം. കൂവരക് പോലുള്ള സ്വാഭാവിക പൊടികളാണ് കുറുക്കായി കൊടുക്കാൻ നല്ലത്. എട്ടാം മാസം മുതൽ ദോശ, ഇ ഡ്ഡലി പോലെയുള്ള കട്ടിയാഹാരം നൽകണം. എങ്കിലും കുഞ്ഞിപ്പല്ലുകൊണ്ട് കടിക്കാനാകാത്ത കശുവണ്ടിയോ കാരറ്റോ മുന്തിരിയോ ഒക്കെ ഒഴിവാക്കിക്കോളൂ.

വെജിറ്റേറിയൻ ഭക്ഷണമാണ് ശീലമെങ്കിൽ പാലും പാലുൽപന്നങ്ങളും ധാന്യങ്ങളും ദിവസവും നൽകണം. നോൺ വെജിറ്റേറിയൻ കഴിക്കുന്നവർ മാംസം, മത്സ്യം, മുട്ട എന്നിവ ദിവ സവും അല്ലെങ്കിൽ കഴിയുന്ന അവസരങ്ങളിൽ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അസുഖങ്ങളുളള സമയത്ത് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്ലത്. അധികം കട്ടിയില്ലാത്ത ആഹാരവും വേണമെങ്കിൽ നൽകാം.