Thursday 05 October 2023 12:24 PM IST : By സ്വന്തം ലേഖകൻ

സ്വാധീനിക്കാൻ കഴിവുള്ള കൂട്ടുകാരിയോ കൂട്ടുകാരനോ മകൾക്ക് ഉണ്ടാകും, അമ്മമാർ ഉൾക്കൊള്ളണം ആ സത്യം: ഇനി മകളിൽ നിന്ന് പഠിക്കാം

mother-daughter

എല്ലാവരെക്കുറിച്ചും അല്ല. എന്നാലും പല വീട്ടിലും ദാ, ഇങ്ങനെയുള്ള അമ്മയെയും‌ കൗമാരക്കാരിയെയും നമ്മൾ കണ്ടിട്ടുണ്ട്. കാണുന്നുമുണ്ട്.

∙മുപ്പതു വർഷം മുൻപ്

അമ്മ:‘‘ഞാൻ വളർന്നതു പോലെ സാദാ പെണ്ണായി വളർന്നാൽ മതി. കോളജിലേക്കു പോകുമ്പോൾ കാലു കാണിച്ചുള്ള ഉടുപ്പൊന്നും വേണ്ട. ചുരിദാർ മതി. ആൾക്കാരെ കൊണ്ടു പറയിപ്പിക്കരുത്. അടങ്ങി ഒതുങ്ങി കഴിയണം.

മകൾ: നിശബ്ദം. (ദേഷ്യവും സങ്കടവും അമ ർത്തി മൂലയ്ക്ക് പോയിരുന്നു കരയും. )

∙ഇരുപതു വർഷം മുൻപ്

അമ്മ: ഫാഷനൊക്കെ കൊള്ളാം, പക്ഷേ നീ ഇതൊന്നും ഇടേണ്ട.

മകൾ: അമ്മ പഴഞ്ചനാണ്. എന്റെ ക്ലാസ്സിൽ എത്ര പേരാണ് ഇങ്ങനെ വരുന്നത്. (പിന്നെ യുദ്ധം, കോലാഹലം)

∙പത്തു വർഷം മുൻപ്

അമ്മ: ആനിവേഴ്സറിയാണു വരുന്നത്. അ ച്ഛന് ഒരു ഷർട്ട് ഒാൺലൈനിൽ ഒാർഡർ ചെയ്യാൻ പഠിപ്പിക്കാമോ?

മകൾ: ഞാൻ മൊബൈലെടുക്കുമ്പോൾ വ ലിയ ബഹളം ആണല്ലോ. എന്തായാലും ക്ലാസ്സു കഴിഞ്ഞു വന്നിട്ടു നോക്കാം.

∙ഇന്ന്

അമ്മ: നീ മുടി കളർ ചെയ്യാൻ പോകുമ്പോ എന്നെയും വിളിക്കാമോ? എനിക്കും മുടി മുറിക്കണം.

മകൾ: എന്നാൽ ഞാനത് റീൽസ് ആക്കും.

കാലം മാറുകയാണ്. കൗമാരക്കാരികളുടെ അമ്മമാർ സ്മാർട്ട് ആകുകയാണ്. പ്രായത്തിനോടു കടക്കു പുറത്തെന്നു പറ‍ഞ്ഞു മനസ്സുകൊണ്ടു കൂടുതൽ സുന്ദരിമാരാകുകയാണ്. ‌അമ്മമാർ‌ പെൺമക്കളെ ജീവിതം ‘പഠിപ്പിക്കുന്ന’ കാലം തേഞ്ഞു തീർന്നു തുടങ്ങി.

ഇതു പുതുകാലം. മകളിൽ നിന്നു പുതുതലമുറയുടെ ജീവിതം പഠിക്കാൻ അമ്മയ്ക്ക് കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക.

കൗമാരക്കാരിയായ മകൾ എന്നത് അമ്മമാർക്കു പുതിയ കാലത്തെക്കുറിച്ചു തിരിച്ചറിയാനുള്ള ഒരു പാഠപുസ്തകമാണ്. മകളിൽ നിന്ന് അമ്മ പഠിക്കേണ്ട 25 കാര്യങ്ങൾ.

മനസ്സൊരുക്കാം

ആദ്യം വേണ്ടതു മനസ്സ് ഒരുക്കലാണ്. മകൾ എന്താണു ചിന്തിക്കുന്നതെന്നും അവളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തൊക്കെയാണെന്നും അമ്മ പഠിക്കണം. അമ്മ വളര്‍ന്ന സാഹചര്യത്തിൽ നിന്ന് ഒരുപാട് അകലെയാണ് പുതിയ കാലം. ആ വ്യത്യാസം കണ്ട് അമ്പരക്കുകയോ അമ്മ വളർന്ന കാലമാണ് നല്ലതെന്ന തോന്നൽ ഉണ്ടാകാനോ പാടില്ല. പുതുകാലത്തിനൊത്തു കുട്ടി വളരട്ടെ. നിയന്ത്രണമല്ല ഒപ്പം നിൽക്കലാണു വേണ്ടത്. മകളിൽ നിന്നു പഠിക്കണമെങ്കിൽ ഈ ചിന്ത ഉള്ളിലുണ്ടാകണം.

∙മകളിൽ നിന്ന് പഠിക്കാം: ഏതു ബന്ധത്തിലായാലും ഒ പ്പം നിന്നാൽ മതി. നിയന്ത്രണമല്ല വേണ്ടത്.

അറിവുകളുടെ ലോകം

അമ്മമാരേ, ഒരുകാര്യം തിരിച്ചറിയുക – പുതിയ കാലത്തെ വേഗത്തിൽ ഉൾക്കൊള്ളുന്നതു കൗമാരക്കാരാണ്. അവർ പിറന്നു വീണതു തന്നെ ഇന്റർനെറ്റിന്റെ ലോകത്തേക്കാണ്.

നിങ്ങൾ ഇപ്പോൾ പഠിച്ചെടുക്കുന്നതു പോലെയല്ല, അ വർ വളർന്നതു തന്നെ അറിവിന്റെ ആ വലിയ ലോകത്തിനൊപ്പമാണ്. അതുകൊണ്ടു തന്നെ മകളിലൂടെ അറിവിന്റെ വലിയ ലോകത്തെ കണ്ടെത്താൻ ശ്രമിക്കുക എന്ന ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കാനുള്ള അവസരമാണ് ഇതെന്നു തിരിച്ചറിയുക.

കൗമാരക്കാരാണു ലോകത്തിലെ മാറ്റങ്ങൾ ഏറ്റവും പെട്ടെന്ന് ഉൾക്കൊള്ളുന്നത്. ആ മാറ്റം നിങ്ങളും ഉൾക്കൊള്ളുന്നതോടെ പുതിയ തലമുറയുടെ പ്രതിനിധിയായി നിങ്ങളും മാറുകയാണ്. പ്രായമെന്നതു വെറും നമ്പർ മാത്രമാണെന്നു നിങ്ങളും നിങ്ങൾക്കു ചുറ്റുമുളളവരും അപ്പോൾ തിരിച്ചറിയും.

∙മകളിൽ നിന്നു പഠിക്കാം: പുതിയ കാലത്തെക്കുറിച്ചു പ ഠിച്ചാൽ തോൽക്കുന്നതു പ്രായമാണ്.

ആ തോന്നല്‍ ആപത്ത്

മകളേക്കാളും ജീവിതപരിചയം ഉള്ളതുകൊണ്ട് എനിക്കെല്ലാം അറിയാം – അമ്മമാർക്ക് ഈ തോന്നലുണ്ടെങ്കിൽ അതു മാറ്റണം. പാഠപുസ്തകങ്ങളിൽ‌ നിന്നായാലും ഇടപെടുന്ന മറ്റു മേഖലകളിൽ നിന്നായാലും അവർ‌ക്ക് ഒരുപാടു വിവരം കിട്ടുന്നുണ്ട്. അറിവിന്റെ കാര്യത്തിൽ‌ അമ്മയേക്കാളും ഒരു കാതം മുന്നിലാണു മകൾ എന്ന സത്യം തിരിച്ചറിയുക.

∙മകളിൽ നിന്നു പഠിക്കാം: അറിയാത്ത പല മേഖലകളെക്കുറിച്ചും പഠിക്കാനുള്ള അവസരമാണിത്. എല്ലാം അറിയാം എന്ന തോന്നൽ അകലുമ്പോഴേ നല്ല വിദ്യാർഥിയായി അമ്മ മാറൂ.

ദേഷ്യം മായ്ച്ചു കളയുക

അമ്മയ്ക്കെന്താണ് എന്നെ മനസ്സിലാകാത്തത്? ആ ചോദ്യത്തിൽ തകരുന്നതു മകളിലേക്കുള്ള പാലമാണ്. മകളെ തിരിച്ചറിയാൻ കഴിയാതാകുമ്പോഴാണു പലപ്പോഴും ദേഷ്യം തീയായ് പടരുന്നത്.

കൗമാരത്തിൽ അമിതവികാര പ്രകടനങ്ങൾ ഉണ്ടാകാം. ചില സമയത്തു അമ്മയോടു ഭയങ്കര ദേഷ്യം ആയിരിക്കും. ചിലപ്പോൾ ഇഷ്ടവും. ഈ വൈകാരിക വേലിയേറ്റങ്ങൾ എന്തുകൊണ്ടാണ് എന്ന് അമ്മയ്ക്കു തിരിച്ചറിയാൻ പറ്റണം. അത് അന്വേഷിക്കാനുള്ള മനോഭാവം വേണം. അതു കണ്ടെത്താനുള്ള കഴിവും വേണം. ഒപ്പം അതിനനുസരിച്ചു പെരുമാറാനുള്ള ശൈലിയും സ്വന്തമാക്കണം. ഈയൊരുമാറ്റം മകളുമായിട്ടുള്ള ബന്ധത്തിൽ മാത്രമല്ല മറ്റു ബന്ധങ്ങളെയും കൂടുതൽ ഊഷ്മളമാക്കാം.

∙മകളിൽ നിന്നു പഠിക്കാം: താൻ കരുതും പോലെ മറ്റുള്ളവർ പെരുമാറണമെന്നു കരുതുന്നതു തെറ്റാണ്. പരസ്പരം അംഗീകരിക്കുക.

സൗഹൃദത്തിന്റെ വൻകരകൾ

ചങ്ങാത്തങ്ങളാണു കൗമാരത്തിന്റെ ജീവൻ. അമ്മയോളം സ്വാധീനിക്കാൻ കഴിവുള്ള കൂട്ടുകാരിയോ കൂട്ടുകാരനോ മകൾക്ക് ഉണ്ടാകും. തുറന്ന മനസ്സോടെ ആ സത്യം തിരിച്ചറിയുക, അംഗീകരിക്കുക. മകളുടെ സൗഹൃദങ്ങളിലേക്ക് അവളുടെ അനുവാദത്തോടെ ഒരു വഴി അമ്മയ്ക്കു തുറക്കാവുന്നതാണ്. സിബിെഎ ആകാനല്ല. മറിച്ച് അമ്മയും എന്റെ കൂട്ടുകാരിയാണെന്ന ചിന്ത മകളിലുണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല. ഇതൊടെ അമ്മയ്ക്കു മകളോടും മകൾക്ക് അമ്മയോടും മനസ്സു തുറന്നുസംസാരിക്കാനുള്ള വഴി തുറന്നു കിട്ടും.

∙മകളിൽ നിന്നു പഠിക്കാം: പുതിയ കാലത്തിന്റെ ചിന്തകളും ചങ്ങാത്തത്തിന്റെ പോസിറ്റീവ് എനർജിയും അമ്മയ്ക്കു തിരിച്ചറിയാനാകും. പഴയ സൗഹൃദങ്ങളെ വീണ്ടെടുക്കാനും പുതുസൗഹൃദങ്ങളെ കണ്ടെത്താനുമുള്ള മനസ്സൊരുക്കമാകാം ഇത്.

മനസ്സു മാത്രമല്ല ലുക്കും മാറ്റാം

പുതുഫാഷനുകൾ പരീക്ഷിച്ചു നോക്കാനുള്ള മോ ഹം സ്വാഭാവികമായും മകൾക്കായിരിക്കും കൂടുതൽ. അതിനെല്ലാം അമ്മ കണ്ണടച്ച് എതിരു നിൽക്കരുത്. മുടിക്കു നിറം കൊടുക്കലൊക്കെ ആരോഗ്യത്തിനു കുഴപ്പമില്ലെങ്കിൽ മകൾ പരീക്ഷിക്കുന്നതിൽ എന്താണു തെറ്റ്. മകൾക്കു കംഫർട്ടബിളായ, അഭംഗിയില്ലെന്ന് അവൾക്കു തോന്നുന്ന വസ്ത്രം ധരിക്കട്ടെ. ഇത്തരം മാറ്റങ്ങൾ സ്വന്തം ജീവിതത്തിലേക്ക് അമ്മയ്ക്കും പകർത്താം. മകളുടെ നിർബന്ധത്തിനു വഴങ്ങാതെ ആത്മവിശ്വാസം കൂട്ടുന്ന ഏതു മാറ്റവും അമ്മയും സ്വീകരിക്കണം.

∙മകളിൽ നിന്നു പഠിക്കാം: മുടി മുറിക്കുന്നതിലൂടെ കളർ ചെയ്യുന്നതിലൂടെ ചുരിദാറിൽ നിന്ന് കുർത്തിയിലേക്കു മാറിയതിലൂടെ ആത്മവിശ്വാസമാണു കൂടുക.

115664047

വലിച്ചെറിയേണ്ട ചിന്തകൾ

നിറവും തടിയും ഉയരവുമൊന്നും പരിഹാസത്തിനുള്ള ആയുധമല്ലെന്ന ചിന്ത മകളിൽ നിന്ന് അമ്മ പഠിക്കണം. സ്ത്രീകൾ അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന ചിന്താഗതിയൊന്നും പുതുതലമുറയ്ക്കു വച്ചു പുലർത്താൻ പോലുമാകില്ല. അത് അടിച്ചേൽ‌പ്പിക്കാനും പാടില്ല. എവിടെയും തുല്യരാണ് എന്ന ചിന്താഗതിയാണു പങ്കുവയ്ക്കേണ്ടത്. സ്വാതന്ത്ര്യബോധവും വ്യക്തിത്വവും ഉള്ള ആളായാണു മകൾ വളരേണ്ടത്.

മകൾ കൗമാരത്തിലെത്തുമ്പോഴാണു മിക്ക അമ്മമാർക്കും ഇത്തരമൊരു തിരിച്ചറിവ് ലഭിക്കുക. പുതു ചിന്താഗതികൾ പ്രാക്ടീസ് ചെയ്യാനുള്ള അവസരം കൂടിയാണിത്. സ്ത്രീകളെല്ലാം അനുഭവിച്ച് കഴിയേണ്ടവരാണെന്ന് ചിന്തിക്കുന്ന ഭർത്താവോ മകനോ ഉണ്ടെങ്കിൽ അവരെ തിരുത്താൻ കിട്ടുന്ന അവസരവും പാഴാക്കരുത്.

∙ മകളിൽ നിന്നു പഠിക്കാം: വീട്ടിലായാലും സമൂഹത്തിലായാലും തുല്യത എന്ന വാക്കിന് വിലയുണ്ട്. നമ്മുടെ സംസാരത്തിൽ പോലും നിറവും രൂപവും ഒന്നും പരിഹാസത്തിനുള്ള വഴിയാക്കരുത്.

അടയ്ക്കരുത് ആ വാതിൽ

കൗമാരക്കാരിയായ മകളെ സംബന്ധിച്ചിടത്തോളം ഉപദേശം എന്ന വാക്ക് ചെകുത്താൻ കുരിശു കണ്ടതു പോലെയാണ്. അവർക്കു വേണ്ടത് ഉപദേശമല്ല. ‘എന്റെ അച്ഛന്‍ ഭയങ്കര സ്ട്രിക്ട് ആയിരുന്നു, അമ്മ എന്നെ ഇങ്ങനെയാണു വളർത്തിയത്.’ എന്ന മട്ടില്‍ ഭൂതകാലവുമായുള്ള താരതമ്യം ശരിയല്ല. ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് ഒരു ഗുണവുമില്ല. വെറുപ്പു സമ്പാദിക്കാം എന്നു മാത്രം. മാത്രമല്ല മകളിലേക്കുള്ള ജാലകങ്ങൾ അടഞ്ഞുപോകാനും സാധ്യതയുണ്ട്.

ആശയവിനിമയ ശൈലിയിൽ മാറ്റം വരുത്തിയാൽ മതി. പുതിയ കാലത്ത് ഉപദേശത്തിനു വിലയില്ലെന്നു തിരിച്ചറിയുക. അതിനു പകരം തുറന്ന സംസാരത്തിലൂടെ പറയാനുള്ള പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ ചർച്ചചെയ്യാം.
∙മകളിൽ നിന്നു പഠിക്കാം: തുറന്ന ആശയവിനിമയ ശേഷി. ചേച്ചി, അമ്മ റോൾ അല്ല ഒപ്പം നിന്നു ചങ്ങാതിമാരേപ്പോലെ സംസാരിക്കുന്നതാണു നല്ലത്. മകളോടെന്നല്ല ആരോടായാലും ഈ ഒരു ആശയവിനിമയ ശേഷി വളർത്തുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സി.ജെ. ജോൺ

സീനിയർ സൈക്യാട്രിസ്റ്റ്

മെഡിക്കൽ ട്രസ്റ്റ്

ഹോസ്പിറ്റൽ, കൊച്ചി

കെ. ജി. ജയേഷ്

സൈക്കോളജിസ്റ്റ്, ‌

ജനറൽ ഹോസ്പിറ്റൽ,

ഇരിങ്ങാലക്കുട, തൃശൂർ

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ