‘പ്രതീക്ഷിച്ചത് ജോണി ജോണി യെസ് പപ്പാ... പക്ഷേ പയ്യൻ ഞെട്ടിച്ചു’: പൊലീസ് സ്റ്റേഷനിൽ യുകെജിക്കാരന്റെ പാട്ട് UKG Student's Song Amazes Police Officers
‘ഏ ബനാനേ ഒരു പൂ തരാമോ, ഏ ബനാനേ ഒരു കായ് തരാമോ’... മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ കയറി യുകെജിക്കാരൻ മുഹമ്മദ് ഇബ്രാഹിം സഹൽ പാടിയപ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഞെട്ടി. പരാതിയുമായി എത്തിയ കുടുംബത്തിനൊപ്പമാണ് കുട്ടിയും സ്റ്റേഷനിൽ എത്തിയത്. കുടുംബത്തിന്റെ പരാതി കേട്ട ശേഷം എഴുതിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്താണ് കുട്ടി പൊലീസുകാരോട് പാട്ടു പാടട്ടെ എന്ന് ചോദിച്ചത്. പാടിക്കൊള്ളാൻ പറയുകയായിരുന്നു.
സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി.എം.എസ്.സലാം കുട്ടിയുടെ പാട്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ‘ജോണി ജോണി.. യെസ് പപ്പ..’ എന്ന പാട്ട് ആയിരിക്കും പാടാൻ പോകുന്നതെന്നാണ് കരുതിയത്. എന്നാൽ ഇബ്രാഹിം സഹൽ ഭംഗിയായ പാട്ടുപാടിയപ്പോൾ സ്റ്റേഷനിലുണ്ടായിരുന്നവർ ഉൾപ്പെടെ ഞെട്ടിപ്പോയെന്നും സലാം സമൂഹ മാധ്യമത്തിൽ കുറിച്ചു.
‘പൊലീസുകാരെ പല ആൾക്കാരും ഭരണിപ്പാട്ട് കൊണ്ട് അഭിഷേകം നടത്തുന്ന ഈ കാലത്ത് കുഞ്ഞു കുട്ടികൾ സ്റ്റേഷനിലെത്തി ഞങ്ങളോട് കാട്ടുന്ന സൗഹൃദവും സ്നേഹവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കുഞ്ഞു ഇബ്രാഹിം സഹൽ മോന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു.’– വിഡിയോ പങ്കുവച്ച് സലാം ഫെയ്സ്ബുക്കിൽ പങ്കുവച്ച വരികൾ ഇങ്ങനെ.
യാതൊരു പരിഭ്രമവും ഇല്ലാതെ ഉദ്യോഗസ്ഥർക്ക് മുന്നിൽ പാട്ടുപാടുന്ന ഇബ്രാഹിം സഹലിന്റെ വിഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. വിഡിയോ കേരള പൊലീസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക് പേജിലും പങ്കുവച്ചിട്ടുണ്ട്.