സാമ്പത്തികമായി ഒറ്റയ്ക്ക് മുന്നോട്ടു പോകാന്‍ ഒരു സ്ത്രീ എങ്ങനെയൊക്കെ പാകപ്പെടണം? വനിത– സമൃദ്ധി സാമ്പത്തിക സെമിനാർ
പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ നിന്നു മാറി ചിന്തിക്കാനും വിലക്കയറ്റത്തെ നേരിട്ടുകൊണ്ട് മാറുന്ന ലോകത്തിനൊപ്പം മുന്നേറാനും അറിവുകൾ പകരുന്നതായി വനിത – സമൃദ്ധി സാമ്പത്തിക സെമിനാർ. സെപ്റ്റംബർ 20 നു രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക് ഒന്നര വരെ മലയാള മനോരമയുടെ പനമ്പിള്ളി നഗർ ഓഫിസിലെ സെമിനാർ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ആസ്പദമാക്കി എംഎം പബ്ലിക്കേഷൻസ് മാഗസിനായ വനിതയും മിറേ അസറ്റ് മ്യൂച്വൽ ഫണ്ടും ഹെർ മണീ ടോക്സും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ സെമിനാർ സ്ത്രീ സ്വാതന്ത്ര്യവും മുന്നേറ്റവും സാമ്പത്തിക ഭദ്രതയില്ലാതെ പൂർണമാകില്ല എന്ന ശക്തമായ ആശയം പങ്കുവച്ചു. മിറേയുടെ ഈ നിക്ഷേപക അവബോധ സംരംഭം മറ്റൊരാളെയും സാമ്പത്തികമായി ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ ഒരു സ്ത്രീ എങ്ങനെയൊക്കെ പാകപ്പെടണം? സമ്പാദ്യം എങ്ങനെയെല്ലാം വളർത്തണം? തുടങ്ങിയ സംശയങ്ങൾക്ക് മറുപടിയും, ആശങ്കകൾക്കു പരിഹാരവും പങ്കുവയ്ക്കുന്ന മികച്ച ചുവടു വയ്പായി.
എംഎം പബ്ലിക്കേഷൻസ് സിഇഒ വി. സജീവ് ജോർജ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. തുടർന്നു ഡോ.കെ.വാസുകി ഐഎഎസ് (സെക്രട്ടറി, ജനറൽ എജ്യുക്കേഷൻ, ഗവ.ഓഫ് കേരള) സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്ത്രീ മുന്നേറ്റത്തെക്കുറിച്ചും പ്രകൃതിയിൽ സ്ത്രീ– പുരുഷ തുല്യതയുടെ പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞ ഡോ. വാസുകി സെമിനാറിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളുടെ അനുഭവങ്ങൾ കേട്ടും സംവദിച്ചും സംഭാഷണം ഹൃദ്യമാക്കി. ഇത്തരം സാമൂഹ്യ പ്രാധാന്യമുള്ള ചടങ്ങിന് പ്രാതിനിധ്യം നൽകിയതിനു നന്ദി പറഞ്ഞുകൊണ്ടാണ് ഡോ.വാസുകി സംസാരിച്ചു തുടങ്ങിയത്. സാമ്പത്തിക കാര്യങ്ങളിലെ പ്രായോഗിക അറിവുകൾ ലിംഗവ്യത്യാസമില്ലാതെ കുട്ടികൾ ചെറിയപ്രായത്തിലേ നേടിത്തുടങ്ങേണ്ടത് അത്യാവശ്യമാണെന്നും മുന്നേറുന്ന സ്ത്രീക്കൊപ്പം ജീവിക്കാൻ പുരുഷനും മാറി ചിന്തിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ബാങ്കിങ് രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ശാലിനി വാരിയ ർ (ഡയറക്ടർ, ഗോശ്രീ ഫിനാൻസ് ലിമിറ്റഡ് ആൻഡ് ഫോർമർ എക്സിക്യൂട്ടിവ് ഡയറക്ടർ ഫെഡറൽ ബാങ്ക്) വേദിയിലെത്തിയത് സാമ്പത്തിക രംഗത്തെ സ്ത്രീകളുടെ കരുത്തിനു തെളിവായി. പുതുയുഗത്തിലെ ഇൻവെസ്റ്റ്മെന്റ് ഓപ്ഷനുകൾ അറിയുന്നതു മാത്രം പോരാ അവയെക്കുറിച്ച് പഠിച്ച് ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് യോജിച്ചതു തിരഞ്ഞെടുക്കുകയാണു വേണ്ടത്. മുഖ്യപ്രഭാഷണത്തിൽ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് എപ്പോഴുമെപ്പോഴും സംസാരിക്കേണ്ടത് അനിവാര്യമാണെന്നും ഒരിക്കലും മറന്നോ മാറിയോ പോകാത്ത വിധത്തിൽ അതു ഹൃദയത്തിൽ പതിയണമെന്നും ശാലിനി വാര്യർ അഭിപ്രായപ്പെട്ടു.
പ്രസംഗത്തിന്റെ ഔപചാരികതകളില്ലാതെ സംരംഭക വഴിയിലെ സാധ്യതകളും അനുഭവങ്ങളും കൂട്ടുകാരികളോടെന്ന പോലെ പങ്കുവച്ചു കൊണ്ട് വി സ്റ്റാർ ക്രിയേഷൻസ് മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പും വേദിയിലെത്തി. സാമ്പത്തിക സ്വാതന്ത്ര്യം പ്രാവർത്തികമാക്കിയതിനു പിന്നിലെ ചിന്തകളും തുടർന്നു ജിവിതത്തിൽ പാലിച്ച ചിട്ടകളും അവർ തുറന്നു പറഞ്ഞു.
സ്വന്തം വരുമാനം നേടിത്തുടങ്ങിയ ആദ്യവർഷത്തെ അനുഭവങ്ങളും ജിവിത വിജയത്തിനു പ്രാവർത്തികമാക്കിയ മൂല്യങ്ങളും ചിന്തകളും സത്യസന്ധമായി പങ്കു വച്ചു കൊണ്ട് എറണാകുളം അസിസ്റ്റൻറ് കലക്ടർ പാർവതി ഗോപകുമാർ ഐഎഎസ് ഹൃദയഹാരിയായ സംഭാഷണം കൊണ്ടു കയ്യടി നേടി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ യാത്രയിലുണ്ടായ അപകടവും തുടർന്ന് വലതുകൈ നഷ്ടമായ കഥയും സദസിനോടു പങ്കുവച്ചതിനൊപ്പം നഷ്ടങ്ങളിൽ തളരാതെ മുന്നേറേണ്ടത് പ്രധാനമാണെന്ന് പാർവതി ഗോപകുമാർ പറഞ്ഞു.
പരിപാടിയുടെ ഏറ്റവും പ്രധാനവും ശക്തവുമായ ഭാഗം വിവിധ ഇൻവെസ്റ്റ്മെന്റ് ഓപ്ഷനുകളെക്കുറിച്ച് ശ്യാമ സുന്ദർ (റീജിയണൽ ഹെഡ് സൗത്ത് – സെയിൽസ് മിറെ അസെറ്റ് മ്യൂച്ചൽ ഫണ്ട്, ബാംഗ്ലൂർ) നയിച്ച സെഷൻ ആയിരുന്നു. സേവിങ്സിന്റെ കാര്യത്തിൽ മറ്റേതു സംസ്ഥാനത്തെക്കാൾ മുന്നിലാണ് കേരളത്തിലെ വനിതകൾ എന്ന് സൂചിപ്പിച്ച അദ്ദേഹം സേവിങ്സിനൊപ്പം പണം ഇൻവെസ്റ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
സേവിങ്സ് പണം സ്വരൂപിച്ചു വയ്ക്കൽ ആണെങ്കിൽ ഇൻവെസ്റ്റ്മെന്റ് സ്വരൂപിച്ച പണത്തെ വളർത്തുകയും നമുക്ക് വേണ്ടി പ്രവർത്തിക്കാൻ സജ്ജമാക്കുകയും ചെയ്യുകയാണ്. ഇന്ത്യയെപ്പോലെ പണപ്പെരുപ്പം വളരെയധികം ഉയർന്നു നിൽക്കുന്ന രാജ്യത്ത് സാമ്പത്തിക ഉന്നമനത്തിന്റെ നാഴികകല്ലാണ് പണത്തെ വളർത്തുന്ന ഇൻവസ്റ്റ്മെന്റ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഫിക്സഡ് ഡെപ്പോസിറ്റ്, സ്വർണ, ഭൂനിക്ഷേപം എന്നിവ കൂടാതെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകൾ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ മാർഗങ്ങളെ അറിയാനും അവനവന്റെ ആവശ്യാനുസരണം നിക്ഷേപിക്കേണ്ടതെവിടെ എന്ന അറിവ് നേടിയെടുക്കാനും പ്രേരിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ പ്രഭാഷണം .
തുടർന്നു നടന്ന പാനൽ ചർച്ചയിൽ അദ്ദേഹത്തോടൊപ്പം ഷൈനി സെബാസ്റ്റ്യൻ (ഫിനാൻഷ്യൽ എക്സ്പർട്ട് ആൻഡ് ഫൗണ്ടർ ഓഫ് ദ മൈൻഡ്ഫുൾ ഗിവിങ് ഫൗണ്ടേഷൻ), നിസരി മഹേഷ് (ഫൗണ്ടർ ആൻഡ് സിഇഒ,ഹെർ മണി ടോക്സ്), ശ്യാമ എസ് (സീനിയർ കണ്ടന്റ് എഡിറ്റർ, വനിത) എന്നിവരും പങ്കെടുത്തു. നിക്ഷേപങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ മാത്രമല്ല, ചെയ്യരുതാത്ത കാര്യങ്ങളും ചർച്ചയ്ക്കു ശേഷമുള്ള ചോദ്യോത്തര വേളയിൽ ശ്രദ്ധ നേടി.