Saturday 26 June 2021 12:01 PM IST

ആരും ‘പഠിപ്പിക്കാതെ’ വസ്തുക്കളും വാക്കുകളും അവൻ തൊട്ടുകാണിച്ചു; രണ്ടര വയസ്സിൽ നേട്ടങ്ങളുടെ നെറുകയിലെത്തി കുഞ്ഞു ശ്രീഹാൻ

Priyadharsini Priya

Senior Content Editor, Vanitha Online

sreehaan112

എട്ടാം മാസത്തിലാണ് കുഞ്ഞു ശ്രീഹാന്റെ ജനനം. പൂർണ്ണ വളർച്ചയെത്താതെ മാസം തികയാതെ പിറന്ന കണ്മണി. അച്ഛനും അമ്മയ്ക്കും മകനെയോർത്ത് ആശങ്കയായിരുന്നു. കുഞ്ഞിന്റെ കേൾവിയ്ക്കോ കാഴ്ചശക്തിയ്‌ക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? അമ്മ മനീജ മകന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങി. അവനെയും എടുത്ത് പ്രകൃതിയിലേക്കിറങ്ങി, പൂക്കളും പൂമ്പാറ്റയും പക്ഷികളുമുള്ള മനോഹര ലോകം കാണിച്ചു കൊടുത്തു. പേരു പറഞ്ഞ് ഓരോന്നും പരിചയപ്പെടുത്തി. 

അമ്മയെ അദ്‌ഭുതപ്പെടുത്തി കൊണ്ട് ജനിച്ച് എട്ടാം മാസത്തിൽ ശ്രീഹാൻ പ്രതികരിച്ചു. ആരും ‘പഠിപ്പിക്കാതെ’ വാക്കുകളും വസ്തുക്കളും അവൻ തൊട്ടുകാണിച്ചു. രണ്ടു വയസ്സും മൂന്നു മാസവും ഉള്ളപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹനായി. രണ്ടു വയസ്സും അ‍ഞ്ചു മാസവുമായപ്പോൾ കലാം വേൾഡ് റെക്കോർഡും സ്വന്തമാക്കി. പിന്നീട് ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്‌സിൽ സൂപ്പർ ടാലന്റഡ് കിഡായി ശ്രീഹാൻ. 

ഖത്തറിൽ ബിസിനസുകാരനായ തൂണേരിയിലെ നെല്ല്യേരി താഴെക്കുനിയിൽ അജേഷിന്റെയും നടുവണ്ണൂർ കാവുന്തറയിലെ ഐ പി മനീജയുടെയും മകനാണ് രണ്ടര വയസ്സുള്ള ശ്രീഹാൻ ദേവ്. കുഞ്ഞു പ്രായത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടിയ ശ്രീഹാൻ ഇപ്പോൾ വേൾഡ് ബുക് ഓഫ് റെക്കോർഡ്സ് നേട്ടത്തിലേക്ക് തയാറെടുത്തു കൊണ്ടിരിക്കുകയാണ്. മകന്റെ വിശേഷങ്ങൾ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് അമ്മ മനീജ. 

sreehann333

നേട്ടങ്ങളുടെ നെറുകയിൽ 

മോന് രണ്ടു വയസ്സും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് ആദ്യമായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്‌ കിട്ടിയത്. പിന്നീട് ഒരു മാസം കഴിഞ്ഞപ്പോൾ കലാം വേൾഡ് റെക്കോഡ്സ്‌ ലഭിച്ചു. വീണ്ടും ഒരു മാസം കഴിഞ്ഞപ്പോൾ ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്‌സിൽ സൂപ്പർ ടാലന്റഡ് കിഡായി മോനെ തിരഞ്ഞെടുത്തു. മെമ്മറി പവർ എന്ന കാറ്റഗറിയിലാണ് ബഹുമതി ലഭിച്ചത്. 

22 പ്രശസ്ത വ്യക്തികൾ, 16 പക്ഷികൾ, ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിൽ 50 വാക്കുകൾ, മനുഷ്യശരീരത്തിലെ 18 അവയവങ്ങൾ, 21 ലോഗോകൾ, സൗരയൂഥത്തിലെ ഗ്രഹങ്ങൾ, ഇംഗ്ലിഷിൽ 14 ആ‌ക്‌ഷൻ വേഡ്സ്, 21 പച്ചക്കറി, 26 വാഹനങ്ങൾ, 15 പഴവർഗങ്ങൾ, 12 പ്രാണികൾ എന്നിവ തിരിച്ചറിഞ്ഞു പറയാൻ ശ്രീഹാന് കഴിയും. ഇംഗ്ലീഷിൽ വാചകങ്ങളാക്കി സംസാരിക്കാനും നമ്മൾ ചോദിക്കുന്നതിനു മറുപടി നൽകാനും ഇപ്പോൾ മോന് കഴിയുന്നുണ്ട്. ആയിരത്തോളം വാക്കുകൾ മലയാളത്തിൽ പറയും. ഏതു വസ്തുക്കൾ കാണിച്ചു കൊടുത്താലും അതിന്റെ ഇംഗിഷ് പറയും. 

sreehan55

കളിച്ചു പഠിക്കട്ടെ...   

മോനെ ഗർഭമായിരുന്നപ്പോൾ തൊട്ട് ഞാൻ ഫുൾ ടൈം ബെഡ് റെസ്റ്റിൽ ആയിരുന്നു. ചില കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. എട്ടാം മാസത്തിൽ പൂർണ്ണ വളർച്ചയെത്താതെയായിരുന്നു മോന്റെ ജനനം. അവൻ ജനിച്ചശേഷം ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം കേൾവിയ്ക്കോ കാഴ്‌ചയ്‌ക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് ഭയന്നു. അതുകൊണ്ടാണ് അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചത്. ജനിച്ച് എട്ടു മാസം ആയപ്പോൾ മൂക്ക്, കണ്ണ് ഒക്കെ തൊട്ടു കാണിക്കും. രണ്ടു വയസ്സ് ആയപ്പോൾ നന്നായി സംസാരിച്ചു തുടങ്ങി. 

വസ്തുക്കളൊക്കെ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ഞാൻ അവയുടെ പേരുകൾ ഇംഗ്ലിഷിൽ പറഞ്ഞുകൊടുത്തു. ഒറ്റത്തവണ പറഞ്ഞുകൊടുക്കുമ്പോൾ ഞാൻ കരുതി അവനത് മറന്നുപോകുമെന്ന്. പിറ്റേന്ന് ചോദിച്ചപ്പോൾ ഒറ്റവാക്ക് പോലും തെറ്റിക്കാതെ തിരിച്ചു പറഞ്ഞുതന്നു. പിന്നെ കുറേ വാക്കുകൾ പറഞ്ഞുകൊടുത്തു. ഒന്നും മറന്നു പോകില്ല, എല്ലാം ഓർത്തെടുത്തു പറയും. മുറ്റത്ത് കൊണ്ടുപോയാൽ കാണുന്ന ചെടികളുടെയൊക്കെ ഇംഗ്ലിഷ് ചോദിക്കും. ഒരിക്കൽ പറഞ്ഞുകൊടുത്താൽ മതി, പിന്നീടത് മറക്കില്ല.

മോന്റെ ഈ കഴിവ് മനസ്സിലായപ്പോഴാണ് വിഡിയോ ഷൂട്ട് ചെയ്തു ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സിലേക്ക് അയച്ചു കൊടുത്തത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അവന് റെക്കോർഡ് ലഭിച്ചു. ഇപ്പോൾ വേൾഡ് ബുക് ഓഫ് റെക്കോർഡ്സിലേക്ക് തയാറെടുത്തു കൊണ്ടിരിക്കുകയാണ്. അതിനായി 900 വാക്കുകൾ ഒക്കെ പഠിക്കേണ്ടതുണ്ട്. 30 കാറ്റഗറിയിലായി അതിൽകൂടുതൽ വാക്കുകൾ അവനിപ്പോൾ പറയും. നമുക്ക് അറിയുന്നതിനേക്കാളും കാര്യങ്ങൾ ഇപ്പോൾ അവനറിയാം.

sreehaan111

അപേക്ഷിക്കാം ഈസിയായി   

ഇന്റർനാഷണൽ സൂപ്പർ ടാലന്റഡ് കിഡിനെപ്പറ്റി കേരളത്തിൽ അധികമാർക്കും അറിയില്ലെന്ന് തോന്നുന്നു. അതുപോലെ ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സിലേക്ക് പലർക്കും എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നൊന്നും അറിയില്ല. അറിയാൻ താല്പര്യമുള്ളവർക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയാം. ആദ്യം ഓൺലൈൻ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തു അയക്കണം. ഒരാഴ്ചയ്ക്കുള്ളിൽ അവർ മറുപടി തരും. അതിനൊപ്പമുള്ള ലിങ്കിൽ കയറി വിഡിയോ അപ്ലോഡ് ചെയ്യണം. വിഡിയോയ്ക്ക് എച്ച് ഡി ക്ലാരിറ്റി വേണം. എഡിറ്റിങ് പാടില്ല. ഹൊറിസോണ്ടൽ ഫോർമാറ്റിൽ ആയിരിക്കണം വിഡിയോസ്. കുട്ടിയ്ക്ക് പുറകിൽ നിന്ന് പറഞ്ഞുകൊടുക്കാൻ പാടില്ല. കുട്ടിയെ നിർബന്ധിക്കാൻ പാടില്ല. മറ്റു ശബ്ദങ്ങൾ ഒന്നും ഉണ്ടാകാൻ പാടില്ല തുടങ്ങി കുറച്ചു നിർദേശങ്ങൾ അവർ തരും. അതിനനുസരിച്ച് വിഡിയോ എടുത്തു നൽകണം. 

ശ്രീഹാന് കുത്തിയിരുന്ന് പഠിക്കുന്ന ശീലമൊന്നുമില്ല. അത്യാവശ്യം വികൃതിയും മടിയുമൊക്കെയുണ്ട്. അവൻ കളിക്കുന്ന സമയത്ത് എന്തെങ്കിലും പറഞ്ഞു കൊടുക്കും എന്നുമാത്രം. മോന് കഴിവുണ്ട്, ചില പ്രത്യേകതകളുണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. മറ്റു മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത്, മക്കളെ നിർബന്ധിച്ച് ഇരുത്തി പഠിപ്പിക്കാതെ അവരുടെ കഴിവുകൾ മനസ്സിലാക്കി വേണ്ട പ്രചോദനം നൽകണം. കുട്ടികളെ അവരുടെ ഇഷ്ടങ്ങൾ കണ്ടെത്താനും കഴിവുകൾ പുറത്തെടുക്കാനും അവസരമൊരുക്കി, മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തായും ഏണിയായും നമ്മൾ ഒപ്പമുണ്ടായാൽ മതി. 

sreehan44
Tags:
  • Mummy and Me