‘50 കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥൻ, കോളജ് അലുമ്നി ഗ്രൂപ്പിലെ പ്രണയം’: മധ്യവയസിലെ ഡിവോഴ്സ്: പിന്നിൽ ഈ സാഹചര്യങ്ങൾ Shades of Gray Divorces
‘‘50 വയസ്സു കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥൻ. അടുത്തിടെ പഴയ കോളജ് അലൂമ്നി വാട്സാപ് ഗ്രൂപ്പിൽ അംഗമായി. അന്നത്തെ പ്രണയിനിയെ കണ്ടുമുട്ടിയതോടെ പഴയ പ്രണയം വീണ്ടും മുളപൊട്ടി.
ചാറ്റിങ്ങും ഫോൺവിളിയും കൂടിക്കാഴ്ചയുമായി അതു മുന്നേറി. വിവരം ഭാര്യയുടെ ചെവിയിലെത്തി. ഇത്രകാലം വിശ്വസിച്ചു, അതു തകർത്തു. ഇനി ഒത്തുപോകാൻ പറ്റില്ല എന്ന മട്ടിൽ ഡിവോഴ്സിലെത്തി. മധ്യവയസ്സു പിന്നിട്ടവർ പോലും ഡേറ്റിങ് ആപ്പുകളിലും മറ്റും സജീവമാകുന്നതു മൂലം ദാമ്പത്യം സങ്കീർണമാകുന്ന കേസുകളുമുണ്ട്.’
ഈ ബന്ധം മുപ്പതിലെത്തുമെന്നു പ്രതീക്ഷിച്ചു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം വരെ വിറച്ചേക്കാം.’ വിവാഹമോചന വാർത്ത പ്രഖ്യാപിച്ചു സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 29 വർഷത്തെ റഹ്മാൻ – സൈറാ ബാനു ദാമ്പത്യം അവസാനിച്ചതു ലോകം ഞെട്ടലോടെയാണു കേട്ടത്.
എ.ആർ. റഹ്മാന്റെ വിവാഹമോചന വാർത്തയ്ക്കു പിന്നാലെയാണു മലയാളി ആ വാക്കു ചർച്ച ചെയ്യാൻ തുടങ്ങിയത്, ഗ്രേ ഡിവോഴ്സ്. ഇംഗ്ലിഷിൽ മറ്റൊരു പേരു കൂടിയുണ്ട് അതിന്. സിൽവർ സ്പ്ലിറ്റേഴ്സ്. തല നരച്ച പ്രായത്തിലുള്ള വിവാഹമോചനമെന്നു പൊതുവേ പറയാമെങ്കിലും, ഇരുപതും മുപ്പതും വർഷം ഒന്നിച്ചു ജീവിച്ച ദമ്പതിമാർ ഇനി മുന്നോട്ടുള്ള ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു കൈകൊടുത്തു പിരിയുന്ന നിമിഷമാണത്.
ഈ പ്രായത്തിൽ എന്തിന്റെ കേടാ... എന്നു ചുറ്റുമുള്ളവർ ചോദിക്കുമെന്ന തിരിച്ചറിവൊക്കെ ഇവർക്കുമുണ്ട്. എ ന്നിട്ടും അങ്ങനെയൊരു തീരുമാനമെടുത്തെങ്കിൽ അതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകാം.
ഒത്തുപോകാൻ പലവട്ടം
‘നല്ല പ്രായ’ത്തിൽ സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നവർ മ ക്കളുടെ കാര്യങ്ങൾ വരെ സെറ്റിലായ ശേഷം പിരിയാൻ തീരുമാനിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണെന്നു മനഃശാസ്ത്ര വിദഗ്ധനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റുമായ ഡോ.സി.ജെ. ജോൺ പറയുന്നു. ‘‘ഇതുവരെയുള്ള ജീവിതത്തിന്റെ തടസ്സങ്ങളെല്ലാം അവസാനിപ്പിച്ച്, ഇനിയൊരു പുനരെഴുത്ത് എന്ന അർഥത്തിൽ വിവാഹമോചനത്തെ കാണുന്നവരുണ്ട്. സ്വയം കണ്ടെത്തൽ അല്ലെങ്കിൽ വ്യക്തിസ്വാതന്ത്ര്യം ആസ്വദിക്കുക, ദാമ്പത്യത്തിന്റെ കെട്ടുപാടുകൾ ഒന്നുമില്ലാതെ ജീവിക്കുക എന്നൊക്കെയുള്ള തരത്തിൽ പോസിറ്റീവായി ഇവർ വിവാഹമോചനത്തെ കാണുന്നു. പക്ഷേ, ഇക്കൂട്ടർ അപൂർവമാണ്.
ദാമ്പത്യത്തിൽ പല തരം പ്രയാസങ്ങൾ സഹിച്ച്, മക്കൾക്കു വേണ്ടി ഒന്നിച്ചു ജീവിക്കുന്നവരുണ്ട്. മക്കൾ പഠനത്തിനോ ജോലിക്കോ വിദേശത്തേക്കു പോകുമ്പോൾ അതുവരെ മക്കൾക്കു വേണ്ടി ചെയ്ത ‘അഡ്ജസ്റ്റ്മെന്റുകൾ’ ഇനി വേണ്ട എന്നു തീരുമാനിക്കുന്നവരുമുണ്ട്.
വ്യക്തിത്വങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ല. പക്ഷേ, താ ൽപര്യങ്ങൾ വളരെ വ്യത്യാസമാണ് എന്ന തിരിച്ചറിവിൽ പരസ്പരം പിരിയുന്നവരുമുണ്ട്. ഒരാൾക്ക് ഒരുപാടു യാത്ര ചെയ്യാനാണ് ആഗ്രഹം. വീടിനു വേണ്ടി അതൊക്കെ വേണ്ടെന്നു വച്ചു. അത്തരം താൽപര്യങ്ങൾ തിരിച്ചറിഞ്ഞു ജീവിതത്തിന്റെ കെട്ടുപാടുകളിൽ നിന്നു പങ്കാളിയെ സ്വതന്ത്രമാക്കുന്നവരും ഉണ്ട്. അയാൾ യാത്ര തുടങ്ങുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത് (മുൻ) പങ്കാളിയായിരിക്കാം.’’
വിവാഹമോചനം എന്ന ആശങ്ക
ഇന്ത്യൻ സാഹചര്യത്തിൽ, പ്രത്യേകിച്ചു കേരളത്തിൽ വിവാഹമോചനത്തിന്റെ പാറ്റേൺ ഒന്നുതന്നെയായിരുന്നു, സംഘർഷം. പക്ഷേ, ഇപ്പോൾ പരസ്പരം ബഹുമാനമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കാത്ത ബന്ധത്തിൽ നിൽക്കാൻ പലരും താൽപര്യപ്പെടില്ല. സ്ത്രീകൾക്കു ജോലിയും വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള കേസുകളിൽ പ്രത്യേകിച്ചും.
എന്തും സഹിച്ചു വിവാഹജീവിതത്തിൽ തുടരേണ്ടതില്ല എന്ന ഫിലോസഫി തല നരച്ച തലമുറയിലും വന്നു. ചില ഗ്രേ ഡിവോഴ്സിലെങ്കിലും ‘വിശ്വസ്തത’ ചോദ്യചിഹ്നമായി മാറാറുണ്ടെന്നു ഡോ.സി.ജെ. ജോൺ പറയുന്നു. ‘‘50 വയസ്സു കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥൻ. അടുത്തിടെ പഴയ കോളജ് അലൂമ്നി വാട്സാപ് ഗ്രൂപ്പിൽ അംഗമായി. അന്നത്തെ പ്രണയിനിയെ കണ്ടുമുട്ടിയതോടെ പഴയ പ്രണയം വീണ്ടും മുളപൊട്ടി.
ചാറ്റിങ്ങും ഫോൺവിളിയും കൂടിക്കാഴ്ചയുമായി അതു മുന്നേറി. വിവരം ഭാര്യയുടെ ചെവിയിലെത്തി. ഇത്രകാലം വിശ്വസിച്ചു, അതു തകർത്തു. ഇനി ഒത്തുപോകാൻ പറ്റില്ല എന്ന മട്ടിൽ ഡിവോഴ്സിലെത്തി. മധ്യവയസ്സു പിന്നിട്ടവർ പോലും ഡേറ്റിങ് ആപ്പുകളിലും മറ്റും സജീവമാകുന്നതു മൂലം ദാമ്പത്യം സങ്കീർണമാകുന്ന കേസുകളുമുണ്ട്.’’
നിങ്ങളുടെ തീരുമാനം
അച്ഛനമ്മമാരുടെ വിവാഹമോചനത്തിൽ മക്കളുടെ അ ഭിപ്രായം ഇങ്ങനെ, ‘നിങ്ങളുടെ ജീവിതം നിങ്ങൾ തീരുമാനിക്കൂ. ഞങ്ങളുടെ പൂർണ പിന്തുണ ഉറപ്പ്.’ മക്കളുടെ സ മ്മതം നേടിയശേഷം വിവാഹമോചനത്തിനെത്തുന്നവരുടെ എണ്ണം കൂടുതലാണെന്ന് അഭിഭാഷകയായ അഡ്വ. മാ യ കൃഷ്ണൻ പറയുന്നു. ‘‘അമ്മയെ കഷ്ടപ്പെടുത്തുന്നതു ചോദ്യം ചെയ്യുന്ന മക്കൾ ഇന്നുണ്ട്. ഈയിടെ ഒരു കേസിൽ അമ്മ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിശദീകരിച്ചു തന്നത് കോളജിലും സ്കൂളിലും പഠിക്കുന്ന പെൺമക്കളാണ്. ഒരുപാടു സഹിച്ചു, ഇനി അമ്മയ്ക്കു മോചനം വേണം എന്നാണ് അവരുടെ ആവശ്യം.
കുറച്ചുനാൾ മുൻപ് 74 വയസ്സുള്ള അമ്മയുമായി ഒരു മകൻ വന്നു. അച്ഛന്റെയും അമ്മയുടെയും സംഘർഷഭരിതമായ ദാമ്പത്യം വീട്ടിലെ സന്തോഷം ഇല്ലാതാക്കിയതിനെ കുറിച്ചാണ് അയാൾക്കു പറയാനുണ്ടായിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അമ്മ ഡിവോഴ്സ് ചെയ്യേണ്ടതായിരുന്നു. അയാൾ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
നമ്മുടെ കുടുംബസംവിധാനം മിക്കപ്പോഴും സ്ത്രീകൾക്കു കൂടുതൽ ചുമതല നൽകുന്നു. വീട്ടുഭരണം, കുട്ടികളെ നോക്കൽ, അടുക്കള ജോലികൾ എന്നിങ്ങനെ സ്വന്തം സ ന്തോഷങ്ങൾ ത്യജിച്ചു ചെയ്യേണ്ട ജോലികളാണ് അവർക്കുള്ളത്. മക്കളോടൊപ്പം കിട്ടുന്ന സമയമാണ് ആകെ സന്തോഷം. പക്ഷേ, മക്കൾ പുറത്തേക്കു പോയാൽ അവർ ഒറ്റപ്പെടും. അങ്ങനെ പരസ്പര ധാരണയോടെ പിരിയുന്നവർ കുട്ടികളുടെ കാര്യങ്ങൾക്ക് ഒന്നിച്ചെത്തും.’’
സിനിമയിലെ ‘ഒഴിമുറി’
രണ്ടു മനുഷ്യർ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലത്തു കണ്ടുമുട്ടുന്നു. അതു ദാമ്പത്യമായി മാറുകയും ആ സന്തോഷം നിലനിൽക്കുകയും ചെയ്യുന്നു. പത്തുമുപ്പതു വർഷം കഴിഞ്ഞ് ‘ശരിയായില്ല’ എന്ന തോന്നൽ ഉണ്ടാകുന്ന അവസ്ഥയുണ്ട്. അത്രയും വർഷത്തെ പരസ്പര ജീവിതപരിചയം കൊണ്ടാണ് ആ തിരിച്ചറിവു കിട്ടുന്നത്. അപ്പോഴും കുടുംബത്തിന്റെ അഭിമാനം എന്നു പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യുന്നതു ശരിയല്ലെന്നു സംവിധായകനും നടനുമായ മധുപാൽ പറയുന്നു. ‘‘2012ൽ സംവിധാനം ചെയ്ത ഒഴിമുറിയുടെ കഥ വൃദ്ധ ദമ്പതികളുടെ ഒഴിമുറി (വിവാഹമോചനം) ആയിരുന്നു. പണ്ടുകാലത്തൊക്കെ രണ്ടുപേർക്കു പരസ്പരം ഇഷ്ടമില്ല എന്നു കണ്ടാൽ ‘വേണ്ട’ എന്നു പറയാൻ മടിയില്ലായിരുന്നു. ആ ‘നോ’ എതിരേയുള്ളയാൾ അംഗീകരിക്കുകയും ചെയ്യും.
സ്വസ്ഥവും സമാധാനവുമായി ജീവിക്കാനാകാതെ മരിച്ചു പോകുന്നതിലും നല്ലതല്ലേ ചേരില്ല എന്നു തോന്നിയാൽ മാറ്റിനിർത്തുന്നത്. നല്ല സുഹൃത്തുക്കളായി പിരിയാം, എന്തു പ്രശ്നം വന്നാലും അപ്പുറത്ത് ഞാനുണ്ടാകും എന്ന ഉറപ്പു നൽകാം. സിനിമയുടെ ക്ലൈമാക്സിൽ എന്റെ നായികയും പറയുന്നത് അതാണ്.’’
വർഷങ്ങൾക്കു മുൻപ് ഇറ്റലിയിൽ നടന്ന ഒരു സംഭവം. ഭാര്യക്ക് എഴുപതോളം വർഷം മുൻപ് അന്യപുരുഷനുമായി പ്രണയമുണ്ടായിരുന്നുവെന്നു കണ്ടുപിടിച്ച 99കാരൻ വിവാഹമോചന കേസ് കൊടുത്തു. ലോകത്ത് അന്നുവരെ അറിയപ്പെട്ടതിൽ ഏറ്റവും പ്രായമേറിയ ആ വിവാഹമോചനക്കേസാണ് ‘പൂക്കാലം’ എന്ന സിനിമയ്ക്ക് അടിസ്ഥാനമെന്നു സംവിധായകൻ ഗണേഷ് രാജ് പറയുന്നു. ‘‘ആ വാർത്ത ഷെയർ ചെയ്തു കിട്ടിയപ്പോൾ ഒരു ചോദ്യം മനസ്സിൽ വന്നു. ഈ പ്രായത്തിൽ വിവാഹമോചനത്തിലേക്കു നയിച്ച കാരണം എന്താകും? കല്യാണം എന്തിനാണ് എന്നാണു സിനിമയിലൂടെ ചർച്ച ചെയ്തത്. ഭാര്യയെ മറ്റൊരു പ്രണയത്തിലേക്കു നയിച്ചതു ഭർത്താവിന്റെ ദുഃശീലങ്ങളാണ്. മകന്റെ അകാലമരണം സൃഷ്ടിച്ച ആഘാതമാണ് അയാളെ ദുഃശീലത്തിന് അടിമയാക്കിയത്. ദാമ്പത്യത്തിൽ പരസ്പരം പുലർത്തേണ്ട ഉത്തരവാദിത്തങ്ങൾ പാലിക്കുന്നില്ലെങ്കിൽ ആരെയും പഴി പറഞ്ഞിട്ടു കാര്യമില്ല.’’
മോചനത്തിലെ സംഘർഷം
വിവാഹം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ബന്ധം ശരിയാകില്ല, പിരിയാം എന്നു തീരുമാനമെടുക്കാ ൻ പുതിയ തലമുറയ്ക്കു മടിയില്ല. പക്ഷേ, പരിഹരിക്കാനാകുന്ന പ്രശ്നങ്ങൾ സംസാരിച്ചു തീർക്കാനുള്ള ഒരു സാധ്യതയും തള്ളിക്കളയരുത് എന്നാണ് ഗ്രേ ഡിവോഴ്സിലെ ഗോൾഡൻ റൂൾ എന്നു നടിയും എഴുത്തുകാരിയും ലൈഫ് കോച്ചുമായ (Founder– Becoming Wellness) അശ്വതി ശ്രീകാന്ത് പറയുന്നു. ‘‘എന്തുകാരണം കൊണ്ടാണോ പിരിയാൻ ആലോചിക്കുന്നത് അതു പരിഹാരിക്കാനാകുമോ എന്നു ചിന്തിക്കണം. സ്വപ്നങ്ങൾക്കു തടസ്സമാകുന്നുണ്ടെങ്കിൽ, ഇത്രയും വയസ്സായില്ലേ, കൂടെയുള്ള ആൾക്കു സന്തോഷം കിട്ടുന്ന കാര്യം ചെയ്തോട്ടെ എന്നു ചിന്തിക്കുന്നതിൽ എന്താണു തെറ്റ്? പരസ്പര ബഹുമാനത്തോടെ പിരിയുന്നതാണു ഗ്രേ ഡിവോഴ്സിലെ മറ്റൊരു ഗോൾഡൻ റൂൾ.’’
പല ഡിവോഴ്സ് കേസുകളിലും എതിർഭാഗം ആരോപണങ്ങളുന്നയിച്ച് വാദിയെ തകർക്കുന്ന സാഹചര്യമുണ്ട്. വേറേ ബന്ധമുള്ളതു കൊണ്ട് വിവാഹമോചനത്തിനു വ ന്നു എന്നൊക്കെ പറഞ്ഞേക്കും. എല്ലാ വിവാഹമോചനത്തിലും സോഷ്യൽ പ്രഷർ ഉണ്ടാകാം. ചെയ്തതു ശരിയായില്ല എന്ന മട്ടിലുള്ള വിമർശനം. അതിനെ അതിജീവിക്കാൻ തയാറാകണം.
ഈ പ്രായത്തിൽ വിവാഹമോചനം നേടുന്ന മിക്കവരും മറ്റൊരു ദാമ്പത്യത്തിലേക്കു കടക്കുന്നില്ല എന്നതാണു ചോദ്യങ്ങൾക്കുള്ള മറുപടി. It is ENOUGH, Let me FREE എന്നു ചിന്തിക്കുന്നവരാണു കൂടുതലും. ആ തീരുമാനം കൊണ്ടു രണ്ടുപേർക്കും മാനസിക സ്വാസ്ഥ്യം ഉണ്ടാകുന്നുണ്ടോ എന്നതാണു പ്രധാനം.