പ്രണയവിവാഹം ഒരു വർഷം മുൻപ്; ഭർത്താവിനെതിരെ പരാതി നൽകാനിരിക്കെ മരണം: മീരയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളോ മുറിവുകളോ ഇല്ല Palakkad domestic violence news
പാലക്കാട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച മീരയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. പ്രണയത്തിലായിരുന്ന മീരയും അനൂപും ഒരു വർഷം മുൻപാണു വിവാഹിതരായത്. മീരയ്ക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നു യുവതിയുടെ കുടുംബം ആരോപിക്കുന്നു. വിശദമായ അന്വേഷണം വേണമെന്നു മീരയുടെ അമ്മ സുശീല ആവശ്യപ്പെട്ടതിനെ തുടർന്നു ഹേമാംബിക നഗർ പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ രാവിലെ ആറോടെയാണു യുവതിയെ വീട്ടിലെ വർക്ക് ഏരിയയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനൂപും അമ്മ പങ്കജവും ചേർന്നു മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറഞ്ഞു.
ഒൻപതിനു രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നു മീര മാട്ടുമന്തയിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അന്നു രാത്രി പതിനൊന്നോടെ തിരിച്ച് അനൂപിനൊപ്പം ഭർതൃ വീട്ടിലേക്കു പോയി. അനൂപിനോട് പിണങ്ങിയാണ് മീര സ്വന്തം വീട്ടിലേക്ക് എത്തിയത്. എന്നാൽ പിണക്കം അവസാനിപ്പിച്ചായിരുന്നു അനൂപ് മടക്കിക്കൊണ്ടുപോയത്. ഇതിനു മുൻപ് അനൂപ് മീരയെ മർദിച്ചിരുന്നു. അമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാനിരിക്കെ ആണ് അനൂപ് പിണക്കം അവസാനിപ്പിക്കാൻ എത്തിയത്. പിന്നീട് അനൂപിന്റെ വീട്ടിൽ എന്താണ് നടന്നതെന്ന കാര്യത്തിലാണ് അവ്യക്തത.