ഹൃദ്യമായ ജീവിത പാഠങ്ങളും മനോഹരമായ അനുഭവങ്ങളുമായി സോഷ്യൽ മീഡിയക്ക് സുപരിചിതയാണ് നിഷ റാഫേൽ‌. വേദനകളിലും ജീവിത പ്രതിസന്ധികളിലും തളർന്നു പോകുന്നവർക്ക് തന്റെ വേറിട്ട അനുഭവ പാഠങ്ങളും നിഷ പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിത നേർസാക്ഷ്യങ്ങളുടെ മാധ്യമമായ നിഷ റാഫേൽ യൂട്യൂബ് ചാനൽ ഒരു ലക്ഷം കാഴ്ചക്കാരെ നേടിയ പശ്ചാത്തലത്തിൽ നിഷ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. വേദനകളും സങ്കടങ്ങളും പെയ്തുതോർന്നുപോയ പോയ കാല ജീവിതത്തെക്കുറിച്ചാണ് നിഷയുടെ ഹൃദ്യമായ കുറിപ്പ്.

കൗമാരം മുതൽ വിവാഹം വരെ നീളുന്ന കാലഘട്ടങ്ങളും അതിനിടയിലെ വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളും നിഷ കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. പുറംമോടിയല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞ വിവാഹ ജീവിതവും വേദനകളിൽ നിന്നും ഫീനികസ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റതുമെല്ലാം നിഷ ഹൃദ്യമായി കുറിക്കുന്നുണ്ട്. വനിത ഓൺലൈനു വേണ്ടിയാണ് നിഷ കുറിപ്പ് പങ്കുവച്ചത്.

ADVERTISEMENT

കുറിപ്പിന്റെ പൂർണരൂപം:

തോൽക്കാൻ തയ്യാറല്ലാത്ത ഒരു മനസ്സുണ്ടെങ്കിൽ വിജയം നിങ്ങളുടെ കൈപ്പിടിയിൽ ആക്കാം....

ADVERTISEMENT

കുട്ടിക്കാലം മുതലേ വാചകമടി ആയിരുന്നു മെയിൻ സംഭവം. ക്ലാസ്സ്‌ ൽ അത്യാവശ്യം ചട്ടമ്പി സ്വഭാവം ഒക്കെ കാണിച്ചിരുന്നു എങ്കിലും, പഠിക്കാൻ മിടുക്കി ആയിരുന്നതിനാൽ ടീച്ചർമാർ ഒന്നും പറയാറില്ല. പലപ്പോഴും പഠിപ്പിസ്റ്റ് എന്ന category യിൽ ഉള്ളവർ അത്തരം ആളുകളുമായി മാത്രം കൂട്ട് കൂടുകയാണല്ലോ പതിവ്. ഞാൻ പക്ഷെ, മറിച്ചായിരുന്നു. ചട്ടമ്പിത്തരവും പഠിപ്പും ഒരു പോലെ കൊണ്ട് പോയ ഒരു സ്കൂൾ കാലഘട്ടം.

ഏറെ സംസാരിക്കുന്ന എന്റെ വീട്ടിൽ ഉള്ളവർ പക്ഷെ, അവാർഡ് പടത്തിലെ പോലെ നിശബ്‍ദർ ആയിരുന്നു. സ്വന്തം വീട്ടിൽ ഏറെ ഏകാന്തത അനുഭവിച്ച എന്നെ, 5 -)o വയസ്സിൽ അമ്മയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി.

ADVERTISEMENT

ഉർവശി ശാപം ഉപകാരം എന്ന പോലെയായി എന്റെ അവസ്ഥ. അമ്മാമ്മയോടൊപ്പം എന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു.

10 വയസ്സ് വരെ ഞാൻ ജീവിതത്തിൽ അനുഭവിച്ച സന്തോഷം.. അതിന് പകരം വെക്കാൻ ഇന്നും എനിക്കൊന്നുമില്ല. അമ്മാമ്മ ആയിരുന്നു എനിക്കെല്ലാം. അമ്മാമ്മ പഠിപ്പിച്ച ഓരോ ബാല പാഠങ്ങളും, ജീവിതത്തെ ക്കുറിച്ചുള്ള കാഴ്ചപ്പാടും, പോസിറ്റീവ് ആയ ചിന്താഗതിയും എന്നെ തെല്ലൊന്നും അല്ല സ്വാധീനിച്ചത്.

10 വയസ്സിൽ തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയ എനിക്ക് ഏക ആശ്വാസം.. പഠനം മാത്രമായിരുന്നു. എന്റെ പാഠ പുസ്തകങ്ങൾ എനിക്ക് കൂട്ടുകാരായി. മനപാഠം ആകുന്ന പോലെ ഓരോ പേജും പഠിച്ച് പഠിച്ച് ഞാൻ മുന്നേറി.. പത്താം ക്ലാസ്സ്‌ ട്യൂഷൻ പോലും ഇല്ലാത്ത ഡിസ്റ്റിക്ഷൻ മാർക്ക്‌ വാങ്ങിയിരുന്നു ഞാൻ അന്ന്. (1996 ൽ അതൊരു റാങ്ക് ന് സമം ആയിരുന്നു ).

എന്നെ ഒട്ടും താല്പര്യം ഇല്ലാത്ത III rd ഗ്രൂപ്പ്‌ (ഹ്യുമാനിറ്റീസ്‌ ) ലേക്ക് എന്റെ പപ്പ എന്നെ നിർബന്ധിച്ചു ചേർത്തി. 18 വയസ്സായാൽ കല്യാണം കഴിപ്പിച്ച് വിടേണ്ട പെൺകുട്ടികളെ ഒരുപാട് പൈസ ചിലവാക്കി പഠിപ്പിക്കാൻ പപ്പ തയ്യാറല്ലായിരുന്നു. ജീവിതത്തിൽ മടുപ്പ് തോന്നി തുടങ്ങിയത് അന്ന് മുതലാണ്. വീട്ടിൽ ഒന്നും സംസാരിക്കാതെ പേടിച്ച് ജീവിച്ച ഞാൻ, പുറമെ ഉള്ളവരോട് റിബൽ സ്വഭാവം കാണിക്കാൻ തുടങ്ങി. കാണുന്നവരോട് എല്ലാം ദേഷ്യം ആയിരുന്നു. പ്രത്യേകിച്ച് പുരുഷന്മാരോട് വിരോധം.

അങ്ങനെ വീട്ടിലെ എതിർപ്പ് വക വെക്കാതെ, ഞാൻ പഠിപ്പ് തുടർന്നു പോയ്‌. 21 -ാം വയസ്സിൽ വിവാഹം കഴിക്കുമ്പോ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു.ബ്രോക്കർമാർ കൊണ്ട് വന്ന 15 പേരെയും എനിക്ക് ഇഷ്ടപ്പെട്ടില്ല. 16 -ാമത്തെ നറുക്ക് സാബുവിനാണ് വീണത്. കുതിര പുറത്ത് വരുന്ന രാജകുമാരനെ സ്വപ്നം കണ്ടു നടന്നിരുന്ന എനിക്ക് കിട്ടിയത് കാഴ്ചയ്ക്ക് നല്ലൊരു സിനിമ നടനെ പോലെ ഇരിക്കുന്ന സാബുവിനെ ആയിരുന്നു.

കാഴ്ചയും, ജീവിതവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് ആഴ്ചകൾക്ക് ഉള്ളിൽ തന്നെ എനിക്ക് മനസ്സിലായി. പട പേടിച്ച് പന്തളത്ത് ചെന്നപ്പോ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെ ആയിരുന്നു എന്റെ അവസ്ഥ. എന്നും കൂട്ടായി ഉണ്ടായിരുന്നത് എന്റെ പാട്ട് പെട്ടി മാത്രമായിരുന്നു.

പിന്നെ, എല്ലാ ശനിയാഴ്ചകളിലും ഞാൻ പോയ്‌ കാണുമ്പോ എന്റെ നെറുകിൽ 'നിഷ മോളെ ' എന്ന് വിളിച്ചു തലോടുന്ന അമ്മാമ്മയും. കാലചക്രം മുന്നോട്ടു പോയ്‌. എല്ലാ വീടുകളിലും ഉണ്ടാകുന്ന വഴക്കുകൾ മാത്രമായ് , എല്ലാരും ഇതിനെയും നിസ്സാരവത്കരിച്ചു.

പക്ഷേ, എനിക്കെന്തൊക്കെയോ ഈ ഭൂമിയിൽ ഒരു signature ബാക്കി വെച്ച് പോകണം എന്ന തോന്നൽ ശക്തമായിരുന്നു.

2010 ൽ എന്റെ എല്ലാം ആയിരുന്ന അമ്മാമ്മയും എന്നെ വിട്ടു പോയ്‌.. "ഒറ്റയ്ക്ക് ഒരാൾ എത്ര ദൂരം പോവും...?

ഒറ്റയ്ക്ക് എന്നുറപ്പായാൽ എത്ര ദൂരം വേണമെങ്കിലും..." 2016 ൽ ഞാൻ ഇക്കണോമിക്സ് ൽ ഡോക്ടറേറ്റ് ബിരുദം നേടി. അതിനിടയിൽ രണ്ടു പ്രസവം. ഇതിൽ എന്താണിത്ര അതിശയം എന്നാണെങ്കിൽ, പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് കൊണ്ടും, പലപ്പോഴും കോടതി വരാന്തയിൽ നിന്നുമാണ് ഞാൻ ഓരോ പരീക്ഷകളും എഴുതാൻ പോയത്.

2015 കാലഘട്ടത്തിൽ ഒക്കെ ഞാൻ ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും വിചാരിച്ചിരുന്നത് ആയിരുന്നു. അന്നും ഉള്ളിൽ കെടാതെ കിടന്നിരുന്ന ഒരു കനൽ ഉണ്ടായിരുന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരാൻ ഉള്ളിൽ നിന്നാരോ ശക്തി തന്നിരുന്നു.

ഇന്നും എന്നെ ദ്രോഹിച്ചവരോട് എല്ലാം എനിക്ക് നന്ദി മാത്രമേ ഉള്ളൂ... അവർ നൽകിയ വാശി ഇല്ലായിരുന്നു എങ്കിൽ ഇന്ന് നിഷ ടീച്ചർ എന്നൊരു ഇൻഫ്ലൂവൻസർ ഉണ്ടാവില്ലായിരുന്നു. വാക്കുകൾക്ക് ദാരിദ്ര്യം ഇല്ലാത്തത് കൊണ്ടും, അനുഭവത്തിന്റെ തീചൂളയിൽ നിന്ന് വന്നത് കൊണ്ടും സംസാരിക്കാൻ വിഷയങ്ങൾക്ക് പഞ്ഞം ഉണ്ടായിരുന്നില്ല.

ഈ അവസരത്തിൽ ഞാൻ ഇന്നെന്റെ ഒപ്പം ഇല്ലാത്ത മൂന്ന് വ്യക്തികളെ നന്ദിയോടെ ഓർക്കുന്നു. (പപ്പ, സാബു , അമ്മാമ്മ ). പപ്പയും, സാബുവും നൽകിയ വാശിയാണ് എന്നെ ഞാൻ ആക്കിയത്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നാണല്ലോ പ്രമാണം.

അതിനിടയിൽ ഒരുപാട് സ്കൂളുകളിലും, കോളേജുകളിലും ജോലിയിൽ പ്രവേശിച്ചു. തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന കൂട്ടത്തിൽ ആയത് കൊണ്ട് , എവിടെയും അധികം നാൾ ജോലിയിൽ തുടരാൻ ആയില്ല. പോരാത്തതിന് ഞാൻ ഒരു കട്ട ലാലേട്ടൻ ആരാധികയുമാണ്. ലാലേട്ടൻ സിനിമകളിലെ രംഗങ്ങൾ ഡബ്സ്മാഷ് രൂപേണ ക്ലാസ്സിൽ അവതരിപ്പിക്കുന്നത് മൂലം ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.

ഇന്നെന്റെ ലോകം എന്റെ രണ്ട് പെൺമക്കൾ ആണ്. അപർണ (21), അർച്ചന (11). കടന്നുപോയ ജീവിത ചുറ്റുപാടുകൾക്കിടയില്‍ എതിരാളികളുടെ പരിഹാസം അതെന്നും എനിക്കൊരു ഊർജ്ജം ആയിരുന്നു !!!

ഇതിനിടെ ജീവിതത്തിൽ നിന്നും ‍ഞാൻ‌ പഠിച്ച പാഠങ്ങളും കുഞ്ഞു കുഞ്ഞു വർത്താനങ്ങളും കോർത്തിണക്കി ഒരു യൂട്യൂബ് ചാനൽ തുടങ്ങി. 2019 ൽ ലോക്ക് ഡൌൺ സമയത്ത് ഞാൻ യൂട്യൂബിൽ ദിനവും വീഡിയോ അപ്‍ലോഡ് ചെയ്യുമായിരുന്നു. മാക്സിമം കിട്ടുന്ന lലൈക്ക് 4 ആയിരിക്കും. ഏറി പോയാൽ 10 ലൈക്ക്.

വീട്ടിൽ ഉള്ളവർ എല്ലാം ഒടുവിൽ കളിയാക്കി തുടങ്ങിയിരുന്നു. വെറും 10 ലൈക്ക് നു വേണ്ടിയാണോ ഇതെല്ലാം കഷ്ടപ്പെട്ട് വീഡിയോ ആയി ഇടുന്നത് എന്ന്.

അന്നൊക്കെ ഓരോ ദിവസവും രാവിലെ എണീറ്റ് കമ്പ്യൂട്ടർ ഓൺ ആക്കും. സബ്സ്ക്രൈബേഴ്സ് കൂടിയോ എന്ന് നോക്കും. പിന്നീട്, അതങ്ങ് നിർത്തി. പണ്ടുള്ളവർ പറയും പോലെ 'ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക' എന്ന രീതിയായി.

അങ്ങനെ ഇരിക്കുമ്പോ എന്റെ ഒരു വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാണ് മഴവിൽ മനോരമയിൽ 'പണം തരും പടം ' എന്ന പ്രോഗ്രാമിലേക്ക് ജഗദീഷ് ഏട്ടൻ വിളിക്കുന്നത്. പിന്നീട്, തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പതിയെ വീഡിയോ എടുക്കുന്നത് മൊബൈലിൽ നിന്ന് മാറ്റി, camera യുടെ സഹായത്തോടെ ആക്കി. പിന്നീട്, എപ്പോഴോ, ഞാൻ Instagram ൽ ഇട്ടൊരു വീഡിയോ (അമ്മമ്മാരെക്കുറിച്ച് ) കേറിയങ്ങു വൈറൽ ആയി.

കട്ടക്ക് കൂട്ടായി എന്നും camera യ്ക്ക് പുറകിൽ അപ്പൂസ് ഉണ്ടായിരുന്നു. കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച ഓരോ പ്രേക്ഷകർക്കും നന്ദി !

ഞാൻ എന്റെ whatsapp dp യോടൊപ്പം വെച്ചിട്ടുള്ള description ഇവിടെ എഴുതി ചേർക്കാൻ ആഗ്രഹിക്കുന്നു.

"തോൽക്കാൻ തയ്യാറല്ലാത്ത മനസ്സുണ്ടെങ്കിൽ, വിജയം നിങ്ങളുടെ കൈപ്പിടിയിൽ ആക്കാം" !!

ഒത്തിരി ഇഷ്ടത്തോടെ, ഇനിയും വരാം..

നിഷ ടീച്ചർടെ

ചെറ്യേ വർത്താനവുമായി !!!

English Summary:

Nisha Raphael is a well-known social media influencer sharing heartwarming life lessons and personal experiences. She inspires those struggling with pain and adversity through her unique life stories.