ഒരുകാലത്ത് അറിയപ്പെടുന്ന സീരിയൽ സംവിധായകൻ: ഇന്ന് അഭയമില്ലാതെ അവശനായി, ഷെഡിൽ From Serial Director to Destitute: A Tragic Tale
കൊമേഴ്സ് അധ്യാപകനും ഒരു കാലത്ത് അറിയപ്പെടുന്ന സീരിയൽ സംവിധായകനുമായിരുന്ന കൊല്ലം സ്വദേശി വിറ്റൽ ദാസ് മുൻപ് താൻ പഠിപ്പിച്ചിരുന്ന പാരലൽ കോളജിനോടു ചേർന്നുള്ള ഷെഡിൽ അവശനായി കഴിയുന്നു. ഈ കോളജിന്റെ ഉടമ നൽകുന്ന ഭക്ഷണമാണ് ഏക ആശ്രയം. തനിയെ നടക്കാൻ പോലും പ്രയാസമുണ്ട്. കരുനാഗപ്പള്ളി പുത്തൂർ മഠത്തിൽ വിറ്റൽ ദാസ് (61) അധ്യാപകനായാണു മാവേലിക്കരയിൽ എത്തുന്നത്. ഹരിപ്പാട്, മാവേലിക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ പാരലൽ കോളജിലും മറ്റും അധ്യാപകനായി പ്രവർത്തിച്ചു. മികച്ച അധ്യാപകനെന്നു പേരെടുത്തു. അതിനിടെ സിനിമാ മേഖലയിലേക്കു കടന്നു. 28 സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. 1991ൽ ദൂരദർശനു വേണ്ടി ആന്റി എന്ന സീരിയൽ സംവിധാനം ചെയ്തു.
വിവിധ ചാനലുകൾക്കായി ഏഷണിപുരം പഞ്ചായത്ത്, നന്മ നിറഞ്ഞ പൊന്നുതമ്പുരാൻ, ആകാശത്താഴ്‌വര, അമൃതവർഷിണി, ഉപനയനം, താളം തുടങ്ങിയ സീരിയലുകൾ സംവിധാനം ചെയ്തു. എൻവയൺമെന്റ് ആൻഡ് ഇൻഹബിറ്റൻസ് എന്ന ഡോക്യുമെന്ററിക്കു ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. പിന്നീട് വിറ്റൽദാസിന്റെ ജീവിതം താളം തെറ്റി. കുടുംബം തകർന്നു. സിനിമ, സീരിയൽ രംഗത്തു നിന്നെല്ലാം പുറത്തായി.
കയ്യിലെ പണം തീരുന്നതു വരെ ഒരു ലോഡ്ജിൽ, പിന്നെ കടത്തിണ്ണയിലേക്ക്. പട്ടിണിയാകാതെ കാത്തത് അക്കോക് ഉൾപ്പെടെ സംഘടനകളുടെ ഭക്ഷണ അലമാരകൾ. അവശതയായതോടെ മിച്ചൽ ജംക്‌ഷനിൽ ഇംപീരിയൽ കോളജിന്റെ ഷെഡിലെ ചെറിയ മുറി താമസിക്കാൻ കൊടുത്തെന്നു കോളജ് ഉടമ നൈനാൻ പറഞ്ഞു. വിറ്റൽദാസിന്റെ ബന്ധുക്കളെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഏതെങ്കിലും അഭയകേന്ദ്രം ഏറ്റെടുക്കുമെന്നാണു പ്രതീക്ഷയെന്നും നൈനാൻ പറഞ്ഞു.