‘മക്കളെ ഓർത്തൂടെ, ഇത്രയും പഠിച്ചില്ലേ എന്നെല്ലാം ചോദിക്കുന്നവർ ഈ സത്യമറിയണം’: ഈ മരണങ്ങളിൽ വിധിയെഴുതും മുൻപ് How Depression affects people
ജീവിതത്തോട് സന്ധി ചെയ്യാനാകാതെ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്ന ഡോക്ടർമാർ. മഞ്ചേരി മെഡിക്കൽ കോളജിലെ ഡോ. സി.കെ.ഫർസീനയുടെ (35) മരണമാണ് ഏറെ വേദനിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ ആത്മഹത്യ വാർത്ത. ‘ഇത്രയും പഠിപ്പും വിവരവും ഉള്ളവരായിട്ടും എന്തിനിത് ചെയ്തു, മക്കളെ ഓർത്തു ചെയ്യാതിരുന്നു കൂടെ’ എന്നൊക്കെയുള്ള
ജീവിതത്തോട് സന്ധി ചെയ്യാനാകാതെ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്ന ഡോക്ടർമാർ. മഞ്ചേരി മെഡിക്കൽ കോളജിലെ ഡോ. സി.കെ.ഫർസീനയുടെ (35) മരണമാണ് ഏറെ വേദനിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ ആത്മഹത്യ വാർത്ത. ‘ഇത്രയും പഠിപ്പും വിവരവും ഉള്ളവരായിട്ടും എന്തിനിത് ചെയ്തു, മക്കളെ ഓർത്തു ചെയ്യാതിരുന്നു കൂടെ’ എന്നൊക്കെയുള്ള
ജീവിതത്തോട് സന്ധി ചെയ്യാനാകാതെ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്ന ഡോക്ടർമാർ. മഞ്ചേരി മെഡിക്കൽ കോളജിലെ ഡോ. സി.കെ.ഫർസീനയുടെ (35) മരണമാണ് ഏറെ വേദനിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ ആത്മഹത്യ വാർത്ത. ‘ഇത്രയും പഠിപ്പും വിവരവും ഉള്ളവരായിട്ടും എന്തിനിത് ചെയ്തു, മക്കളെ ഓർത്തു ചെയ്യാതിരുന്നു കൂടെ’ എന്നൊക്കെയുള്ള
ജീവിതത്തോട് സന്ധി ചെയ്യാനാകാതെ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്ന ഡോക്ടർമാർ. മഞ്ചേരി മെഡിക്കൽ കോളജിലെ ഡോ. സി.കെ.ഫർസീനയുടെ (35) മരണമാണ് ഏറെ വേദനിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ ആത്മഹത്യ വാർത്ത. ‘ഇത്രയും പഠിപ്പും വിവരവും ഉള്ളവരായിട്ടും എന്തിനിത് ചെയ്തു, മക്കളെ ഓർത്തു ചെയ്യാതിരുന്നു കൂടെ’ എന്നൊക്കെയുള്ള ചോദ്യ ശരങ്ങൾക്കിടയിൽ വിഷാദമെന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് എഴുതുകയാണ് ഡോ. ഷിംന അസീസ്.
ചിലരെങ്കിലും കരുതുന്ന പോലെ ഡിപ്രഷൻ എന്ന രോഗം ജീവിതത്തിലെ ചെറിയ നഷ്ടങ്ങൾ പോലും സഹിക്കാൻ മനസ്സിന് ശക്തിയില്ലാത്ത ദൗർബല്യത്തിന്റെ പാരമ്യതയല്ല, അത് കൃത്യമായ ശാരീരിക കാരണങ്ങൾ ഉള്ള മാനസികരോഗമാണെന്ന് ഡോ. ഷിംന ഓർമിപ്പിക്കുന്നു. വിഷാദരോഗി ഇരുപത്തതിനാല് മണിക്കൂറും ഡൗൺ ആയിരിക്കും എന്ന അബദ്ധ ധാരണകളെ തിരുത്തുന്ന ഷിംന ഡോ. ഫർസീനയുടെ വിയോഗം നൽകിയ വേദനയെക്കുറിച്ചും തുറന്നെഴുതുന്നുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മഞ്ചേരി മെഡിക്കൽ കോളേജിൽ ഒരു ഡോക്ടർ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്ത വാർത്ത സുഹൃത്ത് സൂചിപ്പിച്ച് അറിഞ്ഞിരുന്നു. തിരക്കിനിടയിൽ ഡീറ്റെയിൽസ് ചോദിക്കാൻ വിട്ടു പോയി. പല തവണ വാർത്തയുടെ ലിങ്ക് സ്‌ട്രീമിൽ വന്നപ്പോഴാണ് ആളാരാണെന്ന് ശ്രദ്ധിക്കുന്നത്. അറിയാവുന്ന ഡോക്ടറാണ്, വർഷങ്ങളായി വിഷാദരോഗമുണ്ടായിരുന്ന ആൾ. ഇടക്കൊക്കെ വാട്ട്‌സാപ്പിൽ വന്ന് മിണ്ടാറുമുണ്ടായിരുന്നു. അവർക്ക് പിജി കിട്ടിയ മെസേജാണ് അവസാനമായി ഫോണിലുള്ളത്. രണ്ടാളുടേയും തിരക്കുകൾക്കിടയിൽ എപ്പോഴോ അകന്നു പോയി. വല്ലാത്ത വിഷമം തോന്നുന്നു.
അടുപ്പിച്ചടുപ്പിച്ച് ഒന്നല്ല ഒരുപാടായി ഞങ്ങൾക്കിടയിലെ കൊഴിഞ്ഞു പോക്കുകൾ. ഡോക്ടർമാരുടെ ആത്മഹത്യാ വാർത്തകൾക്ക് കീഴെ 'ബൗദ്ധിക വിദ്യാഭ്യാസം മാത്രം കിട്ടിയാൽ ഇങ്ങനെയാണ്, മതവിദ്യാഭ്യാസം വേണം' എന്നൊക്കെയുള്ള അഭിപ്രായവും തിട്ടൂരങ്ങളും പതിവുകാഴ്ചയായിരിക്കുന്നു. ഒപ്പം, "മക്കളെ ഓർത്തൂടെ, ഇത്രയും പഠിച്ചവരല്ലേ..." എന്നൊക്കെയുമുണ്ട്. എന്താ ഈ കമന്റിടുന്നവർ പറയുന്നത്!! ഇത് മനഃപൂർവം ചെയ്യുന്നതാണ് എന്നാണോ?
ചിലരെങ്കിലും കരുതുന്ന പോലെ ഡിപ്രഷൻ എന്ന രോഗം ജീവിതത്തിലെ ചെറിയ നഷ്ടങ്ങൾ പോലും സഹിക്കാൻ മനസ്സിന് ശക്തിയില്ലാത്ത ദൗർബല്യത്തിന്റെ പാരമ്യതയല്ല, അത് കൃത്യമായ ശാരീരിക കാരണങ്ങൾ ഉള്ള മാനസികരോഗമാണ്. വളരെയേറെ സാധാരണവുമാണ്. തലച്ചോറിലെ ഡോപ്പമിൻ-സെറട്ടോണിൻ ക്രമരാഹിത്യമാണ് പ്രധാനമായും വിഷാദരോഗത്തിന് പിന്നിലെ കാരണം. പാരമ്പര്യം, ചില ഹോർമോൺ വ്യതിയാനങ്ങൾ, ജീവിതസാഹചര്യങ്ങൾ എന്നിങ്ങനെ വേറെയും പലത് ചേർന്ന് ഈ തീയിലേക്ക് പെട്രോൾ ഒഴിക്കുകയും ചെയ്യും.
നീതി ആയോഗിന്റെ റേറ്റിങ്ങിൽ കേരളത്തിന് ഇന്ത്യയിലെ ഏറ്റവും നല്ല ഹെൽത് സിസ്റ്റം എന്ന സ്ഥാനം കിട്ടാതെ പോകുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇവിടത്തെ വർധിച്ച ആത്മഹത്യകളുടെ എണ്ണം കൂടിയാണെന്ന് കഴിഞ്ഞ ദിവസം വായിച്ചിരുന്നു. ഈ കണ്ട വിവരവും വിദ്യാഭ്യാസവും മൊത്തം ഉണ്ടായിട്ടും നമ്മിൽ പലർക്കും ഇന്നും മാനസികമായ ബുദ്ധിമുട്ടുകൾക്ക് ഡോക്ടറെ കാണുന്നത് നോർമൽ ആയി ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. സൈക്യാട്രിസ്റ്റിനെ കാണുന്നവർ ഭ്രാന്തന്മാരോ മനസ്സിന് ഉറപ്പില്ലാത്ത ദുർബലരോ ഒക്കെയാണ് പോലും..! മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഇനി എന്നാണ് നമ്മൾ തിരിച്ചറിയുക?
വിഷാദരോഗത്തിന്റെ സന്തതസഹചാരികളായ 'എന്നെ ഒന്നിനും കൊള്ളില്ല, എനിക്ക് മുന്നോട്ട് പ്രതീക്ഷകളില്ല, ഞാൻ ഇനിയെന്ത് ചെയ്യാനാണ്' എന്ന് തുടങ്ങിയ ചിന്തകൾ ഒരു അറ്റവും അന്തവുമില്ലാതെ ചിലപ്പോൾ സ്വയം ഒടുങ്ങുന്നതിലേക്ക് പോലും കൊണ്ടെത്തിച്ചേക്കാം. ഗതി കെട്ട് ഈ നെഗറ്റീവ് ആലോചനകൾ പങ്ക് വെക്കുന്നവരോട് "നീ പാട്ട് കേൾക്കൂ, പ്രാർത്ഥിക്കൂ, തലശ്ശേരി ബിരിയാണി കഴിക്കൂ, മല കേറി ഹരിതാഭ കാണൂ, പുസ്തകം വായിക്കൂ, എല്ലാം ഓക്കേ ആവും" എന്നൊക്കെ പറയുന്നത് ആസ്തമയുടെ വലിവുള്ള ആളോട് "അമർത്തി ശ്വാസടുക്കൂ, പാട്ട് ഓൺ ചെയ്ത് റിലാക്സ് ചെയ്യൂ, ഫുൾ സെറ്റാവും" എന്ന് പറയുന്നത് പോലെ ബാലിശമാണ്. ആസ്ത്മക്കാരൻ പാട്ട് കേട്ടാൽ വലിവ് മാറി നോർമൽ ആകുമോ? രണ്ടാൾക്കും വേണ്ടത് കൃത്യമായ ചികിത്സയാണ്, ബാക്കിയൊന്നും പ്രതിവിധിയല്ല.
ഞാൻ ആറ് വർഷത്തിലേറെയായി വിഷാദരോഗം നേരിടുന്നൊരാളാണ്. മരുന്നുകളുടെ സഹായത്തോടെ ഒരു വിധം സാധാരണ ജീവിതം നയിക്കുന്നു. ആത്മഹത്യാപ്രവണത പോലുമുണ്ടായിരുന്ന, അതിന് ശ്രമിച്ചിട്ടുള്ള കാലത്ത് നിന്നും ഇന്ന് കുറെയൊക്കെ സ്വയം നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്, വയ്യെങ്കിൽ അത് മനസ്സിലാക്കാവുന്ന രീതിയിലുള്ള ഉൾക്കാഴ്ചയുണ്ട്. അതും കടന്ന് ചില നേരത്ത് മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഉടനടി സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സഹായം തേടാറുമുണ്ട്.
പലപ്പോഴും എന്റെ പോസ്റ്റുകളും കമന്റുകളും പുറമെയുള്ള ചിരിയും ആക്റ്റീവ് ആയ പെരുമാറ്റവും ഒക്കെ കാണുമ്പോൾ, "വിഷാദമോ, നിങ്ങൾക്കോ? ഒന്ന് പോയേ അവിടുന്ന്" എന്നതാണ് ആദ്യം കിട്ടുന്ന പ്രതികരണം. പലരുടെയും വിചാരം വിഷാദരോഗി ഇരുപത്തതിനാല് മണിക്കൂറും ഡൗൺ ആയിരിക്കും, എപ്പോഴും ഇരുന്ന് കരച്ചിലാകും എന്നൊക്കെയാണ്. അങ്ങനെയില്ലെന്നല്ല, അങ്ങനെ തന്നെ ആവണം എന്നുമില്ല.
കുറച്ച് മാസങ്ങൾക്ക് മുൻപ് ഏതോ ഒരു പാതിരാത്രി നാട്ടിൽ ഉറങ്ങുന്ന ഉമ്മയെ വിളിച്ചുണർത്തി "എനിക്ക് വയ്യ ഉമ്മച്ചീ" എന്ന് പറഞ്ഞ് വിതുമ്പി വിതുമ്പി കരഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് കിലോമീറ്റർ ദൂരെ എന്റുമ്മയുടെ ചങ്ക് പൊട്ടിയിട്ടുണ്ടാവണം, എന്നിട്ടും അവരെന്നെ ആശ്വസിപ്പിച്ച് കിടത്തിയുറക്കി. പിന്നീടൊരിക്കലും അതേക്കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല. അവരുടെ ധൈര്യവും വിവേകവുമുള്ള പെരുമാറ്റം അന്ന് തന്ന ശക്തി ചെറുതല്ല. അവരന്ന് രാത്രി നിസ്സഹായ ആയിപ്പോയതിനെ കുറിച്ച് അനിയൻ പിന്നെയൊരിക്കൽ സൂചിപ്പിച്ചിട്ടുണ്ട്. കൂട്ടിന് ആളുണ്ടെങ്കിൽ, സപ്പോർട് ഉണ്ടെങ്കിൽ, അത് യഥാസമയം തേടാനുള്ള വിവേകം രോഗിക്കുണ്ടെങ്കിൽ ഒരു പരിധി വരെ ആശ്വാസമാണ്.
കഴിഞ്ഞ നാല് വർഷത്തിൽ കേരളത്തിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം നാൽപതിനായിരത്തിന് മീതെയാണ്. ഇതിൽ കൂടുതലും പുരുഷന്മാരുമാണ്. പുരുഷൻ കരയുന്നതും സങ്കടം പറയുന്നതുമെല്ലാം ഇന്നും അംഗീകരിക്കാൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. ഏത് ലിംഗമായാലും മനസ്സിന് വയ്യാതാവുന്നതിന് നാണക്കേട് ഒന്നുമില്ല. അതിന്റെ പേരിൽ ആരെങ്കിലും ഭാവഭേദം കാണിച്ചാൽ അവരുടെ കുഴപ്പമാണ്, നമ്മുടെയല്ല എന്ന് മനസ്സിലാക്കുക. എന്റെ അനുഭവം ആവർത്തിച്ചു തുറന്നു പറയുന്നതും അതിന് വേണ്ടി തന്നെയാണ്.
എനിക്കിവിടെ വിളിച്ചാൽ വിളിപ്പുറത്ത് കുടുംബമുണ്ട്, കൂട്ടുകാരുണ്ട്. ജോലി ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ ഹെൽത് സപ്പോർട്ട് മെക്കാനിസം ഇത് പോലെ ഒരു എമർജൻസി സമയത്ത് സഹായിച്ചിട്ടുണ്ട്. കാര്യങ്ങൾ അത്രയേറെ നിഷ്കർഷയോടെയും സൂക്ഷ്മതയോടെയും ഗൗരവത്തോടെയും എന്റെ മേലധികാരികൾ ഏറ്റെടുത്തിട്ടുണ്ട്. രോഗിയെ രോഗി ആയി മാത്രമേ ചുറ്റുമുള്ളവർ കാണുന്നുള്ളൂ, 'മാനസികരോഗി'യെന്ന് പറഞ്ഞ് അകറ്റി നിർത്താൻ ഇവിടെ ആരുമില്ല. 'ജോലി ചെയ്യാൻ കെൽപ്പുണ്ട്' എന്ന ചികിത്സിക്കുന്ന ഡോക്ടറുടെ ഉറപ്പിനപ്പുറം എന്റെ ജോലിസ്ഥലവും ഒന്നും ആവശ്യപ്പെടുന്നില്ല, ഒരു വേർതിരിവുമില്ല. എല്ലാം സാധാരണ പോലെ. അത്ര മേൽ മികച്ച സപ്പോർട് എനിക്കിവിടെയുണ്ട്.
ഇതുപോലൊരു സപ്പോർട്ടിംഗ് സിസ്റ്റമാണ് കേരള സർക്കാരിന്റെ 'ദിശ' ഹെൽപ്‌ലൈൻ. 1056 അല്ലെങ്കിൽ 0471 2552056 എന്ന നമ്പറിൽ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ് . വല്ലാതെ കഷ്ടപ്പെട്ട്, സഹിക്കാൻ വയ്യാത്ത നോവും തിന്ന് ആരും ജീവിക്കരുത്. മനസ്സ് വേദനിച്ച് ആരും ഭൂമി വിട്ട് പോകരുത്. വഴികളടഞ്ഞിട്ടില്ല, ഒരിക്കലും അടയുന്നുമില്ല. വേദനിപ്പിക്കുന്ന വാർത്തകൾ ഇനിയും കേൾക്കാൻ ഇട വരാതിരിക്കട്ടെ.
സ്നേഹം,
ഡോ. ഷിംന അസീസ്