അപകടത്തിൽ കാലൊടിഞ്ഞ് വരൻ കിടപ്പിൽ; വധു വരന്റെ വീട്ടിലെത്തി, മിന്നുചാർത്തി Bride's Touching Gesture After Groom's Injury
വരൻ അപകടത്തിൽപെട്ട് കാലൊടിഞ്ഞു കിടപ്പിലായതോടെ വധുവും സംഘവും വരന്റെ വീട്ടിലെത്തി വിവാഹിതരായി. ചേർത്തല നഗരസഭ 12–ാം വാർഡിൽ കളിത്തട്ടുങ്കൽ രമേശന്റെയും (65) കുറുപ്പംകുളങ്ങര ആലയ്ക്കവെളിയിൽ ഓമനയുടെയും (55) വിവാഹമാണ് നിശ്ചയിച്ച ദിവസം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്നത്.
വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഒക്ടോബർ 15ന് ചേർത്തല മതിലകം ആശുപത്രിയിലെ മരപ്പണിക്കാരനായ രമേശനു പരുക്കേറ്റത്. ഉച്ചയ്ക്ക് വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോൾ ബൈക്ക് ഇടിച്ചാണ് അപകടം. രമേശന്റെ ഇടതു തുടയെല്ലിനു മുകളിലും മുട്ടിനു താഴെയും ഒടിവ് സംഭവിച്ചു.
കോട്ടയം മെഡിക്കൽ കോളജിലും ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പരുക്കേറ്റതിനാൽ വിവാഹം മാറ്റിവയ്ക്കാൻ വീട്ടുകാരും ബന്ധുക്കളും ആലോചിച്ചെങ്കിലും ഒരുക്കങ്ങൾ പൂർത്തിയായതിനാൽ വിവാഹം മുൻതീരുമാനപ്രകാരം 25–ാം തീയതി തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
വിവാഹത്തിനായി രമേശനെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചു. വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ കിടക്കയിലിരുന്നു രമേശൻ ഓമനയുടെ കഴുത്തിൽ താലി കെട്ടി. പരസ്പരം മാല ചാർത്തി. ഇരുവരുടെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു.