‘എന്നത്തെയും പോലെ ഒരുമിച്ച് ജോലിക്കു പോകാനിറങ്ങി; നിക്കാഹ് കഴിഞ്ഞിട്ട് 9 മാസം, മരണത്തിലും അവർ ഒരുമിച്ചു’ Accident death claims the lives of a young couple
ജീവിതത്തിൽ ഒരുമിച്ചിട്ട് 9 മാസം ആയപ്പോഴേക്കു അവർ മരണത്തിലും ഒരുമിച്ചു. ഇന്നലെ രാവിലെ മുതൽ നാടിനാകെയൊരു വിങ്ങലായിരുന്നു. യുവദമ്പതിൾ മുഹമ്മദ് സിദ്ദീഖിന്റെയും റീഷ മൻസൂറിന്റെയും വേർപാട് അത്രയേറെ നാടിനെ ദുഃഖിപ്പിച്ചു. എന്നത്തെയും പോലെ ഇന്നലെയും ഒരുമിച്ച് ജോലിക്കു പോകാനിറങ്ങിയതാണ് ഇരുവരും. ബൈക്കിൽ കയറി വീട്ടിൽനിന്ന് 150 മീറ്ററോളം ദൂരമേ അവർ സഞ്ചരിച്ചുള്ളൂ. നിയന്ത്രണം വിട്ട കാർ വന്നിടിച്ചുണ്ടായ അപകടത്തിൽ ഇരുവരും ലോകത്തോടു വിട പറഞ്ഞു.
ഇഖ്ബാൽ നഗറിൽ താമസിക്കുന്ന വലിയ പീടിയേക്കൽ മുഹമ്മദ് സിദ്ദീഖും ഭാര്യ റീഷ മൻസൂറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ജനുവരിയിലായിരുന്നു. പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് സിദ്ദീഖ്. പെരുവള്ളൂർ ഹോമിയോ ഡിസ്പൻസറിയിലെ ഫാർമസിസ്റ്റാണ് ഭാര്യ റീഷ. എന്നും രാവിലെ ഇരുവരും ഒരുമിച്ചാണ് ജോലിക്കു പോകാനിറങ്ങുന്നത്. ഇന്നലെയും അങ്ങനെയായിരുന്നു. എന്നാൽ വിധി എല്ലാം തകർത്തെറിഞ്ഞു.
ചേരൂലാൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപക ദമ്പതികളായിരുന്ന വി.പി.അഹമ്മദ് കുട്ടിയുടെയും മുനീറ ബാനുവിന്റെയും പാത പിന്തുടർന്നാണ് സിദ്ദീഖും അധ്യാപകനായത്. ഹോമിയോ ചികിത്സയിൽ കോഴ്സും ചെയ്തിട്ടുണ്ട്. അധ്യാപക ദമ്പതികളായ മാട്ടിൻ മൻസൂറിന്റെയും ചെമ്പകത്ത് ഹഫ്സത്തിന്റെയും മകളാണ് റീഷ.