ലോകം പക്ഷാഘാതത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ രോഗ ലക്ഷണങ്ങൾ തിരിച്ചറിയാൻ ഒരുകൂട്ടം ആളുകൾ താമരശേരിയിൽ ഒത്തുചേർന്നു. പൊടുന്നനെയുള്ള തളർച്ചയിൽ കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടവരുടെ സങ്കടങ്ങളിൽ ആശ്വാസ വാക്കുകളും രോഗ പ്രതിരോധ മാർഗങ്ങളുമായി പക്ഷാഘാത ചികിത്സാ വിദഗ്ധരായ ഡോക്ടർമാർ സാന്ത്വനം പകർന്നു. രോഗ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള മാർഗങ്ങളാണ് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ ന്യൂറോളജി വിഭാഗം സീനിയർ കൺസൽട്ടന്റുമാരായ ഡോ. ദീപ് പി. പിള്ള, ഡോ. എൻ.സി. കൃഷ്ണദാസ് എന്നിവർ വിശദീകരിച്ചത്. പക്ഷാഘാതം സംഭവിച്ചയാളെ നാലര മണിക്കൂറിനുള്ളിൽ ‘സ്ട്രോക്ക് റെഡി’ സെന്ററിൽ എത്തിച്ചാൽ ഏറ്റവും ഫലപ്രദമായ ചികിത്സ നൽകാനാകുമെന്നു ഡോക്ടർ വിശദീകരിച്ചു.

രക്ഷപെടാനുള്ള നാലര മണിക്കൂറുകൾ

ADVERTISEMENT

പക്ഷാഘാതം സംഭവിച്ചയാളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആദ്യത്തെ നാലര മണിക്കൂറിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടാണ് ഡോ. കൃഷ്ണദാസ് ബോധവൽക്കരണ സെമിനാർ ആരംഭിച്ചത്. ‘പക്ഷാഘാതം സംഭവിക്കുമ്പോൾ ഒരാൾ മാത്രമല്ല കുടുംബം മുഴുവനായും ദുഖത്തിലാകുന്നു. ശരീരം തളർന്ന കുടുംബനാഥന്മാരുമായി എത്തുന്ന അമ്മമാരും അച്ഛന്മാരും പങ്കുവയ്ക്കുന്ന സങ്കടങ്ങൾ നിരന്തരം കാണുന്നവരാണ് ഞങ്ങൾ. രോഗലക്ഷണം തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവരിൽ പകുതിയാളുകളെയെങ്കിലും രക്ഷിക്കാൻ സാധിക്കുമായിരുന്നു’’ ഡോ. എൻ.സി. കൃഷ്ണദാസ് പറഞ്ഞു തുടങ്ങി.

തലച്ചോറിലേക്കുള്ള രക്തധമനികൾ കട്ടപിടിക്കുന്നതിന്റെ ഭാഗമായി രക്തപ്രവാഹം നിലയ്ക്കുന്നു. അല്ലെങ്കിൽ, രക്തധമനികൾ പൊട്ടി തലച്ചോറിലേക്ക് രക്തം പ്രവഹിക്കുന്നു. ഇതിലേതു സംഭവിച്ചാലും തലച്ചോറിലെ കോശങ്ങൾ നശിക്കും. പക്ഷാഘാതം മൂലം രക്തം കട്ടപിടിക്കുന്നതിനും രക്തക്കുഴൽ പൊട്ടുന്നതിനും വെവ്വേറെ ചികിത്സകളാണ് നൽകാറുള്ളത്.

ADVERTISEMENT

കൈകൾക്കു ബലക്കുറവ്, സംസാരത്തിനു കുഴച്ചിൽ, മുഖം കോടുക എന്നീ രോഗലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ആശുപത്രിയിലെത്തി പരിശോധന നടത്തണം. പക്ഷാഘാതം സംഭവിച്ചയാളെ ആശുപത്രിയിലെത്തിച്ച ഉടനെ സ്കാനിങ് നടത്തുന്നു. ഇതിലൂടെ രക്തക്കുഴലുകൾക്ക് എന്താണു സംഭവിച്ചതെന്ന് തിരിച്ചറിയാം.

തരിപ്പ്, ചെറിയ ബലക്കുറവ്, പൊടുന്നനെ സംഭവിക്കുന്ന കാഴ്ചക്കുറവ്, സംസാരത്തിനു ബുദ്ധിമുട്ട് എന്നിവയാണ് പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഡോക്ടർമാർ പോലും ഇത്തരം രോഗലക്ഷണങ്ങൾ തിരിച്ചറിയാനാവാതെ പക്ഷാഘാതത്തിനു വിധേയരായിട്ടുണ്ട്.

വനിതയും കോഴിക്കോട് മേയ്ത്ര ആശുപത്രിയും സംയുക്തമായി താമരശേരിയിൽ സംഘടിപ്പിച്ച പക്ഷാഘാത ബോധവൽക്കരണ സെമിനാർ വേദിയിൽ ഡോ. ദീപ് പി. പിള്ള, ഡോ. എൻ.സി. കൃഷ്ണദാസ് എന്നിവർ.
ADVERTISEMENT

ചെരിപ്പ് ഇടാൻ ശ്രമിക്കുമ്പോൾ കാലിന് ബലക്കുറവ്, കൈവിരലുകൾക്കു ബലം കിട്ടാതെ കയ്യിൽ നിന്നു പേന താഴെ വീഴൽ, മുഖം ഉൾപ്പെടെ ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ തരിപ്പ് എന്നിവ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണ്.

കാഴ്ച നിയന്ത്രിക്കുന്ന ഭാഗം, സംസാരശേഷി നൽകുന്ന ഭാഗം, ബാലൻസ് നിയന്ത്രിക്കുന്ന ഭാഗം എന്നിങ്ങനെ മസ്തിഷ്കത്തിന്റെ മറ്റു ഭാഗങ്ങളും പക്ഷാഘാതത്തിലൂടെ പ്രവർത്തനം നിലയ്ക്കാം. പല കാരണങ്ങളാൽ കാഴ്ചക്കുറവ് വരാൻ സാധ്യതയുള്ളതിനാൽ പക്ഷാഘാതം മൂലമുള്ള കാഴ്ചക്കുറവ് ആദ്യഘട്ടത്തിൽ തിരിച്ചറിയാനായെന്നു വരില്ല.

ഒരു പ്രഭാതത്തിൽ, പൊടുന്നനെയൊരാൾ പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നുവെങ്കിൽ പക്ഷാഘാതം സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം.രോഗലക്ഷണങ്ങൾ തീർത്തും വ്യത്യസ്തമായതിനാൽത്തന്നെ പക്ഷാഘാതത്തെക്കുറിച്ചു പൂർണമായ ബോധവൽക്കരണം മാത്രമാണ് പ്രധാനപ്പെട്ട പ്രതിരോധ മാർഗം.

പ്രമേഹം, ഹൈപർടെൻഷൻ, കൊളസ്ട്രോൾ, അമിതവണ്ണം, വ്യായാമക്കുറവ്, പുകവലി, മദ്യപാനം എന്നിവയെല്ലാം പക്ഷാഘാതത്തിനു വഴിയൊരുക്കുന്നു. ജീവിതശൈലീ രോഗങ്ങൾ ചികിത്സിക്കുകയും കൃത്യമായി മരുന്നു കഴിക്കുകയും ചെയ്തില്ലെങ്കിൽ പക്ഷാഘാതം സംഭവിക്കും.

ഒരിക്കൽ പക്ഷാഘാതം സംഭവിച്ചയാൾക്കു വീണ്ടും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. മരുന്ന് നിർത്തുകയോ മുൻപുണ്ടായിരുന്ന ദുശ്ശീലങ്ങൾ തുടരുകയോ ചെയ്താൽ രണ്ടാമതും പക്ഷാഘാതം സംഭവിക്കും, ജീവിതം കൂടുതൽ ദുരിതമായിത്തീരും.

യുവതി–യുവാക്കൾക്ക് പക്ഷാഘാതം സംഭവിക്കുമോ?

എനിക്ക് ഇങ്ങനെ സംഭവിക്കാൻ‌ എന്താണു കാരണം? പക്ഷാഘാതം സംഭവിച്ചവർ ഡോക്ടറോടു ചോദിക്കുന്ന പ്രധാന കാര്യമാണിത്. ‘‘ഇന്ത്യയിൽ ഒരോ വർഷവും പതിനഞ്ചു ലക്ഷം പേർക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട്’’ സ്ട്രോക്ക് എന്ന രോഗം സമൂഹത്തിനുണ്ടാക്കിയ ആഘാതത്തിന്റെ വ്യാപ്തി വ്യക്തമാക്കിക്കൊണ്ട് ഡോ. ദീപ് വി. പിള്ള സാഹചര്യങ്ങൾ വിശദീകരിച്ചു തുടങ്ങി. ഇതിൽ ഇരുപതു ശതമാനം സ്ട്രോക്ക് സംഭവിക്കുന്നത് നാൽപതു വയസ്സിൽ താഴെയുള്ളവരിലാണ്. ഇന്ത്യയിൽ അംഗവൈകല്യത്തിനും ഹൃദയാഘാതത്തിനും ശേഷം മരണം സംഭവിക്കുന്ന കേസുകളിൽ ഒട്ടുമിക്കതിനും കാരണം സ്ട്രോക്ക് ആണ്.

ലോകം പക്ഷാഘാതത്തെക്കുറിച്ച് ഓർക്കുകയും ചർച്ച ചെയ്ത് ബോധവൽക്കണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ദിനമാണ് ഒക്ടോബർ ഇരുപത്തൊൻപത് – വേൾഡ് സ്ട്രോക്ക് ഡേ. ഈ ദിവസത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞാൽ പക്ഷാഘാതത്തിന്റെ ഗൗരവം മനസ്സിലാകും.

എന്താണ് സ്ട്രോക്കിനു ചികിൽസ ?

ലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ ചികിത്സ തേടണമെന്നു ബോധ്യമാകും. പക്ഷാഘാതം സംഭവിച്ച് ബോധം നഷ്ടപ്പെട്ട് സംസാരശേഷിയില്ലാതെയാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കാറുള്ളത്. ആ അവസ്ഥയിൽ നിന്ന് ഒരാളെ രക്ഷിക്കാൻ ഇപ്പോൾ ഫലപ്രദമായ ചികിത്സകളുണ്ട്.

തലച്ചോറിലേക്കുള്ള ധമനികളിൽ രക്തം കട്ടപിടിച്ച് രക്തപ്രവാഹം നിലയ്ക്കുന്ന നിമിഷം മുതൽ ഓരോ മിനിറ്റിലും തലച്ചോറിലെ 20 ലക്ഷം കോശങ്ങൾ വീതം നശിക്കുന്നു. ഒരു സിടി സ്കാനിന്റെ സഹായത്തോടെ രക്തസ്രാവവും രക്തക്കുഴലിലെ ബ്ലോക്കും തിരിച്ചറിയാനാകും.

രക്തധമനിയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാൽ ഉടൻ തന്നെ അത് അലിയിച്ചു കളയാനുള്ള ഇൻജക്‌ഷൻ നൽകുക (IV ത്രോംബോലൈസിസ്). പക്ഷാഘാതം സംഭവിച്ച് നാലര മണിക്കൂറിനുള്ളിൽ നൽകുന്ന ഇൻജക്‌ഷൻ മാത്രമേ ഫലം കിട്ടുകയുള്ളൂ. തലച്ചോറിലെ കോശങ്ങൾ പൂർണമായും നശിച്ചതിനു ശേഷം രക്തക്കട്ട അലിയിച്ചു കളഞ്ഞിട്ടു പ്രയോജനമില്ല. ഈ കോശങ്ങളിൽ പിന്നീടൊരിക്കലും ജീവൻ തുടിപ്പിക്കാനാവില്ല.

തലയോട്ടി തുറക്കാതെ കാലിലെ രക്തക്കുഴലിലൂടെ കത്തീറ്റർ കടത്തിവിട്ട് കട്ടപിടിച്ച രക്തം വലിച്ചെടുക്കുന്ന ചികിത്സയിലൂടെ (മെക്കാനിക്കൽ ത്രോംബെക്ടമി) പക്ഷാഘാതം സംഭവിച്ചയാളുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. ഈ ചികിത്സയും സമയബന്ധിതമാണ്. പക്ഷാഘാതം സംഭവിച്ച് ആറു മണിക്കൂറിനുള്ളിൽ മെക്കാനിക്കൽ ത്രോംബെക്ടമി നടത്തണം. ആരോഗ്യം വീണ്ടെടുത്ത ശേഷം തുടർ ചികിത്സയിലെ പ്രധാന ഗുളികയാണ് ആസ്പിരിൻ. ഡോക്ടറുടെ നിർദേശ പ്രകാരം ഇതു കൃത്യമായി ഉപയോഗിക്കണം. ഒരിക്കൽ പക്ഷാഘാതം സംഭവിച്ചവർക്ക് വീണ്ടും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.

തളർച്ച സംഭവിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഫിസിയോ തെറപ്പി ആരംഭിക്കണം. ഇതോടൊപ്പം സ്പീച്ച് തെറപ്പി, ഒക്യുപേഷനൽ തെറപ്പി, കോഗ്‌നിറ്റിവ് ട്രെയിനിങ് എന്നിവയും ഫലപ്രദമാണ്. പക്ഷാഘാതം സംഭവിക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ പ്രമേഹം, പ്രഷർ എന്നിവയ്ക്കുള്ള മരുന്നു മുടക്കരുത്. പക്ഷാഘാതം സംഭവിച്ചയാളെ മരണം വരെ സുരക്ഷിതമായി നിലനിർത്തുന്ന ഗുളികയാണ് ആസ്പിരിൻ, സ്വന്തം ഇഷ്ടപ്രകാരം ഇതു നിർത്തരുത്. – പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും ചികിത്സകളും വിദഗ്ധരായ ഡോക്ടർമാർ വിശദീകരിച്ചു.

ADVERTISEMENT