‘ആ മനുഷ്യന്റെ പ്രായം എങ്കിലും നോക്കണ്ടേ സുഹൃത്തേ...’: ബസിൽ 65കാരന് ക്രൂര മർദനം: യുവാവ് പിടിയിൽ Bus assault in Malappuram leads to arrest
പ്രായം പോലും നോക്കാതെയുള്ള കണ്ണിൽചോരയില്ലാത്ത പ്രവൃത്തി. ഒടുവിൽ കയ്യോടെ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിൽ സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച പ്രതി ഒടുവിൽ പൊലീസ് പിടിയില്‍.
താഴേക്കാട് സ്വദേശി ഷഹീര്‍ ബാവയെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്. മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ താഴേക്കോട് സ്വദേശി ഹംസയ്ക്കാണ് മർദനമേറ്റത്.
ബസിൽ വച്ച് പ്രതി ഹംസയുടെ കാലിൽ ചവിട്ടിയിരുന്നു. തുടര്‍ന്ന് മാറി നിൽക്കാൻ ആവശ്യപെട്ടതിനാണ് അസഭ്യം പറഞ്ഞതും മർദ്ദിച്ചതും. മർദ്ദനത്തിൽ ഹംസയുടെ തലക്കും മൂക്കിനും പരുക്കേറ്റു. മൂക്കിന്‍റെ അസ്ഥി പൊട്ടിയിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യുന്ന വിഡിയോയും ബസിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളും കേരള പൊലീസും പങ്കുവച്ചിട്ടുണ്ട്. ‘പ്രായം എങ്കിലും നോക്കണ്ടേ സുഹൃത്തേ’ എന്ന് കുറിച്ചാണ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പൊലീസ് വിഡിയോ പങ്കുവച്ചത്. പ്രതി തമിഴ്നാട്ടിലെ കമ്പത്ത് ഒളിവില്‍ താമസിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. വിഡിയോക്ക് താഴെ പൊലീസിന്‍റെ നടപടിയെ അഭിനന്ദിച്ച് നെറ്റിസണ്‍സും എത്തിയിട്ടുണ്ട്.