അച്ഛമ്മയെ ഫോൺ വിളിച്ചു കിട്ടാതിരുന്നാൽ എന്ത് ചെയ്യും? എഐ ഉപയോഗിച്ച് 15 ആപ്പുകൾ സ്വന്തമായി നിർമിച്ച് പതിനഞ്ചുകാരൻ
കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര ജനറേറ്റീവ് എ ഐ കോൺക്ലേവിലെ പ്രദർശനത്തിൽ പ്രധാന ആകർഷണം പതിനഞ്ചുകാരൻ ഉദയ് ശങ്കറാണ്. എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് 15 ആപ്പുകൾ സ്വന്തമായി നിർമ്മിച്ച ഉദയ് പക്ഷേ എട്ടാം ക്ലാസിൽ വച്ച് ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചതാണ്.
അച്ഛമ്മയെ ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നാൽ എന്ത് ചെയ്യും? എന്തായാലും നമ്മൾ ചെയ്യുന്നതല്ല കൊച്ചി തമ്മനം സ്വദേശിയായ 15 കാരൻ ഉദയ് ശങ്കർ ചെയ്തത്. എട്ടാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച ഉദയ്, എ.ഐ ഉപയോഗിച്ച് അച്ഛമ്മയെ സൃഷ്ടിക്കാൻ ഒരുങ്ങിയത് കഥയല്ല, യാഥാർഥ്യമാണ്.
ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ് സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പ് ഉദയ് തുടങ്ങുന്നത് ഇങ്ങനെയാണ്. കൊച്ചി തമ്മനം സ്വദേശി ഡോ.രവികുമാറിന്റെയും ശ്രീകുമാരി വിദ്യാധരന്റെയും മകനാണ് ഉദയ് ശങ്കര്‍. കുട്ടിയായിരിക്കുമ്പോഴേ ടെക്‌നോളജിയിൽ താത്പര്യമുള്ളതിനാല്‍ എട്ടാം ക്ലാസില്‍ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കെത്തി.
മള്‍ട്ടിടോക്ക് അവതാര്‍ എഐ സ്യൂട്ട് ഉപയോഗിച്ചുള്ള ക്ലിന്‍അല്‍ക്കയാണ് ഉദയിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തം. നിലവിൽ 15 ആപ്പുകൾ സ്വന്തമായി നിർമ്മിച്ചിട്ടുള്ള ഉദയിന്റെ സ്റ്റാര്‍ട്ടപ്പ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.