എന്റെ മതവിശ്വാസങ്ങളും കഥകളിയും പൊരുത്തപ്പെട്ടു പോകുന്നുണ്ട് – സാബ്രി നിസ്സാമിലൂടെ സാഹോദര്യത്തിന്റെ കേളികൊട്ടുയരുന്നു sabri nizam creates history with kerala kalamandalam
കഥകളി കാണണമെന്നു പറഞ്ഞ വാശിപിടിച്ചു കരഞ്ഞിരുന്ന നാലാം ക്ലാസുകാരി പെൺകുട്ടി ഇതാ, ചൊല്ലിയാട്ടം കഴിഞ്ഞ് അരങ്ങു നിറഞ്ഞു നിൽക്കുന്നു. കേരളകലാമണ്ഡലത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായമെഴുതി. കലാമണ്ഡലത്തിൽ കഥകളി പരിശീലിച്ച് അരങ്ങേറ്റം നടത്തുന്ന ആദ്യത്തെ മുസ്‌ലിം പെൺകുട്ടിയാണു സാബ്രി. കൊല്ലം ഇടമുളയ്ക്കൽ സ്വദേശി അമ്മാസ് നിസ്സാമിന്റെയും അനീസയുടേയും മകളാണു സാബ്രി.
കലാമണ്ഡലത്തിലെത്തിയ സാബ്രിക്കു കൂട്ടുകാരായി കിട്ടിയത് ആർദ്ര, ഗായത്രി, ദർശന എന്നിവരെയായിരുന്നു. മൂന്നു പേരുടേയും വീടു കൊല്ലത്താണ്. സ്വന്തം നാട്ടുകാരെ കൂട്ടുകാരായി കിട്ടിയതോടെ അവൾക്കു സന്തോഷമായി. ആദ്യ ദിവസങ്ങളിൽ ആകെയുണ്ടായ ബുദ്ധിമുട്ട് ഭക്ഷണക്കാര്യത്തിലാണെന്ന് സാബ്രി ഓർക്കുന്നു. രാവിലെ കഞ്ഞിയും കറിയും. ഉച്ചയ്ക്കും വൈകിട്ടും ചോറും കറികളും. എല്ലാം വെജിറ്റേറിയൻ. അതെല്ലാം ശീലമായെന്നു മാത്രമല്ല ഇപ്പോൾ നോൺവെജ് വിഭവങ്ങൾ നിർബന്ധമില്ല.
സ്വന്തം വിശ്വാസപ്രകാരം പ്രാർഥനകളും കഥകളിയുടെ ചിട്ടവട്ടങ്ങളും പൊരുത്തപ്പെട്ടു പോകുന്നതിന്റെ അടയാളമാണു ഞാനെന്നു സാബ്രി പറയുമ്പോൾ കഥകളിയരങ്ങിന്റെ ചരിത്രത്തിൽ സ്നേഹസൗഹാർദത്തിന്റെ കേളികൊട്ടുയരുകയാണ്. ‘‘പുലർച്ചെ നാലിന് ഉറക്കമുണരും. പ്രഭാതകൃത്യങ്ങളും പ്രാർഥനയും കഴിഞ്ഞ് നാലരയാകുമ്പോഴേക്കും കളരിയിലെത്തും. ഉച്ചവരെ സാധകവും ചൊല്ലിയാട്ടവും. ഉച്ചയൂണിനു ശേഷം വൈകിട്ട് അഞ്ചു വരെ കലാമണ്ഡലം ക്യാംപസിലെ സ്കൂളിൽ പഠനം. ഹോസ്റ്റലിൽ എത്തിയാൽ കുറച്ചു നേരം വിശ്രമിക്കും. അതു കഴിഞ്ഞ് ആശാൻ പരിശീലിപ്പിച്ച മുദ്രകൾ ഒരാവർത്തി ചെയ്തു നോക്കും. ബാക്കി സമയം പാഠപുസ്തകത്തിലെ ഹോംവർക്കുക ൾ ചെയ്യും, പഠിക്കാനുള്ളതു വായിച്ചു പഠിക്കും. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് വീട്ടിലേക്കു ഫോൺ വിളിക്കാറുണ്ട്. ഉമ്മയോടും വാപ്പയോടും കുറേ നേരം വർത്തമാനം പറയും.’’ കലാമണ്ഡലത്തിൽ കഥകളി പരിശീലിക്കുന്ന വിദ്യാർഥിയുടെ ദിനചര്യ സാബ്രി വിശദീകരിച്ചു.
ഉപരിപഠനം പൂർത്തിയാക്കി കല്യാണം കഴിഞ്ഞാലും കഥകളിയിൽ തുടരുമോയെന്നു സാബ്രിയോടു ചോദിച്ചു. ‘‘കഥകളി എന്നോടൊപ്പമുണ്ടാകും, ജീവിതാവസാനം വ രെ’’ സാബ്രി നിസ്സാം പറഞ്ഞു നിർത്തി.