‘വേദന സഹിക്കാൻ പറ്റുന്നില്ലമ്മാ...’: ആ ഞരക്കം അവസാനത്തേതാണെന്ന് അറിഞ്ഞില്ല: നെഞ്ചിലെ കനലായി അമ്മു സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അമ്മു സജീവി ന്റെ മാതാപിതാക്കൾ സംസാരിക്കുന്നു കഴിഞ്ഞ ദിവസമാണു മോള്‍ടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത്. തലയ്ക്കും ഇടുപ്പിനും

‘വേദന സഹിക്കാൻ പറ്റുന്നില്ലമ്മാ...’: ആ ഞരക്കം അവസാനത്തേതാണെന്ന് അറിഞ്ഞില്ല: നെഞ്ചിലെ കനലായി അമ്മു സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അമ്മു സജീവി ന്റെ മാതാപിതാക്കൾ സംസാരിക്കുന്നു കഴിഞ്ഞ ദിവസമാണു മോള്‍ടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത്. തലയ്ക്കും ഇടുപ്പിനും

‘വേദന സഹിക്കാൻ പറ്റുന്നില്ലമ്മാ...’: ആ ഞരക്കം അവസാനത്തേതാണെന്ന് അറിഞ്ഞില്ല: നെഞ്ചിലെ കനലായി അമ്മു സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അമ്മു സജീവി ന്റെ മാതാപിതാക്കൾ സംസാരിക്കുന്നു കഴിഞ്ഞ ദിവസമാണു മോള്‍ടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത്. തലയ്ക്കും ഇടുപ്പിനും

‘വേദന സഹിക്കാൻ പറ്റുന്നില്ലമ്മാ...’: ആ ഞരക്കം അവസാനത്തേതാണെന്ന് അറിഞ്ഞില്ല: നെഞ്ചിലെ കനലായി അമ്മു

 

ADVERTISEMENT

സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അമ്മു സജീവി ന്റെ മാതാപിതാക്കൾ സംസാരിക്കുന്നു

 

ADVERTISEMENT

കഴിഞ്ഞ ദിവസമാണു മോള്‍ടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകളാണു ഞങ്ങളുടെ കുഞ്ഞിന്റെ മരണകാരണം. എന്തു മാത്രം വേദനിച്ചാണ് എന്റെ കുഞ്ഞ് ഈ ലോകത്തു നിന്നു പോയത്.’’ ‍‍സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അമ്മു സജീവിന്റെ വീട്ടിൽ നിറയുന്ന തേങ്ങലുകൾ അറിയാതെ നമ്മുടെ കണ്ണുനിറയ്ക്കും.

2024 നവംബർ 15നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാനവർഷ നഴ്സിങ് വിദ്യാർഥിയായ അമ്മു ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിക്കുന്നത്.

ADVERTISEMENT

‘‘എന്തൊക്കെ സംഭവിച്ചാലും അച്ഛനും അമ്മയും കൂടെയുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞതാണ്. കോഴ്സ് അവസാനിക്കാൻ മാസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏതു മോശം സമയത്താണോ ഞങ്ങളുടെ കുഞ്ഞിന് ഇതു ചെയ്യാൻ തോന്നിയത്. ചെയ്തതല്ല, ചെയ്യിച്ചതാണ്.’’ തിരുവനന്തപുരം അയിരൂപ്പാറയിലെ ശിവം എന്ന വീട്ടിൽ സ്വപ്നങ്ങളും പ്രതീക്ഷകളും കത്തിയമർന്ന്, ജീവൻ മാത്രം ബാക്കിയായ രണ്ടു പേരുണ്ട്, അമ്മുവിന്റെ അച്ഛൻ സജീവനും അമ്മ രാധാമണിയും. കുഞ്ഞനുജത്തി വിടവാങ്ങിയെന്നതു വിശ്വസിക്കാൻ ചേട്ടൻ അഖിലിന് ഇപ്പോഴും സാധിച്ചിട്ടില്ല.

അമ്മു വായിച്ചു വച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് ‘ഇക്കിഗായ്’ കയ്യിലെടുത്ത് സജീവൻ മെല്ലെ തലോടി. കയ്യിൽ കിട്ടുന്ന പുസ്തകങ്ങൾ വായിച്ചു തീരുന്നതുവരെ വിശ്രമമില്ലായിരുന്നു അവൾക്ക്.’’ തളർന്ന മുഖത്തോടെ സജീവൻ പറഞ്ഞു.

ലാളിച്ചു വളർത്തിയ മകൾ ഈ ലോകത്തോടു വിട പറഞ്ഞിട്ടു രണ്ടു മാസമാകുമ്പോൾ പൊലിഞ്ഞത് നീണ്ട 22 വർഷം ഈ അച്ഛനും അമ്മയും കണ്ട സ്വപ്നങ്ങളാണ്.

‘‘ഒരുപാടു മോഹങ്ങള്‍ ബാക്കിയാക്കിയാണ് അവൾ പോയത്. മനസ്സു വല്ലാതെ വിഷമിച്ചിട്ടുണ്ടാകും. ഒരു പാവമായിരുന്നെന്നേ... ആ കുഞ്ഞിനോടെന്തിനായിരുന്നു ഈ ക്രൂരത? അവരും അമ്മുവിനെപ്പോലെ മൂന്നു കുട്ടികളല്ലേ? ഇത്ര മനഃസാക്ഷിയില്ലാതെയാകാമോ?’’

ഞങ്ങളുടെ കുസൃതിക്കുടുക്ക

‘‘അഖിൽ ജനിച്ച് ആറു വർഷത്തിനു ശേഷം പിറന്ന കൺമണിയാണ്. കുഞ്ഞിനെ ആദ്യമായി കയ്യിൽ എടുത്ത ദിവസം ഈ ലോകത്തിൽതന്നെ ഏറ്റവും ഭാഗ്യവാനായ അച്ഛൻ ഞാനാണെന്നു തോന്നി. കാത്തുകാത്തുവച്ച പേര്, അമ്മു, കാതിൽ വിളിച്ചപ്പോൾ കുഞ്ഞിക്കണ്ണുതുറന്ന് അവളെന്നെ നോക്കി. ആ നോട്ടം ഇന്നും മനസ്സിലുണ്ട്.’’ കുഞ്ഞമ്മുവിനെക്കുറിച്ചു പറയാൻ സജീവന്റെ മനസ്സ് വെമ്പൽകൊണ്ടു.

‘‘ആര്യ സെൻട്രൽ സ്കൂളിലും പട്ടം സെന്റ് മേരീസിലുമായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഫുൾ എ പ്ലസ് വാങ്ങി പത്തും പ്ലസ് ടുവും പാസായി. നന്നായി പഠിക്കുമായിരുന്നു. എഴുതിയ പരീക്ഷകൾക്കെല്ലാം നല്ല മാർക്ക് ഉണ്ട്.’’ സജീവന്റെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.

‘‘ട്യൂഷന് കൊണ്ടുപോകുന്നതും സ്കൂളിൽ വിടുന്നതുമൊക്കെ അച്ഛനാണ്. അവരാണ് ഒരു ജീവൻ. ഹോസ്റ്റലില്‍ നിന്ന് ബസ് പോയിന്റിലേക്ക് നടക്കുമ്പോൾ അച്ഛനെ വിളിക്കും. വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും.’’ രാധാമണി സജീവനെ നോക്കി.

‘‘അവൾ ഒറ്റയ്ക്കാകും റോഡ് വരെ നടക്കുക. സ്റ്റോപ് എത്തിയതിനുശേഷമേ കോൾ കട്ട് ചെയ്യുകയുള്ളൂ. റോഡ് ക്രോസ് ചെയ്യാനൊക്കെ ഭയങ്കര പേടിയാണ്.’’ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അമ്മ നഴ്സ് ആയതുകൊണ്ടാകണം ചെറുപ്പം മുതൽ നഴ്സിങ്ങിനോടായിരുന്നു അമ്മുവിനു താൽപര്യം. സിഇടിയിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ആൻഡ് എ ഐയ്ക്ക് അഡ്മിഷൻ കിട്ടിയതാണ്. അതിനുശേഷമാണ് ചുട്ടിപ്പാറ കോളജിൽ ബിഎസ്‍സി നഴ്സിങ്ങിന് സീറ്റ് കി ട്ടുന്നതും അവിടേക്കു മാറുന്നതും.

‘‘ആദ്യമൊക്കെ എല്ലാ ആഴ്ചയും ഞങ്ങൾ പോയി വിളിച്ചുകൊണ്ടു വരുകയും കൊണ്ടുവിടുകയും ചെയ്യുമായിരുന്നു. ആ പതിവു നിർത്തിയാലേ അമ്മു ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കൂ എന്നു തോന്നി. പിന്നീട് തിങ്കളാഴ്ച രാവിലെ മൂന്നരയ്ക്ക് കേശവദാസപുരത്ത് നിന്ന് ബസ്സിൽ കയറ്റി വിടും. ശനിയാഴ്ചകളിൽ തിരികെ വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുകയാണു പതിവ്.

സംഭവം നടക്കുന്ന ആഴ്ചയിലും വീട്ടിലേക്കു വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഒരുവിധത്തിലുമുള്ള കാത്തിരിപ്പുകൾക്ക് ഇടം തരാതെ വിധി അവളെ ഞങ്ങളിൽ നിന്നു തട്ടിയെടുത്തില്ലേ.’’ ആ അമ്മയുടെ കണ്ണുനീരിനു സർവതും ചുട്ടു ചാരമാക്കാനുള്ള ശക്തിയുണ്ടെന്നു തോന്നി.

അഖിൽ, അമ്മു, സജീവൻ, രാധാമണി (ഫയൽചിത്രം)

പകയുടെ തീക്കനൽ വീഴുന്നു

‘‘മോൾക്ക് ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ഒരു ഗൈനക്ക് പോസ്റ്റിങ് ഉണ്ടായിരുന്നു. ആലപ്പുഴയിലെ ഒരു സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം. അമ്മുവിന്റെ മരണത്തിൽ കുറ്റാരോപിതരായ അലീന, അക്ഷിത, അഞ്ജന എന്നീ കുട്ടികളും മോൾക്കൊപ്പമുണ്ടായിരുന്നു.

ഹോസ്റ്റൽ അഡീഷനൽ വാർഡനൊപ്പം സെക്കൻഡ് ഷോ സിനിമയ്ക്ക് പോകാൻ എല്ലാവരും പ്ലാൻ ചെയ്തു. ക്ലാസ് ടീച്ചർ അറിയാതെയായിരുന്നു ഈ ഔട്ടിങ്. അതുകൊണ്ടുതന്നെ മോളെ ഞങ്ങൾ വിട്ടില്ല. ഇക്കാര്യം ടീച്ചറോട് റിപ്പോർട്ട് ചെയ്യണമെന്നു പറഞ്ഞതു ഞാനാണ്. അത് ഈ മൂന്നു കുട്ടികളിൽ വലിയ അമർഷമുണ്ടാക്കി. അന്നു മുതൽ അവർ പലതും പറഞ്ഞ് അമ്മൂനെ ടോർചർ ചെയ്തു. ഇതൊക്കെ അമ്മു ഞങ്ങളെയും ഞങ്ങൾ ടീച്ചറെയും കൃത്യമായി അറിയിക്കുന്നുണ്ടായിരുന്നു.

അമ്മുവിനെ ടൂർ കോർഡിനേറ്റർ ആക്കിയതിനു തൊട്ടുപിന്നാലെ മോളെ ബാത്റൂം പരിസരത്തു വച്ച് ഉപദ്രവിക്കാൻ ഈ മൂന്നു കുട്ടികളും ശ്രമിച്ചു. കുഞ്ഞ് ഓടി സ്റ്റാഫ് റൂമിൽ കയറിയതുകൊണ്ടു മാത്രം അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഞങ്ങൾ തിരക്കിയപ്പോൾ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ടീച്ചർ പറഞ്ഞത്.’’ രാധാമണി തുടർന്നു.

‘‘ ആ ആഴ്ച വീട്ടിൽ വരുമ്പോൾ കുഞ്ഞ് വല്ലാതെ പേടിക്കുന്നുവെന്നു ഞങ്ങൾക്കു മനസ്സിലായി. അവളുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രിൻസിപ്പലിന് ഇമെയിൽ വഴി പരാതി അയച്ചു. മൂന്നു കുട്ടികൾക്കും മെമ്മോ നൽകിയെങ്കിലും നടപടിയെടുക്കരുതെന്നും ഇനിമേലിൽ തങ്ങളുടെ ഭാഗത്തുനിന്ന് അമ്മുവിനു യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അവർ എഴുതി തന്നു.

എന്നാൽ, അതേദിവസം തന്നെ ഈ കുട്ടികളിൽ ഒരാൾ ഹോസ്റ്റൽ മുറിയിൽ അമ്മുവിനെ ആക്രമിച്ചു. മോളെ അ സഭ്യവാക്കുകൾ പറയുകയും കട്ടിൽ പിടിച്ച് കുലുക്കുകയുമൊക്കെ ചെയ്തു.’’ രാധാമണിക്ക് ഉള്ളിലെ വേദന നിയന്ത്രിക്കാനായില്ല.

മൂവർ സംഘത്തിൽ ഒരാളുടെ ലോഗ് ബുക്ക് കാണുന്നില്ലെന്നതായിരുന്നു അടുത്ത പ്രശ്നം.. വൈകുന്നേരം കുറ്റാരോപിതരിൽ രണ്ടുപേർ അമ്മുവിന്റെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറി തിരച്ചിൽ നടത്തിയെങ്കിലും പുസ്തകം കണ്ടെത്താനായില്ല.

‘‘ നവംബർ 15ന് സൈക്യാട്രി അധ്യാപകൻ കൗൺസലിങ് എന്ന പേരിൽ മൂന്നു മണിക്കൂറോളം അമ്മുവിനെ വിചാരണ ചെയ്തത്രേ. ആരും അയാളെ അതിനു ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. അമ്മു ഉടൻ നിരപരാധിത്വം തെളിയിച്ച് പുസ്തകം തിരികെ ഏൽപ്പിക്കണമെന്ന് അയാൾ പറഞ്ഞു. എടുക്കാത്ത ബുക്ക് എങ്ങനെയാണു തിരികെ കൊടുക്കുന്നതെന്നു ചോദിച്ച് എന്റെ കുഞ്ഞ് ഒരുപാടു കരഞ്ഞു.

വളരെ സന്തോഷത്തോടെ ചിരിച്ചു കളിച്ചു യാത്ര പറഞ്ഞു പോയ കുട്ടി ആ ദിവസം ഒന്നും മിണ്ടാതെ നടന്നുപോയി എന്ന് ബസ് ഡ്രൈവർ ഓർക്കുന്നു..പ്രിയപ്പെട്ട അധ്യാപകനിൽ നിന്നുണ്ടായ പ്രതികരണം അവൾക്കു താങ്ങാനായിട്ടുണ്ടാകില്ല. 18ന് കുറ്റാരോപിതരായ കുട്ടികളുടെ മാതാപിതാക്കളും ഞങ്ങളും ചേർന്നൊരു മീറ്റിങ് വിളിച്ചിരിക്കെയാണ് 15ന് ഈ സംഭവങ്ങൾ നടക്കുന്നത്.’’ സജീവൻ പറഞ്ഞു.

പതിവായി വൈകിട്ട് 4.45ന് വിളിക്കുന്ന അമ്മു അന്ന് 4.55 ആയിട്ടും സജീവനെ വിളിച്ചില്ല. അദ്ദേഹം അമ്മുവിനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല. ‘‘മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങിയതോടെ ഷോപ്പ് അടച്ച് ഞങ്ങൾ ചുട്ടിപ്പാറയ്ക്കു തിരിച്ചു. വാർഡനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ക്ലാസ് ടീച്ചറോട് തിരക്കിയപ്പോൾ ഒന്നും അറിയില്ലെന്നായിരുന്നു മറുപടി.’’ രാധാമണി ഒാർത്തു.

ഒടുവിൽ അവളെത്തി, ചേതനയറ്റ്

‘‘ഹോസ്റ്റൽ വാർഡൻ ഞങ്ങളെ തിരികെ വിളിച്ച് അമ്മു സ്റ്റെപ് കയറുമ്പോൾ വീണെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. വീണ്ടും വിളിച്ചപ്പോൾ പറഞ്ഞതിൽ പൊരുത്തക്കേടു തോന്നിയതു കൊണ്ടു ഞങ്ങൾ ഹോസ്റ്റലിലേക്കു വിളിച്ചു. അവിടുത്തെ സ്റ്റാഫ് പറഞ്ഞാണ് അമ്മു ടെറസ്സിൽ നിന്നു താഴേക്ക് വീണുവെന്നു അറിഞ്ഞത്. വാർഡനെ വിളിച്ച് അമ്മുവിന് ഫോൺ കൊടുത്തേ പറ്റൂ എന്ന് ശഠിച്ചു.

എന്തു പറ്റി മക്കളേ എന്നു ചോദിച്ചപ്പോൾ ‘വേദന സഹിക്കാൻ പറ്റുന്നില്ലമ്മാ...’ എന്നു പറഞ്ഞു കരഞ്ഞു. പെട്ടെന്നു വാർഡൻ ഫോൺ തിരികെ വാങ്ങി. അവൾക്ക് അച്ഛനോടു സംസാരിക്കണം എന്നു ഞാൻ വാശിപിടിച്ചു. ചെറിയ എന്തെങ്കിലും ആണെങ്കിൽ അച്ഛന്റെ ശബ്ദം കേട്ടാൽ അവൾക്ക് ആശ്വാസമാകും. ഒടുവിൽ ഫോൺ വീണ്ടും മോൾക്കു കൊടുത്തു.’’ രാധാമണിക്ക് വാക്കുകൾ ഇടറി.

‘‘ അച്ഛാ... എന്നൊരു വിളി മാത്രമേ ഞാൻ കേട്ടുള്ളൂ. അവസാനത്തെ വിളിയാണതെന്നു ഞാനറിഞ്ഞില്ല.’’ സജീവൻ വിങ്ങിപ്പൊട്ടി. അമ്മു സംസാരിച്ചതുകൊണ്ട്, നില ഗുരുതരമല്ലെന്ന വിശ്വാസത്തിൽ സജീവനും രാധാമണിയും യാത്ര തുടർന്നു. ‘‘ഇടയ്ക്കു കാർ വഴിയിലൊതുക്കി വാർഡനെ വിളിച്ചപ്പോൾ അമ്മുവിനെ മെ‍ഡിക്കൽ കോളജിലേക്ക് മാറ്റേണ്ടതുണ്ട്. തിരുവനന്തപുരത്തേക്കു കൊണ്ടു വരട്ടേ എന്നു ചോദിച്ചു.’’ രാധാമണി പറയുന്നു.

നീണ്ട കാത്തിരിപ്പിനൊടുവിൽ അമ്മുവുമായി അവരെത്തി. ആംബുലൻസിൽ നിന്ന് ഇറക്കിയപ്പോൾ കണ്ടത് അവളുടെ വലതുകൈ കുഴഞ്ഞ് സ്ട്രെച്ചറിന് പുറത്തേക്കു വീഴുന്ന കാഴ്ചയാണ്. ഡ്യൂട്ടി നഴ്സ് അടിയന്തരമായി സിപിആർ കൊടുത്തെങ്കിലും അവരുടെ മുഖത്തു പടർന്ന നിരാശ ഞാൻ കണ്ടു. ‘ മക്കളേ, മക്കളേ’ എന്നു വിളിച്ച് കുഞ്ഞിന്റെ മുഖത്തോടു മുഖം ചേർക്കുമ്പോൾ ഞാനറിഞ്ഞു അവളുടെ ശരീരത്തിലെ തണുപ്പ്.’’

അപൂർണമായ കത്ത്

ഒരുപാടു ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ലെന്നു പറയുന്നു സജീവനും രാധാമണിയും.‘‘ഹോസ്റ്റലിൽ നിന്ന് എടുത്തുകൊണ്ടുവന്ന അവളുടെ പുസ്തകങ്ങളിൽ നിന്നാണ് മോൾ ക്ലാസ് കോർഡിനേറ്റർക്ക് എഴുതിയ നാലുവരി കത്ത് കിട്ടിയത്.

കുറച്ചു നാളുകളായി ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടു നേരിടുന്നുവെന്ന് എഴുതിയിട്ടുണ്ട്. അവൾക്ക് എന്തൊക്കെയോ പറയാൻ ബാക്കിയുണ്ടായിരുന്നു. ഐ ക്വിറ്റ് എന്ന് പുസ്തകത്തിൽ എഴുതിയിരിക്കുന്ന കയ്യക്ഷരം കുഞ്ഞിന്റേതല്ല. അമ്മുവിന് ഉയരം പേടിയാണ്. ആ കുട്ടി ഹോസ്റ്റലിന്റെ ടെറസിൽ നിന്നു തഴേക്കു ചാടി എന്നു പറയുന്നതിൽ എന്തൊക്കെയോ പൊരുത്തക്കേടുണ്ട്.

ഊണിലും ഉറക്കത്തിലും അവൾ കണ്ട സ്വപ്നം നന്നായി പഠിക്കണം എന്നു മാത്രമായിരുന്നു. ‘ഐ വിൽ മേക്ക് യു ഓൾ പ്രൗഡ്’ എന്ന് എപ്പോഴും പറയും. വിദേശത്തു ജോലി ചെയ്യാനായിരുന്നു ആഗ്രഹം.’’ രാധാമണി പറയുന്നു.

‘‘മൂന്നാർ പോകണം, ഫ്ലൈറ്റിൽ കയറണം, ഡ്രൈവിങ് പഠിക്കണം തുടങ്ങി കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളായിരുന്നു അധികവും. അവളുടെ ആഗ്രഹങ്ങളൊന്നും സാധിച്ചുകൊടുക്കാനായില്ലല്ലോ എന്നോർക്കുമ്പോൾ നെഞ്ചിലൊരു ഭാരംപോലെ. ഇനിയൊരിക്കൽക്കൂടി അവളെ നെഞ്ചിൽക്കിടത്തി പാട്ടുപാടിയുറക്കാനോ കൈപിടിച്ച് നടത്താനോ ഞങ്ങൾക്കാവില്ലല്ലോ. അവളുടെ ഓർമകൾ മാത്രമാണ് ഇ നി ഞങ്ങൾക്കു കൂട്ടായുള്ളത്.’’ നെഞ്ചിൽ കൈവച്ച് സജീവൻ തുടർന്നു.

‘‘മറ്റൊരു അമ്മു സജീവ് ഇനിയുണ്ടാകരുത്. ഒരച്ഛനും അമ്മയും സഹോദരനും ഞങ്ങളെപ്പോലെ ഉരുകി ജീവിക്കേണ്ടി വരരുത്. പൊലീസ് അന്വേഷണത്തിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്. അമ്മുവിനു നീതി ലഭിക്കും.’’ മകളോടുള്ള സ്നേഹവും വാത്സല്യവും അലയടിക്കുന്ന മിഴികൾ. കണ്ണെത്താ ദൂരത്തോളം പറന്നകന്നെങ്കിലും അമ്മു ഈ അച്ഛനിലൂടെയും അമ്മയിലൂടെയും ജീവിച്ചുകൊണ്ടേയിരിക്കും. അവരുടെ നെഞ്ചിലെ സ്നേഹച്ചൂടേറ്റ്, നനുത്ത താരാട്ടുകൾ കേട്ട് ...

അഞ്ജലി അനിൽകുമാർ

ഫോട്ടോ: അരുൺ സോൾ

ADVERTISEMENT