‘ഡോക്ടറെ വെട്ടിയ വാർത്തയ്ക്ക് താഴെ വന്നു കൊലവിളി നടത്തുന്നവർ ഈ സത്യം കൂടി അറിയണം’: ഡോ. സൗമ്യയുടെ കുറിപ്പ് Thamarassery Doctor Attack-
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൊടുവാൾ ഉപയോഗിച്ച് വെട്ടിയ സംഭവം നാടിനൊന്നാകെ ഞെട്ടലാകുകയാണ്. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനാണ് ഗുരുതരമായി തലയ്ക്കു പരുക്കേറ്റത്. മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ പിതാവ് സനൂപ് എന്നയാളാണ് ഡോക്ടറുടെ തലയ്ക്കു വെട്ടിപരുക്കേൽപ്പിച്ചത്. സംഭവത്തിൽ ജനരോഷം ഉയരുമ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരണം അറിയിക്കുകയാണ് ഡോ. സൗമ്യ സരിൻ. എല്ലാ മരണങ്ങളും തടയാൻ ഡോക്ടർമാർ ദൈവങ്ങൾ അല്ലെന്ന് ഡോ. സൗമ്യ ഓർമിപ്പിക്കുന്നു. എത്ര ശ്രമിച്ചാലും ചില ജീവനുകൾ ഞങ്ങളുടെ കയ്യിൽ നിന്നും വഴുതിപോകും. ആ മരണങ്ങൾ എല്ലാം ഞങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. തങ്ങളും മനുഷ്യർ ആണെന്നും സൗമ്യ പറയുന്നു. ഡോക്ടറെ വെട്ടിയ വാർത്തയ്ക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരുടെ അജ്ഞതയെ തിരുത്തുന്ന ഡോക്ടർ സൗമ്യ, കുട്ടി കടന്നു പോയേക്കാവുന്ന ആരോഗ്യ സാഹചര്യങ്ങളെക്കുറിച്ചും വിശദമാക്കുന്നുണ്ട്.
കുറിപ്പ് വായിക്കാം:
ഞാൻ കഴിഞ്ഞ മൂന്നു വർഷമായി ജോലി ചെയ്യുന്നത് ഷാർജയിൽ ആണ്. നല്ലൊരു ആശുപത്രിയിൽ ജോലി കിട്ടി ഇങ്ങോട്ട് വരുമ്പോൾ വളരെ കുറച്ചു കാലത്തെ വേറിട്ട ഒരു അനുഭവം സമ്പാദിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. ഒന്നോ രണ്ടോ കൊല്ലം കൂടി കഴിഞ്ഞാൽ തിരിച്ചു വരണം എന്ന ആഗ്രഹവുമായാണ് ജീവിച്ചത്. ഇന്നലെ വരെ. തിരിച്ചു സ്വന്തം നാട്ടിൽ വന്നു പണിയെടുക്കണം എന്ന ആഗ്രഹം ആണ് ഇന്നലെ വരെയും എന്നേ മുന്നോട്ട് നയിച്ചത്.
പക്ഷെ ഇപ്പൊ ഞാൻ ആ മോഹം ഉപേക്ഷിക്കണോ എന്നാണ് ആലോചിക്കുന്നത്. ഞാൻ വന്നാലും ഇല്ലെങ്കിലും കേരളത്തിൽ ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. പക്ഷെ വന്നാൽ എന്റെ കുടുംബത്തിന് ചിലപ്പോൾ എന്നേ നഷ്ടപെട്ടാലോ എന്ന് ഞാൻ ഭയപ്പെടുന്നുണ്ട്.
ഡോക്ടറേ വെട്ടിയ വർത്തക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരോടാണ്...
എല്ലാ മരണങ്ങളും തടയാൻ ഡോക്ടർമാർ ദൈവങ്ങൾ അല്ല. എത്ര ശ്രമിച്ചാലും ചില ജീവനുകൾ ഞങ്ങളുടെ കയ്യിൽ നിന്നും വഴുതിപോകും. ആ മരണങ്ങൾ എല്ലാം ഞങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. ഞങ്ങളും മനുഷ്യർ ആണ്!
പനിയും ശർദിയും അപസ്മാരവും ഉള്ള കുട്ടി മരണപെടാൻ അമീബിക് മസ്തിഷ്ക്ക ജ്വരം തന്നെ വേണം എന്നില്ല! തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ ഏതൊരു അണുബാധയുടെയും ലക്ഷണങ്ങൾ ഇത് തന്നെയാണ്. കുട്ടിക്ക് പ്രാഥമിക ചികിത്സക്ക് നൽകിയിട്ടുണ്ട്. അപസ്മാരം കണ്ടപ്പോൾ തന്നെ അപകടം മനസ്സിലാക്കി കുട്ടിയെ റെഫർ ചെയ്തിട്ടുമുണ്ട്. കാണുമ്പോൾ തന്നെ അസുഖം പ്രവചിക്കാൻ ഞങ്ങൾ ആരും കണിയാന്മാരും അല്ല.
ഇന്ന് ആ ഡോക്ടർക്ക് കിട്ടിയ അക്രമത്തിൽ " ആഘോഷിക്കുന്ന " ഓരോരുത്തരും ഒരു കാര്യം ഓർത്തു വെച്ചോളൂ. നിങ്ങൾ കുത്തുന്നത് നിങ്ങളുടെ സ്വന്തം കുഴികൾ തന്നെയാണ്...
പഠനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളാണ് പണ്ടൊക്കെ നല്ല സർക്കാർ മെഡിക്കൽ കോളജുകളിൽ പഠിച്ചു ഡോക്ടർമാർ ആയിരുന്നത്. ഇനി അങ്ങനെ ഉള്ള ഒരു മിടുക്കന്മാരും മിടുക്കികളും ഈ പണിക്ക് വരില്ല എന്നുറപ്പ്. സ്വന്തം ജീവിതത്തിന്റെ നല്ല വർഷങ്ങൾ മുഴുവൻ പഠിച്ചു പഠിച്ചു അവസാനം ഇതുപോലെ ഏതെങ്കിലും ഭ്രാന്തന്റെ കത്തിമുനയിൽ ഒടുങ്ങാൻ ഒരു മിടുക്കന്മാരും ഇനി തയ്യാറാവില്ല.
സാവധാനം ഈ ജോലി എടുക്കുന്ന ആളുകളുടെ മികവ് കുറയും. സർക്കാർ മേഖലയിൽ പ്രവർത്തിക്കാൻ ഡോക്ടർമാരെ കിട്ടാതെ ആകും. മിടുക്കിന്റെ മികവിൽ വന്നവർക്ക് പകരം പണത്തിന്റെ മികവിൽ പഠിച്ചവരും അർഹത ഇല്ലാത്തവരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും ഇവിടെ നിറയും. ചികിത്സയുടെ ഗുണവും അതു പോലെ ആവും!
ആരാണ് അനുഭവിക്കാൻ പോകുന്നത്?
നിങ്ങൾ തന്നെ!
നിങ്ങൾ ഓരോരുത്തരും തന്നെ!
മിടുക്കരായ ഡോക്ടർ ആവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മറു രാജ്യങ്ങളിൽ പോയി പഠിക്കും. അവിടെ തന്നെ ജോലി നേടും. അവിടെ തന്നെ സെറ്റിൽ ചെയ്യും!
ആരാണ് അനുഭവിക്കാൻ പോകുന്നത്?
നിങ്ങൾ തന്നെ!
നിങ്ങൾ ഓരോരുത്തരും തന്നെ!
എനിക്ക് എന്തായാലും ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്.
എന്റെ പാപ്പു ഡോക്ടർ ആവണ്ട എന്ന് മുന്നേ സ്വയം തീരുമാനിച്ച ഒരാൾ ആയതിൽ...
ഡോക്ടർ ആവാൻ മോഹിച്ചു എന്നോട് ഉപദേശം തേടി വന്ന ഓരോ കുട്ടികളോടും അവരുടെ അച്ഛനമ്മമാരോടും ഞാൻ അത്രയും ആത്മാർത്ഥതയോടെ പറയാറുണ്ട്.
ഈ ജോലി എന്നത് പുറമെ കാണുന്ന പളപളപ്പ് അല്ല എന്ന്...
ഇതിൽ ഉള്ളത് കണ്ണീരും കഷ്ടപ്പാടും ആണെന്ന്...
അതുകൊണ്ട് യാഥാർഥ്യം മനസ്സിലാക്കി മാത്രം ഒരു ഡോക്ടർ ആവാൻ തീരുമാനിക്കണം എന്ന്...
അവരിൽ പലർക്കും അന്ന് എന്നോട് മുഷിപ്പ് തോന്നിയിട്ടുണ്ടാകാം...
പക്ഷെ ഇന്ന് അവർ മനസ്സിൽ എന്നോട് നന്ദി പറയുന്നുണ്ടാകും ...
ഉറപ്പ്!