‘ആ കുഞ്ഞ് എന്റെ കൺമുന്നിൽ വീഴുന്നതു കണ്ടു, പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല’; പൊട്ടിക്കിടന്ന കുറ്റികൾക്ക് പകരം സ്വന്തം ചിലവിൽ പാലം നിർമിച്ച മധു Madhu's Bridge: A Story of Kindness from Kanhangad
കാസർഗോട്ടെ കാഞ്ഞങ്ങാടുകാർ കുറച്ചു നാൾ മുൻപ് വരെ പൊട്ടിപ്പൊളിഞ്ഞ രണ്ട് പഴയ പോസ്റ്റുകളിലൂടെ സർക്കസ് കാട്ടിയാണ് വഴി നടന്നിരുന്നത്. മധു അതിനു പകരമായി നാട്ടുകാർക്ക് വേണ്ടി സ്നേഹത്തിന്റെയൊരു പാലം പണിതു കൊടുത്തു... ആ കഥ മധുവിൽ നിന്ന് തന്നെ കേൾക്കാം.
‘‘ഞാനെന്റെ കടയിലെ ജോലിക്കാരൻ സന്ദീപിനെ വിളിക്കാനാണ് ആ വഴി പോയത്. അല്ലാതെ എനിക്കതിലേ പോകേണ്ട ആവശ്യമില്ല. പക്ഷേ, വർഷങ്ങളായി കാഞ്ഞങ്ങാട്ടുകാർ പൊട്ടിയ രണ്ട് പോസ്റ്റുകൾ ഇട്ട് അതിനു മുകളിലൂടെയാണ് നടന്നിരുന്നത്. സ്കൂൾ കുട്ടികളും വയസായവരുമടക്കം എല്ലാവർക്കും ഈയൊരു വഴി മാത്രം.
അന്നത്തെ ദിവസം ഞാൻ പാലത്തിനടുത്തെത്തിയതും സ്കൂളിൽ പോകുന്നൊരു കുഞ്ഞ് എന്റെ കൺമുന്നിൽ വച്ച് പോസ്റ്റിൽ നിന്നൂർന്ന് താഴേക്കു വീണു. ആ വീഴുന്ന കാഴ്ച്ച മനസിലിങ്ങനെ ആളിക്കത്തി നിന്നു. പിന്നെയൊന്നും ചിന്തിച്ചില്ല എന്നെക്കൊണ്ടാവും പോലൊരു പാലം പണിയാൻ തീരുമാനിച്ചു. എനിക്കൊരു ചെറിയ വെൽഡിങ്ങ് കടയുണ്ട് അവിടെ വച്ച് അന്നൊരു ദിവസം കൊണ്ട് തന്നെ പാലം പണിതു. എന്നിട്ടത് ഇവിടെ കൊണ്ടു വന്ന് സ്ഥാപിച്ചു.’’ കൂട്ടുകാരൊട് സംസാരിക്കുന്ന ലാഘവത്തോടെ മധു പറഞ്ഞു തീർത്തു. ചെയ്ത കാര്യത്തിന്റെ വലിപ്പമോ അതു കൊണ്ടുവരുന്ന പ്രസംസകളോ ഒന്നും മധുവിനെ ബാധിക്കുന്നില്ല... പകരം തന്നെക്കൊണ്ടാവുന്നത് ചെയ്യാൻ കഴിഞ്ഞതിന്റെ ആശ്വാസം മാത്രമാണ് ആ വാക്കുകളിൽ.
ഏതാണ്ട് 25,000 രൂപ ചിലവു വരുന്ന കടയിലുണ്ടായിരുന്ന സാധനങ്ങൾ കൊണ്ടാണ് മധു പാലം പണിതത്. നാട്ടുകാർക്ക് പ്രത്യേകിച്ചു വയസായവർക്കും ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ പോകുന്ന കുട്ടികൾക്കുമാണ് പാലം ഏറെ ഉപകാരപ്പെടുന്നത്. റെയിൽവേസ്റ്റേഷന് അടുത്തായതു കാരണം അങ്ങോടേക്കുള്ള യാത്രക്കാർക്കും ഇനി വീഴുമോയെന്ന ആധിയില്ലാതെ ആശ്വാസമായി നടക്കാം.
വർഷങ്ങോളം പൊട്ടിപ്പൊളിഞ്ഞു കിടന്ന പാലം പുതുക്കാൻ പല വഴിയും നാട്ടുകാർ നോക്കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായില്ല, വീഴ്ച്ചകളും തെന്നലും ഒക്കെ പതിവായിരുന്നിടത്താണ് ഇനി ആ പേടിയില്ലാതെ ആളുകൾക്ക് നടക്കാനാവുക. അതിന്റെ നന്ദിയെന്നോണം മധുവിനെ സ്കൂൾ പ്രിൻസിപ്പാളും നാട്ടുകാരുമൊക്കെ വിളിച്ച് നന്ദി പറയുകയാണ്. ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയാണ് മധു. ഗൾഫിൽ മറൈൻ ഫീൽഡിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന മധു കഴിഞ്ഞ പത്ത് വർഷമായി നാട്ടിൽ ടെക്നോളജി വെൻച്വേഴ്സ് എന്ന പേരിൽ സ്വന്തമായി ഒരു ചെറിയ വെൽഡിങ്ങ് കട നടത്തുന്നു. ഭാര്യ സുധിന തയ്യൽക്കാരിയാണ്. തങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന മൂന്നാമതൊരാളെ ആളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മധുവും സുധിനയും.