Friday 31 May 2024 04:30 PM IST

അടിച്ച് അനുസരിപ്പിക്കുന്നത് മക്കളില്‍ വൈരാഗ്യം ജനിപ്പിക്കും, അനുസരണക്കേടും ഉണ്ടാകും: ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ

Sruthy Sreekumar

Sub Editor, Manorama Arogyam

kids-training

ഔപചാരിക വിദ്യാഭ്യാസം തുടങ്ങും മുൻപ്, മൂന്നു വയസ്സു മുതൽ അഞ്ചു വയസ്സു വരെയുള്ള കാലഘട്ടത്തെയാണ് പ്രീ സ്കൂൾ വർഷങ്ങൾ എന്നു പറയുക. ഈ പ്രായത്തിലെ കുട്ടികളുെട ശാരീരിക മാനസിക പ്രത്യേകതകൾ അറിയാം.

കളിക്കാൻ തുടങ്ങുന്നു

രണ്ടു വയസ്സുവരെ അമ്മയെ പ്രധാനമായും കേന്ദ്രീകരിച്ചിരുന്ന അവരുടെ സാമൂഹിക വലയം വിസ്തൃതമാകുന്ന

കാലഘട്ടമാണിത്. മറ്റുള്ള കുട്ടികളോടു കൂട്ടുകൂടി കളിക്കാൻ തുടങ്ങുന്ന പ്രായം. അതിനു മുൻപു പലപ്പോഴും അവർ മറ്റുള്ളവരോടൊപ്പം ഇരുന്നു കളിക്കുകയാണു ചെയ്തിരുന്നത്. ഇപ്പോൾ, ഗ്രൂപ്പിൽ കളിക്കുമ്പോൾ

പാലിക്കേണ്ട നിയമങ്ങളും നിർദേശങ്ങളുമൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നു. പേശികളും സന്ധികളുമൊക്കെ കൂടുതൽ ശക്തിപ്പെടുന്നതു കാരണം നന്നായി ഓടാനും ചാടാനുമൊക്കെ സാധിക്കും.

ഭാരം കൂടുന്നു

മൂന്നു കിലോ ഭാരവുമായി ജനിക്കുന്ന ഒരു കുഞ്ഞ് രണ്ടു വയസ്സാകുമ്പോൾ 12 കിലോ ഭാരം ആകും. എന്നാൽ ഒരു വയസ്സിനുശേഷം, കൗമാരമെത്തുന്നതിനു തൊട്ടുമുൻപുള്ള കാലയളവ് (pre pubertal age) അവരുടെ വളർച്ചയുടെ തോതു കുറയുകയും, ആഹാരത്തോടു താൽപര്യക്കുറവു കാണിക്കുകയും

ചെയ്യും. അഞ്ചു വയസ്സു വരെയുള്ള പ്രായത്തിൽ ഒരു വർഷം 2-2 1/2 കിലോ

തൂക്കവും അഞ്ച്–ആറ് സെന്റിമീറ്റർ

നീളവുമാണു കൂടുക. അതിനാൽ അവർക്കു വിശപ്പു കുറയുക സ്വാഭാവികം. വിശപ്പു കുറവു മാത്രമല്ല അവരുടെ ആഹാരരീതി വളരെ ക്രമം തെറ്റിയ തരത്തിലാവാം. ചില ദിവസങ്ങളിൽ വലിച്ചുവാരി കഴിക്കുകയും ചില ദിവസങ്ങളിൽ ഒന്നും കഴിക്കാതിരിക്കുകയും ഈ പ്രായക്കാരുടെ ഒരു പ്രത്യേകതയാണ്. ഈ സ്വഭാവം അച്ഛനമ്മമാരെയും

കുഞ്ഞിനെ പരിചരിക്കുന്ന മറ്റുള്ളവരെയും വല്ലാതെ പ്രയാസപ്പെടുത്തും.

കുഞ്ഞൊന്നും കഴിക്കുന്നില്ല എന്ന പരാതി ഏറ്റവും കൂടുതൽ കേൾക്കേണ്ടി വരുന്നത് ഈ പ്രായക്കാരിൽ നിന്നാണ്. ആഹാരം കഴിക്കുന്നില്ലെങ്കിലും ഊർജത്തിനു കുറവ് ഉണ്ടാവുകയില്ല.

ഈ സമയത്തു ശരിയായ പോഷകങ്ങളടങ്ങിയ ആഹാരം കുട്ടികൾക്കു കൊടുക്കണം. എന്തെങ്കിലും കഴിക്കട്ടെ എന്നു കരുതി ഗുണപ്രദമല്ലാത്ത ഭക്ഷണങ്ങൾ കൊടുത്തു കുഞ്ഞുങ്ങളുെട ആരോഗ്യത്തിനു ദോഷം വരുത്തരുത്. വിവിധ പോഷകങ്ങൾ അടങ്ങിയ

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കൊടുക്കുക. ഇപ്പോൾ കഴിച്ചില്ലെങ്കിൽ പിന്നെ കഴിച്ചുകൊള്ളും, ഇന്നു കഴിച്ചില്ലെങ്കിൽ നാളെ കഴിച്ചുകൊള്ളും എന്ന ഒരു നിലപാടു സ്വീകരിക്കുന്നതാണു നല്ലത്. അതിനു പകരം പോഷകസമൃദ്ധമല്ലാത്ത (ജങ്ക് ഫൂഡ്) കഴിക്കാൻ അവരെ പ്രോത്സാഹിപ്പിക്കരുത്.

ഭാഷ വികസിക്കുന്നു

സാമൂഹികവും ഭാഷാപരവുമായി വികാസങ്ങൾ ഏറെ നടക്കുന്ന പ്രായമാണിത്. ഒരു വയസ്സിൽ രണ്ടു വാക്കുകൾ അർത്ഥമറിഞ്ഞു പറയുന്ന കുട്ടി വർഷം കൂടുന്തോറും കൂടുതൽ വാക്കുകൾ ചേർത്തു സങ്കീർണങ്ങളായ വാചകങ്ങൾ ഉണ്ടാക്കാൻ പഠിക്കുന്നു. അഞ്ചു വയസ്സു വരെയുള്ള ഈ കാലയളവിൽ രണ്ടായിരത്തോളം വാക്കുകൾ അവർ സ്വായത്തമാക്കും.

മൂന്നു വയസ്സു കഴിയുമ്പോൾ അവർക്കു സ്വന്തമായതു നന്നായി മനസ്സിലാക്കാൻ കഴിയും. ഇതെന്റെ പേനയാ, എന്റെ അമ്മയാ എന്നൊക്കെ പറയാൻ തുടങ്ങും. ‘ഇല്ല’ എന്നു മനസ്സിലാക്കി തുടങ്ങും.

മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ള കാലയളവിൽ കുട്ടികളുടെ ബുദ്ധി വികാസത്തോടൊപ്പം വളർച്ച പ്രാപിക്കുന്ന ഒന്നാണു ഭാഷ

സ്വായത്തമാക്കാനുള്ള കഴിവ്. സംസാരത്തിൽ സ്വാഭാവികമായ വ്യത്യാസം ഉണ്ടാകുന്നില്ലെങ്കിൽ അതു ബുദ്ധിക്കുറവാകാം, കേൾവിക്കുറവാകാം, ഓട്ടിസം തുടങ്ങിയ രോഗങ്ങളുടെയാവാം. എത്രയും പെട്ടെന്നു തന്നെ ഡോക്ടറെ കാണിക്കാൻ ശ്രദ്ധിക്കുക.

സംസാരിച്ചു തുടങ്ങുമ്പോൾ വിക്ക് !

സംസാരിച്ചു തുടങ്ങുമ്പോൾ ഈ പ്രായത്തിൽ കണ്ടു വരാവുന്ന ഒരു പ്രശ്നമാണു വിക്ക്. പെട്ടെന്നു പറയാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രക്രിയയാവാം പലപ്പോഴും. ചിലപ്പോൾ പറഞ്ഞു

1230451744

തുടങ്ങുമ്പോഴുള്ള വാക്കുകളുടെ ആവർത്തനമായാണു കാണുന്നത്. പറഞ്ഞു തുടങ്ങുമ്പോൾ, വാക്കുകൾ കിട്ടാതെയുള്ള ബുദ്ധിമുട്ടായും വരാം. അഞ്ചു ശതമാനം കുഞ്ഞുങ്ങൾക്ക് ഈ ബുദ്ധിമുട്ട് വരാം. 80 ശതമാനം കുട്ടികളിലും തനിയെ മാറുകയാണു പതിവ്.

വിക്ക് മാറുന്നില്ലല്ലോ എന്ന ആകാംഷ കാണിക്കുകയോ, അയ്യോ കുഞ്ഞിനു വിക്കാണല്ലോ, പതുക്കെ പറ മോനേ എന്നൊക്കെ പറഞ്ഞ് ഈ കുഴപ്പത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തിയാൽ വിക്കു കൂടുകയേയുള്ളൂ. വിക്കിനെ സാരമാക്കാതിരിക്കുക എന്നതാണു വേണ്ടത്. കേൾക്കുന്നവർ

ക്ഷമ കാണിക്കുക, ആകാംഷപ്പെടാതിരിക്കുക. അതോടെ കുഞ്ഞിന്റെ പിരിമുറുക്കം കുറയും. വിക്കു മാറുകയും

ചെയ്യും. എങ്കിലും കുഞ്ഞിന് ഒന്നും പറയാനാവാത്ത വിധം നീണ്ടു നിൽക്കുകയും അഞ്ചു വയസ്സിനപ്പുറം പോകുകയും ചെയ്യുന്നുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തണം. സ്പീച്ച് തെറപ്പിയിലൂടെ വിക്കിനെ മാറ്റിയെടുക്കാൻ കഴിയും.

ഭാഷ പഠിക്കാൻ ഏറ്റവും വേണ്ടത് ഭാഷ കേൾക്കുക എന്നതാണ്. പടങ്ങൾ ഉള്ള ബുക്കുകൾ വച്ച് അമ്മ

400432459

കുഞ്ഞിനോടു സംസാരിക്കുന്നതു

വളരെ പ്രയോജനം ചെയ്യും. ഇതെന്താ ? നായ. നായ എന്തുചെയ്യും? കുരയ്ക്കും. പിന്നെന്തു ചെയ്യും? കടിക്കും. നമ്മുടെ നായയാണെങ്കിലോ? കടിക്കില്ല... ഇങ്ങനെയുള്ള സംഭാഷണങ്ങളിലൂടെ അവരുടെ ബുദ്ധിവികാസവും ഭാഷാവികാസവും നടക്കും. ഇന്നു പലപ്പോഴും അണുകുടുംബത്തിൽ, പുറമേ പോയി ജോലി ചെയ്യുന്ന അമ്മയും അച്ഛനും ആകുമ്പോൾ ഇതു സാധ്യമാവാറില്ല. അമ്മയും അച്ഛനും കുട്ടിയുമായി സംസാരിക്കാൻ സമയം കണ്ടെത്തുക തന്നെ വേണം.

മറ്റൊന്നു റേഡിയോ ഉപയോഗിക്കുക എന്നതാണ്. ഇന്നു മിക്ക വീടുകളിലും ടിവി ഉണ്ടാകും. എന്നാൽ റേഡിയോ ഉള്ള വീടുകളുെട എണ്ണം കുറവാണ്. ടിവി നമ്മുടെ കാഴ്ചയേയാണു

കൂടുതൽ പ്രതിപാദിപ്പിക്കുന്നത്. കൂടാതെ ഏറെ സമയം ടിവി കാണുന്നതു കുഞ്ഞുങ്ങൾക്കു നല്ലതല്ല. റേഡിയോ ഉണ്ടെങ്കിൽ, അതിലൂടെ കേൾക്കുന്ന പ്രഭാഷണങ്ങളും, സംഭാഷണങ്ങളും, പാട്ടുകളും കുഞ്ഞുങ്ങളുടെ ഭാഷയെ സമ്പന്നമാക്കാൻ സഹായിക്കും.

കളിച്ചു വളരുന്ന പ്രായം

ഈ പ്രായത്തിൽ കളികൾ വളരെ

പ്രധാനമാണ്. കളികൾ ശാരീരികമായ അധ്വാനം നൽകുന്നു. ഇതു കുട്ടികളുെട ശാരീരിക ക്ഷമത വർധിപ്പിക്കുന്നു. കൂടാതെ വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. നന്നായി ആഹാരം കഴിക്കാൻ ഇതിലൂെട കഴിയുന്നു. അതിലുപരി സമൂഹത്തോട് ഇടപഴകാനും സഹായിക്കുന്നു. കഞ്ഞിയും കറിയും വച്ചു കളിക്കുന്നതിലൂടെ അച്ഛൻ അമ്മ റോളുകൾ അവർ അനുകരിക്കുകയാണ്, പഠിക്കുകയാണ്. ടീച്ചറും കുട്ടിയും, ഡോക്ടറും നഴ്സും കളികളിലൂടെ അവർ പഠിക്കുന്നതു സമൂഹത്തിലെ മുതിർന്നവരുെട റോളുകളാണ്.

ഒന്നിച്ചു നിന്നു പലതും നേടുന്നതെങ്ങനെ? ജയിച്ചാൽ ആഹ്ലാദിക്കുകയും, തോറ്റാൽ നിരാശപ്പെടാതെ വീണ്ടും

ശ്രമിക്കേണ്ടതിന്റെ പ്രാധാന്യം, കൂട്ടുകാർക്ക് സാധനങ്ങൾ പങ്കുവയ്ക്കേണ്ടതിലൂടെ കിട്ടുന്ന സന്തോഷം, നഷ്ടപ്പെടുമ്പോഴുള്ള വേദന സഹിക്കാനുള്ള കരുത്ത് ഇവയൊക്കെ ആർജിക്കുന്നതു കൂട്ടുചേർന്നുള്ള കളികളിലൂടെയാണ്.

ചിട്ടകൾ രൂപപ്പെടുത്തണം

ചിട്ടകളും ശീലങ്ങളും രൂപപ്പെടുത്തി എടുക്കാവുന്ന പ്രായമാണിത്. ഉദാഹരണമായി രാത്രി ഒൻപതര ആയി മോളേ, കുഞ്ഞിനുറങ്ങാൻ നേരമായി, കളിപ്പാട്ടങ്ങൾ എടുത്ത് അടുക്കി വയ്ക്കൂ. മോൻ വെള്ളം കുടിച്ച ഗ്ലാസ്സ് കൊണ്ട് അടുക്കളയിൽ വയ്ക്കൂ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യിപ്പിച്ചെടുക്കാം.ശാരീരികമായ ശിക്ഷകൾ ആരും ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നില്ല. അടി കൊണ്ടുണ്ടാകുന്ന ശിക്ഷണം ഭയം മൂലമാണ്. അടിയില്ലാതെ തന്നെ പറഞ്ഞു മനസ്സിലാക്കിയാൽ മതിയാകും. ശാരീരികമല്ലാത്ത ശിക്ഷകൾ ആകാം. ഉദാഹരണമായി ഒരു മിനിറ്റു കുഞ്ഞിനോട് അനങ്ങാതെയിരിക്കാൻ ആവശ്യപ്പെടുക. മുതിരുന്തോറും, തെറ്റുകൾ ഗുരുതരമാകുന്തോറും സമയം കൂട്ടാം. ഇഷ്ടമുള്ള കാര്യങ്ങൾ നിഷേധിക്കാം. ഇന്നു മോൻ ടിവി കാണണ്ട. ഇങ്ങനെയായാൽ ഈ ആഴ്ച നമ്മൾ പാർക്കിൽ പോകുന്നില്ല, ഇങ്ങനെയുള്ള ശിക്ഷകൾ.

അച്ചടക്കം എന്നതു കുട്ടികൾ കണ്ടു പഠിക്കുന്ന ഒന്നാണ്. വീട്ടിൽ മുതിർന്നവർ ചെയ്യുന്നതു കുട്ടികൾ അനുക

രിക്കും. വായിക്കുന്ന പുസ്തകങ്ങൾ അലസമായി അവിടെയും ഇവിടെയും ഇടുന്ന സ്വഭാവമാണ് അച്ഛനുള്ളതെങ്കിൽ പഠിച്ചശേഷം നിന്റെ പുസ്തകങ്ങൾ അടുക്കി വയ്ക്കണം എന്നു

കുട്ടിയോടു പറഞ്ഞിട്ടു കാര്യമില്ല.

അടിച്ച് അനുസരിപ്പിക്കാം. പക്ഷേ അത് അവന്റെ മനസ്സിൽ വൈരാഗ്യമേ ഉണ്ടാക്കൂ. അതു പിന്നീട് വലിയ അനുസരണക്കേടിൽ കലാശിക്കും.

നമ്മളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുട്ടികൾ സമൂഹത്തിലേക്കു കടന്നു ചെല്ലാൻ പോവുകയാണ്. അതിനുള്ള സാഹചര്യങ്ങളൊരുക്കി കൊടുക്കുക എന്നതാണു മാതാപിതാക്കളുടെ കടമ.



ചോദ്യങ്ങളുടെ കാലം



ചോദ്യങ്ങളുടെ കാലം

ചോദ്യങ്ങളുടെ ഒരു കാലഘട്ടമാണിത്. അതെന്താണ്, ഇതെന്താണ് എന്നിങ്ങനെ കുട്ടികൾ ചോദിച്ചുകൊണ്ടേയിരിക്കും. അവയ്ക്കെല്ലാം ഉള്ള ഉത്തരം ക്ഷമയോടെ നൽകാൻ അച്ഛനമ്മമാർ തയാറാകണം. അതിനു പകരം എനിക്കു നേരമില്ല, നീ അപ്പുറത്തുപോയി അച്ഛനോട് / അമ്മയോട് ചോദിക്ക് എന്നു പറയരുത്. അറിയാനുള്ള മനുഷ്യന്റെ സ്വാഭാവികമായ ജിജ്ഞാസയാണത്. അതു തല്ലിക്കെടുത്തരുത്.

പിന്നീട് ഇത്തരം ചോദ്യങ്ങളുടെ ഘട്ടം കൗമാരമാണ്. അന്നൊരുപക്ഷേ അവർ നിങ്ങളിൽ നിന്നാവില്ല ഉത്തരം തേടുന്നത് എന്നോർക്കുക.



നാഴികക്കല്ലുകൾ

∙ പരിചയമുള്ള നിറങ്ങളുെട പേരു പറയാൻ സാധിക്കും.

∙ ബോൾ എറിയാനും പിടിക്കാനും കഴിയും.

∙ മുൻപോട്ടും പിന്നോട്ടും എളുപ്പം നടക്കും.

∙ പരസഹായമില്ലാതെ വസ്ത്രം ധരിക്കാനും ഊരാനും കഴിയും.

∙ പുസ്തകങ്ങളുെട പേജുകൾ മറിക്കാനും ചെറിയ വസ്തുക്കൾ കൈകാര്യം െചയ്യാനും സാധിക്കും.

വാക്സിനേഷൻ

അഞ്ച്– ആറ് വയസ്സിൽ

ഡിപിറ്റി ബൂസ്റ്റർ 2

വാക്സീൻ എടുക്കണം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. എസ്. ലത

എമിരിറ്റസ് പ്രഫസർ

പീഡിയാട്രിക് വിഭാഗം

പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല