എൺപതിലും എഴുത്തിന്റെ യൗവനമുള്ള വിവർത്തക. ‘ദി ആൽകെമിസ്റ്റ് ’ ഉൾപ്പെടെ നിരവധി വിദേശകൃതികൾ മലയാളത്തിലാക്കിയ രമാ മേനോൻ

പുസ്തകങ്ങൾ ധാരാളമുള്ള വീട്. കുഞ്ഞു രമയുടെ മനസ്സിൽ അ ക്ഷരങ്ങള്‍ പാർപ്പുറപ്പിക്കാൻ മറ്റു കാരണങ്ങൾ വേണ്ടല്ലോ.

ADVERTISEMENT

രണ്ടാം ക്ലാസ്സിലെ അവധിക്കാലത്തു സാഹിത്യകാരനും കേരള സാഹിത്യ അ ക്കാദമി അധ്യക്ഷനുമായിരുന്ന അച്ഛൻ പുത്തേഴത്ത് രാമന്‍ മേനോന്‍ വാങ്ങിക്കൊടുത്ത ‘വ്യാസന്റെ വിരുന്ന്’ എന്ന വിവർത്തന ഗ്രന്ഥമാണ് ആദ്യം വായിച്ചത്. തൊട്ടു പിന്നാലെ അദ്ദേഹം തന്നെ മലയാളത്തിലേക്കു മൊഴിമാറ്റിയ ‘ടാഗോറിന്റെ കഥകൾ’’ പിന്നീടങ്ങോട്ടു വായനയുടെ പൂക്കാലമായിരുന്നു.

പക്ഷേ, അപ്പോഴേക്കും കണ്ണിലെ വെളിച്ചം മെല്ലെ കുറയാൻ തുടങ്ങി. ഒന്നാം ക്ലാസ് മുതൽ കണ്ണട ഉപയോഗിക്കേണ്ടി വന്നു. പഠനത്തിന്റെ ആയാസം കണ്ണുകൾക്കു താങ്ങാനാകില്ലെന്നായതോടെ പത്താം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിച്ചു. പക്ഷേ, വായനയുടെ ലോകം പിന്നെയും വളർന്നു. ഒപ്പം എഴുത്തിലും പിച്ചവച്ചു തുടങ്ങി.

ADVERTISEMENT

ആ നിശ്ചയദാർഢ്യം പിന്നീടു മലയാള സാഹിത്യത്തിന് അനുഗ്രഹമായി. പൗ ലോ കൊയ്‌ലോയുടെ ‘ദി ആൽകെമിസ്റ്റ്, ഹെർമൻ ഹെസ്സയുടെ ‘സിദ്ദാർത്ഥ, ഖാലിദ് ഹൊസൈനിയുടെ ‘കൈറ്റ് റണ്ണേഴ്സ്’ ഇ.എം. ഫോസ്റ്ററിന്റെ ‘എ പാസേജ് ടു ഇന്ത്യ’ തുടങ്ങി അറുപതിലധികം ലോക ക്ലാസ്സിക്കുകൾ മലയാളത്തിലേക്കെത്തിച്ചത് ഈ പഴയ മലയാളം മീഡിയം പത്താംക്ലാസ്സുകാരിയാണ്. 80ാം വയസ്സിലും വർഷത്തിൽ രണ്ടും മൂന്നും വിദേശ പുസ്തകങ്ങൾ രമാ മേനോന്റെ മനോഹര പരിഭാഷയിൽ മലയാളിയെ തേടിയെത്തുന്നു.

കഥകൾ വിരിഞ്ഞ കാലം

ADVERTISEMENT

‘‘ഞാൻ ജനിക്കുമ്പോൾ അച്ഛന് അൻപത്തിയഞ്ചും അമ്മ ജാനകിക്കു നാൽപ്പത്തിയെട്ടുമായിരുന്നു പ്രായം. പത്താമത്തെ കുട്ടിയായിരുന്നു ഞാൻ. ഇളയ കുട്ടിയായതിന്റെ വാൽസല്യക്കൂടുതലും കരുതലും ആ വോളം കിട്ടിയിരുന്നു. മൂത്ത ചേച്ചിയുടെ മ കൾക്കും എനിക്കും ഒരേ പ്രായമാണ്.

പഠനം നിർത്തിയെങ്കിലും ഒരു ജോലി നേടത്തക്ക എന്തെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണമെന്ന് എനിക്കു തോന്നി. അങ്ങനെ മദ്രാസ് കലാക്ഷേത്രയിൽ രണ്ടു വർഷത്തെ മോണ്ടിസോറി ട്രെയിനിങ്ങിനു ചേർന്നു. അതാണ് മലയാളം മീഡിയത്തി ൽ പഠിച്ചിരുന്ന എനിക്ക് ഇംഗ്ലിഷ് ഭാഷയി ൽ അടിസ്ഥാന ധാരണ നൽകിയത്.

പത്താം ക്ലാസ് വരെ മലയാളം പുസ്തകങ്ങൾ മാത്രമേ വായിച്ചിട്ടുള്ളൂ. പിന്നീടാണ് ഇംഗ്ലിഷിലുള്ള വായന തുടങ്ങുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയത്.

1984 ല്‍ കുങ്കുമം ചെറുകഥാ സമ്മാനം കിട്ടിയതോടെ എഴുതാനുള്ള ആത്മവിശ്വാസം കൂടി. എഴുതിയ കഥകളൊക്കെ ആനുകാലികങ്ങളില്‍ വന്നു. സ്മാരകം, പൈതൃകം എന്നീ രണ്ടു ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുപതാം വയസ്സില്‍ വിവാഹം കഴിഞ്ഞ് ടെക്സ്‌റ്റൈല്‍ എന്‍ജിനീയറായ ഭർത്താവ് ഐ.വി. നാരായണ മേനോനോടൊപ്പം അഹമ്മദാബാദിലെത്തി.

രണ്ട് വയസ്സുള്ള മകന്‍ മാധവചന്ദ്രനെ നഴ്സറിയിൽ ചേർക്കാൻ പോയപ്പോൾ അവിടുത്തെ പ്രിൻസിപ്പലുമായി കുറച്ചു നേരം സംസാരിച്ചു. പിരിയാനൊരുങ്ങുമ്പോൾ ഇവിടെ പഠിപ്പിക്കാൻ താൽപര്യമുണ്ടോ എന്നവർ ചോദിച്ചു. എനിക്കും സന്തോഷമായി. അങ്ങനെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ ഇംഗ്ലിഷും സോഷ്യൽ സ്റ്റഡീസും പഠിപ്പിക്കാൻ തുടങ്ങി. 27 വർഷം അവിടെയായിരുന്നു.

അഹമ്മദാബാദിൽ നിന്നു തിരികെ വന്ന്, ആദ്യത്തെ എട്ടു വർഷം തൃശൂർ കേരളവർമ കോളജിനടുത്തു വീട് വാങ്ങി താമസമാക്കി. അക്കാലത്തും കഥകളെഴുതിയിരുന്നു. ഒപ്പം സാധാരണക്കാരായ വിദ്യാർഥികൾക്കു സൗജന്യമായി ട്യൂഷനെടുക്കാനും തുടങ്ങി. അദ്ദേഹം കണക്കും ഞാൻ ഇംഗ്ലിഷും പഠിപ്പിക്കും. ‘കാശൂല്യ പൂശൂല്യ’ എന്ന് കുട്ടികൾ പറയും. കാശും കൊടുക്കണ്ട, അടിയും കിട്ടില്ലെന്നർഥം.

ഇതിനിടെയാണു തൊണ്ടയിൽ കാൻസർ വന്നത്. കൂർക്കം വലിക്കാത്ത ആളായിരുന്നു ഞാൻ. പെട്ടെന്നൊരു ദിവസം മുതൽ ഭയങ്കരമായി കൂർക്കംവലി തുടങ്ങി. പരിശോധനയിൽ കാൻസറെന്നു തെളിഞ്ഞു. രണ്ടുവർഷം നീണ്ട ചികിത്സ. പക്ഷേ, അന്നൊന്നും യാതൊരു ടെൻഷനും തോന്നിയില്ല. ഇനി ഒരിക്കൽ കൂടി അത്തരമൊരു സാഹചര്യം നേരിടാനുള്ള മനക്കരുത്തില്ല. ഇപ്പോൾ 12 വർഷം കഴിഞ്ഞു. മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല.

സ്പെയിൻ വഴി വന്ന ആൽകെമിസ്റ്റ്

56 വയസ്സിലാണ് ‘ദി ആൽക്കെമിസ്റ്റ്’ ഞാൻ മലയാളത്തിലാക്കിയത്. അതുവരെ വിവർത്തനത്തെക്കുറിച്ചു ചിന്തിച്ചിട്ടേയില്ല. മകൻ മാധവചന്ദ്രന് ഫോർ‌ഡ് മോട്ടേഴ്സിലാണു ജോലി. കുട്ടിക്കാലം മുതൽ നന്നായി വായിക്കും. അവന്റെ ഭാര്യ ഫ്രഞ്ചുകാരി സബീനും നല്ല വായനക്കാരിയാണ്.

1997 ൽ സ്പെയിനിൽ ജോലി ചെയ്തിരുന്ന കാലത്താണ് അവർ ‘ദി ആൽക്കെമിസ്റ്റ്’ സ്പാനിഷിൽ വായിച്ചത്.

മോനാണ് ആൽക്കെമിസ്റ്റിനെക്കുറിച്ചു പറഞ്ഞതും അ തിന്റെ ഇംഗ്ലിഷ് പതിപ്പ് വാങ്ങിത്തന്നതും. വായിച്ചപ്പോൾ വളരെ ഇഷ്ടപ്പെട്ടു. അതു മകനോടു പറഞ്ഞു.‘എങ്കിൽ അമ്മയ്ക്കിതു മലയാളത്തിലേക്കു വിവർത്തനം ചെയ്തൂടേ’ എന്നായി അവൻ. എനിക്ക് ഇംഗ്ലിഷ് അത്രയൊക്കെ അറിയുമോ, എന്നെക്കൊണ്ട് സാധിക്കുമോ എന്നൊന്നും യാതൊരു തിട്ടവുമുണ്ടായിരുന്നില്ല.

എങ്കിലും ഒന്നു ശ്രമിക്കാമെന്നു കരുതി. അതൊരു കർക്കടക മഴക്കാലമായിരുന്നു. മറ്റൊന്നും ചെയ്യാനില്ല. അങ്ങനെ തുടങ്ങി. ഓരോ പേജുകളും പെട്ടെന്നു നീങ്ങി. ഒരു മാസത്തിനുള്ളിൽ തീർന്നു. പക്ഷേ, ഇനിയെന്തു ചെയ്യണമെന്നറിയില്ല. മാസങ്ങളോളം അതെന്റെ കയ്യിലിരുന്നു.

അങ്ങനെയിരിക്കെ സാഹിത്യ അക്കാദമിയിൽ ഒരു പരിപാടിക്കിടെ ഡി.സി ബുക്സിലെ രവി ഡി.സിയെ കണ്ടു. ഞങ്ങൾ തമ്മിൽ യാതൊരു മുൻപരിചയവുമില്ല. കണ്ടതും നേരെ ചോദിച്ചു. ‘എന്റെ കയ്യിൽ ഇങ്ങനെയൊരു വിവർത്തനമുണ്ട്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ?’.

‘അയയ്ക്കൂ, നോക്കട്ടെ’ എന്നായിരുന്നു രവിയുടെ മറുപടി. കയ്യെഴുത്തുപ്രതി അയച്ചു കുറച്ചു ദിവസം കഴിഞ്ഞ് പുസ്തകം പ്രസിദ്ധീകരിക്കാം എന്ന അറിയിപ്പ് വന്നു. 2000 സെപ്റ്റംബറില്‍ ‘ആൽകെമിസ്റ്റ്’ മലയാളം പതിപ്പ് പുറത്തിറങ്ങി. ഇന്ത്യൻ ഭാഷകളിൽ ആ പുസ്തകത്തിന്റെ ആ ദ്യ വിവർത്തനമായിരുന്നു അത്.

ഇഷ്ടം കൊണ്ടെഴുതുന്ന വരികൾ

‘ആൽകെമിസ്റ്റ്’ വിവർത്തനം ചെയ്യുന്ന കാര്യം മരുമകൾ സബീൻ ഇ – മെയിലിലൂടെ പൗലോ കോയ്‌ലോയെ അറിയിച്ചിരുന്നു. അദ്ദേഹത്തിനു വലിയ സന്തോഷമായി.

മലയാള പരിഭാഷ പുറത്തിറങ്ങിയ സമയത്തു മകന്‍ നാട്ടില്‍ വന്നിരുന്നു. പുസ്തകത്തിന്റെ കോപ്പികളുമായാണ് അവൻ തിരിച്ചു പോയത്. അപ്പോഴേക്കും മകനും ഭാര്യയും മക്കളായ പ്രിയങ്കയും ജൂലിയനും ലണ്ടനിലേക്കു മാറിയിരുന്നു. ആയിടെ പുസ്തകത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു ലണ്ടനിലെത്തിയ പൗലോ കൊയ്‌ലോ മകനെയും കുടുംബത്തെയും ചടങ്ങിലേക്കു ക്ഷണിച്ചു.

അവിടെ വച്ച് ‘ഇവരുടെ അമ്മയാണ് എന്റെ ‘ദി ആൽകെമിസ്റ്റ്’ ഇന്ത്യൻ ഭാഷയായ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത്’ എന്ന് അദ്ദേഹം തന്നെ അവരെ സദസ്സിനു പരിചയപ്പെടുത്തി.

പൗലോ കൊയ്‌ലോ കയ്യൊപ്പിട്ട ആൽകെമിസ്റ്റ് മലയാളം പതിപ്പ്

ഒപ്പം അദ്ദേഹമെഴുതിയ ‘ഫിഫ്ത്ത് മൗണ്ടൻ’, ‘മിസ് പ്രിം ആന്‍ഡ് ഡെവിൾ’ എന്നീ നോവലുകൾ എനിക്കായി ഒപ്പിട്ടു നൽകി. ആൽകെമിസ്റ്റ് മലയാളം കോപ്പി മകൻ പൗലോ കൊയ്‌ലോയ്ക്കു സമ്മാനിച്ചു. ഒരു കോപ്പിയിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് വാങ്ങുകയും ചെയ്തു. ആൽകെമിസ്റ്റ് ഉൾപ്പടെ പൗലോ കൊയ്‌ലോയുടെ അഞ്ചു പുസ്തകങ്ങൾ ഞാൻ മലയാളത്തിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ 24 വർഷത്തിനിടെ ചെറുതും വലുതുമായ അറുപതിലധികം പുസ്തകങ്ങൾ ഇംഗ്ലിഷിൽ നിന്നു മലയാളത്തിലേക്കാക്കി. 2017ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച വിവര്‍‍ത്തനത്തിനുള്ള അവാർഡ് ഖാലിദ് ഹൊസൈനിയുടെ ‘പർവതങ്ങളും മാറ്റൊലികൊള്ളുന്നു’ എന്ന കൃതിക്കാണു ലഭിച്ചത്.

വിവർത്തനം എനിക്കു പ്രഫഷനല്ല, പാഷനാണ്. ഒരു കൃതി വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിവർത്തനം ചെയ്യാറില്ല. ഇപ്പോള്‍ ഒന്നാം പേജു മുതൽ വായനയും വിവർത്തനവും ഒന്നിച്ചാണു മുന്നോട്ടു പോകുക. ചെയ്തു കഴിഞ്ഞാൽ രണ്ടാമതു വായിക്കില്ല.

വിവർത്തനത്തിൽ ചിലപ്പോൾ നമ്മളുടേതായ ഇടപെടലുകൾ വേണ്ടി വന്നേക്കാം. എന്നാല്‍ ആശയങ്ങൾ വളച്ചൊടിക്കാനോ നമ്മുടെയായവ കൂട്ടിച്ചേർക്കാനോ പാടില്ല. മൂലകൃതിയുടെ സത്തയിൽ മാറ്റം വരാതെ വേണം തർജമ എന്നതാണു ശരി.

എഴുത്തും വീട്ടുപണികളും

രാവിലെ നാലു മണിക്ക് എഴുന്നേൽക്കും. രാത്രി 8.45 ന് ഉറങ്ങും. ഇതിനിടെ എഴുത്തും വീട്ടുപണികളും ഒന്നിച്ചു പോകും. 20 മിനിറ്റിൽ കൂടുതൽ തുടർച്ചയായി എഴുതാനാകില്ല. കണ്ണിൽ നിന്നു വെള്ളം വരും. അപ്പോൾ എഴുന്നേറ്റ് എന്തെങ്കിലും വീട്ടുപണികൾ ചെയ്യും. പിന്നീടു വീണ്ടും എഴുതും. കഴിഞ്ഞ ഇരുപതു വർഷമായി ഇതാണു രീതി.

ഞാൻ എഴുതുന്നതും പ്രസംഗിക്കുന്നതുമൊക്കെ ഭർത്താവിനു വളരെ ഇഷ്ടമാണ്. എല്ലായിടത്തും ഒപ്പം വരും. എഴുതുന്നതെല്ലാം വായിക്കും. ചെറുകഥകൾ അദ്ദേഹം വായിച്ചിട്ടേ പ്രസിദ്ധീകരിക്കാറുള്ളൂ.

മകനും ഫോണ്‍ ചെയ്യുമ്പോഴൊക്കെ ചോദിക്കും, ‘അ മ്മ, ഇപ്പോൾ എന്താ എഴുതുന്നേ, എത്ര പേജ് ആയി’ എ ന്നൊക്കെ. ഇപ്പോൾ കുറേ ജോലികൾ ഏറ്റിട്ടുണ്ട്. ഓരോന്നോരോന്നായി തീർക്കണം.

നകുൽ വി.ജി.

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

ADVERTISEMENT