കാച്ചിലും കാന്താരിയും ഉണ്ണിയപ്പവും കൊണ്ട് വിരുന്ന്... ചെറുവയൽ രാമന്റെ വലിയ അതിഥിയായി പ്രിയങ്ക ഗാന്ധി Priyanka Gandhi Visited Cheruvayal Raman
പാരമ്പര്യ നെൽക്കർഷകൻ ചെറുവയൽ രാമന്റെ വീട്ടിലും കൃഷിയിടത്തിലും പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദർശനം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് പ്രിയങ്ക ചെറുവയൽ രാമന്റെ എടവക കമ്മനയിലെ വീട്ടിലെത്തിയത്. പാരമ്പര്യ നെൽവിത്തിനങ്ങളുടെ സംരക്ഷകനായ രാമന്റെ വിത്തുശേഖരവും കൃഷിയിടവും കണ്ടു വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കി. ചെറുവയൽ രാമനൊപ്പം പാടവരമ്പിലൂടെ നടന്നും പരമ്പരാഗത ഗോത്രവിഭാഗത്തിന്റെ ആയുധമായ അമ്പും വില്ലും പരിചയപ്പെട്ടും പ്രിയങ്ക തനി നാട്ടിൻപുറത്തുകാരിയായി.
പ്രിയങ്കയ്ക്കു ഗോത്രഭാഷയിലെ പാട്ടുകൾ രാമൻ പാടിക്കൊടുത്തു. മലയാളത്തിൽ ചെറുവയൽ രാമൻ പറഞ്ഞ കാര്യങ്ങൾക്കു ഹിന്ദിയിൽ പ്രിയങ്ക മറുപടി നൽകി. പരിഭാഷകരുണ്ടായിരുങ്കിലും അവർ ഇടപെടുന്നതിനു മുൻപുതന്നെ പരസ്പരം ഭാഷ മനസ്സിലാക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും ആശയവിനിമയം.
ഗോത്ര വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും കാർഷിക രംഗത്തെ പ്രതിസന്ധിയും രാമൻ ശ്രദ്ധയിൽപെടുത്തി. പുല്ലു മേഞ്ഞ വീടിനു മുന്നിൽ നിന്നു രാമനൊപ്പം ഫോട്ടോ എടുക്കാനും പ്രിയങ്ക മറന്നില്ല. പ്രിയങ്കയ്ക്കായി കാച്ചിലും കാന്താരിയും ഉണ്ണിയപ്പവുമെല്ലാം രാമൻ കരുതിവച്ചിരുന്നു. പ്രിയങ്ക എത്തിയതറിഞ്ഞു ബന്ധുക്കളും അയൽക്കാരുമെല്ലാം രാമന്റെ വീട്ടിലെത്തി. 3 മണിക്കൂറോളം പ്രിയങ്ക അവിടെ ചെലവഴിച്ചു. ഹൃദയപൂർവമാണു പ്രിയങ്ക ഇടപെട്ടതെന്നും ഒരു മകൾ പിതാവിനു നൽകുന്ന സ്നേഹമാണു പകർന്നതെന്നും രാമൻ പ്രതികരിച്ചു.