പോരാട്ടവും പ്രതീക്ഷകളും ജീവിതവ്രതമാക്കിയ കാൻസർ പോരാളികൾക്ക് ഊർജം പകരുന്ന മാസമാണിത്. കാൻസർ അവബോധന മാസമായ ഒക്ടോബറിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിലെ കാൻസർ പോരാട്ട നാളുകളെ കുറിച്ച് ഓർത്തെടുക്കുയാണ് സാമൂഹ്യ പ്രവർത്തക നിഷ ജോസ് കെ മാണി. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത അതിഥിയായെത്തിയ കാൻസറിനെ കുറിച്ചും, അതിനെ നേരിട്ട അനുഭവത്തെക്കുറിച്ചും വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് നിഷ മനസു തുറന്നത്. വനിത 2023 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ചുവടെ...

----

ADVERTISEMENT

കാർമേഘങ്ങളുടെ ഘോഷയാത്രയിലും തെളിഞ്ഞു നിൽക്കുന്ന ചില ഒറ്റനക്ഷത്രങ്ങളുണ്ട്. പാലാ കരിങ്ങോഴയ്ക്കൽ തറവാടിലെത്തിയപ്പോൾ കണ്ടതുമൊരു നക്ഷത്രച്ചിരി. പരാതികളും അപേക്ഷകളുമായി എത്തിയവരുടെ നടുവിൽ ക്ഷേമാന്വേഷണങ്ങളുമായി തിരക്കിലാണ് നിഷ ജോസ് കെ. മാണി.

കാൻസറിനെതിരെയുള്ള പോരാട്ടത്തിന്റെ ആത്മവിശ്വാസം മുഖത്തും വാക്കുകളിലുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ആ പരീക്ഷണഘട്ടത്തിന്റെ തുടക്കം. മഞ്ചാടിക്കുരു വലുപ്പത്തിൽ തടിപ്പ് കണ്ടപ്പോഴേ ടെസ്റ്റ് ചെയ്തു. റിസൽറ്റ് വന്നു, ബ്രെസ്റ്റ് കാൻസർ. വേദനിപ്പിക്കാൻ ക ച്ചകെട്ടിയിറങ്ങിയവരെ നേരിട്ട അതേ മനക്കരുത്തോടെ നിഷ കാൻസറിനെ നേരിട്ടു.

ADVERTISEMENT

‘പുതുപ്പിറവിയുടെ’ ക്രിസ്മസ്

‘‘കഴിഞ്ഞു പോയ 2023 ലെആ ക്രിസ്മസ് എനിക്ക്  ഈസ്റ്റർ പോലെയായിരുന്നു കേട്ടോ. ഉണ്ണീശോയുടെ തിരുപ്പിറവി മാസം ജീവിതത്തിലേക്കുള്ള ഉയിർപ്പിന്റെ നാളുകൾ കൂടിയാണ്. ഇന്നെന്റെ രണ്ടാമത്തെ റേഡിയേഷനായിരുന്നു. അതാണു സംസാരിക്കുമ്പോൾ ചെറിയ തടസ്സം വരുന്നത്. ഇടയ്ക്കു ഛർദ്ദിക്കാൻ വരുംപോലെ തോന്നും. പക്ഷേ, അതൊന്നും കാര്യമാക്കാറില്ല.

കഴിയുന്നതും നല്ല സാരി ഉടുത്തു, വളയൊക്കെ ഇ ട്ട് ഫ്രഷ് ആയി ഇരിക്കാൻ നോക്കും. ഈ കുപ്പിവളകൾ കണ്ടില്ലേ, കഴിഞ്ഞ ഡൽഹി യാത്രയ്ക്കിടയിൽ ഫരീദാബാദിൽ നിന്നു വാങ്ങിയതാണ്.’’ കൈനിറഞ്ഞു കിടക്കുന്ന കുപ്പിവളകളിൽ വിരലോടിച്ചു നിഷ ഒരു നിമിഷം മൗനമായിരുന്നു.

ADVERTISEMENT

എങ്ങനെയാണ് ഈ വേദനയെ അതിജീവിക്കുന്നതെന്ന ചോദ്യം കേട്ടതും തലയുയർത്തി നോക്കി. ‘‘രാഷ്ട്രീയക്കാരന്റെ ഭാര്യയായി ചില്ലുമേടയിലിരിക്കുന്ന പെണ്ണല്ല ഞാൻ. എതിർചേരിയിലുള്ളവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ടു കരുത്തു നേടിയ മനസ്സാണ്.

എനിക്കു രോഗം വരും മുൻപും കാൻസറിന്റെ പിടിയിൽ പെട്ടുപോയവർക്കൊപ്പം ഞാൻ സഞ്ചരിച്ചിട്ടുണ്ട്. കഴിയാവുന്ന വിധം സ‌ഹായിച്ചിട്ടുമുണ്ട്. രോഗത്തെ അതിജീവിച്ചതിനു ശേഷം പലരും നേരിൽ വന്നു കാണും. അപ്പോൾ അവരുടെ മുഖത്തുള്ള ഒരു ചിരിയുണ്ടല്ലോ. അതാണു ഞാ ൻ നേടുന്ന സന്തോഷം.

രോഗത്തെയും പോസിറ്റീവായാണു കാണുന്നത്. പ്രതിസന്ധി വരുമ്പോഴാണ് ഒപ്പമുള്ളവരുടെ മൂല്യം യഥാർഥ തിളക്കത്തോടെ മനസ്സിലാകുന്നത്. ജോ (ജോസ് കെ. മാണി) എന്നെ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞ ദിവസങ്ങ ളിലൂടെയാണു കടന്നു പോകുന്നത്. അ തു തിരുപ്പിറവി മാസത്തിനു കൂടുതൽ നി റം നൽകുന്നു.

‘‘38 വയസ്സു മുതൽ എല്ലാ വർഷവും ഹെൽത് ചെക്കപ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി മാമോഗ്രാം ചെയ്യും. ഇപ്പോൾ 50 വയസ്സായി. കുടുംബത്തിൽ പലരുടെ ജീവിതത്തിലും കാൻസർ വില്ലനായിട്ടുണ്ട്. പാരമ്പര്യഘടകങ്ങൾ ഇല്ലെങ്കിൽ പോലും വർഷമൊരു ഹെൽത് ചെക്കപ് ചെയ്യണം. പലരും മാറ്റി വയ്ക്കുന്നതു സ്വന്തം ആരോഗ്യകാര്യമാണ്. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളോടു പറയാനുള്ളത്, 35 വയസ്സു കഴിയുമ്പോൾ മുതലെങ്കിലും ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിൽ നിങ്ങൾ മാമോഗ്രാം ചെയ്യണം. മാസത്തിൽ ഒരു ദിവസമെങ്കിലും കണ്ണാടിക്കു മുന്നിൽ നിന്നു സ്വയംപരിശോധന നടത്താനും മടിക്കല്ലേ. ഇതൊന്നും പേടിപ്പിക്കാൻ പറയുന്നതല്ല കേട്ടോ.

 ഒക്ടോബറിൽ ജോയ്ക്കൊപ്പം ഡൽഹിയിൽ പോയപ്പോഴാണു ഞാൻ ടെസ്റ്റ് എടുത്തത്. വളരെ കാഷ്വലായി എടുത്ത ടെസ്റ്റ്. ‘സംതിങ് ഈസ് ദെയർ’ എന്നവർ പറഞ്ഞു. ഓ, ‘സംതിങ്’. ഞാനുമത്രയേ കരുതിയുള്ളൂ. വിശദമായ റിപ്പോർട്ട് വന്നു. കാൻസർ എന്ന സത്യം ഉൾക്കൊള്ളാൻ ആദ്യം ഞാൻ വിഷമിച്ചു. നാട്ടിലെത്തി അൾട്രാസൗണ്ട് സ്കാൻ ചെയ്യാമെന്നു തീരുമാനിച്ചു.

അപ്പോൾ മുതൽ തിരക്കുകൾ മാറ്റി വച്ച് ജോ ഒപ്പം ത ന്നെ ഉണ്ട്. കുട്ടികളെ ആദ്യ ദിവസം സ്കൂളിൽ ആക്കാൻ പോകും പോലെ. നാട്ടിലെത്തിയപ്പോൾ ടെസ്റ്റിന് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം എന്നു നിർബന്ധിച്ചു പറഞ്ഞു. പാലാ മാർസ്ലീവ മെഡിസിറ്റിയിൽ പോയി. അൾട്രാസൗണ്ട് സ്കാനിലും അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. വലതു വ ശത്തെ മാറിടത്തിൽ മഞ്ചാടിക്കുരു പോലെ ബ്രെസ്റ്റ് കാ ൻസറിന്റെ പൊട്ട്. ബയോപ്സിയും അത് അടിവരയിട്ടു.

സ്വയം പറഞ്ഞു, ഞാൻ കരുത്തയാണ്

കരുത്തയാണെന്നു സ്വയം വിശ്വസിക്കുന്നൊരു സ്ത്രീയാണു ഞാൻ. അത് അഹങ്കാരമല്ല, ആത്മവിശ്വാസമാണ്. ഡോക്ടറുമായുള്ള കൂടിക്കാഴ്ചകളിൽ അതു വർധിച്ചു.

‘ചെറിയൊരു മുഴയാണ്. അതു പടർന്നു കയറിയോ എ ന്നുറപ്പിക്കണം. കീമോയുണ്ട്, റേഡിയേഷനുമുണ്ടാകും. ചിലപ്പോൾ മുടി പോകും, മുറിവിൽ മുളകുപുരട്ടുന്ന പോലുള്ള വേദന വരാം. കുറേ നാളത്തേക്ക് ജീവിതത്തിന് ആശുപത്രി മുറിയുടെ ഗന്ധമാകും. അടുത്ത സ്റ്റേജിലേക്കു കടന്നിട്ടുണ്ടെങ്കിൽ ഒരു പക്ഷേ, ശസ്ത്രക്രിയയിലൂടെ ബ്രെസ്റ്റ് തന്നെ നീക്കം ചെയ്യേണ്ടി വരും.’ പിന്നെയൊരു ചോദ്യത്തിനു സാധ്യതയില്ലാത്ത വിധം ഡോക്ടർ വിശദമായി പറഞ്ഞു. പക്ഷേ, അതിനെല്ലാം ഒരുത്തരമേ ഞാൻ നൽകിയുള്ളൂ. ‘ലെറ്റ് ഇറ്റ് ബി ഡൺ... കീമോ ആണെങ്കിലും റേഡിയേഷനാണെങ്കിലും നേരിടും. മുന്നോട്ടു പോകും’. പക്ഷേ, മനസ്സിൽ പറഞ്ഞത് ഷാരൂഖ് സിനിമയിലെ ഹിറ്റ് ഡയലോഗാണ്. ‘പിക്ചർ അഭി ബാക്കി ഹേ... മേരെ ദോസ്ത്.’

കരഞ്ഞും തളർന്നും ഇരിക്കില്ലെന്ന് ഉറപ്പിച്ച എന്നോടു തമ്പുരാൻ ഒരൽപം കരുണ കാണിച്ചു. ബ്രെസ്റ്റ് കാൻസറിന്റെ പ്രാരംഭ ഘട്ടമാണ്. കാര്യമായ വ്യാപനമില്ല. ആർത്തവ വിരാമ ഘട്ടത്തിലാണു രോഗം കണ്ടെത്തിയത് എന്നതു കൊണ്ടു തന്നെ റിസ്ക് ഫാക്ടറും കുറവാണ്. ഈ പറഞ്ഞതിന്റെ ചുരുക്കം കീമോ വേണ്ടി വരില്ല. റേഡിയേഷനും കൃത്യമായ ചികിത്സയും മാത്രം മതി. തമ്പുരാൻ നമ്മളെ പരീക്ഷിക്കും. പക്ഷേ, ചെയ്ത നല്ല പ്രവൃത്തികളുടെ കണക്കും ദൈവത്തിന്റെ പുസ്തകത്തിലുണ്ട്. നമ്മുടെ പ്രാർഥനകൾ വിഫലമാകില്ല.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വേദനയിൽ കൂട്ടിരിക്കുന്നവർ

സ്താനാർബുദമെന്നു കേട്ടതോടെ വീട്ടിലാകെ സങ്കടസീനായി. അമ്മച്ചിയും പിള്ളാരും ജോയുമെല്ലാം ആകെ തളർന്ന മട്ടാണ്. അവരെ ഹാപ്പിയാക്കുന്നതായിരുന്നു വലിയ ടാസ്ക്. ജോയേയും എന്റെ പെമ്പിള്ളാരേയും ഞാൻ പലതും പറഞ്ഞ് ഒാകെ ആക്കി. മകൾ പ്രിയങ്കയോടും മരുമകൻ കുരുവിളയോടും ഫോണിലാണു വിവരം പറഞ്ഞത്. പക്ഷേ, മകൻ കുഞ്ഞുമാണി മാത്രം ഒന്നും പറയുന്നില്ല. അതിന്റെ കാര്യം എനിക്കറിയാം. മിണ്ടിയാൽ അവൻ കരഞ്ഞുപോകും. വീട്ടിലെല്ലാവരോടും രോഗവിവരം പറയാൻ തീരുമാനിച്ചു. അന്നു വീട്ടിൽ കൂടിയ ‘കുടുംബയോഗത്തിൽ’, പ്രതീക്ഷിച്ച പോലെ കുഞ്ഞുമാണിയുടെ കരച്ചിലായിരുന്നു ‘മുഖ്യ അജണ്ട.’ ഒടുവിലാണു കാര്യം മനസ്സിലായത്. അവന്റെ സുഹൃത്തിന്റെ അമ്മയ്ക്കു കാൻസർ വന്നിട്ടു ഭേദമായില്ല. അവരങ്ങു പോയി. അതാലോചിച്ചുള്ള ആധിയാണ്.

ഒറ്റ ഡയലോഗിൽ അവനെ ഓകെയാക്കി. ‘ഡാ... ഞാൻ നിന്റെ ഫ്രണ്ടിന്റെ അമ്മയല്ല. എന്റെ രോഗം വളരെ നേരത്തേ കണ്ടുപിടിച്ചു. ചികിത്സയും തുടങ്ങി. കാൻസർ വന്ന എല്ലാവരും മരിക്കാനൊന്നും പോണില്ല. ഞാൻ അങ്ങനെ മരിക്കുകയേം ഇല്ല. നീ സമാധാനമായിരിക്ക്. ’

രോഗം തിരിച്ചറിഞ്ഞതിന്റെ പിറ്റേന്ന് അച്ചാച്ചന്റെ (കെ.എം. മാണിയുടെ) സന്തത സഹചാരിയായിരുന്ന ഒരാളുടെ സംസ്കാരചടങ്ങിനു ജോ പോയിരുന്നു. സംസ്കാരം കഴിഞ്ഞു വീട്ടുകാരെയെല്ലാം ആശ്വസിപ്പിച്ച് ജോ വികാരിയച്ചനോടു വേഗം യാത്ര പറഞ്ഞിറങ്ങി. തിടുക്കം കണ്ട് ‘എന്തേ ഇത്രവേഗം.’ എന്ന് അച്ചൻ ചോദിച്ചു. ‘അച്ചോ... നിഷയ്ക്ക് സുഖമില്ല, പെട്ടെന്നു പോണം.’ അത്രയും പറയുമ്പോഴേക്കും ജോയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്രേ. പിന്നാലെ അച്ചൻ എന്നെ വിളിച്ചു. ‌‌രോഗവിവരങ്ങൾ തിരക്കി. ജോയുടെ ടെൻഷനെക്കുറിച്ചും പറഞ്ഞു. പിന്നെ, രംഗം ലൈറ്റാക്കാൻ അച്ചൻ തമാശയായി ചോദിച്ചു. ‘നിങ്ങള് പ്രേമവിവാഹം വല്ലോം ആയിരുന്നോ.’

അതു കേട്ട് ഫോണിന്റെ ഇങ്ങേത്തലയ്ക്കലിരുന്നു ഞാനും കരഞ്ഞു. ‘പത്തുമുപ്പതു കൊല്ലമായില്ലേ അ‌ച്ചോ.’ സംസാരം നീണ്ടാൽ എന്റെ കരച്ചിൽ അച്ചൻ അറിയുമെന്നു തോന്നി. സംഭാഷണം പെട്ടെന്ന് അവസാനിപ്പിച്ചു ഫോൺ വച്ചു. പ്രതിസന്ധി വരുമ്പം പെമ്പിള്ളാർക്ക് കർത്താവ് കൊടുക്കുന്നൊരു പവറുണ്ട്. ആ കരുത്ത് എന്റെ പെൺമക്കളായ പ്രിയങ്കയ്ക്കും റിതികയ്ക്കുമുണ്ട്. പക്ഷേ, മക്കൾക്കു രോഗം വരുമ്പോൾ എത്ര വയസ്സായാലും അമ്മമാർക്ക് അതു താങ്ങാൻ ബുദ്ധിമുട്ടാണ്. എന്റെ മമ്മി റോസിയും അങ്ങനെ തന്നെ. ആലപ്പുഴയിലെ വീട്ടിൽ പ്രാർഥനയോടെയും കണ്ണീരോടെയുമാണു മമ്മി ഓരോ ദിവസത്തെയും കടത്തിവിട്ടത്. എന്റെ നാത്തൂൻമാരായ എൽസമ്മ, സാലി, ആനി, ടെസി, സ്മിത എന്നിവരുടെ പ്രാർഥനകൾ. എന്തിനും ഒപ്പം നിൽക്കുന്ന ഉറ്റവർ, നാട്ടുകാർ. അതൊക്കെ നൽകുന്ന എനർജി വളരെ വലുതാണ്.

കണ്ട ജീവിതങ്ങൾ കരുത്ത്

കാൻസർ രോഗികളോട് ഐക്യദാർഢ്യം അറിയിച്ചു രണ്ടുവട്ടം തലമുടി മുറിച്ചു നൽകിയിട്ടുണ്ട്. അത് ഇഷ്ടത്തോടെ ചെയ്ത കാര്യമാണ്. ഇപ്പോൾ ക്ഷണിക്കാതെ കടന്നുവന്ന അതിഥിയാണ് കാൻസർ. ഒരുപക്ഷേ, സമ്മതം ചോദിക്കാതെ അതെന്റെ മുടി കൊണ്ടുപോകും. രൂപം മാറ്റും. അത്തരം മുൻവിധികളൊന്നും എന്നെ ഭയപ്പെടുത്തുന്നില്ല. ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ‘വൺ ഇന്ത്യ വൺ റിവർ’ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള നദികളിൽ നിന്നും ശേഖരിച്ച ജലം രാഷ്ട്രപതിക്ക് കൈമാറണം. അതിന്റെ ഫോട്ടോ എക്സിബിഷൻ നടത്തണം. അങ്ങനെയങ്ങനെ.

രോഗത്തെ നേരിടുന്നവരുമായുള്ള സമ്പർക്കത്തിൽ മു ൻപു പലതും കേട്ടിട്ടുണ്ട്. ബ്രെസ്റ്റ് റിമൂവ് ചെയ്തു കഴിഞ്ഞ ശേഷം ഭർത്താവിന് താൽപര്യമില്ല എന്നൊരു യുവതി ഒരിക്കൽ എന്നോടു പറഞ്ഞു.

മരിച്ചു കിടക്കുമ്പോഴും തലയിലെ ആ വിഗ് എടുത്തു മാറ്റരുതേ എന്ന അപേക്ഷ അവസാനദിവസങ്ങളിൽ പങ്കുവച്ചൊരു കൂട്ടുകാരിയുണ്ട്. അവളുടെ സംസ്കാരത്തിനു ഞാൻ പോയിരുന്നു. തലയിൽ അപ്പോഴും അവൾക്ക് ഞാ ൻ കൊടുത്ത ചുരുണ്ട തലമുടിയുള്ള വിഗ് ഉണ്ടായിരുന്നു. നല്ല ചുരുണ്ടു ഭംഗിയുള്ള തലമുടിയായിരുന്നു അവളുടേത്. അതൊക്കെ ഓർമയെ പൊള്ളിക്കുന്നുണ്ട്.

റേഡിയേഷൻ ശരീരത്തിൽ പല മാറ്റങ്ങളും വരുത്തും. അതിനെ നേരിടുക. ജീവിതത്തിന്റെ ഓരോ നിമിഷവും ആ സ്വദിക്കുക. ചെക്കപ്പിനു കോട്ടയം കാരിത്താസ് ആശുപത്രിയിൽ പോകുന്നതും ഒരുങ്ങി തന്നെയാണ്. നല്ല കളറുള്ള സാരിയും കുപ്പിവളയുമൊക്കെയണിഞ്ഞ്.

വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനം

English Summary:

Cancer Fighters inspire us to embrace life. Focusing on the life of Nisha Jose K. Mani, a social worker who battled breast cancer, and her positive outlook during Cancer Awareness Month, this article highlights the importance of early detection, health checkups, and the support of loved ones in overcoming challenges.