വിരമിച്ചു വീട്ടിലിരുന്നില്ല, 84 വയസിലും നീന്തലിൽ സ്വർണ മത്സ്യമായി സെബാസ്റ്റ്യൻ: ജലത്തിലൂടെ ഈ ജൈത്രയാത്ര
മീനച്ചലാറിന്റെ കൈവഴിയായ ളാലം തോടിന്റെ കരയിൽ ജനിച്ചു വളർന്ന പാലാ അന്ത്യാളം സ്വദേശിയായ പ്രഫസർ കെ.സി. സെബാസ്റ്റ്യന്റെ ജീവിതത്തിൽ നീന്തൽ അറിയാമോ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ ദിനചര്യയുെട ഭാഗം തന്നെയായിരുന്നു നീന്തൽ. അന്നു ചെറുപ്പ കാലത്ത് കൂടെ കൂട്ടിയ നീന്തൽ എന്ന ഇഷ്ടം ഇന്ന് 84ാം വയസ്സിലും പ്രഫസർ സെബാസ്റ്റ്യൻ ഹരമായി കൊണ്ടുനടക്കുന്നു.
സംസ്ഥാന, ദേശീയ, രാജ്യാന്തര തലത്തിൽ നടക്കുന്ന നീന്തൽ മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന പ്രഫസർ ഒട്ടേറെ മെഡലുകളും നേടിയിട്ടുണ്ട്. ജലത്തിലൂടെയുള്ള ജൈത്രയാത്രയെ കുറിച്ച് അദ്ദേഹം മനോരമ ആരോഗ്യത്തോടു പറയുന്നു.
മൂന്നാം വയസ്സിൽ തുടക്കം
1941ലാണ് എന്റെ ജനനം. പഴയ കാലത്തു നനച്ചുകുളി എല്ലാം തോട്ടിൽ തന്നെയായിരുന്നല്ലോ. മൂന്നു വയസ്സുള്ളപ്പോൾ തന്നെ അമ്മയോടൊപ്പം തോട്ടിൽ കുളിക്കാനും മറ്റും പോകുമായിരുന്നു. അങ്ങനെ നീന്തൽ പഠിച്ചു. ഞാൻ പഠിച്ചതും ജോലി െചയ്തതും എല്ലാം പാലായിൽ തന്നെയായിരുന്നു. വീടു വിട്ടു മാറിനിന്നിട്ടില്ല. അതിനാൽ തന്നെ നീന്തൽ ജീവിതത്തിന്റെ തന്നെ ഭാഗമായി. പഠനമെല്ലാം പൂർത്തിയാക്കി 1966ൽ പാലാ സെന്റ് തോമസ് കോളജിൽ ബോട്ടണി അധ്യാപകനായി. 1996ൽ റിട്ടയർ െചയ്തു. 2011ലാണ് ഞാൻ ആദ്യമായി നീന്തൽ മത്സരത്തിനു പോകുന്നത്. യൂറോപ്യൻ രാജ്യങ്ങളാണ് പ്രായമായവർക്കു വേണ്ടിയുള്ള നീന്തൽ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ തുടങ്ങുന്നത്. ആദ്യമെല്ലാം 40 വയസ്സിനു മുകളിലുള്ള എല്ലാവരെയും വെറ്ററൻസ് എന്ന ഗ്രൂപ്പായിട്ടാണ് മത്സരിപ്പിച്ചിരുന്നത്. പിന്നീട് ഇന്റർനാഷനൽ സ്വിമ്മിങ് ഫെഡറേഷനായ ഫിനാ (FINA) സംഘടനയാണ് 1986ൽ മാസ്റ്റേഴ്സ് മത്സരങ്ങൾ തുടങ്ങിവച്ചത്. 25 വയസ്സു മുതലുള്ളവർക്കു പങ്കെടുക്കാം. 25–29 വയസ്സ്, 30–34 വയസ്സ് എന്നിങ്ങനെ അഞ്ചു വർഷം ഇടവിട്ടുള്ള ഗ്രൂപ്പുകളായി വേർതിരിച്ചാണു മത്സരം. ഇങ്ങനെ മത്സരങ്ങൾ സംഘടിപ്പിച്ചതോടെ പ്രായമായവരും ആക്ടീവായി പങ്കെടുക്കാൻ തുടങ്ങി.
2003 ലാണ് ഇന്ത്യയിൽ മുതിർന്നവർക്കായി മത്സരങ്ങൾ ആരംഭിക്കുന്നത്. സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് മത്സരം സംഘടിപ്പിക്കുന്നത്. 2011 ലാണ് കേരളത്തിൽ ആദ്യമായി നീന്തൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരളഘടകം ആണ് മത്സരം സംഘടിപ്പിച്ചത്. 70 വയസ്സിനു മുകളിലുള്ളവരുെട വിഭാഗത്തിൽ 50 മീറ്റർ ഫ്രീസ്റ്റൈലിൽ പങ്കെടുത്തു, സമ്മാനം നേടി. തോട്ടിൽ നീന്തിയുള്ള പരിശീലനം മാത്രമെ ഉണ്ടായിരുന്നുള്ളു. 43 സെക്കൻഡ് കൊണ്ടു നീന്തിയെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് ബെംഗളൂരുവിൽ ദേശീയതല മത്സരത്തിൽ പങ്കെടുത്തു. ബെംഗളൂരുവിലേക്കു പോകുന്നതിനു മുൻപ് നീന്തൽ പരിശീലിച്ചു. 70 വയസ്സിനു മുകളിലുള്ളവരുടെ 50 മീറ്ററിൽ ഫ്രീസ്റ്റൈൽ ഒന്നാം സ്ഥാനം ലഭിച്ചു. 42
സെക്കൻഡാണ് എടുത്ത സമയം.
ദേശീയ മത്സരങ്ങൾ എല്ലാ വർഷവും നടക്കുമെങ്കിലും ഫിനായുെട രാജ്യാന്തര മത്സരങ്ങൾ ഒന്നിടവിട്ടുള്ള വർഷങ്ങളിലാണ് നടക്കാറുള്ളത്. അതിനു പങ്കെടുക്കാൻ ദേശീയതലത്തിൽ ഒന്നാം സ്ഥാനം കിട്ടിയാൽ പോരാ. ചില മാനദണ്ഡങ്ങൾ ഉണ്ട്. 50 മീറ്റർ ഫ്രീസ്റ്റൈൽ 44 സെക്കൻഡിൽ പൂർത്തിയാക്കാൻ കഴിയണം. അങ്ങനെ എനിക്ക് യോഗ്യത ലഭിച്ചു. പാലാ തോപ്പൻസ് അക്കാദമിയിലെ നീന്തൽ കോച്ച് ടി.ജെ. തോമസ് എന്റെ സുഹൃത്താണ്. അദ്ദേഹത്തിന് 55 വയസ്. ആ പ്രായ വിഭാഗത്തിൽ മത്സരിക്കാൻ അദ്ദേഹവും യോഗ്യത നേടിയിരുന്നു. അദ്ദേഹമാണ് ഇന്റർനാഷനൽ മീറ്റിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്കു പോയാലോ എന്നു ചോദിക്കുന്നത്. അങ്ങനെ 2012 ൽ ഇറ്റലിയിൽ പോയി. സമ്മാനം ഒന്നും ലഭിച്ചില്ലെങ്കിലും 60 പേരിൽ 40ാം സ്ഥാനം ലഭിച്ചു. രണ്ട് കൊല്ലം കഴിഞ്ഞ് കാനഡയിയിൽ വച്ചായിരുന്നെങ്കിലും അടുത്ത മത്സരമെങ്കിലും അതിൽ പങ്കെടുക്കാൻ സാധിച്ചില്ല. പിന്നീട് റഷ്യ, ഹംഗറി, സൗത്ത് കൊറിയ, ദോഹ എന്നിവിടങ്ങളിലും നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തു. സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും നീന്താനെടുക്കുന്ന സമയം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. ഫിനായുെട മത്സരത്തിൽ ഒരു മെഡൽ ആണ് എന്റെ ഇനിയുള്ള സ്വപ്നം. ഇനി 2026ൽ ജപ്പാനിൽ വച്ചാണ് അടുത്ത മത്സരം. അമേരിക്കയിൽ ക്ലീവ്‌ലന്റിൽ വച്ചു നടക്കാൻ പോകുന്ന പാൻ അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നു.
സൗത്ത് കൊറിയയിൽ വച്ച് 50 മീറ്റർ ബട്ടർഫ്ലൈസിലും കൂടി പങ്കെടുത്തു. അതിൽ ഏഴാം സ്ഥാനം ലഭിച്ചു. ബട്ടർഫ്ലൈ സ്റ്റൈൽ പ്രായമായവർക്കു െചയ്യാൻ പ്രയാസമാണ്. ഒാസ്ട്രേലിയയിൽ വച്ചു 2022ൽ നടന്ന പാൻ പെസഫിക് ഇന്റർനാഷനൽ നീന്തൽ മത്സരത്തിലും പങ്കെടുത്തു. അതിൽ ഒരു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവ ലഭിച്ചു. 2023ൽ ജൂലൈയിൽ ഫിൻലാൻഡിൽ വച്ചു നടന്ന യൂറോപ്യൻ മാസ്റ്റേഴ്സ് ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ രണ്ടു സ്വർണവും ഒരു വെള്ളിയും വ്യക്തിഗത മത്സരത്തിൽ നിന്നു ലഭിച്ചും. റിലേയിൽ െവങ്കലവും.
പരിശീലനം നടത്തും
മത്സരങ്ങൾക്കു പോകും മുൻപ് പരിശീലനം നടത്താറുണ്ട്. ഈ പ്രായത്തിൽ എല്ലാം ദിവസവും പരിശീലനം നടക്കില്ല. ആഴ്ചയിൽ മൂന്നു ദിവസം 20 മിനിറ്റു നേരം നീന്തും. നീന്തുന്നതിനിടെ ഏതാനും നിമിഷം വിശ്രമിക്കും. പാലാ സെന്റ് തോമസ് കോളജിലെ നീന്തൽ കുളത്തിലാണ് പ്രാക്ടീസ്.
നീന്തൽ കൂടാതെ ബാഡ്മിന്റൻ എന്റെ പാഷൻ ആയിരുന്നു. ജില്ലാ ചാംപ്യൻ വരെ ആയിട്ടുണ്ട്. 40ാം വയസ്സിൽ കാലിന്റെ ലിഗമെന്റിനു പരുക്കു പറ്റിയതിനെ തുടർന്നാണ് ബാഡ്മിന്റൺ ഉപേക്ഷിക്കേണ്ടിവന്നത്. കാർ റേസിങ്ങിലും ഭ്രമമുണ്ട്. കോളജിൽ പഠിക്കുന്ന കാലത്തേ കാറുണ്ടായിരുന്നു. 1983ൽ എറണാകുളത്തു നടന്ന പോപ്പുലർ റാലിയിൽ പങ്കെടുത്തു. കേരളത്തിലെ തന്നെ ആദ്യ കാർ റാലിയിരുന്നു അത് എന്നാണ് എന്റെ ഒാർമ. തുടർന്ന് 1984ലും പങ്കെടുത്തു. 1996ൽ എറണാകുളത്തു നിന്ന് അടിമാലി വരെ നടന്ന വെറ്ററൻസ് കാർ റേസിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
ദോശ എന്ന ഇഷ്ട വിഭവം
മിതമായ അളവിലെ ഭക്ഷണം കഴിക്കൂ. ചോറിനെക്കാൾ കൂടുതൽ അളവിൽ കറികൾ എടുക്കും. പ്രഭാതഭക്ഷണമായി ദോശയാണ് ഇഷ്ടം. കറി എന്താണെങ്കിലും കുഴപ്പമില്ല. രാവിലെ എഴുന്നേറ്റാൽ 300 എംഎൽ വെള്ളം കുടിക്കും. ഉച്ചയ്ക്കു ചോറും കറികളും. നോൺവെജ് നിർബന്ധമല്ല. മീനും ഇറച്ചിയുമെല്ലാം കഴിക്കും. രാത്രി ഒൻപതു മണിയോടെ അത്താഴം. ചോറ് തന്നെയായിരിക്കും. ഹോട്ടൽ ഭക്ഷണം അപൂർവമായേ കഴിക്കൂ. ഇപ്പോഴും പാലായിൽ നീന്തൽ പരിശീലനത്തിനു കാറോടിച്ചാണു പോകുന്നത്. അടുത്തിടെ തൃശൂർ വരെ ഒരു മീറ്റിങ്ങിനായി തനിെയ കാറ് ഒാടിച്ചു പോയി. ബിപി, പ്രമേഹം എല്ലാം ബോർഡർ ലൈനിലാണ്. എന്നാൽ മരുന്ന് കഴിക്കേണ്ട അവസ്ഥയില്ല. എന്റെ അസുഖങ്ങൾക്ക് ഒരു മരുന്ന് മതി, നീന്തൽ. ഇതിലും മികച്ചൊരു വ്യായാമവും മരുന്നും മറ്റൊന്നില്ല എന്നാണ് എന്റെ
അനുഭവം.