ഭിന്നശേഷിക്കാരിയായ മകൾക്കും ദിവസ വേതനക്കാരനായ മകനുമൊപ്പം ഇനിയെന്തു ചെയ്യുമെന്നറിയാതെ ഉണ്ടായിരുന്ന ഏക വീടും സ്വത്തുവകകളും നഷ്ടപ്പെട്ടതോർത്ത് വിതുമ്പുകയാണ് കളമ്പാട്ടൂർ വീട്ടിൽ ശാന്ത ശിവൻ(75). ശനിയാഴ്ച രാത്രിയിലുണ്ടായ ദുരന്തത്തിലാണ് ദേശീയ പാതയോരത്തുണ്ടായിരുന്ന ശാന്തയുടെ ഇരുനില വീട് തകർന്നത്. അപകട ഭീഷണിയെ തുടർന്ന് ഇവരെ വീട്ടിൽ നിന്നു ശനിയാഴ്ച ഉച്ചയോടെ മാറ്റിയിരുന്നു.

ഭിന്നശേഷിക്കാരിയായ മകളുമായി ഭർത്താവിന്റെ മരണശേഷം വീടിന്റെ മുകൾനിലയിലായിരുന്നു താമസിച്ചിരുന്നത്. മകൻ സിജുവും ഭാര്യ സിന്ധുവും മകൾ ദേവനന്ദയും താഴത്തെ നിലയിലായിരുന്നു താമസം. ഭിന്നശേഷിക്കാരിയായ മകൾക്ക് മുച്ചക്ര വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള സൗകര്യത്തിനാണ് വീടിന്റെ മുകൾനിലയിൽ താമസ സൗകര്യമൊരുക്കിയിരുന്നത്. മൂന്നു തലമുറകളായി താമസിച്ചിരുന്ന വീടും 16 സെന്റ് സ്ഥലവുമാണ് ഒറ്റ രാത്രികൊണ്ട് മൺകൂനയായി മാറിയത്.

തൊഴിലുറപ്പ് ജോലികൾ ചെയ്താണ് ശാന്ത തനിക്കും മകൾക്കും ആവശ്യമുള്ള നിത്യച്ചെലവുകളും ചികിത്സയും നടത്തിയിരുന്നത്. അടിമാലി ടൗണിലെ സ്ഥാപനത്തിൽ ദിവസവേതനത്തിന് ജോലി ചെയ്ത് കുടുംബം പുലർത്തിവരുകയായിരുന്നു സിജു. എല്ലാവരുടെയും സകലമാന രേഖകളും സിജു മകൾക്കായി സ്വരുക്കൂട്ടി വച്ചിരുന്ന സ്വർണവും എല്ലാം ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ഈ കുടുംബം.

ADVERTISEMENT

ഖദീജ വിടവാങ്ങി, വീട് മണ്ണെടുത്തതറിയാതെ

അടിമാലി ∙ 2 പതിറ്റാണ്ടുകാലം അന്തിയുറങ്ങിയ അടിമാലി ലക്ഷംവീട് നഗറിലെ വീട് മണ്ണിടിച്ചിലിൽ നാമാവിശേഷമായത് അറിയാതെ എറണാകുളത്ത് ചികിത്സയിലായിരുന്ന വടക്കേക്കര ഖദീജ ഹമീദ് (76) വിടപറഞ്ഞു. ഭർത്താവ് ഹമീദ് വർഷങ്ങൾക്കു മുൻപ് മരിച്ചതോടെയാണ് മാങ്കുളത്തുനിന്ന് ഖദീജയും 3 പെൺമക്കളും അടങ്ങുന്ന കുടുംബം അടിമാലിക്ക് താമസം മാറ്റിയത്. ഒരു വർഷം മുൻപ് ഹൃദ്രോഗം ഉണ്ടായതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇതിനിടെ വയറുവേദനയുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കായി 4 ദിവസം മുൻപ്, വീട്ടിൽ ഒപ്പം താമസിക്കുന്ന മകൾ സലീന, മരുമകൻ നിയാസ് എന്നിവരോടൊപ്പം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. ഇന്നലെ പുലർച്ചെ 5ന് ഖദീജ മരിച്ചു. ഖദീജയുടെ വീട് പൂർണമായി തകർന്നതിനാൽ മൃതദേഹം അടിമാലി കാംകോ ജംക്‌ഷനിലെ സഹോദരൻ പാറേക്കാട്ടിൽ ബഷീറിന്റെ വീട്ടിലാണ് എത്തിച്ചത്. അടിമാലി പാറേക്കാട്ടിൽ കുടുംബാംഗമാണ്. കബറടക്കം നടത്തി. മക്കൾ: സൽമ, സലീന, സുലൈഖ. മരുമക്കൾ: ബാദുഷ, നിയാസ്, ഷാമോൻ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT