നമുക്ക് എല്ലാവർക്കും ഒരേ ലോകമല്ലേ എന്നൊക്കെ പറയുമ്പോഴും കേൾവിയുടെ സുഖത്തിനപ്പുറം നോക്കിയാൽ ആ വാചകം ശരിയാണോ? നമുക്ക് എല്ലാവർക്കും ശരിക്കും ‘‘ഒരേ ലോകമാണോ?’’ പല ഭാരമുള്ള ഭാരക്കട്ടകൾ കാലിൽ കെട്ടിയുള്ള ഓട്ടമത്സരത്തിൽ ലക്ഷ്യത്തിലെത്തുന്നതു മാത്രം വച്ചു ജയവും തോൽവിയും പതിച്ചു നൽകുന്ന ലോകത്തിനു പാതിവഴിയിൽ തട്ടിത്തടഞ്ഞു വീണവരേയും കിതച്ചു നിൽക്കുന്നവരേയും ഒരു പോറലുമേൽക്കാതെ ഷൂസിട്ട് ഓടുന്നവരേയും എങ്ങനെ ഒരേ പോലെ കാണാൻ കഴിയുന്നു? ഇങ്ങനൊരു ചോദ്യം മുഴച്ചു നിൽക്കുന്നിടത്താണു നമ്മൾ അഡ്വ.അം ബികയെ പോലുള്ളവരെ ഒന്നാഴത്തിൽ അറിയേണ്ടത്.

നടന്നു കയറിയ കനൽക്കാലം

ADVERTISEMENT

ഇഷ്ടം കൊണ്ടും സമൂഹത്തിൽ കുറച്ചു കൂടി ബഹുമാനവും അന്തസ്സും നേടിത്തരുന്നൊരു ജോലി വേണമെന്നതു കൊണ്ടുമാണ് എൽഎൽബി തിരഞ്ഞെടുത്തത്. പഠിക്കുന്ന സമയത്ത്, അതായതു പത്താം ക്ലാസ് തോറ്റിടത്തു നിന്നു വീണ്ടും എഴുതി ഇവിടം വരെ എത്തിയ സമയത്ത്... ഈ ആഗ്രഹം മനസിലുണ്ട്. രണ്ടാം വരവിൽ പ്ലസ് ടൂവിനൊ ക്കെ നല്ല മാർക്ക് കിട്ടിയപ്പോൾ പഠനം നിർത്തിക്കളയാനുള്ളതല്ലെന്നു ബോധ്യപ്പെട്ടു. അഞ്ചു വർഷം കഴിഞ്ഞാൽ നിമയ ബിരുദം കിട്ടുമല്ലോ എന്ന ചിന്തയിൽ നിന്നാണു ഭർത്താവിനൊപ്പം കൂടിയാലോചിച്ച് എൽഎൽബി എന്ന സ്വപ്നത്തിനു പിന്നാലെ പോയത്.

ഒരു വയസ്സാകും മുൻപേ എന്റെ അമ്മ മരിച്ചു. പട്ടാമ്പിക്കടുത്ത് പള്ളിപ്പുറത്താണു വീട്. അച്ഛനു റെയിൽവേയിൽ ജോലിയുണ്ടയിരുന്നതിനാൽ ഷൊർണൂർ റെയിൽവേ ക്വാർട്ടേഴ്സിൽ താമസം. ഞാൻ നാലാം ക്ലാസ്സിലെത്തിയപ്പോഴേക്കും കാൻസർ മൂലം അച്ഛനേയും നഷ്ടമായി. രണ്ടു സഹോദരിമാർക്കൊപ്പം അച്ഛന്റെ അമ്മയുടെ കൂടെയാണു പിന്നീടു കഴിഞ്ഞത്. എന്നെക്കാൾ 10-12 വയസ്സ് മൂത്ത സഹോദരിമാരാണു സ്കൂളിലയച്ചതും എല്ലാ കാര്യങ്ങളും നോക്കി നടത്തിയതും. ചേച്ചിമാർ വസന്ത, ശാന്തി. മൂത്ത ചേച്ചിക്ക് അച്ഛന്റെ ജോലി കിട്ടി. രണ്ടാമത്തെ ചേച്ചി അംഗൻവാടി ടീച്ചറാണ്.

ADVERTISEMENT

ഞാൻ ആറിൽ പഠിക്കുമ്പോഴേക്കും വസന്ത ചേച്ചിയുടെ കല്യാണം കഴിഞ്ഞു. രണ്ടാമത്തെ ചേച്ചി ശാന്തി അതിനും മുൻപേ വിവാഹിതയാണ്. അച്ഛമ്മ പ്രായമായമായതോടെ ഞങ്ങൾ രണ്ടാളും മാത്രമായി നിൽക്കുക ബുദ്ധിമുട്ടായി. അങ്ങനെ മൂത്ത ചേച്ചിയുടെ കുടുംബത്തോടൊപ്പം ഷോർണൂരുള്ള റെയിൽവേ ക്വാട്ടേഴ്സിലായിരുന്നു താമസം. പിന്നീട് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി എന്നെ ഒറ്റപ്പാലത്തുള്ളൊരു ഹോസ്റ്റലിലാക്കി. എട്ടു വരെ നന്നായി പഠിട്ടിച്ചിരുന്നിട്ടും പിന്നീടുള്ള ഒറ്റപ്പെടലും ഹോസ്റ്റൽ ജീവിതവും മറ്റും കാരണമുള്ള മോശം മാനസികാവസ്ഥ കാരണം പത്താം ക്ലാസ് തോറ്റു. അന്നൊക്കെ എനിക്കിനി പഠിക്കാൻ പറ്റില്ല എന്നായിരുന്നു ചിന്ത. അതൊക്കെ കൊണ്ടു പതിനെട്ട് വയസ്സായപ്പോഴേക്കും കല്യാണം കഴിപ്പിച്ചു വിട്ടു. രണ്ടു കുട്ടികളുമായി. രണ്ടാമത്തെ കുട്ടി കുറച്ചു വ്യത്യാസങ്ങളുള്ള ആളാണ്. ഒരു വയസ്സിൽ അവൾക്കു ഫിറ്റ്സ് വന്നു, കേൾവിയും സംസാരശേഷിയും ഇല്ല. തൂക്കക്കുറവുണ്ടായിരുന്നു, നടക്കുകയുമില്ല... എല്ലാ വളർച്ചാ നാഴികക്കല്ലുകളും പതുക്കെയായിരുന്നു. പത്തു വയസ്സു വരെ മ കളുടെ ചികിത്സയ്ക്കായും മറ്റും അങ്ങോളമിങ്ങോളമുള്ള ഓട്ടം തന്നെ, പോകാത്ത സ്ഥലങ്ങളില്ല. മകളെ പഠിക്കാനാക്കിയ സമയത്ത് 2009ലാണു സാക്ഷരതാ മിഷൻ നടത്തുന്ന പത്താം ക്ലാസ് തതുല്യ പരീക്ഷയെ കുറിച്ചു കേൾക്കുന്നത്. ആ സമയത്തു ഞാനും ഭർത്താവും കൂടിയാ തീരുമാനമെടുത്തു പത്ത് വീണ്ടും എഴുതാം.

അംബിക കുടുംബത്തോടൊപ്പം

പഠിക്കാനായി കടന്ന കടമ്പകൾ

ADVERTISEMENT

എസ്‌സി (ഷെഡ്യൂൾഡ് കാസ്റ്റ്) വിഭാഗത്തിൽ പെട്ട ആളാണു ഞാൻ. സമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനായി നടപ്പിലാക്കിയ ആനുകൂല്യങ്ങൾ ഞങ്ങൾക്കു കിട്ടും. അതുകൊണ്ടു വക്കീൽ പഠനത്തിനു പോലും അധികം പൈസ കൊടുക്കേണ്ടി വന്നിട്ടില്ല.

2009ൽ പത്ത് എഴുതിക്കഴിഞ്ഞു മകളെ പഠിക്കാനാക്കിയിട്ടു ജോലിക്കു പോയിരുന്നു. ഭർത്താവ് ജോലി ചെയ്തിരുന്ന കമ്പനിയിൽ വിഗ്രഹങ്ങൾക്കു കണ്ണു വരയ്ക്കുന്ന ജോലി. അതിനിടെ പ്ലസ് വൺ പരീക്ഷയ്ക്കുള്ള അറിയിപ്പു വന്നു. ആ സമയത്തു ജോലിയിൽ ഉയർച്ചയൊക്കെ കിട്ടിത്തുടങ്ങിയിരുന്നു. അന്നു ഭർത്താവ് അയ്യപ്പനാണ് ‘ജോലിയൊക്കെ പിന്നെയും ചെയ്യാം ഇപ്പോ പഠനത്തിനാണു പ്രാധാന്യം കൊടുക്കേണ്ടത്’ എന്നു സ്നേഹപൂർവം ഓർമിപ്പിച്ചത്. അദ്ദേഹം പ്രീഡിഗ്രി കഴിഞ്ഞു മൃദംഗത്തിൽ ഗാനഭൂഷണം ഡിപ്ലോമയ്ക്കായി ആർഎൽവി കോളജിൽ ചേർന്നതാണ് പക്ഷേ, വീട്ടിലെ പ്രാരാബ്ധം കാരണം പഠനം മുഴുവിപ്പിക്കാനായില്ല. ബിസിനസ് രംഗത്തായി ജോലി. ‘ഞാൻ എല്ലാ കാര്യങ്ങളും നോക്കിക്കോളാം നീ പഠിക്കൂ’ എന്നു പറയുന്ന ആ മനുഷ്യനാണെന്റെ ഏറ്റവും വലിയ ശക്തി!

പ്ലസ്ടു നല്ല മാർക്കോടെ പാസായതോടെ ‘പഠിക്കാനുള്ള ആഗ്രഹം കളഞ്ഞിട്ടു വീട്ടമ്മയായി കഴിയേണ്ട ആളല്ല നീ’ എന്നായി പുള്ളി. അന്വേഷിച്ചപ്പോൾ നിയമ പഠനത്തിനുള്ള അഞ്ചു വർഷത്തെ കോഴ്സുണ്ടെന്നറിഞ്ഞു. തൃശ്ശൂരുള്ളൊരു സ്ഥാപനത്തിൽ എൽഎൽബി പ്രവേശന പരീക്ഷയ്ക്കുള്ള സൗജന്യ കോച്ചിങ്ങിനു ശേഷം എൻട്രൻസ് എഴുതി. 2000 ആയിരുന്നു റാങ്ക്. പ്രതിസന്ധികൾക്കിടയിലും പറ്റുന്നത്ര നന്നായി പഠിച്ചാണു പരീക്ഷ എഴുതിയത് എന്നാലും ഗവണ്‍മെന്റ് കോളജിൽ അഡ്മിഷൻ കിട്ടില്ലേ എന്നായി പേടി. പൈസ കൊടുത്തു പഠിക്കാനുള്ള നിർവാഹമില്ലായിരുന്നു.

അപേക്ഷകളൊക്കെ കൊടുത്തു കാത്തിരിക്കുമ്പോള്‍ സ്പോട്ട് അഡ്മിഷനിൽ എസ്‌സി വിഭാഗത്തിനുള്ള ഒരു ഒഴിവു കണ്ടു അപേക്ഷിച്ചു. അങ്ങനെ അൻ അമീൻ കോളജ്, ഷോർണൂരിൽ അഡ്മിഷനായി. ദിവസേന പുതുക്കാട് നിന്നു ട്രെയിനിൽ പോയി വന്നായിരുന്നു പഠനം.

മകൾ അനാമികയ്ക്ക് ബുദ്ധിക്കുറവുണ്ട് 23 വയസ്സായെങ്കിലും അഞ്ചു വയസ്സിന്റെ പെരുമാറ്റരീതികൾ. ഒല്ലൂരുള്ള സ്പെഷൽ സ്കൂളിലാണ് അവള്‍ പഠിക്കുന്നത്. മൂത്ത മകൻ അനന്തു വയലിൻ അധ്യാപകനാണ് ഒപ്പം സംഗീത പരിപാടികൾക്കു പോകാറുണ്ട്.

എതിർപ്പും അവഗണനയും മറികടന്ന്...

പഠിക്കുന്ന കാര്യം പറയുമ്പോ തന്നെ അതിനോടൊന്നും ഒട്ടും പൊരുത്തപ്പെടാത്ത ആളുകൾ ചുറ്റുമുണ്ടായിരുന്നു. വയ്യാത്തൊരു കുട്ടിയെ നോക്കാതെ, ജോലിയെടുത്തു ഭർത്താവിനെ സഹായിക്കാതെ ഈ പ്രായത്തിൽ പഠിക്കാൻ പോവുകയോ? എന്നൊരു ഭാവമായിരുന്നു പലർക്കും. ഇനിയിപ്പോ പഠിച്ചിട്ട് എന്തു നേടാനാണ് എന്നു പലരും മുഖത്തു നോക്കി ചോദിച്ചിട്ടുമുണ്ട്. വിദ്യാഭ്യാസത്തിന്റെ മികവു മനസ്സിലാകാത്തവരേ അങ്ങനെ ചോദിക്കൂ. ഇതിനിടയിലും എന്റെ ഭർത്താവ് പറയുന്നൊരു കാര്യം ‘വരുമാനം ഇത്തിരി കുറഞ്ഞാലും വേണ്ടീല്ല അറിവു വരട്ടേ വീട്ടിലേക്ക്’ എന്നാണ്. അതു കേൾക്കുന്നതോടെ എനിക്കു ധൈര്യം കിട്ടും. പണ്ടു പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ടതു കൊണ്ട് എനിക്കതിന്റെ വില ശരിക്കറിയാം.

ഇപ്പോള്‍ ഇരിങ്ങാലക്കുടയിലൊരു പ്രമുഖ അഡ്വക്കേറ്റിനു കീഴിലാണു പ്രാക്ടീസ് ചെയ്യുന്നത്. ഒരുപാടു കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണിത്.

സ്ത്രീകൾക്കു പറ്റുന്നത്ര വിദ്യാഭ്യാസമുണ്ടാകണം എ ന്ന അഭിപ്രായമാണെനിക്ക്. എനിക്കു ചുറ്റുമുള്ള പല സ്ത്രീകളും ‘പെണ്ണ് അടുക്കളയിൽ മാത്രം നിൽക്കേണ്ടവളാണ് ’ എന്ന ചിന്ത ഇന്നും വച്ചു പുലർത്തുന്നുണ്ട്. വളരെ കുറച്ചു പേർ മാറി നടക്കുന്നുണ്ട്. എങ്കിലും ജോലിയുള്ളവർ പോലും ജോലി കഴിഞ്ഞു വന്നാൽ പിന്നെ ജീവിതം മുഴുവൻ അടുക്കളയിൽ കളയുന്നു. ഞാനും ഇങ്ങനൊരു ചിന്താഗതിയിൽ ജീവിച്ചു വന്ന ആളാണ്. പക്ഷേ, വിദ്യാഭ്യാസം നമ്മളെ മാറ്റും. പഠിച്ചു വന്നപ്പോഴാണു സ്ത്രീകള്‍ക്ക് വീട്ടുകാര്യങ്ങളല്ലാതെ ഈ സമൂഹത്തിൽ ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ടെന്നു മനസ്സിലാകുന്നത്.

വീട്ടിൽ നിന്നുള്ള പിന്തുണ വലിയൊരു കാര്യമാണ്. അ തില്ലാത്തവർ പോലും ഫൈറ്റ് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ പോരാട്ടങ്ങളും ഒരുപക്ഷേ, വിജയിക്കണമെന്നില്ല. ഓരോരുത്തരുടേയും ചുറ്റുപാടിനനുസരിച്ചു കാര്യങ്ങൾ മാറും, അതും കണക്കിലെടുക്കണമല്ലോ...

ഭർത്താവൊഴികെ മിക്കവരും എന്നെ എതിർത്തവരാണ്. ഒന്നോർത്താൽ അവരുടെ എതിർപ്പാണു വ്യക്തിപരമായി മുന്നോട്ടു പോകാനുള്ള പ്രചോദനമായത്.

എൽഎൽബി പാസായതിൽ അഭിമാനമുണ്ട്. എനിക്ക് പകരം ഈ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ ഇട്ടിട്ടു പോകാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. എന്റെ അസുഖം, മകളുടെ അസ്വസ്ഥതകൾ പരീക്ഷാ സമയത്തെ മകളുടെ ചില വാശികൾ ഒക്കെ തലയിലെടുത്തു വച്ചിട്ടാണ് ഓരോ പരീക്ഷയും എഴുതിയത്. വിജയങ്ങളെക്കാൾ പരാജയങ്ങളുടെ കയ്പ്പറിഞ്ഞു. പരാജയങ്ങളാണ് എന്റെ ഗുരുക്കന്മാർ. ജീവിതത്തിൽ ഒരിക്കെ തോൽവി വന്നെന്നതിനർഥം ജീവിതം അപ്പാടെ പരാജയപ്പെട്ടു എന്നല്ല മറിച്ച് അവിടുന്നും തുടങ്ങാമെന്നു കൂടിയാണ്.

അഡ്വ. അംബികയുടെ തുടക്കം അവിടെ നിന്നാണ്!