ഈ ലോകത്ത് തന്നാൽ കഴിയുന്ന തരത്തിൽ ഒരു മാറ്റമുണ്ടാകണം, പിന്നിലേക്ക് തള്ളപ്പെടുന്ന കുറച്ച് പേരെങ്കിലും അവരുടെ കഴിവിന്റെ പേരിൽ മുൻനിരയിലെത്തെണം എന്നൊരാൾ ആഗ്രഹിച്ചതിന്റെ ഫലമായിട്ടാണ് ‘ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്‘ തുടങ്ങുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊക്കമില്ലാത്തവരുടെ സ്പോർട്സ് ക്ലബ്. അതിനു പിന്നിൽ അധ്വാനിച്ച റാഷിദ് കെ.കെ. ഇനി മുതൽ ആ ക്ലബിന്റെ തലപ്പത്തില്ല. എന്നാൽ ക്ലബിന് പൂർണ പിന്തുണയുമായി ഇനിയങ്ങോട്ടും താനുണ്ടാകുമെന്ന് പറയുമ്പോൾ കോച്ചിന്റെ ശബ്ദമിടറുന്നു. ഇത്രയും വർഷം പിന്നിട്ട ഓരോ വെല്ലുവിളികളും നേട്ടങ്ങളും റാഷിദിന്റെ തൊണ്ടയിൽ വന്ന് നിറഞ്ഞ് കനം വെയ്ക്കുന്നു... റാഷിദ് ക്ലബിനെ ഓർക്കുന്നു...

സ‌പോർട്ട്സ് മോഖലയിൽ തന്നെയുള്ളൊരാളാണ് ഞാൻ, അതാണ് ഊണിലും ഉറക്കത്തിലും ഒക്കെ സംസാരിക്കുന്നതും ചിന്തിക്കുന്നതും. എങ്ങനെ നമുക്ക് സ്പോർട്സിലൂടെ അടുത്തൊരു തലത്തിലേക്ക് എത്താം എന്നൊതക്കെ സുഹൃത്തുക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നതാണ്. അങ്ങനെയിരിക്കെ 2021 കാലഘട്ടത്തിലാണ് ഡ്വാർഫിസം ഉള്ള ആളുകളുടെ ഒരു കമ്മ്യൂണിറ്റിയെ സ്പോർട്ട്സിലേക്ക് എന്തുകൊണ്ട് കൂടുതൽ കൊണ്ടുവന്നൂടാ, അവർക്ക് സാമൂഹികമായുള്ള വളർച്ച സാധ്യമാക്കാനാകുക എന്നൊക്കെ ചിന്തിക്കുന്നത്. അതിനു മുൻപ് അവരെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ, സമൂഹത്തിൽ അവർക്കുള്ള വിസിബിലിറ്റി കുറവാണ്. അതിനൊരു മാറ്റം വരണമെന്ന് ശക്തമായി ആഗ്രഹിച്ചിരുന്നു.

ADVERTISEMENT

അങ്ങനൊരു ചിന്ത വന്ന ശേഷം പിന്നെ ക്ലബിലേക്കുള്ള ആളുകളെ കണ്ണിചേർക്കാനുള്ള ശ്രമമായിരുന്നു അടുത്ത പടി. ആ സമയത്താണ് ആകാശിനെ കാണുന്നത്. ആകാശ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുത്തയാളാണ്. അതോടു കൂടി ആത്മവിശ്വാസം കൂടി. പിന്നെ എന്റെ പരിചയത്തിലുള്ള ഡോക്ടർമാരേയും മറ്റാളുകളേയും വിളിച്ചു. പുറമേയുള്ള ‘സ്നേഹം’ പറച്ചിലിനപ്പുറം അവരൊക്കെ എന്നോട് നേരിട്ട് പറയുന്നത് ‘നീ ആവശ്യമില്ലാത്ത പണിക്ക് പോവണ്ട’ എന്നായിരുന്നു. അതാണിവിടുത്തെ ഒരു പൊതു രീതി. പക്ഷേ, നമ്മളതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോയി.  ആകാശുൾപ്പെടെ നാലു പേരെ വച്ചാണ് ക്ലബിന്റെ തുടക്കം. പിന്നീട് സാവകാശം ആളുകൾ കണ്ണിചേരാൻ തുടങ്ങി. ആദ്യം നമ്മൾ  ഫുട്ട്ബോൾ പരിശീലനമാരംഭിച്ചു. തുടക്കത്തിൽ തമ്മിൽ തമ്മിൽ തന്നെ മത്സരിച്ചു. ഞാൻ തലശേരിക്കാരനായതു കൊണ്ട് ആദ്യ ക്യാമ്പ് തലശേരിയിലാണ് വച്ചത്. മൂന്നു ദിവസത്തെ പരിശീലന ക്യാമ്പ്. അന്ന് എന്റെ കൈയിൽ ഫണ്ടില്ല, എല്ലാ പിന്തുണയും തന്ന് ഒപ്പം നിന്നത് സുഹൃത്തുക്കളും വീട്ടുകാരുമാണ്. 20 പേർക്കുള്ള ക്യാമ്പായിരുന്നു . അത് വിജയകരമായി പൂർത്തിയാക്കി. അന്നാണ് ടീമിലുള്ള 20 പേരേയും നേരട്ട് കണ്ടത്. പരിശീലനം മാത്രമായിരുന്നില്ല, കോച്ചിങ്ങ് സമയം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി തലശേരിയൊക്കെ കറങ്ങി കാണും. എല്ലാവരും തമ്മിൽ അടുത്തറിയാനുള്ളൊരു അവസരം കൂടിയായിരുന്നു അത്. അങ്ങനെ ഇന്ത്യയിൽ തന്നെ ആദ്യത്തെ ലിറ്റിൽ പീപ്പിൾ സ്പോർട്ട്സ് ക്ലബ് രജിസ്റ്റർ ചെയ്തു. ഞങ്ങൾ നാട്ടിൽ തന്നെ പല മത്സരങ്ങളിലും പങ്കാളികളായി ഒപ്പം ടീമും ടീം അംഗങ്ങളും പല ദേശീയ– അന്തർദേശീയ മത്സരങ്ങളിലും ഭാഗമായി, വിജയം നേടി.  

ഫുട്ബോളിനു ശേഷം ക്രിക്കറ്റ്, ഷോട്ട്‌പുട്ട്, ജാവലിൻ ത്രോ, പവർലിഫ്റ്റിങ്ങ്, നീന്തൽ, ബോഡീ ബിൽഡിങ്ങ്, ബാഡ്മിന്റൺ തുടങ്ങി പല തരം മേഖലകളിൽ ടീം ഇറങ്ങി.

ADVERTISEMENT

കാര്യത്തോടടുക്കുമ്പോൾ ആരുമില്ല

ആദ്യത്തെ മത്സരമൊക്കെ നമ്മൾ സ്വയം ഫണ്ട് കണ്ടെത്തി ഇറങ്ങിയതായിരുന്നു. പിന്നീട് പലരും നമ്മളെ കളിക്കാൻ വിളിച്ചു. അങ്ങനെ കിട്ടുന്ന ഫണ്ടിൽ നിന്നാണ് ക്ലബിന്റെ പ്രവർത്തനങ്ങളൊക്കെ നടക്കുന്നത്. ഞങ്ങൾക്കൊരു വേൾഡ് കപ്പിന്റെ അവസരം വന്നതായിരുന്നു. അതിന്റെ ഫണ്ടിന്റെ കാര്യങ്ങൾ നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടാതായി. നാല് മാസത്തോളം ഇതിനൊരു സ്പോൺസറെ കിട്ടാൻ വേണ്ടി പലയിടത്തും കയറിയിറങ്ങി. പലയിടത്തു നിന്നും ഇറക്കിവിടുകയും ചെയ്തു. സ്പോർട്സ് മിനിസ്റ്ററെ ഒക്കെ പോയി കണ്ടിരുന്നു... പക്ഷേ, ഇവിടെ ഇന്നയിടത്തു നിന്നുള്ള അനുവാദം വേണം അതു വേണം എന്നൊക്കെ പറഞ്ഞ് കുറെ നൂലാമാലകളുണ്ട്... അവസാനം ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു.

ADVERTISEMENT

ക്ലബിൽ നിന്ന് ഞാൻ ഇറങ്ങിയെങ്കിലും അവിടെ മികച്ച ആളുകൾ ക്ലബിനെ മുന്നോട്ട് നയിക്കും. ക്ലബിൽ തന്നെയുള്ള ആകാശ് എസ്. മാധവനും ബൈജു സി.എസ്സുമാകും ഇനി തലപ്പത്ത്. ഞാൻ പോയാലും ക്ലബ് തുടരും. വളരെയധികം വിഷമിച്ചിട്ടാണ് അവിടുന്ന് ഇറങ്ങുന്നത്. നേതൃത്വത്തിൽ നിന്ന് മാത്രമേ ഇറങ്ങുന്നുള്ളൂ അവരെ പിന്തുണയ്ക്കാൻ ഞാൻ എപ്പോഴും അവർക്കൊപ്പമുണ്ടാകും.

ക്ലബിലെ പല അംഗങ്ങളും ടീമും ഇതിനോടകം തന്നെ ദേശീയ– അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയവരാണ്. എന്നിട്ടും സമൂഹത്തിന് ഇവരോടുള്ള വേർതിരിവും സമ്പത്തിക പ്രതിസന്ധികളും പലരുടേയും സ്പ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നു. ഇതിനൊകെ ഒരു മാറ്റം വന്നു കാണാൻ ആഗ്രഹമുണ്ട്...

ഓള്‍ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ലൈസൻസും അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫുട്ട്ബോൾ മാനേജ്മെന്റ് സർട്ടിഫിക്കേഷനുമുള്ള റാഷിദ് സ്പോർട്ട്സുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളിലും ആക്ടീവാണ്. കായിക കോച്ചിങ്ങ് കൂടാതെ ചർച്ചകളും ക്ലാസുകളും എടുക്കുന്നുണ്ട്. നിലവിൽ യുണൈറ്റഡ് എഫ്.സി. കൊച്ചി എന്നൊരു ക്ലബിന്റെ സ്പോർട്ടിങ്ങ് ഡയറക്ടറും ഫുട്ട്ബോൾ കോച്ചുമാണ്.

ADVERTISEMENT