കുട്ടിയെ അറിഞ്ഞ്, പ്രായത്തിന് ചേരുന്ന ട്രെൻഡിയായ കളിപ്പാട്ടം തിരഞ്ഞെടുക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
ടെഡി ബെയറിനു ടാറ്റാ കൊടുത്തപ്പോൾ ടെഡിയുടേതു പോലെ കലക്കനൊരു ക്യൂട്ട് ബോ മിന്നൂട്ടിക്കും ഉണ്ടായിരുന്നു. കുരങ്ങച്ചനൊപ്പം ഉണ്ടക്കണ്ണുരുട്ടി ജനലിൽ വലിഞ്ഞു കേറാനും ഉരുണ്ടു വീണും പിരണ്ടെണീറ്റും വിരണ്ടോടുന്ന കുരങ്ങച്ചന് മരുന്നുചെപ്പു തുറന്ന് ബാൻഡ്എയ്ഡ് ചുരുട്ടിയൊട്ടിക്കാനും അവൾക്കെന്തിഷ്ടാണെന്നോ!
വീട്ടുകാർക്ക് ഇതെല്ലാം വെറും കളിപ്പാട്ടങ്ങളാകാം. പക്ഷേ, കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങൾ ‘സന്തോഷം നിക്ഷേപിച്ച ബാങ്ക്’ ആണ്. ആ ബാങ്കിൽ അവൾ നിക്ഷേപിക്കുന്ന സമയത്തിന് പലിശയടക്കം തിരികെ തരാൻ ശേഷിയുണ്ട്. പാഴ്‌വേലയെന്നു തോന്നുമെങ്കിലും വളർച്ചയുടെ സുപ്രധാന പടവാണ് കുട്ടിക്കളികൾ.
സൂക്ഷ്മ പേശീവികസനം, യുക്തി വികസനം, ബുദ്ധി വികസനം, സാമൂഹികവും വൈകാരികവുമായ വികസനം എന്നിങ്ങനെ എണ്ണമറ്റ കഴിവുകൾ കണ്ടെടുക്കാൻ കുട്ടിക്കളികൾ സഹായിക്കും. അതിനുവേണ്ട സാഹചര്യവും കളിപ്പാട്ടങ്ങളും ആക്ടിവിറ്റികളും ഒരുക്കിക്കൊടുത്ത് കുട്ടികളെ കളിക്കാൻ വിടുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. ഓരോ പ്രായത്തിനും ഇണങ്ങുന്ന കളിപ്പാട്ടങ്ങളും കുട്ടിക്കളികളും വ്യത്യസ്തമാണ്. കുട്ടിയെ അറിഞ്ഞ്, പ്രായത്തെ അറിഞ്ഞ്, മാറുന്ന ട്രെൻഡുകൾ അറിഞ്ഞ് കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
മൂന്ന് മാസം വരെ
നവജാതശിശുക്കൾക്കു കളിപ്പാട്ടങ്ങളേക്കാൾ ആവശ്യം മാതാപിതാക്കളുടെ സാമീപ്യമാണ്. കുഞ്ഞുങ്ങൾക്കൊപ്പമിരിക്കുമ്പോൾ നിറങ്ങളും പലതരം ആകൃതികളും ശബ്ദങ്ങളുമുള്ള കളിപ്പാട്ടങ്ങൾ കളിപ്പിക്കാൻ തിരഞ്ഞെടുക്കാം,
∙ മുതിർന്നവരെപ്പോലെ പല നിറങ്ങൾ കാണാനുള്ള ശേഷി നവജാത ശിശുക്കൾക്കില്ല. അതുകൊണ്ട് വെളുപ്പും കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കാം.
ആദ്യം മാസം കഴിയുമ്പോൾ പ്രൈമറി നിറങ്ങളിലുള്ള (പച്ച, മഞ്ഞ, ചുവപ്പ്, നീല) കളിപ്പാട്ടങ്ങൾ കൊണ്ട് കളിപ്പിക്കാം.
∙ ശബ്ദമുണ്ടാക്കുന്ന ‘കിലുക്കി’കളാണ് കുഞ്ഞുങ്ങൾക്ക് ഏറെയിഷ്ടം. തൊട്ടിലിൽ സുരക്ഷിതമായി തൂക്കിയിടാവുന്ന വിൻഡ് ചൈമുകളും അവരെ രസിപ്പിക്കും.
∙ തടികൊണ്ടും തുണികൊണ്ടുമുള്ള കളിപ്പാട്ടങ്ങളാണ് നല്ലത്. ഇവ പ്രകൃതിക്കു ദോഷം ചെയ്യില്ല, വൃത്തിയാക്കി ഉപയോഗിക്കുകയും ചെയ്യാം.
∙ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വാങ്ങുകയാണെങ്കിൽ ഗുണനിലവാരം ഉറപ്പുവരുത്തണം. ബിപിഎ ഫ്രീ എന്ന ലേബലിലെത്തുന്ന കളിപ്പാട്ടങ്ങളെല്ലാം അങ്ങനെയാകണമെന്നില്ല. അതുകൊണ്ട് മികച്ച ബ്രാൻഡുകളുടെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളാണ് സുരക്ഷിതം. നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുഞ്ഞ് വായിൽ വയ്ക്കുന്നത് ദോഷകരമായി മാറിയേക്കാം.
∙ കുഞ്ഞിക്കയ്യിൽ മുറുകെപ്പിടിക്കാൻ പറ്റുന്ന സ്ക്വീസ് കളിപ്പാട്ടങ്ങള്‍, ക്ലോത് ക്ലച് ബോൾസ്, അധികം പൊ ടി തങ്ങിനിൽക്കാനും നൂലിളകാനും സാധ്യതയില്ലാത്ത സോഫ്റ്റ് ടോയ്സ്... ഇവ കുഞ്ഞികളിപ്പാട്ടങ്ങളിൽ ഉൾപ്പെടുത്താം.
∙ കളിപ്പാട്ടങ്ങൾ ഇടയ്ക്കിടെ തുടച്ചും ആഴ്ചയിലൊരിക്കൽ കഴുകിയുണക്കിയും വൃത്തി യാക്കണം. തടികൊണ്ടുള്ള കളിപ്പാട്ടം കഴുകരുതെന്ന് പ്രത്യേകം പറയേണ്ടല്ലോ. പകരം ഇവ ഈർപ്പമുള്ള തുണി കൊണ്ടും പിന്നീട് ഉണങ്ങിയ തുണികൊണ്ടും തുടച്ച് ഉണക്കി സൂക്ഷിക്കാം.
നാല് മുതൽ ഏഴ് മാസം വരെ
വസ്തുക്കൾ കൈനീട്ടിപ്പിടിക്കാനും ശബ്ദം കേട്ട ദിശയിലേക്ക് നോക്കാനും കയ്യിൽ കിട്ടുന്നതെന്തും വായിലേക്ക് കൊണ്ടുപോകാനും കുഞ്ഞുങ്ങൾ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. മൂന്നടി വരെ ദൂരത്തിലുള്ള വസ്തുക്കൾ അവ ർക്ക് കാണാൻ കഴിയും.
∙ അരികുകൾ മൃദുവായ കളിപ്പാട്ടങ്ങൾ മാത്രമേ കുഞ്ഞിനു കൊടുക്കാവൂ. പാട്ടു പാടിയും ശബ്ദമുണ്ടാക്കിയും ര സിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ തുടരുന്നതിനൊപ്പം റിങ്സ്, പല രൂപങ്ങളിലുള്ള മൃദുവായ കളിപ്പാട്ടങ്ങൾ എന്നിവ നൽകാം.
∙ പല്ലു മുളച്ചുതുടങ്ങുന്ന പ്രായത്തിലെ മോണയുടെ കരികരുപ്പ് മാറാൻ പല നിറത്തിലും രൂപത്തിലുമുള്ള ടീത്ത ർ നൽകാം.
∙ കമഴ്ന്നു വീഴുന്ന പ്രായം മുതൽ ദിവസവും അൽപനേരം സെൻസറി മാറ്റുകളിൽ കുഞ്ഞിനെ കിടത്താം. കുഞ്ഞിന്റെ ശാരീരിക മാനസിക വികസനത്തിന് സഹായിക്കും ഇത്.
എട്ട് മുതൽ പന്ത്രണ്ട് മാസം വരെ
കുഞ്ഞുങ്ങൾ നീന്തി നടക്കുകയും മാതാപിതാക്കളെ തിരിച്ചറിയുകയും ചെയ്യുന്ന ഘട്ടമാണിത്. എണീറ്റിരിക്കാനും സാധനങ്ങൾ പെറുക്കിയെടുക്കാനും കുഞ്ഞിനാകും. തള്ളവിരലും മറ്റു വിരലുകളും ഒന്നിച്ചുള്ള പ്രവർത്തനം ഇപ്പോഴാണ് സാധ്യമാകുന്നത്. അതിനുള്ള കഴിവ് വർധിപ്പിക്കുന്ന തരത്തിലുള്ള കളിപ്പാട്ടം വേണം ഈ പ്രായത്തിൽ നൽകാൻ.
∙ ബട്ടൺസും കീയും അമർത്തുമ്പോൾ പൊങ്ങി വരുന്ന രൂപങ്ങൾ, കൂടുതൽ ബൗ ൺസ് ചെയ്യാത്ത പന്തുകൾ എന്നിവയൊക്കെ അനുയോജ്യമാണ്.
∙ രണ്ടു സാധനങ്ങൾ തമ്മിൽ കൊട്ടിയും കയ്യിൽ കിട്ടുന്നവ ദൂരേക്ക് എ റിഞ്ഞും കളിക്കുന്ന സമയമാണിത്. എറിഞ്ഞാൽ കേടു വരാത്തതും വായിൽ വച്ചാൽ നിറമിളകിയും പൊട്ടിയും അപകടം വരാത്തതുമായ കളിപ്പാട്ടം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
∙ ബേബി ബ്ലോക്സ്, ടെന്റ് ഹൗസ്, ടീത്തിങ് ടോയ്സ്, സൈലോഫോൺ, സ്റ്റാക്കിങ് റിങ്സ്, പല ആകൃതികളിലുള്ള രൂപങ്ങളും അവ ചേരുംപടി ചേർത്തുവയ്ക്കാനും കഴിയുന്ന പസില്‍, പെർമനൻസ് ബോക്സ് (രൂപങ്ങളും അവ ഒളിച്ചുവയ്ക്കാനുള്ള ബോക്സുമായി എത്തുന്നവ) ഒരേ നിറത്തിലുള്ളവയുടെ പല രൂപങ്ങളുള്ള കാർഡ്സ് ഇവയൊക്കെ ഈ പ്രായത്തിൽ കളിക്കാൻ കൊടുക്കാം.
∙ കുഞ്ഞുങ്ങളെ ബാത്ടബ്ബിൽ കുളിപ്പിക്കുന്ന സമയത്ത് റബർ അല്ലെങ്കിൽ സിലിക്കൺ കൊണ്ടുള്ള കളിപ്പാട്ടങ്ങൾ കളിക്കാൻ കൊടുക്കാം. ആഴ്ചയിലൊരിക്കൽ ബബിൾ ബാത്തും നൽകാം. കുമിളകളും കുട്ടികൾക്ക് പ്രിയപ്പെട്ട കളിപ്പാട്ടമാണ്.
ഒന്ന് മുതൽ രണ്ട് വയസ്സ് വരെ
കുഞ്ഞ് തനിയേ എണീറ്റുനിന്ന് പിടിച്ചു നടക്കാൻ തുടങ്ങും. കേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കും. അമ്മയായും ഡോക്ടറായും സങ്കൽപിച്ച് ‘റോൾ പ്ലേ’ കളിച്ചു തുടങ്ങുന്നത് ഈ പ്രായത്തിലാണ്.
∙ ഡോക്ടർ കിറ്റ്, കിച്ചൻ സെറ്റ്, പാവകൾ, ബിൽഡിങ് ബ്ലോക്സ് ഇവയൊക്കെ ഈ പ്രായത്തിൽ നൽകാം.
∙ ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വില കൂടിയ കളിപ്പാട്ടങ്ങൾ കുട്ടികളുടെ വികാസത്തിനുള്ള സാധ്യതകൾ കുറയ്ക്കും. ലളിതമായ കളിപ്പാട്ടങ്ങളാണ് ഉത്തമം.
∙ തുണികൊണ്ടുള്ള ബുക്കുകളും പല ടെക്സ്ചറുകൾ തൊട്ടു നോക്കി തിരിച്ചറിയാവുന്ന ടച്ച് ബുക്കുകളും ഈ പ്രായത്തിൽ നൽകിത്തുടങ്ങാം.
∙ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും വലിയ ചിത്രങ്ങളുള്ള ബുക്കുകൾ കാണിച്ച് അവരോടു സംസാരിക്കുന്നതും പ്രയോജനകരമാണ്.
∙ കളിപ്പാട്ടങ്ങളിലൂടെ മാത്രമല്ല കളി, കുഞ്ഞു ജോലികളും അവർക്ക് കളികളാകും. തുണികൾ ഒന്നിനു മുകളിൽ ഒന്നായി എടുത്തു വയ്ക്കുന്നതും പച്ചക്കറികൾ തൊട്ടറിയുന്നതും മുട്ടയ്ക്കുള്ളിൽ എന്താണെന്നറിയുന്നതും വെള്ളം ഐ സാകുന്നതു കാണുന്നതുമെല്ലാം കുഞ്ഞുങ്ങളിൽ കൗതുകമുണർത്തും.
∙ സംഗീതോപകരണങ്ങളും ആകൃതിക്കനുസരിച്ച് അടുക്കി വയ്ക്കുന്ന കളിപ്പാട്ടങ്ങളും ബുദ്ധിവികാസത്തിന് ഉപകരിക്കും.
രണ്ട് മുതൽ മൂന്ന് വയസ്സ് വരെ
മറ്റു കുട്ടികൾക്കൊപ്പം കളിക്കാൻ അവസര മൊരുക്കുന്നത് കുട്ടികളെ മിടുക്കരാക്കും. ത ന്റെ ഊഴത്തിനായി കാത്തിരിക്കാനും മറ്റും കുഞ്ഞ് പഠിക്കുന്നത് ഒരുമിച്ചുള്ള കളികളിലൂടെയാണ്.
വലുതാകുന്നതോടെ മുൻപ് ക ളിച്ചിരുന്ന ബേബി ബ്ലോക്സിൽപ്പോലും പുതിയ സാധ്യതകൾ കണ്ടെത്താൻ അവർക്കാകും.
∙ ഇനി കളിപ്പാട്ടം വാങ്ങുമ്പോ ൾ അവരുടെ ഇഷ്ടം കൂടി പരിഗണിക്കണം.
∙ ലിംഗാധിഷ്ഠിതമായ വേർതിരിവ് കളിപ്പാട്ടങ്ങളുടെ കാര്യത്തിലും വേണ്ട. പിങ്ക് പെൺകുട്ടിക്കും ബ്ലൂ ആൺകുട്ടിക്കും, തോക്ക് ആൺകുട്ടിക്കും പാവക്കുട്ടി പെൺകുട്ടിക്കും എന്നിങ്ങനെ വേർതിരിവുകളില്ലാതെ അവർ ആഗ്രഹിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങി നൽകാം. കുട്ടികളിലെ ആത്മാഭിമാനവും തീരുമാനമെടുക്കാനുള്ള കഴിവും വളർത്തുന്നതിന് ഇതു സഹായിക്കും.
∙ വെള്ളയ്ക്ക, ഓലക്കാൽ പോലുള്ളവ പറമ്പിൽ നിന്ന് തേടിയെടുക്കാൻ കുട്ടിയോടു പറയാം. അതുകൊണ്ട് കളിപ്പാട്ടങ്ങൾ തയാറാക്കി അവർക്ക് നൽകാം. പപ്പായത്തണ്ട് സ്ട്രോ പോലെ മുറിച്ച് സോപ്പുലായനിയിൽ മുക്കി കുമിളകൾ ഊതി വിടാം. ചുറ്റുപാടുകൾ കൂടുതൽ നിരീക്ഷിക്കാൻ കുട്ടികൾക്ക് കളികളിലൂടെ അവസരമൊരുക്കാം.
∙ ഒരു പാത്രത്തിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ചു മാറ്റുന്നതും ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നതും ഈ പ്രായത്തിലെ പ്രധാന കളിയാണ്. കുട്ടി കളുടെ പല വിധ ബൗദ്ധികവും ശാരീരികവുമായ വികസനത്തിന് ഈ കളി സഹായിക്കും.
മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ
കളിപ്പാട്ടങ്ങളെ കടത്തിവെട്ടി ആക്ടിവിറ്റി ബോക്സുകളും ക്രാഫ്റ്റ് കിറ്റുകളുമാണ് ഈ പ്രായത്തിലെ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളിലെ ട്രെൻഡ്. പക്ഷേ, വിദഗ്ധർ പറയുന്നത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഇത്തരത്തിലുള്ള കളികൾ പരിമിതമായ സമയത്തേക്കു മാത്രം കൊടുത്താൽ മതി എന്നാണ്. ഇത്തരം കളികളിൽ ഒന്നര – രണ്ടു മണിക്കൂർ മാത്രം കുട്ടികൾ മുഴുകട്ടെ.
∙ ആക്ടിവിറ്റി ബോക്സുകളിൽ ഏതു പ്രായത്തിലെ കുട്ടിക്കാണ് അത് അനുയോജ്യമെന്ന് എഴുതിയിട്ടുണ്ടാകും. അതനുസരിച്ച് വാങ്ങുക.
∙ സ്വതന്ത്രമായി ചിന്തിക്കാനും ഇഷ്ടമുള്ള കളികൾ സ്വയം തിരഞ്ഞെടുക്കാനും കണ്ടെത്താനും കൂട്ടു ചേർന്നു കളിക്കാനുമാണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടത്. ഇ തിലൂടെയാണ് വേഗത്തിൽ കുട്ടികളുടെ കഴിവുകൾ വികസിക്കുന്നതും.
∙ വസ്തുക്കൾ വലിക്കാനും ഉയർത്താനുമെല്ലാം ഈ പ്രായത്തിൽ കുട്ടികൾ പ്രാപ്തരാകും. മുത്തു കോർക്കാനും (കുട്ടികൾ ഇവ വായിലോ മൂക്കിലോ ഇടുന്നില്ലെന്ന് ശ്രദ്ധിക്കണം) ചിത്രം വരയ്ക്കാനും കൊടുക്കുന്നത് ഈ പ്രായത്തിൽ ഏറെ നല്ലതാണ്.
∙ മാഗ്‌നിഫൈയിങ് ലെൻസ് ഈ പ്രായത്തിലെ നല്ലൊരു കളിപ്പാട്ടമാണ്. പറമ്പിലൊക്കെ നടക്കാനും ലെൻസുപയോഗിച്ച് വസ്തുക്കളെ നിരീക്ഷിക്കാനുമൊക്കെ കൊടുക്കാം.
∙ പടങ്ങൾ വെട്ടിയൊട്ടിക്കാനും വിത്തുമുളപ്പിക്കാനുമൊക്കെ നൽകാം. കുട്ടികൾക്കു വേണ്ടി ഇത്തരം വിത്തു മുളപ്പിക്കലും പഞ്ഞി പശയിൽ മുക്കി ഒട്ടിക്കലും ക്രാഫ്റ്റ് കത്രികയുപയോഗിച്ച് പടങ്ങൾ വെട്ടിയെടുക്കാനുമൊക്കെയായി ആക്ടിവിറ്റി ബോക്സുകൾ ലഭ്യമാണ്.
∙ കളിമണ്ണു കുഴയ്ക്കാനും ചപ്പാത്തി മാവുപയോഗിച്ച് രൂപങ്ങളുണ്ടാക്കാനും പേപ്പർ മടക്കി വിശറിയാക്കാനുമൊക്കെ കൊടുക്കാം.
∙ സ്പോർട്സിൽ താൽപര്യമുള്ള കുട്ടികൾക്ക് റോളർ സ്കേറ്റിങ്ങിന് അവസരമൊരുക്കാം. ചെറിയ ടൈപ്പ് ബാസ്കറ്റ് ബോൾ വീട്ടിലെ ചുവരിൽ പിടിപ്പിച്ച് കളിക്കാം.
ഈ പ്രായത്തിലെ കുട്ടികൾക്കായി ടെന്നീസ് കിറ്റും ബാഡ്മിന്റൻ കിറ്റുമൊക്കെ ഓമനത്തമുള്ള രൂപങ്ങളിൽ ലഭ്യമാണ്.
ആറ് മുതൽ പത്ത് വയസ്സ് വരെ
കുട്ടിയുടെ അഭിരുചികളും താൽപര്യങ്ങളും തിരിച്ചറിഞ്ഞാകണം ഇനിയങ്ങോട്ട് അവരുടെ കളികൾ. സംഗീതതാൽപര്യമുള്ള കുട്ടിയെ ഗ്രൗണ്ടിലെ കളികൾക്ക് നിർബന്ധിക്കരുത്; തിരിച്ചും. കൂട്ടുകൂടിയുള്ള കളികളോട് കുട്ടികൾ പൊതുവെ നല്ല കമ്പം കാണിക്കും.
∙ വിഡിയോ ഗെയിം പരിധി വിടാതെ ശ്രദ്ധിക്കണം. പുസ്തകങ്ങൾ, ചിത്രം വര, സംഗീതോപകരണങ്ങൾ, സ്പോർട്സ്, ബോർഡ് ഗെയിംസ്, സയൻസ് ടോയ്സ്, ബൈനോക്കുലർ ഇവയൊക്കെ കുട്ടിയുടെ താൽപര്യത്തിനൊത്തവിധം നൽകാം. മൊബൈൽ ഫോൺ കളിപ്പാട്ടമായി നൽകേണ്ടതില്ല. റേഡിയേഷനും അഡിക്‌ഷനുമേ ഇത് വഴിവയ്ക്കൂ.
∙ പ്രിയപ്പെട്ടവരുടെ ഊഷ്മളമായ സാന്നിധ്യത്തിനും സ്നേഹപ്രകടനങ്ങൾക്കും പകരമാകില്ല കളിപ്പാട്ടങ്ങൾ. എപ്പോഴും കളിപ്പാട്ടങ്ങളുമായി ഇരിക്കുന്നതിനു പകരം സമപ്രായക്കാരുമായും പല പ്രായത്തിലെ കുട്ടികളുമായും ഇടപഴകാൻ സാഹചര്യം ഒരുക്കി നൽകണം. കളികളിലൂടെ മനസ്സിലാക്കുന്ന കാര്യങ്ങളാണ് കുട്ടികൾ ജീവിതത്തിൽ പഠിക്കുന്ന വലിയ പാഠങ്ങൾ. പഠിച്ചും കളിച്ചും മിടുക്കരായി അവർ വളരട്ടെ.
തയാറാക്കിയത്: ഡെല്‍ന സത്യരത്ന
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. നിർമല എ,
ചൈൽഡ് സൈക്കോളജിസ്റ്റ്,
ശാന്തിനികേതൻ സ്കൂൾ, തിരുവനന്തപുരം
അഥീന മറിയം,
ചൈൽഡ് സൈക്കോളജിസ്റ്റ്
അശോക വേൾഡ് സ്കൂൾ, കൊച്ചി
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ