മുട്ടിനുതാഴെ മുറിച്ചുമാറ്റിയ വേദന ഒരുവശത്ത്, പ്രിയപ്പെട്ടവനെ ഒരുനോക്ക് കാണാനാകാത്ത നോവ് മറുവശത്ത്: സന്ധ്യ നോവിൻ കയത്തിൽ Sandhya Painful life: Adimali Landslide
5 മണിക്കൂർ നേരം നീണ്ട പ്രാണന്റെ പിടച്ചിലിൽ തന്റെ ജീവന്റെ ജീവനായ ബിജുവിനു വേണ്ടിയായിരുന്നു സന്ധ്യ കരഞ്ഞതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. അടിമാലി എട്ടുമുറിയിലെ മണ്ണിടിച്ചിലിൽപെട്ട ദമ്പതികളിൽ ഭർത്താവ് നെടുമ്പള്ളിക്കുടി ബിജു (47) മരിച്ചത് പരുക്കേറ്റ ഭാര്യ സന്ധ്യയെ (41) മൂന്നാം ദിവസമാണ് ബന്ധുക്കൾ അറിയിച്ചത്. ഇടതുകാൽ മുട്ടിനു താഴെ മുറിച്ചുമാറ്റിയ വേദനയും പ്രാണന്റെ പാതിയെ അവസാനമായി ഒരു നോക്ക് കാണാനാകാതെ പിരിഞ്ഞതിലെ നോവും കടിച്ചമർത്തി സന്ധ്യ ചികിത്സയിൽ തുടരുകയാണ്.
2004ൽ ആയിരുന്നു കമ്പിലൈൻ ചെറുവരക്കുടി സി.എ.പത്മനാഭൻ – കെ.എൻ.കോമളം ദമ്പതികളുടെ മകളായ സന്ധ്യയെ ബിജു വിവാഹം ചെയ്തത്. 10 വർഷം മുൻപ് കുടുംബവീടിനു മുന്നിൽ തന്നെ ബിജു വീടുവച്ചു മാറി. കഠിനാധ്വാനിയായ ബിജു നാട്ടിൽ ‘മല്ലൻ ബിജു’ എന്ന അറിയപ്പെടുന്ന മികച്ച കർഷകത്തൊഴിലാളിയായിരുന്നു. സന്ധ്യ അടിമാലി ക്ഷീരസംഘത്തിലെ ജീവനക്കാരിയും. 2 വർഷം മുൻപാണ് ദമ്പതികളുടെ ജീവിതത്തിന്റെ ഗതിമാറിയത്.
കായികതാരമായിരുന്ന ഇളയമകൻ ആദർശിനു ഷോട്പുട് എറിയുന്നതിനിടെ തോൾ വേദനയുണ്ടായി. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രക്താർബുദം സ്ഥിരീകരിച്ചു. ചികിത്സ ഒരു വർഷം നീളുന്നതിനിടെ ആദർശ് (15) വിടവാങ്ങി. ആദർശ് മരിച്ച് ഒരുവർഷം തികഞ്ഞ 29നു തന്നെ സന്ധ്യ ബിജുവിന്റെ മരണവാർത്തയും കേട്ടു. ഇതുവരെ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ട് അനിശ്ചിതത്വത്തിലാണ് സന്ധ്യയുടെ ഇനിയുള്ള ജീവിതം.
പഠനത്തിൽ മിടുക്കിയായ മൂത്തമകൾ ആര്യയുടെ നഴ്സിങ് പഠനത്തിന്റെ മുഴുവൻ ചെലവും കോളജ് ഏറ്റെടുത്തതായി മന്ത്രി വീണാ ജോർജ് അറിയിച്ചത് തെല്ല് ആശ്വാസമായി. സന്ധ്യയുടെ ചികിത്സച്ചെലവ് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ഏറ്റെടുത്തിരുന്നു. ദേശീയപാതാ അതോറിറ്റിയും സഹായം എത്തിച്ചു. സന്ധ്യയും ബിജുവും താമസിച്ചിരുന്ന വീട് പൂർണമായി തകർന്നു. സമ്പാദ്യമെല്ലാം നഷ്ടമായി. സന്ധ്യയ്ക്കും മകൾ ആര്യയ്ക്കും ജീവിതത്തിലേക്ക് തിരിച്ചുവരാൻ സർക്കാർ സഹായം നൽകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.