ലോകകപ്പിന് മുൻപ് പ്രതിഫലം 75 ലക്ഷം, ഇപ്പോള്‍ വാങ്ങുന്നത് 1.5 കോടി: കുതിച്ചുയർന്ന് ജമിമയുടെ ‘ബ്രാൻഡ് വാല്യു’ Jemimah Rodrigues' Brand Value Doubles. I
പുരുഷ താരങ്ങളുടെ നിഴലിൽ നിന്നിരുന്ന ഭൂതകാലം മറന്നേക്കൂ. വിശ്വംജയിച്ച് മുന്നേറിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ബ്രാൻഡ് മൂല്യത്തിലും ജനപ്രീതിയിയും ഇന്ന് പേരുകേട്ട പുരുഷകേസരികൾക്കൊപ്പം കട്ടയ്ക്ക് നിൽക്കുകയാണ്. വനിത ലോകകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപിച്ച് കിരീടം നേടിയതിനു പിന്നാലെ താരങ്ങളുടെ ബ്രാൻഡ് മൂല്യം കുതിച്ചുയർന്നിരിക്കുകയാണ്. ഇതിനോടകം തന്നെ വൻകിട ബ്രാൻഡുകൾ ഇന്ത്യൻ താരങ്ങളെ പരസ്യത്തിനായി സമീപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ടീം ഇന്ത്യയുടെ ഓപ്പണർ സ്മൃതി മന്ഥന, സെമിയില്‍ കംഗാരുപ്പടയ്ക്കെതിരെ അടിച്ചു തകർത്ത ജമീമ റോഡ്രിഗസ്, നായിക ഹർമൻപ്രീത് കൗർ, ദീപ്തി ശര്‍മ, ഷെഫാലി വർമ തുടങ്ങിയവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. അതുപോലെ മുൻനിര ബ്രാൻഡുകളും മറ്റു പരസ്യ ക്യമ്പയിനുകളും ഇവരെയെല്ലാം തങ്ങളുടെ പരസ്യ ചിത്രത്തിനായും സമീപിച്ചു കഴിഞ്ഞു.
സെമി ഫൈനലിൽ ഓസ്ട്രേലിയ ഉയർത്തിയ റൺമല സെഞ്ചറി മികവോടെ മറികടന്നത് ജമീമയാണ്. ജമിമയുടെ ബ്രാന്‍ഡ് മൂല്യത്തിൽ 100 ശതമാനം വർധനയാണ് ഉണ്ടായതെന്നാണു വിവരം. സാധാരണ വാങ്ങുന്നതിന്റെ ഇരട്ടി തുകയാണ് ലോകകപ്പിനു ശേഷം ജമിമയ്ക്കു ലഭിക്കുന്നത്. ‘‘ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനു പിന്നാലെ ഞങ്ങളെ ആളുകൾ സമീപിച്ചു തുടങ്ങി. 12 വിഭാഗങ്ങളിലായി വിവിധ ബ്രാൻഡുകളുമായി ഞങ്ങൾ ചർച്ചകൾ തുടരുകയാണ്.’’– ജമിമയുടെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ജെഎസ്‍ഡബ്ല്യു സ്പോർട്സ് ചീഫ് കൊമേഷ്യൽ ഓഫിസർ കരൺ യാദവ് പ്രതികരിച്ചു.
ഒരു പരസ്യത്തിന് 75 ലക്ഷം രൂപയാണ് ജമിമ മുൻപ് വാങ്ങിച്ചിരുന്നത്. ലോകകപ്പിനു ശേഷം പ്രതിഫലത്തുക 1.5 കോടിയാക്കി ഉയര്‍ത്തി. ഇന്ത്യൻ താരങ്ങളിൽ സ്മൃതി മന്ഥനയ്ക്കാണ് ഏറ്റവും കൂടുതൽ പരസ്യവരുമാനമുള്ളത്. റെക്സോന, നൈക്കി, ഹ്യൂണ്ടായി, എസ്ബിഐ തുടങ്ങി 16 കമ്പനികളുമായി ഇപ്പോൾ തന്നെ കരാറുള്ള സ്മൃതി, ഒരു ബ്രാന്‍ഡിൽനിന്നു വാങ്ങുന്നത് 1.5 മുതൽ രണ്ടു കോടി രൂപ വരെയാണ്.