ഇഷ്‌ടപ്പെട്ട കളിയുടെ നിയമാവലി തയാറാക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ വ്യത്യസ്തമായ നിയമം എഴുതി ചേർത്ത മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് സമൂഹമാധ്യമ പോസ്റ്റുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ‘സ്‌പൂണും നാരങ്ങയും’ എന്ന കളിയുടെ നിയമാവലിയിൽ ഒടുവിലത്തെ നിയമമായി ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നെഴുതിയ തലശേരി ഒ. ചന്തുമേനോൻ സ്‌മാരക ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഹാന്‍ അനൂപിനെയാണ് തന്റെ പോസ്റ്റിലൂടെ മന്ത്രി അഭിനന്ദിച്ചത്. അഹാന്റെ ഉത്തരക്കടലാസിന്റെ ചിത്രം ഉൾപ്പടെ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

ജീവിതത്തിലെ മികച്ച സന്ദേശമാണ് അഹാന്‍ അനൂപ് എന്ന വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ എഴുതിവച്ചതെന്നും അഹാന്‍റെ വാക്കുകള്‍ ചിന്തയും കൗതുകവുമുണര്‍ത്തുന്നതാണെന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മുന്നേറുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം സമൂഹമാധ്യത്തിൽ കുറിച്ചു.

അഹാനെ പിന്നീട് മന്ത്രി വിഡിയോ കോളിലൂടെ അഭിനന്ദിച്ചു. അങ്ങനെയൊരു ഉത്തരം എഴുതാനുണ്ടായ കാരണവും മന്ത്രി ആരായുന്നുണ്ട്. സ്വന്തമായി കണ്ടുപിടിച്ച് എഴുതിയതാണെന്നായിരുന്നു അഹാന്റെ ഉത്തരം.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT