നിങ്ങൾ ബൈക്കോ സ്കൂട്ടിയോ ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിക്കുക, പെട്രോൾ ഊറ്റാൻ പുതിയ തന്ത്രവുമായി മോഷ്ടാക്കൾ ഇറങ്ങിയിട്ടുണ്ട് Petrol theft reported in Kochi
ബൈക്കിൽ നിന്നു പെട്രോൾ ഊറ്റലിനു പുതിയ തന്ത്രവുമായി മോഷ്ടാക്കൾ. മെട്രോ ടെർമിനലിനു സമീപം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നാണു പെട്രോൾ മോഷ്ടിക്കാൻ ശ്രമം നടന്നത്. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ എം.ബി. ശരത്ചന്ദ്രന്റ വാഹനത്തിൽ നിന്നായിരുന്നു മോഷണ ശ്രമം.
ബുധൻ വൈകിട്ടോടെ ജോലി കഴിഞ്ഞ് വാഹനം എടുക്കുന്നതിനായി എത്തിയപ്പോൾ പെട്രോൾ ടാങ്കിന് താഴെയായി തുണികൊണ്ടുള്ള ഒരു കവർ ഫ്യൂവൽ വാൽവിൽ തൂക്കിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് കവറിനുള്ളിൽ വലിയ ഒരു പ്ലാസ്റ്റിക് കുപ്പി തന്ത്രപരമായി ഒരു വയറിന്റെ സഹായത്തോടെ ഫ്യുവൽ വാൽവിൽ തൂക്കിയിട്ടതായി കണ്ടത്.
വാൽവും എൻജിനുമായി ബന്ധിപ്പിക്കുന്ന ട്യൂബ് ഊരിയ ശേഷം മറ്റൊരു ട്യൂബ് ഘടിപ്പിച്ചാണ് ടാങ്കിൽ നിന്നു പ്ലാസ്റ്റിക് കുപ്പിയിലേക്കു പെട്രോൾ ഊറ്റിയിരുന്നത്. പെട്രോൾ ഊറ്റി തീരുന്നതിനു മുൻപ് തന്നെ ബൈക്ക് ഉടമ എത്തിയതോടെയാണു മോഷ്ടാക്കളുടെ തന്ത്രം പൊളിഞ്ഞത്. ഒട്ടേറെ ആളുകൾ ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ഇത്തരത്തിലുള്ള മോഷണ ശ്രമം. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ശരത്ചന്ദ്രൻ പറഞ്ഞു.