കടുകു പൊട്ടിത്തെറിക്കുന്ന പിരുപിരുപ്പോടെ വലിയ വേദിയിലേക്കു ചുള്ളനൊരു പ യ്യൻ ഓടിക്കയറുന്നു. കയ്യിൽക്കിട്ടിയ മൈക്കിലൂടെ ഓടിയെത്തിയതിന്റെ കിതപ്പൊന്നുമില്ലാതെ തെലുങ്കിൽ പിന്നെ, കടുകു വറ...കടുകു വറ...

പറഞ്ഞതു കുറച്ചൊക്കെ മാത്രം മനസ്സിലാക്കി വാപൊളിച്ചിരുന്ന മലയാളികൾ ഇടയ്ക്കൊരു ഡയലോഗ് കേട്ട് അൽപമൊന്നു ഞെട്ടി. ‘ഐ ആം ഫ്രം കേരള’. നമ്മുടെ സ്വന്തം തിരുവനന്തപുരംകാരൻ ‘വെങ്കി’ എന്ന വെങ്കിടേഷ് വി.പി. വേദിയിൽ നിന്ന ഞൊടിയിടയിൽ തെലുങ്കാനയുടെ ഹൃദയമങ്ങെടുത്തു. ‘കിങ്ഡം’ പ്രീ റിലീസ് ഇവന്റിലാണ് തെലുങ്കിൽ സുഡസുഡ സംസാരിച്ചു വെങ്കി സ്റ്റാറായത്.

ADVERTISEMENT

ഒപ്പം ഉള്ളിലൊതുക്കി വച്ച സ്വപ്നം പരസ്യമാക്കിയതും. ‘‘എനിക്കു നായകനാകണം. നല്ലൊരു നടനാകണം.’’ വിരലിലെണ്ണാവുന്ന സിനിമകളിലേ വെങ്കി ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. ജൂനിയർ ആർട്ടിസ്റ്റായി മ്യൂട്ട് മോഡിൽ അഭിനയിച്ച സിനിമകളുണ്ട്. ചെറിയ ഡയലോഗുകൾ കിട്ടിയവയുമുണ്ട്.

അതിനിടയിൽ ഏകദേശം ഒരു വർഷം മുൻപു സു ഡ സുഡ ഇഡ്ഡലി എന്ന സംരംഭവുമായി വെങ്കിയെത്തി. അതും തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്. ഇഡ്ഡലി കച്ചവടം വേഗം ഹിറ്റായി. സിനിമയിൽ നായകനാകാൻ മോഹമുള്ളയാൾ എന്തിനാണ് ഇഡ്ഡലിയുണ്ടാക്കി വിളമ്പുന്നത്. അങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം വരുന്നു, വെങ്കിയുടെ സുഡ സുഡ ഉത്തരങ്ങൾ.

ADVERTISEMENT

ഭക്ഷണം പാഷനാണോ? അതോ സാമ്പത്തികമായി പിടിച്ചു നിൽക്കാനാണോ സുഡ സുഡ ഇഡ്‌ഡലി തുടങ്ങിയത്?

പാഷനു വേണ്ടിയോ പണത്തിനു വേണ്ടിയോ അല്ല. കൂട്ടുകാർക്കു വേണ്ടിയാണ്. അച്ഛന്റെയമ്മ ഇഡ്‌ഡലിയമ്മ എന്നാണ് അറിയപ്പെട്ടിരുന്നത്. അസാധ്യ രുചിയിൽ ഇഡ്‌ഡലിയും ചമ്മന്തിയും അമ്മൂമ്മ ഉണ്ടാക്കുമായിരുന്നു. പക്ഷേ, അതും എന്റെ ഇഡ്ഡലിക്കടയും തമ്മിൽ ഒരു ബന്ധവുമില്ല. ഞങ്ങൾ അഞ്ചു കൂട്ടുകാർ വെറുതേ തുടങ്ങിയ പ്ലാനാണത്. ഒന്നിച്ചിരിക്കുന്ന സമയം പെട്ടെന്നു തോന്നിയ ആശയം.

ADVERTISEMENT

കിങ്ഡം ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന സമയമാണ്. അതുകൊണ്ടു വേഗം തന്നെ തുടങ്ങാമെന്നു ഞാൻ പറഞ്ഞു. ആദ്യദിവസം എന്തു ചെയ്യണമെന്നു പോ ലും അറിയില്ലായിരുന്നു. അന്നു ഞങ്ങളുടെ അമ്മമാരാണ് ഇഡ്ഡലിയുണ്ടാക്കി വിളമ്പിയതും ഉദ്ഘാടനം ചെയ്തതും. പിന്നെ, ഞങ്ങളതു പഠിച്ചെടുത്തു. ഷൂട്ടിങ്ങിനു ഞാൻ പോകുമ്പോഴും കൂട്ടുകാരുള്ളതുകൊണ്ടു വൈകുന്നേരങ്ങളിൽ ഇഡ്‌ഡലി ചൂടോടെ വിളമ്പും. മൂന്നു മാസം മുൻപാണു ഞാൻ വേറൊരു കാര്യം അറിഞ്ഞത്. എ ൺപതുകളിൽ അച്ഛനും ഇഡ്‌ഡലിയുണ്ടാക്കി വിറ്റിരുന്നുവെന്ന്. പടിഞ്ഞാറേക്കോട്ടയിൽ സുഡ സുഡ ഇഡ്‌ഡലി തുടങ്ങിയത് ഇതൊന്നുമറിയാതെയാണ്. ഇത്ര ഹിറ്റാകുമെന്നും കരുതിയിരുന്നില്ല.

അമ്മ താരയ്ക്കും അച്ഛൻ പി. പിച്ചുമണിക്കുമൊപ്പം (ഫയൽ ചിത്രം)

തെലുങ്ക് എങ്ങനെ അറിയാം? സിനിമയ്ക്കു വേണ്ടി പഠിച്ചതാണോ?

തെലുങ്ക് സിനിമ മുൻപ് ചെയ്തിട്ടുണ്ട്. ‘നായികാ നായക ൻ’ കഴിഞ്ഞ സമയത്ത്. പക്ഷേ, അതു റിലീസായില്ല. കിങ്ഡം പ്രീ– റിലീസ് ഇവന്റിൽ സംസാരിച്ചതൊക്കെ ബേസിക് തെലുങ്കാണ്. ‘തിന്നോ’ എന്നു ചോദിക്കാനറിയാം. ‘തിന്നു കഴിഞ്ഞോ’ എന്നോ ‘തിന്നിട്ടുണ്ടോ’‍ എന്നോ ചോദിക്കാനറിയില്ല. അതാണു വ്യത്യാസം. അത്യാവശ്യം പിടിച്ചു നിൽക്കാൻ കുറച്ചൊക്കെ സംസാരിക്കും. ഡയലോഗുകൾ കാണാതെയും പഠിക്കും.

അഭിനയമോഹം എപ്പോഴാണു കൂടെക്കൂടിയത്?

തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിച്ചില്ലായിരുന്നെങ്കിൽ ഞാൻ നടനൊന്നും ആകൂല്ല. സ്കൂൾ ബങ്ക് ചെയ്തായിരുന്നു സിനിമയ്ക്കു പോക്ക്. പ്ലസ് വൺ– പ്ലസ് ടൂ പഠിക്കുമ്പോൾ ബെസ്റ്റ് ആക്ടർ സിനിമ കാണുന്ന സമയത്താണുനടനായാൽ നന്നാകുമെന്നു തോന്നിയത്.

ബികോം എത്തിയപ്പോഴേക്കും കുറച്ചു കൂടെ ആഗ്രഹം വന്നു. വീട്ടിൽ പറഞ്ഞപ്പോ ഫുൾ സപ്പോർട്ട്. ലോവർ മിഡി ൽ ക്ലാസ് ഫാമിലിയാണു ഞങ്ങളുടേത്. അച്ഛനും അമ്മയ്ക്കും വേണമെങ്കിൽ പറയാം ‘ഒരു ജോലി ആദ്യം ശരിയാക്ക്. ലൈഫ് ഒന്നു സുരക്ഷിതമാക്കിയിട്ട് അഭിനയിക്കാനൊക്കെ പൊയ്ക്കോ’എന്ന്. പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞത് ‘അതിനെന്ത്... നീ പൊയ്ക്കോ’ എ ന്നായിരുന്നു.

ഡയലോഗ് ഇല്ലാത്ത ആദ്യ അവസരം കിട്ടിയപ്പോൾ?

ഓരോ സിനിമ ഇറങ്ങുമ്പോഴും അസിസ്റ്റന്റുമാർക്കും ബ ന്ധപ്പെട്ടവർക്കും മെസേജ് അയയ്ക്കും. അവസരം ചോദിക്കും. സംവിധായകനു നേരിട്ടയച്ചാൽ ചിലപ്പോൾ അവർ കാണണമെന്നില്ല. അങ്ങനെ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായ അനിൽ എബ്രഹാം ചേട്ടനാണ് ആദ്യത്തെ അവസരം തന്നത്. ‘വെളിപാടിന്റെ പുസ്തക’ത്തിൽ. ഡയലോഗില്ലാത്ത റോളായിരുന്നു അത്. എന്നോടതു പറയാൻ ചേട്ടൻ അൽപം മടിച്ചു. ‘എടാ, ഷൂട്ടിനു കൂടിക്കോ. പക്ഷേ, ഡ യലോഗില്ല.’ എന്നാണന്നു പറഞ്ഞത്. അതായിരുന്നു സിനിമയിലേക്കുള്ള എൻട്രി.

വിജയ് ദേവരക്കൊണ്ടയുടെ സിനിമയിലേക്കെത്തുന്നത്?

ഡയറക്ടർ ഗൗതം ടിനനൂരി സർ ‘കിങ്ഡ’ത്തിനു വേണ്ടി വിളിച്ചപ്പോൾ ഇത്ര വലിയ റോളാണെന്നൊന്നും എനിക്കറിഞ്ഞൂടാ. ദേവരക്കൊണ്ടയുടെ സിനിമയിലെ വില്ലനെന്നൊക്കെ പറഞ്ഞാൽ എനിക്കു തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. ആരോടും പറഞ്ഞുമില്ല. അമ്മ താരയോടു മാത്രമേ പറഞ്ഞുള്ളൂ. അടുത്ത കൂട്ടുകാരോടു പോലും പറഞ്ഞതു ചെറിയ റോളാണെന്നാണ്.

ഇവന്റിനു വേണ്ടി ഹൈദരാബാദിലേക്കു പുറപ്പെടാൻ നില്‍ക്കുമ്പോൾ ഗൗതം സർ വിളിച്ചു. ‘എടാ, നീ അടിപൊളിയാണ്, നന്നായി ചെയ്തിട്ടുണ്ട്’ എന്നു പറഞ്ഞു. ഞാൻ ഫോൺ നേരേ അമ്മയ്ക്കു കൊടുത്തു.

അമ്മ ‘വെൽകം ടു ട്രിവാൻഡ്രം... നൈസ് ടു മീറ്റ് യൂ... കം പത്മനാഭസ്വാമി ടെംപിൾ... ഗോ.’ എന്നു മാത്രം ഇംഗ്ലിഷ് പറയുന്ന പരിപാടിയാണ്.

‘യുവർ സൺ ഈസ് എ വെരി ഗുഡ് ആക്ടർ.’ എ ന്നു സർ ഫോണിൽ പറഞ്ഞതും കസേരയിൽ നിന്ന് അമ്മ സ്പ്രിങ് പോലെ എണീറ്റു. ‘അയ്യോ... താങ്ക്യൂ സാർ’. ആദ്യമായാണ് ഇത്ര വലിയൊരാൾ വിളി ച്ചു നല്ലതു പറയുന്നത്.

അമ്മയ്ക്കൊപ്പം ആദ്യമായി കാണാൻ പോകുന്ന സിനിമയും കിങ്ഡമാണ്. ഇതുവരെ ആത്മവിശ്വാസമില്ലായിരുന്നു. ഇത് അമ്മയ്ക്കൊപ്പം കണ്ടില്ലെങ്കിൽ വേറാർക്കൊപ്പം കാണാനാണ്?

വെങ്കിയെ സിനിമ പഠിപ്പിച്ചത് എന്താണ്?

സിനിമയിലെ ഭാഗ്യപരീക്ഷണം എന്നെ പഠിപ്പിച്ചത് ആത്മവിശ്വാസമാണ്. അതില്ലെങ്കിൽ ഒരു തേങ്ങയും ചെയ്യാൻ നമുക്കാവില്ല. മുന്‍പൊക്കെ ഒരുടുപ്പിട്ടാൽ ഞാൻ നാലു പേരോടു ചോദിക്കും. ഇത് ഓക്കെയാണോ? ഞാൻ അഭിനയിക്കുന്നതു ശരിയാകുന്നുണ്ടോ? .

എന്റെ ട്രിവാൻഡ്രം സ്ലാങ് പുറത്തറിയാതിരിക്കാൻ ആ ർട്ടിഫിഷലായി സംസാരിക്കും. സ്റ്റാൻഡേർഡ് ആ കാനുള്ള ശ്രമം വിട്ടപ്പോൾ തന്നെ ഞാൻ ഞാനായി. കോൺഫിഡൻസ് എനിക്കു വന്നാലല്ലേ അതു സ്ക്രീനിൽ കാണൂ. പേടിയും ഇൻസെക്യൂരിറ്റിയുമൊക്കെ അതോടെ പോയി.

ആദ്യകാലത്ത് ഒരു വർഷം എനിക്കു കിട്ടുന്ന പണം പതിനയ്യായിരവും ഇരുപതിനായിരവുമൊക്കെയാണ്. തലയ്ക്കകത്താണെങ്കിൽ നിറയെ ഭാരങ്ങളും. പണം സമ്പാദിച്ചിട്ടു വേണം നല്ലൊരു വീടു വയ്ക്കാൻ. നല്ലോണം അഭിനയിച്ചില്ലെങ്കിൽ അടുത്ത സിനിമ കിട്ടില്ല. അങ്ങനെ പലവിധ ഭാരങ്ങളാണ്.

ആമ തോടും ചുമന്ന് ഇഴയുന്ന പോലെ ഈ ഭാരങ്ങളെല്ലാം തലപ്പുറത്തു ചുമന്ന് എന്റെ കരിയറും ഇഴഞ്ഞു. പിന്നെ, ബോധം വച്ചതോടെ ഞാനാ ഭാരങ്ങളൊക്കെ ഇറക്കി. അതോടെ കരിയർ രക്ഷപ്പെടാനും തുടങ്ങി.

പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത വേദയിൽ അവസരം കിട്ടി. പക്ഷേ, വെല്ലുവിളികളുടെ സമയമായിരുന്നു പിന്നീട്. അച്ഛൻ ഞങ്ങളെ വിട്ടുപോയതും അക്കാലത്താണ്. എനിക്കു സിനിമയെ വലിയ ഇഷ്ടമാണ്. സിനിമയ്ക്ക് എന്നെയും. തമിഴിൽ ‌‌റെബലിൽ അഭിനയിച്ചതോടെയാണു കടങ്ങൾ തീർന്നത്. അതോടെ ഞാൻ ഫ്രീയായി.

കൂട്ടുകാരായ വിഘ്നേഷ്, വിജയകുമാർ, ശ്രീറാം കൃഷ്ണസ്വാമി, അരുൺ കുമാർ എന്നിവർക്കൊപ്പം വെങ്കിടേഷ്

തുടക്കത്തിൽ തിരിച്ചടികൾ കിട്ടിയിരുന്നു അല്ലേ?

ആവശ്യത്തിൽ കൂടുതൽ വിനയമായിരുന്നു തുടക്കത്തിൽ എന്റെ പ്രശ്നം. നമ്മൾ ശീലിച്ചതല്ലേ പുറത്തേക്കും വരൂ. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളാണ് എന്റെ കുടുംബവും കൂട്ടുകാരും. എനിക്കങ്ങനെയേ സംസാരിക്കാനറിയൂ. പെരുമാറാനും. ചെറിയ കാര്യങ്ങളിൽ വിഷമിക്കും. അടുത്ത കൂട്ടുകാരിലാരെങ്കിലും വിളിച്ചില്ലെങ്കിൽ പരിഭ്രമിക്കും. അത്ര സെൻസിറ്റീവായിരുന്നു.


മഴവിൽ മനോരമയിലെ‘നായികാ നായകൻ’, ‘ഉടൻ പ ണം’ റിയാലിറ്റി ഷോകൾ മൈലേജ് കൂട്ടാൻ സഹായിച്ചു. തിരിച്ചടികളിലൂടെ ബോൾഡാകാനും പഠിച്ചു.


കുടുംബവും കൂട്ടുകാരുമെല്ലാം തിരുവനന്തപുരത്തു തന്നെയാണോ?

തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിലാണു കുടുംബം. അമ്മവീടും അച്ഛൻ വീടുമൊക്കെ തിരുവനന്തപുരത്താണ്. അമ്മയ്ക്കു സ്കൂൾ വിദ്യാഭ്യാസം മാത്രമേയുള്ളൂ. അ ച്ഛൻ നന്നായിട്ടു പാചകം ചെയ്യുമായിരുന്നു. അമ്പലത്തിലേക്കുള്ള ഉണ്ണിയപ്പം, വെള്ളപ്പായസം ഒക്കെ ഉണ്ടാക്കി കൊടുക്കും. ഉത്സവസീസണുകളിൽ സുഖിയൻ പോലുള്ള നാടന്‍ പലഹാരങ്ങളുണ്ടാക്കാൻ മിടുക്കനായിരുന്നു.

ജീവിക്കാൻ പണം കണ്ടെത്താൻ വേണ്ടി മലക്കറിക്കട (പച്ചക്കറി കട) വരെ അമ്മ നടത്തിയിട്ടുണ്ട്. അമ്മ നല്ല ഫൈറ്ററാണ്. സർവൈവലിനു വേണ്ടി പല ജോലികളും ചെയ്തു. എക്സാമിനേഷൻ ബോർഡിൽ ചെറിയ ജോലിയുമായി പതിമൂന്നു വർഷത്തോളം കരാറിലുണ്ടായിരുന്നു. പിന്നെയതു സ്ഥിരമായി.

ആറായിരം രൂപയേ ശമ്പളമുള്ളൂവെങ്കിലും ഏകദേശം 20,000 രൂപയുടെ ചെലവു വരും. അതായിരുന്നു വീട്ടിലെ അവസ്ഥ. അമ്മയതു ഭംഗിയായി റോൾ ചെയ്ത് മാനേജ് ചെയ്യും. ബുദ്ധിമുട്ടൊന്നും അറിയിക്കാതെയാണ് എന്നെ വ ളർത്തിയതും.

ആഗ്രഹിക്കുന്ന സാധനങ്ങളെല്ലാം വാങ്ങിത്തരും. പ ഠിക്കുന്ന സമയത്തു ക്രിക്കറ്റ് കോച്ചിങ്ങിനു ബാറ്റ് വേണം എന്നൊക്കെ പറഞ്ഞു വീട്ടിലെത്തും. 1400 രൂപയുടെ ബാറ്റൊക്കെ അച്ഛനുമമ്മയും വാങ്ങിത്തരും.

അന്നൊന്നും വീട്ടിലെ പരിപാടികളും ബുദ്ധിമുട്ടും എനിക്കറിയില്ലല്ലോ. പൈസയില്ലെന്ന് ഇന്നോളം പറഞ്ഞിട്ടില്ല. അർധരാത്രിയായാൽപ്പോലും എന്താവശ്യത്തിനും എത്തുന്ന കൂട്ടുകാരും എനിക്കുണ്ട്.

എല്ലാവരും തിരുവനന്തപുരത്തു തന്നെ. സിനിമയ്ക്കു കൊണ്ടുപോകാനും എന്റെ ഫ്ലെക്സ് വയ്ക്കാനുമൊക്കെ മുന്നിട്ടിറങ്ങുന്നതും അവരാണ്.

കിങ്ഡം സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ?

ഗൗതം സർ ഒരു സ്കൂളാണ്. പിന്നെ, അനിരുദ്ധിന്റെ മ്യൂസിക്. എന്റമ്മേ... നോ കമന്റ്സ്! എസ്‌എസ്‌എൽസിക്കു പോലും ഞാൻ അത്രയൊന്നും പഠിച്ചിട്ടില്ല. ഡയലോഗുക ൾ തന്നെ കുറേയുണ്ട്.

ആദ്യമൊക്കെ തെലുങ്ക് പറ്റുന്നുണ്ടായില്ല. വിജയ് സർ അടക്കം എല്ലാവരും പറഞ്ഞു. ‘സമയമെടുത്തോ... നമുക്കു സെറ്റാക്കാം’ പതിയെ പതിയെ അതു ശരിയായി.

ADVERTISEMENT