വീട്ടുമുറ്റത്തുനിന്നു കാലൊന്നു നീട്ടിവച്ചാൽ ഉഷാകുമാരിക്ക് പെരുവഴിയാണ്. അങ്ങോട്ടിറങ്ങാൻ മടിയുണ്ടായിട്ടല്ല, ഭിന്നശേഷിക്കാരിയായ 21 വയസ്സുള്ള മകളെ ഓർത്താണ് ഈ അമ്മയുടെ ഉള്ളിലെ തീ. കുടുംബത്തെ അറിയിക്കാതെ ഭർത്താവ് എടുത്ത ലക്ഷങ്ങളുടെ കടബാധ്യതയാണ് പനച്ചിക്കാട് പൂവന്തുരുത്ത് പ്ലാമൂട് ജംക്‌ഷന് സമീപം വിഷ്ണുവിലാസത്തിൽ ഉഷാ കുമാരിയെയും (54) മകളെയും പ്രതിസന്ധിയിലാക്കുന്നത്. ഈടായിട്ടു വീടിന്റെ രേഖകൾ നൽകിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് ഭർത്താവ് പി.ശിവദാസൻ 51 ലക്ഷം രൂപ വായ്പയെടുത്തത്. തുടർന്ന് ഭർത്താവ് നാട്ടിൽനിന്നു പോയെന്നും ഉഷാകുമാരി പറയുന്നു.

പലിശയും മുതലുമടക്കം 65 ലക്ഷം രൂപ കുടിശികയായി.  ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ജപ്തിനടപടികളുമായി 30ന് വീട്ടിലെത്തി. അപ്പോഴാണ് വായ്പ കുടിശികയായ വിവരം ഉഷാകുമാരി അറിയുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ റിക്കവറി ഏജൻസി ഇവർ താമസിച്ചിരുന്ന വീട്ടിലെത്തി താഴത്തെ നില പൂട്ടി സീൽ ചെയ്തു. ഭിന്നശേഷിക്കാരിയായ മകളുടെ വിവരം അറിഞ്ഞതോടെ 7 ദിവസത്തിനുള്ളിൽ ഒന്നാം നില ഒഴിയാനുള്ള നോട്ടിസും നൽകി. താഴത്തെ നില വാടകക്കാർക്ക് കൊടുത്തിരുന്നതിനാൽ ഉഷാകുമാരിയും മകളും വർഷങ്ങളായി ഒന്നാം നിലയിലാണ് താമസിക്കുന്നത്. ഒറ്റമുറി മാത്രമുള്ള ഈ ഭാഗത്തിന്റെ മേൽക്കൂര തകർന്ന് നനയുന്നുണ്ട്.

ADVERTISEMENT

വീടിന് പുറത്തു കൂടി തുരുമ്പെടുത്ത് നശിച്ച ഗോവണി കയറുന്നത് മകളെ ഒക്കത്ത് ഇരുത്തിയാണ്.  നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നൽകുന്ന സഹായങ്ങൾ കൊണ്ടാണ് ഇരുവരുടെയും ജീവിതം.  മറ്റൊരാളുടെ സഹായം മകൾക്ക് എപ്പോഴും വേണമെന്നതിനാൽ അവളെ ഒറ്റയ്ക്കാക്കി ജോലിക്ക് പോകാൻ ഉഷാകുമാരിക്ക് കഴിയാറില്ല. അത്യാവശ്യ ഘട്ടങ്ങളിൽ വളർത്തു നായയെ മകളുടെ കാവൽ ഏൽപിച്ചാണ് ഇവർ പുറത്തുപോകുന്നത്. താൻ പുറത്തു പോയ സമയത്താണ് ജപ്തി നടപടികളുമായി വന്നതെന്നും മുന്നറിയിപ്പൊന്നും കൂടാതെ ഗേറ്റ് തകർത്ത് അകത്തു കയറിയാണ് വാതിൽപൂട്ടി സീൽ ചെയ്തതെന്നും ഉഷാകുമാരി പറയുന്നു. ഇതു നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഉഷാകുമാരി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കു പരാതി നൽകി.

English Summary:

Loan debt crisis: Ushakumari and her disabled daughter face eviction in Panachikkad, Kerala. A mother's struggle to protect her daughter from the streets due to loan debt.

ADVERTISEMENT
ADVERTISEMENT