രണ്ട് യുവനടന്മാർക്ക് തമ്മിൽ കാണാൻ ‘വനിത’ വേണ്ടി വന്നു അല്ലേ...? ‘ഫാലിമി’യിലെ അപ്പൂപ്പൻ, മീനാരാജ് രാഘവൻ, സ്വതസിദ്ധമായ നർമത്തിൽ പൊതിഞ്ഞൊരു വാചകമങ്ങ് കാച്ചി. പല്ലു കാട്ടി ചിരിക്കാൻ ആദ്യം മടിച്ച ‘കാതലി’ലെ ചാച്ചൻ ആർ. എസ്. പണിക്കർ ഇതുകേട്ടതും പല്ലും കാട്ടി തന്നെ ചിരിച്ചു. കായലിനരികെ കാറ്റും കൊണ്ടു ചുറ്റി നടന്ന് സിനിമാ വിശേഷങ്ങളും പറഞ്ഞു 70ൽ നിന്നു 17ലേക്കു വണ്ടി കിട്ടിയ രണ്ടു കുട്ടികളായി അവർ...

സിനിമയിലേക്കുള്ള വരവ്

ADVERTISEMENT

മീനാരാജ്: ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമയിലേക്ക് എത്തുന്നത്. 2022 ഒക്ടോബർ മാസത്തിൽ നേവൽ ബേസിലെ നാടക മത്സരത്തിനായി ഒരുങ്ങുന്ന സമയം. അതിനിടയ്ക്ക് സഹസംവിധായകന്റെ ഫോൺ വന്നു. ഷോർട്ട് ഫിലിമിലേക്കാണ് വിളിക്കുന്നതെന്നു കരുതി നാടകമത്സരത്തിന്റെ തിരക്കു കാരണം അടുത്ത ദിവസങ്ങളിൽ ഒഴിവില്ലെന്നുപറഞ്ഞു. എന്നിട്ടാണ് കഥ കേൾക്കുന്നത്. കഥ ഇഷ്ടമായതുകൊണ്ട് ഒഡിഷന് ചെന്നു, അപ്പോഴും സമയമില്ല. അവരുടെ നിർദേശപ്രകാരം തമാശ രീതിയിൽ സ്വയം പരിചയപ്പെടുത്തൽ നടത്തി പോന്നു. പിന്നീടു ഡയറക്ടർ വിളിച്ച് ഓകെ പറഞ്ഞു. കുറച്ചു വർഷങ്ങളായി വലിയ നടന്മാരെ വച്ച് പ്ലാൻ ചെയ്തിരുന്ന സിനിമയാണത്. അവസാനം കറങ്ങി തിരിഞ്ഞ് എന്റെയടുത്തെത്തി സുല്ലിട്ടു!

ആർ.എസ്. പണിക്കർ: വിദൂര സ്വപ്നത്തിൽ പോലും സിനിമയുണ്ടായിരുന്നില്ല. കോൺഗ്രസ് സംഘടനാ പ്രവർത്തനവും കാലിക്കറ്റ് സർവകലാശാല ഉദ്യോഗവും സാംസ്കാരിക പ്രവർത്തനവുമായി നടക്കുന്നു. അങ്ങനെയിരിക്കെ അടുത്ത സുഹൃത്തും അയൽവാസിയും സംവിധായകനും നടനുമൊക്കെയായ മുസ്തഫ വഴി ജിയോ ബേബി എന്നെ കാണാൻ വരുന്നു. സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി തട്ടിക്കൂട്ട് നാടകങ്ങൾ ചെയ്തിരുന്നു. അത് മുസ്തഫയ്ക്ക് അറിയാം.

ADVERTISEMENT

ജിയോ നേരിട്ടു കാര്യം പറയുന്ന ആളാണ്, റോളിനെക്കുറിച്ചു പറഞ്ഞു. മമ്മൂട്ടിയുടെ ഒ പ്പം ഫോട്ടോ എടുക്കുന്നത് പോലും ഭാഗ്യമല്ലേ... അപ്പോ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കാൻ അവസരം കിട്ടുന്നതോ! എന്നെ ആ കഥാപാത്രത്തിനു പറ്റുമോ എന്നു നോക്കൂ എന്നു പറഞ്ഞു. ഇത് 2022 സെപ്റ്റംബറിലാണ് നടക്കുന്നത്. ഒക്ടോബറിൽ സിനിമയുടെ സ്വിച്ച് ഓൺ നടക്കുമെന്നായിരുന്നു പ്ലാൻ.

അതിനിടെ ഒക്ടോബറിൽ എനിക്ക് ഹൃദയാഘാതം വന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. ഡോക്ടറോട് സിനിമാഭിനയമെന്ന് പറഞ്ഞില്ല. നിബന്ധനകളോടെ ഡോക്ടർ യാത്രയ്ക്ക് സമ്മതിച്ചു, വീട്ടുകാരും സമ്മതിച്ചു. അങ്ങനെയാണ് സിനിമയിലെത്തുന്നത്. അല്ലാതെ സ്ക്രീൻ ടെസ്റ്റോ ഒഡിഷനോ ഒന്നുമില്ലായിരുന്നു – നേരിട്ടൊരു എൻട്രി.

ADVERTISEMENT

ചെന്ന ദിവസം മമ്മൂട്ടിയുമായുള്ള സീനുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടതും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതേ ഭാഗ്യമായി കരുതുന്നു എന്നു പറഞ്ഞു. അതിന് അദ്ദേഹം തന്നെ മറുപടി ‘ഞങ്ങൾക്കൊരാളെ കിട്ടിയല്ലോ...’ എ ന്നാണ്. ജിയോ തീരെ ജാഡയില്ലാത്തൊരു മനുഷ്യനാണ്. ഏതെങ്കിലുമൊരു സീൻ ശരിയായില്ലെങ്കിൽ ‘നമുക്ക് ഒന്നൂടൊന്നു നോക്കിയാലോ?’ എന്നു മാത്രം അടുത്തു വന്നു പറയും. അല്ലാതെ കട്ട് എന്നൊന്നും പറയാറേയില്ല. അത് എന്നെയും ടെൻഷനടിപ്പിക്കാതെ അഭിനയിക്കാൻ സഹായിച്ചിട്ടുണ്ട്.

മീനാരാജ്: നവംബർ മൂന്നിനാണ് ഫ്ലൈറ്റിൽ സെറ്റിലേക്ക് പോകുന്നത്. ‘ഫാലിമി’യിലെ ആർക്കും എന്നെ അറിയില്ല. ജഗദീഷ് സാർ മാത്രം എന്നെ കുറിച്ചു പഠിച്ചു വച്ചിട്ടുണ്ട്. അമച്വർ നാടകങ്ങളാണ് ചെയ്തിരുന്നത്. തമാശയ്ക്ക് നാടകമുണ്ടാക്കുന്ന രീതിയില്ല. ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിലാണു നാടകം ചെയ്യുന്നത്. ഉദാഹരണത്തിന് ബസ് കാശ് കൂട്ടിയാൽ ബസിൽ വച്ചു നാടകം കളിക്കും. ആളുകളോടു പറയാനുള്ളതു പറഞ്ഞിട്ടു ബസ്സിൽ നിന്നിറങ്ങും യാത്രക്കാരും അതിൽ പങ്കാളികളാകും. 54 കൊല്ലം നാടകരംഗത്തു നിന്നു.

സിനിമയിൽ കൊച്ചുമകനുമൊത്ത് അള്ളു വയ്ക്കുന്നതായിരുന്നു ആദ്യ ഷോട്ട്. ആ ഷോട്ട് എടുക്കുമ്പോൾ ക്യാമറയ്ക്ക് പിന്നിൽ ‘ഈ വന്ന അപ്പൂപ്പൻ’ ശരിയാകുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ജഗദീഷും മഞ്ജുവും ബേസിലും ബാക്കിയുള്ളവരും. ആദ്യ ഷോട്ട് എടുത്തതും സംവിധായകൻ വന്നു ചില നിർേദശങ്ങൾ തന്നു. ക്യാമറയ്ക്ക് അനുയോജ്യമായി നിൽക്കുന്നതെങ്ങനെയെന്നും മറ്റും. എന്നിട്ടുരണ്ടാം ടേക്ക്. ആ ഷോട്ട് ഓകെ ആയതോടെ ബേസിൽ മുന്നോട്ടു വന്ന് ‘അപ്പൂപ്പാ കൃത്യം മീറ്ററാണ്... നമുക്കു പൊളിക്കാം.’ എന്ന് പറയുന്നു. മഞ്ജു പിള്ള മുതുകത്തു മൂന്നിടി തന്നിട്ട് ‘‘എവിടെ പോയിക്കിടന്നിരുന്നു കള്ളക്കിളവാ... നേരത്തെ വന്നിരുന്നെങ്കിൽ ഇപ്പോ നാലു മാസം കൊണ്ടുപടം തീർന്നേനേ.’’ എന്നും പറഞ്ഞു. അവിടുന്ന് തുടങ്ങിയ ഞങ്ങൾ തമ്മിലുള്ള അടുപ്പം ആ സിനിമയിലുടനീളം ഉലയാതെ നിന്നു.

സിനിമ വരുത്തിയ മാറ്റം

ആർ.എസ്. പണിക്കർ: എൽജിബിറ്റിക്യൂഐഎ+ വിഷയങ്ങളെ കുറിച്ചു വലിയ ധാരണയുണ്ടായിരുന്നില്ല. സിനിമ വരും മുൻപേ ചില ലേഖനങ്ങളിലൂടെ അവരെക്കുറിച്ചറിയാൻ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, സിനിമയ്ക്കു ശേഷം അവരെ നമ്മളിലൊന്നായി ചേർത്തു നിർത്തണമെന്ന ബോധ്യം വന്നിട്ടുണ്ട്.

മീനാരാജ്: സത്യം പറയട്ടേ... അത് കണ്ടു നിന്ന പ്രേക്ഷകർക്കും ഇതേ ബോധ്യം നൽകിയിട്ടുണ്ട്.

ആർ.എസ്. പണിക്കർ: അതേ... നേരിട്ടൊരനുഭവമുണ്ടായി. സിനിമയിലെ മാത്യുവിനെ പോലെ കുടുംബബന്ധത്തിൽ കെട്ടുപിണഞ്ഞു കിടന്നിരുന്നൊരാൾ അയാളുടെ സത്യം വീട്ടുകാരോടു തുറന്നു പറയും എന്ന് എന്നോടു പറഞ്ഞു. അതിനുള്ള ധൈര്യം ഈ സിനിമയാണു നൽകിയതെന്നാണ് അദ്ദേഹം വികാരാധീനനായി പറഞ്ഞത്.

വെല്ലുവിളിയായി തോന്നിയ അഭിനയ മുഹൂർത്തം

മീനാരാജ്: സിനിമയിൽ സുഹൃത്തിന്റെ മരണവാർത്ത ഓർക്കാപ്പുറത്തറിയുന്ന രംഗമുണ്ട്. എനിക്കൊപ്പം 45 വർഷം ഒരുമിച്ചു നാടകം കളിച്ചു നടന്നൊരാളുണ്ടായിരുന്നു. ഐ.ടി.ജോസഫ്. ഈ സിനിമ തുടങ്ങുന്നതിന് ഒരു മാസം മുൻപാണ് അപകടത്തിൽ മരണപ്പെടുന്നത്. സിനിമയിൽ ആ രംഗം വന്നപ്പോൾ മരണപ്പെട്ട സുഹൃത്തിന്റെ മുഖമാണു മനസ്സിലേക്കു വന്നത്. ഒരു പുതുമുഖ നടനിൽ നിന്നു പിടിവിട്ടു പോകേണ്ട രംഗമായിരുന്നു. പക്ഷേ, അത്യാവശ്യം നന്നായി ചെയ്യാൻ സാധിച്ചെന്നു തോന്നി.

ആർ.എസ്. പണിക്കരും മീനാരാജ് രാഘവനും

ആർ. എസ്. പണിക്കർ: എന്നെ വിഭ്രമിപ്പിച്ച രംഗമാണ് മാത്യു ചാച്ചനോടു സംസാരിക്കുന്ന രംഗം. മമ്മൂക്ക പ്രതികരിക്കുമെന്നേ ജിയോ പറഞ്ഞിട്ടുള്ളൂ. മമ്മൂട്ടി മുറുക്കിയൊരു പിടുത്തം. ഒപ്പം പൊട്ടിക്കരച്ചിലും... ആ സമയത്ത് എന്റെ കൈവിട്ടു പോയി. ക്യാമറ എന്റെ മുഖത്തേക്കല്ലാത്തതു കൊണ്ട് അതു കണ്ടില്ലെന്നേയുള്ളൂ. കുറച്ചു നിമിഷങ്ങളെടുത്തു യാഥാർഥ്യത്തിലേക്കു തിരികെ വരാൻ.

വീട്... കുടുംബം

ആർ. എസ്. പണിക്കർ: കോഴിക്കോടാണ് നാട്. ഭാര്യ ജിനചന്ദ്രിക, യൂണിവേഴ്സിറ്റി സഹപ്രവർത്തക. ഡെപ്യൂട്ടി റജിസ്ട്രാറായി വിരമിച്ചു. മൂന്നു മക്കൾ. മൂത്തയാള്‍ കുഞ്ഞുലക്ഷ്മി സ്വിറ്റ്സർലൻഡിലാണ്. രണ്ടാമൻ രഘു ബെംഗളൂരുവിൽ ഐടി പ്രഫഷനൽ. മൂന്നാമൻ രാകേഷ് നാട്ടിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.

മീനാരാജ്: പള്ളൂരുത്തിയാണ് നാട്. അമ്മാവന്റെ മകൾ മംഗളാ ദേവി എന്നെ പ്രേമിച്ചു കല്യാണം കഴിച്ചതാണ്. രണ്ടു മക്കൾ, അശ്വതി രാജും അരുൺ രാജും. അശ്വതി അതിഥി തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു. മകൻ രാജസ്ഥാനിൽ അധ്യാപകനാണ്. രണ്ടു പേരക്കുട്ടികളുണ്ട്. കുടുംബത്തിന്റെ പിന്തുണയാണ് കല മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്നത്. മകളുടെ ഭർത്താവ് സിനിമാ സംവിധായകനാണ്. രതീഷ് കെ.രാജൻ. തൃശ്ശിവ പേരൂർ ക്ലിപ്തം എന്നൊരു സിനിമ ചെയ്തു. അടുത്തത് ‘അടവ്’.‘അച്ഛൻ സിനിമാ രംഗത്ത് നിൽക്കണം.’ എന്നൊക്കെ പറയുന്നത് മരുമകനാണ്.

സിനിമയ്ക്കുള്ള ഒരുക്കം

ആർ. എസ്. പണിക്കർ: വേഷമിട്ടാൽ കഥാപാത്രമായി ത ന്നെയിരിക്കാൻ ശ്രമിച്ചിരുന്നു. അഭിനയിക്കേണ്ട സാഹചര്യത്തെ കുറിച്ചു മനസ്സിൽ പല തവണ ആലോചിക്കും. ഡയലോഗ് വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.

മീനാരാജ്: സിനിമയിലേക്കു പോകുമ്പോള്‍ ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും നാടകം പാടേ ഒഴിവാക്കി. അതിന്റെ അംശം വരാതിരിക്കാൻ മാനസികമായി തയാറെടുപ്പുനടത്തി. പഴയ സിനിമകൾ കണ്ടു. കുറേ അപ്പൂപ്പൻ കഥാപാത്രങ്ങൾ ശ്രദ്ധിച്ചു. അതിൽ ഏത് എനിക്കു വേണം, ഏതു വേണ്ട എന്ന പഠനവുമുണ്ടായിരുന്നു.

പുതിയ സിനിമകൾ

ആർ. എസ്. പണിക്കർ: പുതിയ ഓഫറുകൾ വന്നിട്ടില്ല.

മീനാരാജ്: രണ്ടു പടം ചെയ്തു. ഒന്ന് ഇന്ദ്രൻസിനൊപ്പം ‘കെയ്ക്കില്ലാ രാജ്യത്ത്.’ മറ്റൊന്ന് അർജുൻ അശോകനൊപ്പമുള്ള ചിത്രം. ചില അന്വേഷണങ്ങളും വരുന്നുണ്ട്.

English Summary:

Malayalam actors Meenaaraj Raghavan and R.S. Panicker share their experiences in the film industry, discussing their roles in 'Falimy' and 'Kaathal'. The article explores their unexpected journeys into cinema and the impact these roles have had on their lives.