ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജിയുടെ 25 വർഷത്തെ ത്രില്ലിങ് അപൂർവ അനുഭവങ്ങൾ Bindu Shaji: A Nurse's 25 Years at Rashtrapati Bhavan
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനം. കോട്ടയം പാലാ സെന്റ് തോമസ് കോളജിലെ ചടങ്ങിനെത്തിയ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും മുൻനിരയിലിരുന്ന അമ്മയെയും മകളെയും സൗഹൃദത്തോടെ അഭിവാദ്യം ചെയ്യുന്നു. ആ ഒറ്റനിമിഷം കൊണ്ടു ബിന്ദു ഷാജി എന്ന കോട്ടയംകാരി വാർത്തകളിലെ താരമായി. രാഷ്ട്രപതി ഭവനിലെ സീനിയർ നഴ്സിങ് ഓഫിസറായ ബിന്ദു ഷാജി മകളുടെ കോളജിൽ രക്ഷിതാവിന്റെ റോളിൽ എത്തിയതാണന്ന്.
ഏറ്റുമാനൂരിലെ വീട്ടിലിരുന്ന് ആ നിമിഷമോർക്കുമ്പോൾ ബിന്ദു ഇപ്പോഴും ത്രില്ലിലാണ്. ‘‘രാഷ്ട്രപതി ഭവനിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത് 1999ലാണ്. അന്നു കോട്ടയംകാരനായ കെ.ആർ. നാരായണൻ സാറായിരുന്നു പ്രസിഡന്റ്. 25 വർഷത്തിനിടെ കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൽ കലാം, പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി, രാംനാഥ് കോവിന്ദ്, ദ്രൗപദി മുർമു എന്നീ രാഷ്ട്രപതിമാർക്കൊപ്പം ചുമതലകൾ നിർവഹിച്ചു.’’
പ്രഥമപൗരന്റെ ഓഫിസിൽ സുപ്രധാന പദവിയിൽ ജോലി ചെയ്യുന്ന ബിന്ദു ഷാജിയുടെ ജീവിതത്തിൽ നിർണായക ഇടപെടൽ നടത്തിയ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീൽ. ‘‘ഭർത്താവിന്റെ മരണശേഷം ലീവ് കാൻസൽ ചെയ്തു ജോലിക്കു കയറിയെങ്കിലും ഒന്നുമായും പൊരുത്തപ്പെടാനാകുന്നില്ല. ആകെ തളർന്നിരുന്ന എന്നെ പ്രതിഭ പാട്ടീൽ മാഡം വിളിപ്പിച്ചു.
കണ്ട പാടേ എന്താണു പ്രയാസമെന്നു ചോദിച്ചു. ‘നാലും ഒന്നും വയസ്സുള്ള രണ്ടു പെൺകുഞ്ഞുങ്ങളുമായാണ് തിരികെ വന്നിരിക്കുന്നത്. അവരുടെ കാര്യം നോക്കാൻ ഞാൻ മാത്രമേയുള്ളൂ. ജോലി ചെയ്യാൻ പോലും കരുത്തില്ലാതെ മനസ്സു പിടിവിട്ടു പോകുകയാണ്...’ എന്നു പറഞ്ഞയുടനേ മാഡം സമാധാനിപ്പിച്ചു.
‘രണ്ടാം വയസ്സിലാണ് എനിക്ക് അമ്മയെ നഷ്ടപ്പെട്ടത്. മൂന്നു ചേട്ടന്മാരുടെ അനിയത്തിയാണു ഞാൻ. അഭിഭാഷകനായ അച്ഛനും ചേട്ടന്മാരുമാണ് എന്നെ വളർത്തിയത്. ഈ ലോകത്തേക്കു വരുന്ന എല്ലാവർക്കും ദൈവം ഒരു വിധി കുറിച്ചിട്ടുണ്ട്. അതിനിടെ നമ്മുടെ നിയോഗം മറക്കരുത്. മക്കളെ നന്നായി വളർത്തുക എന്നതാണ് ബിന്ദുവിനു ദൈവം നൽകിയ നിയോഗം. മനസ്സു തളർന്നാൽ എങ്ങനെ അതു സാധിക്കും ?’
ആ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലായിരുന്നു. ‘വേഗം ക്വാർട്ടേഴ്സിൽ പോയി തയാറായി വരൂ, ഇന്നത്തെ നൈറ്റ് ഡ്യൂട്ടി ബിന്ദുവിനാണ്...’ ആ നിർദേശത്തോടു നോ പറയാനായില്ല. ആ മുറിയിൽ നിന്നിറങ്ങിയത് ഉറച്ച മനസ്സോടെയാണ്. ഇനി ഒരു കാര്യത്തിലും തളരില്ല എന്നും തീരുമാനിച്ചു.’’
രാഷ്ട്രപതി ഭവനിൽ നഴ്സായി ജോലി ചെയ്യുന്ന ബിന്ദു ഷാജിയുടെ 25 വർഷത്തെ കരിയറിനിടെയുണ്ടായ ത്രില്ലിങ് അപൂർവ അനുഭവങ്ങൾ വായിക്കാം, പുതിയ ലക്കം (നവംബർ 8– 21) വനിതയിൽ.