2024ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ അങ്ങു മുംബൈയിലിരുന്ന് ആഘോഷങ്ങൾക്കു തുടക്കമിടുകയാണു കോട്ടയത്തിന്റെ സ്വന്തം ഗായിക സേബ ടോമി. പത്തു വർഷത്തോളമായി ചലച്ചിത്ര പിന്നണി ഗാനരംഗത്തു സജീവമായ സേബയുടെ ‘അംഅഃ’ എന്ന സിനിമയിലെ ആരോരും... എന്ന പാട്ടാണു പുരസ്കാരത്തിന് അർഹമായത്.

ഗരുഡനിലെ കൂരമ്പായ് പായുന്നോ..., ഫിലിപ്സ് എന്ന സിനിമയിലെ സദാ ഇനി ഇതാ..., ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലെ നിയോൺ റൈഡ്... എന്നു തുടങ്ങി ലോകയിലെ queen of the night വരെയെത്തി നിൽക്കുന്നു സെബയുടെ ഡിസ്കോഗ്രഫി. ലോകയിലെ പാട്ടിനു വരികളെഴുതിയതും സേബയാണ്. സിനിമാ വിശേഷങ്ങളുമായി സേബ വനിതയ്ക്കൊപ്പം ചേർന്നപ്പോൾ...

ADVERTISEMENT

‘‘എറണാകുളത്തു രാജഗിരി സ്കൂളിലും തേവര സേക്രഡ് ഹാർട്ട് കോളജിലുമായിരുന്നു പഠനം. പിന്നീട് മുംബൈ ടാഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെസ്റ്റേൺ മ്യൂസിക് പരിശീലിച്ചു. ഒപ്പം, പാട്ടിനു വരികൾ എഴുതിത്തുടങ്ങി. 2016ൽ ലണ്ടൻ ട്രിനിറ്റി കോളജ് ലോകവ്യാപകമായി നടത്തിയ ഗ്രേഡ് പരീക്ഷയിലെ വെസ്റ്റേൺ ക്ലാസിക്കൽ വിഭാഗത്തിൽ റോക്ക് ആൻഡ് പോപ് മ്യൂസിക്കിൽ ‍ഡിസ്ടിങ്ഷനോടെ എട്ടാം ഗ്രേഡ് നേടി.

അതിനു മുൻപ്, ദുബായിൽ മൂൺ ടിവിയുടെ റിയാലിറ്റി പ്രോഗ്രാമിൽ തമിഴ് പാട്ടുപാടി ഫസ്റ്റ് റണ്ണർ അപ് ആയതും, കേരളത്തിൽ എത്തിയ ശേഷം ഗുഡ്നെസ് ടിവിയുടെ മ്യൂസിക് റിയാലിറ്റി ഷോയിൽ ഒന്നാംസ്ഥാനം നേടിയതുമാണു മറ്റു നേട്ടങ്ങൾ. സഞ്ജയ് ലീല ബൻസാലിയുടെ ഹീര മണ്ഡി വെബ്സീരീസിനു ശബ്ദം നൽകിയത് കരിയറിലെ മറ്റൊരു അധ്യായം.

അച്ഛൻ ടോമി ജോസഫിനും അമ്മ റെനിക്കുമൊപ്പം സേബ
ADVERTISEMENT

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പാടി. തനിഷ്ക്, ഗാലക്സി ചോക്‌ലറ്റ്സ്, ഉജാല, നെക്സ, പാന്റീൻ എന്നീ പരസ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ശബ്ദം എന്റെയാണ്. ജേക്സ് ബിജോയ്, ഗോവിന്ദ് വസന്ത, ഹിഷാം അബ്ദുൽ വഹാബ്, സചിൻ വാരിയർ എന്നിവരുടെ സംഗീതത്തിലാണു പാട്ടുകൾ കൂടുതലും. മുംബൈയിലേക്കു മാറിയിട്ടു നാലഞ്ചു വർഷമേ ആയിട്ടുള്ളൂ.’’ സേബ പറയുന്നു.

ബിഗ് ഡ്രീംസ്

ADVERTISEMENT

ബിസിനസ് നെറ്റ്‌വർക്കിങ് ഇന്റർനാഷനലിന്റെ (ബിഎൻഐ) കോട്ടയം എക്സിക്യൂട്ടിവ് ഡയറക്ടർ വലിയ പറമ്പിൽ ടോമി ജോസഫിന്റെ മകളാണു സേബ. ടോമി ജോസഫിനും ഭാര്യ റെനിക്കും മകൾ പാട്ടുകാരിയാകുമെന്നു പണ്ടേ ഉറപ്പായിരുന്നു. ‘‘കുരിശുവരച്ചു കിടന്നുറങ്ങും മുൻപ് ക്രിസ്തുവിനെ സ്തുതിച്ചു പ്രാർഥന ചൊല്ലിയ ഭാര്യ റെനിയോട് അന്നേ പറഞ്ഞിരുന്നു; ഇവളൊരു പാട്ടുകാരിയാകും. ആ പ്രതീക്ഷ തെറ്റിയില്ല.

സ്കൂൾ പഠനത്തിനൊപ്പം സേബ കർണാടിക് സംഗീതം പരിശീലിച്ചു. ഒപ്പം വെസ്റ്റേൺ മ്യൂസിക്കിലും പരീക്ഷണം തുടങ്ങി. അങ്ങനെയാണ് ‘സേബ ടോമി ലൈവ്’ എന്ന പേരിൽ മ്യൂസിക് ബാൻ‍ഡ് ഉണ്ടായത്, ടോമി ജോസഫ് പറയുന്നു.

കുറച്ചു വർഷങ്ങളായി സ്വന്തം രചനയില്‍ പാട്ടുകളുടെ പണിപ്പുരയിലായിരുന്നു സേബ. ‘‘മനുഷ്യന്റെ ജീവതാളം സ്പന്ദിക്കുന്ന പാട്ടുകൾ പാടണം. എന്റെ മനസ്സിലെ സംഗീത മോഹങ്ങളെ കൊതിപ്പിച്ച കുറച്ചു മ്യൂസിഷ്യൻസ് ഉണ്ട്.

അവരുടെ ഈണങ്ങൾക്കു ശബ്ദം നൽകാൻ അവസരം കിട്ടിയാൽ ഈ ജന്മം ധന്യം...’’ സേബയുടെ സ്വപ്നങ്ങൾക്ക് ഇനി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ എക്സ്ട്രാ എനർജി കൂടിയുണ്ട്.

The Musical Journey of Seba Tomy:

Seba Tomy wins Kerala State Film Award 2024 for 'Aarorum' from the movie 'AmAa'. The award provides extra energy to Seba's dreams of creating music that resonates with life's rhythm and collaborating with her favorite musicians.

ADVERTISEMENT