Tuesday 13 April 2021 02:53 PM IST : By സ്വന്തം ലേഖകൻ

മുലപ്പാലുണ്ട് വയറു നിറയാത്തതിന്റെ പേരിൽ, ഇനി ഒരു കുഞ്ഞുവാവയുടെയും മിഴി നിറയില്ല; ബ്രെസ്റ്റ് മിൽക്ക് ബാങ്ക് കേരളത്തിലും

breasfggfeedd

അധികം മുലപ്പാലുള്ള അമ്മമാരേ, ജീവന്‍ നിലനിർത്താൻ ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾക്ക് അത്  നൽകാൻ സന്മനസ് കാട്ടുക...

മുലപ്പാലുണ്ട് വയറു നിറയാത്തതിന്റെ പേരിൽ, ഇനി ഒരു കുഞ്ഞുവാവയുടെയും കൺമിഴി നിറയില്ല. ബ്രെസ്റ്റ് മിൽക്ക് ബാങ്കിൽ കുഞ്ഞുങ്ങളുടെ പേര് റജിസ്റ്റർ ചെയ്യുക. അമ്മിഞ്ഞപ്പാലുണ്ണണമെന്നു തോന്നുമ്പോഴേക്കും മുലപ്പാൽ റെഡി!

ആരോഗ്യത്തോടെയിരിക്കാൻ

നവജാതശിശുക്കളുടെ ആരോഗ്യത്തിനും അതിജീവനത്തിനും ഏറ്റവും ഫലപ്രദമായ വഴി മുലയൂട്ടലാണ്. അമ്മയുടെ മുലപ്പാൽ സുരക്ഷിതമാണ്.അതു കുഞ്ഞുങ്ങൾക്കു നൽകുന്ന പ്രതിരോധശേഷിക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല. അതു    കൊണ്ട് ജനിച്ചു ആറുമാസം വരെ കുഞ്ഞുങ്ങൾ മുലപ്പാൽ മാത്രം കുടിച്ചു വളരുന്നതാണ് ആരോഗ്യകരം. കുഞ്ഞുങ്ങളുടെ ബുദ്ധിശക്തിയിലും അതു വ്യത്യാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.

വിദേശരാജ്യങ്ങളിൽ വളരെ സാധാരണമാണ് ബ്രെസ്റ്റ് മിൽക്ക് ബാങ്ക് സംവിധാനം. ഇന്ത്യയിൽ 32 വർഷം മുൻപാണ് ഇതു ആരംഭിച്ചത്.

നിലവിൽ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് ‘നെക്ടർ ഓഫ് ലൈഫ്’ എന്നു പേരിട്ടിരിക്കുന്ന ബ്രെസ്റ്റ് മിൽക്ക് ബാങ്ക്  ആരംഭിച്ചിരിക്കുന്നത്. റോട്ടറി ക്ലബ്, ഇന്നർവീൽ എന്നിവയുടെ സഹകരണത്തോടെ നിയോനെറ്റോളജി ഫോറമാണ് ബ്രെസ്റ്റ് മിൽക്ക് ബാങ്ക് കേരളത്തിൽ യാഥാർഥ്യമാക്കിയത്.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ  ഉദ്ഘാടനം ചെയ്ത ഈ പദ്ധതി ക്രമേണേ കേരളത്തിലെ മറ്റു ആശുപത്രികളിലും നിലവിൽ വരും.

അമ്മ ഇല്ലാതായിപ്പോകുന്ന, പ്രസവശേഷം ആരോഗ്യപ്രശ്നങ്ങളാൽ അമ്മയും കുഞ്ഞും വേറിട്ടു താമസിക്കേണ്ടി വരുന്ന, അമ്മയ്ക്ക് ആവശ്യത്തിനു മുലപ്പാലില്ലാതെ വിഷമിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം ഈ ബാങ്കിൽ നിന്നു സൗജന്യമായി മുലപ്പാൽ ലഭ്യമാണ്. മുലപ്പാൽ ആരിൽ നിന്നു സ്വീകരിച്ചുവെന്നോ ആർക്കു നൽകുന്നുവെന്നോ വെളിപ്പെടുത്തില്ല.

തിരികെ വിളിക്കാം, ജീവിതത്തിലേക്ക്

‘‘തുടക്കത്തിൽ നിയോനെറ്റൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.’’ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ബ്രെസ്റ്റ് മിൽക്ക് ബാങ്ക് കൊണ്ടു വരുന്നതിനു നേതൃത്വം കൊടുത്ത റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബൽ മുൻ പ്രസിഡന്റ് ഡോ. പി.ജി. പോൾ പറയുന്നു. ‘‘ജനറൽ ഹോസ്പിറ്റലുകളിൽ ഒരു വർഷം ഏകദേശം 3600 കുഞ്ഞുങ്ങളോളം ജനിക്കുന്നുണ്ടെന്നാണ് കണക്ക്.അതിൽ 600 മുതൽ 1000 വരെ കുഞ്ഞുങ്ങൾ പലവിധ ആരോഗ്യകാരണങ്ങളാൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നു.

ഏഴാം മാസത്തിലും മറ്റും ജനിക്കുന്ന തൂക്കകുറവുള്ള കുഞ്ഞുങ്ങളുടെ അമ്മമാർക്ക്  മുലപ്പാലുണ്ടാകാത്തതുകൊണ്ട് മുലയൂട്ടാൻ കഴിയാറില്ല. ഈ കുഞ്ഞുങ്ങൾക്ക് പൊടിപ്പാൽ നൽകുമ്പോൾ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതു പലപ്പോഴും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

ബ്രെസ്റ്റ് മിൽക്ക് ബാങ്കിലൂടെ അതു പരിഹരിക്കാനും കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും.മുലപ്പാൽ കൂടുതലുള്ള അമ്മമാർക്ക് സ്വന്തം കുഞ്ഞിനെ പാലൂട്ടിയതിനു ശേഷം മുലപ്പാൽ ബാങ്കിലേക്ക് നൽകാനും സംവിധാനമുണ്ട്. ഒരു നവജാതശിശുവിനെ ജീവിതത്തിലേക്കു കൊണ്ടുവരാനുള്ള സുവർണാവസരം കൂടിയാണത്.’’

മുലപ്പാൽ എന്ന പൂന്തേൻ

essdfggtforiginal

‘‘അമ്മമാരുടെ ആദ്യ പാലായ കൊളസ്ട്രം കിട്ടാൻ സാധിക്കാതെ വരുന്ന കുട്ടികൾക്ക് അതു മറ്റൊരമ്മയിൽ നിന്നു അൽപമെങ്കിലും കിട്ടിയാൽ എത്ര നല്ലതാണ്. നിലവിൽ ഇത്തരം കുട്ടികൾക്ക് പൊടിപ്പാലാണ് നൽകുന്നത്. അതു ആരോഗ്യപരമായി ദോഷമുണ്ടാക്കുന്നതാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.’’തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ നിയോനെറ്റോളജി വിഭാഗം തലവനും നാഷനൽ നിയോനെറ്റോളജി ഫോറത്തിന്റെ കേരള പ്രസിഡന്റുമായ ഡോ.വി. സി. മനോജ് പറയുന്നു. ‘‘ഒരു തുള്ളി മുലപ്പാലിൽ ദശലക്ഷം രക്താണുക്ക ൾ അടങ്ങിയിട്ടുണ്ട്. മൂന്ന് ഔൺസ് മുലപ്പാൽ ലഭിച്ചാൽ മാസം തികയാതെ ജനിച്ച കുഞ്ഞിനു പന്ത്രണ്ട് ഫീഡിങ് നൽകും. മുലപ്പാലുള്ള ഏതു അമ്മമാർക്കും മുലപ്പാൽ സംഭാവന ചെയ്യാവുന്നതേയുള്ളൂ.

പഠനത്തിനോ ജോലിക്കോ വേണ്ടി വീടു വിട്ടു പോയി ആ ഴ്ചയവസാനം കുഞ്ഞിനടുത്തേക്കു മടങ്ങിയെത്തി മുലയൂട്ടുന്ന അമ്മമാരുണ്ട്. മുലപ്പാൽ കുറയാതിരിക്കാൻ വേണ്ടി മറ്റു ദിവസങ്ങളിൽ ബ്രെസ്റ്റ് മിൽക്ക് ബാങ്കിലേക്ക് സംഭാവന ചെയ്യുന്ന സംവിധാനമൊക്കെ മറ്റു സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. മുലപ്പാൽ സംഭാവന ചെയ്യുന്നതിനും  ബ്രെസ്റ്റ് മിൽക്ക് ബാങ്കിൽ നിന്നു മുലപ്പാൽ കുഞ്ഞുങ്ങൾക്കു ലഭ്യമാക്കുന്നതിലും പല അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും നിലനിൽക്കുന്നുണ്ടാകാം. അതിലൊന്നും യാതൊരു യാഥാർഥ്യവുമില്ല. കുഞ്ഞുജീവനു വിലപ്പെട്ട ഒരു വഴിയാണത്.’’

ബ്രെസ്റ്റ് മിൽക്ക് ബാങ്കിലേക്കു മുലപ്പാൽ നൽകുന്ന അമ്മമാർക്കു എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങ ൾ ഉണ്ടാകാൻ പാടില്ല. അതുപോലെ ലഹരി വസ്തുക്കളോ മുലപ്പാലിനു ദോഷം വരുന്ന മരുന്നുകളോ ഉപയോഗിക്കുന്നവരാകരുത്. പ്രത്യേക മുറിയിൽ സജ്ജീകരിച്ചിട്ടുള്ള ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചു മുലപ്പാലെടുത്ത് അണുവിമുക്തമായ രീതിയിൽ ഫ്രീസറിൽ സൂക്ഷിക്കുകയാണു ചെയ്യുന്നത്. അതിനാവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും ഈ ഹോസ്പിറ്റലുകളിൽ സജ്ജമാക്കിയിട്ടുണ്ട്.

ഫ്രീസറിനുള്ളിൽ ആറു മാസത്തോളം മുലപ്പാൽ സൂക്ഷിച്ചു വയ്ക്കാം. ബാക്ടീരിയ ഇല്ലെന്നുറപ്പിക്കാൻ കൾച്ചർ പരിശോധനയും നടത്തിയാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിഷ്യൻസും സംയുക്തമായി ഈ വിഭാഗത്തിൽ സേവനം ചെയ്യുന്ന നഴ്സുമാർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്.

മുലപ്പാൽ വർധിപ്പിക്കുന്ന ഭക്ഷണം

ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ ഉലുവ ചേർത്ത് തിളപ്പിക്കുക.ചൂടാറി കഴിയുമ്പോൾ അൽപം  തേൻ ചേർത്ത് കുടിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധിക്കാൻ വളരെ നല്ലതാണ്.

പോഷകസമ്പുഷ്ടമായ മുരിങ്ങയ്ക്കയും മുരിങ്ങയിലയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മുലപ്പാൽ വർധിപ്പിക്കും.

ബദാമിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം കുതിർത്തു കഴിക്കുന്നതും ബദാം പാൽദിവസേന കഴിക്കുന്നതും മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതാണ്.  

ചെറുപയർ,  ഉലുവ, ഉലുവച്ചീര, ഇലവർഗങ്ങൾ, ഓ ട്സ്,പെരുഞ്ചീരകം, എള്ള്, പച്ചക്കറികൾ, വെളുത്തുള്ളി എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുലപ്പാൽ വർധിപ്പിക്കും. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.കുഞ്ഞിനെ മുലയൂട്ടുന്നതിനു മുൻപ് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

അതുപോലെ നന്നായി ഉറങ്ങുന്നതും ഇഷ്ടമുള്ള പാട്ടു കേൾക്കുന്നതും ബ്രസ്റ്റ് പതിയെ മസാജു ചെയ്യുന്നതും അടഞ്ഞിരിക്കുന്ന ഡക്ടുകൾ തുറക്കുന്നതിനും  കല്ലിക്കാതിരിക്കാനും സഹായിക്കും.

Tags:
  • Mummy and Me
  • Parenting Tips